അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും

"അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ, ഒരു ഫരിസേയൻ തന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനുമുന്പ് അവൻ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവർച്ചയും ദുഷ്ടതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിർമ്മിച്ചവൻ തന്നെയല്ലേ അകവും നിർമ്മിച്ചത്? നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും." (ലൂക്കാ 11:37-41)

വിചിന്തനം 
യേശുവിന്റെ വാക്കുകളിൽ ആകൃഷ്ടനായ ഒരു ഫരിസേയൻ അവിടുത്തെ ഭക്ഷണം കഴിക്കുന്നതിനായി തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതാണ് ഇന്നത്തെ വചനഭാഗം. പുറത്തുപോയി തിരിച്ചുവരുന്ന യഹൂദർ, പ്രത്യേകിച്ച് മതാനുഷ്ടാനങ്ങളിൽ ഒട്ടേറെ ശ്രദ്ധ നൽകിയിരുന്ന ഫരിസേയർ, വളരെ വിശദമായ ശുദ്ധീകരണ കർമ്മങ്ങൾക്കു ശേഷം മാത്രമേ തങ്ങളുടെ ഭവനത്തിൽ പ്രവേശിച്ചിരുന്നുള്ളൂ. കൈകളിലും കാലുകളിലും ഉള്ള അഴുക്ക് വൃത്തിയാക്കുക എന്നതിലുപരിയായി ശുദ്ധീകരണം അവർക്ക് മതാനുഷ്ടാനങ്ങളുടെ ഒരു ഭാഗമായിരുന്നു. ഒരു പ്രത്യേക രീതിയിൽ പ്രത്യേക അളവിൽ വെള്ളം ഉപയോഗിച്ചാണ് അവർ കൈകളും കാലുകളും കഴുകിയിരുന്നത്. ഇപ്രകാരം കഴുകുന്നതുവഴി, വീടിനു പുറത്തുവച്ച് എന്തെങ്കിലും അശുദ്ധമായവ സ്പർശിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ അവയിൽ നിന്നെല്ലാം ശുദ്ധീകരിക്കപ്പെടും എന്നവർ വിശ്വസിച്ചിരുന്നു. ശരീരത്തിന്റെ ശുദ്ധിയേക്കാളുപരിയായി ഈ കർമ്മത്തിലൂടെ ആത്മാവിന് ശുദ്ധി ലഭിക്കും എന്നാണ് അവർ വിശ്വസിച്ചിരുന്നത്. എന്നാൽ ബാഹ്യമായ ഇത്തരം അനുഷ്ടാനങ്ങളിലൂടെ പുറമേ കാണുന്നവ മാത്രമേ വൃത്തിയാക്കപ്പെടുക ഉള്ളൂവെന്നും, ആത്മാവിന്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും സംഭവിക്കുകയില്ലെന്നും യഹൂദരെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ. 

അധാർമ്മികതയും ദുരാഗ്രഹവും നിറഞ്ഞ മനസ്സിനെ ത്യാഗത്തിന്റെയും സൽപ്രവൃത്തികളുടെയും പുറങ്കുപ്പായം അണിയിച്ചിരുന്ന ഫരിസേയർ രണ്ടായിരം വർഷംമുന്പ് മാത്രം കണ്ടുവന്നിരുന്ന ഒരു പ്രതിഭാസം അല്ല. സ്വന്തം സുഖഭോഗങ്ങൾക്കു വേണ്ടിയും ആസക്തികളെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയും സ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യർ ഇന്നത്തെ ലോകത്തിലും ഒരു യാഥാർത്ഥ്യം തന്നെയാണ്. പല അവസരങ്ങളിൽ, പല അളവുകളിലായി നാമെല്ലാവരും ആ യാഥാർത്യത്തിൽ ഭാഗഭാക്കാകുന്നവരാണ്. പണത്തോടും സ്ഥാനമാനങ്ങളോടും ഉള്ള അത്യാർത്തിയാണ് പലപ്പോഴും നമ്മെ ഇത്തരത്തിലുള്ള ഒളിച്ചുവയ്പ്പുകൾക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ, ദൈവത്തിന്റെ "മുൻപിൽ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുൻപിൽ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായർ 4:13). പുറമേയുള്ള ആചാരാനുഷ്ടാനങ്ങളും കപടനാട്യവും ഉപയോഗിച്ച് നമുക്ക് ചുറ്റുമുള്ളവരുടെ കണ്ണിൽ പൊടിയിടാൻ നമുക്കായേക്കും. നല്ലവരെന്നു ഭാവിച്ച് മറ്റുള്ളവരോട് ഇടപഴകാനും, അവരെ ചൂഷണം ചെയ്യാനുമൊക്കെ നമുക്കായേക്കും. എന്നാൽ, എല്ലാം അറിയുന്ന, എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തെ കബളിപ്പിക്കാൻ ആർക്കും ആവില്ല. 

ആത്മാവിനെ ദുഷിപ്പിക്കുന്ന ഒളിച്ചുവയ്പ്പുകളിൽനിന്നും ദുരാഗ്രഹങ്ങളിൽനിന്നും രക്ഷ നേടാനും അങ്ങിനെ ആത്മാവിനെ ശുദ്ധീകരിക്കുവാനും ഒരു മാർഗ്ഗവും ഈശോ വെളിപ്പെടുത്തുന്നുണ്ട്. ഏതുവഴിയും സന്പത്തു കുമിഞ്ഞു കൂട്ടണമെന്നും, എന്നിട്ടതെല്ലാം തന്റെ അഭിലാഷങ്ങളെ പ്രീതിപ്പെടുത്തുവാനായി ഉപയോഗിക്കണമെന്നുമുള്ള ചിന്തയാണ് നമ്മെ കാപട്യം നിരഞ്ഞവരാക്കുന്ന ഒരു പ്രധാന ടകം. പണമുപയോഗിച്ച് എല്ലാറ്റിനെയും അടിമയാക്കാൻ ഉദ്യമിക്കുന്ന ഒരാൾ, അയാളറിയാതെതന്നെ പണത്തിനു അടിമയായി മാറുന്നു. പിന്നീട്, ആ വ്യക്തി എങ്ങിനെ പെരുമാറണമെന്ന് തീരുമാനിക്കുന്നത് അയാളല്ല, അയാളുടെ സന്പത്താണ്. ഈ ഒരവസ്ഥയിൽനിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടത് തങ്ങളുടെ സന്പത്തുക്കളുടെമേൽ അയാൾക്കുള്ള അധികാരം തിരിച്ചു പിടിക്കുകയാണ്. സന്പത്ത് പ്രചോദിപ്പിക്കുന്നതിനു വിരുദ്ധമായി ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്പോഴാണ് ഒരാൾ തന്റെ സന്പത്തിന്റെ യജമാനനാകുന്നത്. മറ്റുള്ളവരോട് കരുണ കാണിക്കാനും, തനിക്കുള്ളവ ഉപയോഗിച്ച് ഇല്ലാത്തവരെ സഹായിക്കാനുമുള്ള പ്രേരണ നൽകുന്നത് ആത്മാവാണ്. ആത്മാവിന്റെ സ്വരം കേൾക്കുന്നവൻ തനിക്കുള്ളവയിൽനിന്നു ദാനം ചെയ്യുന്നു. നമുക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാൻ കഴിയുന്പോഴാണ് നമ്മൾ ദൈവത്തെ സ്നേഹിക്കുന്നത് (cf. 1 ജോണ്‍ 4:20). നമുക്കും ചുറ്റും ഇല്ലായ്മ മൂലം കഷ്ടപ്പെടുന്നവരെ നമുക്കുള്ളതിൽനിന്നും നൽകി ആത്മവിശുദ്ധിയുള്ളവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെ സ്നേഹത്താൽ നിറച്ച് എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കണമേ. എല്ലാ ദുഷ്ടവിചാരങ്ങളെയും ആഗ്രഹങ്ങളെയും ഉപേക്ഷിച്ച്, പരമാർത്ഥഹൃദയത്തോടെ മറ്റുള്ളവരെ സഹായിക്കാൻ ആവശ്യമായ കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!