നമ്മിലെ ഫരിസേയനെ തിരിച്ചറിയണം

"ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! എന്തെന്നാൽ, നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു, എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്, മറ്റുള്ളവ അവഗണിക്കാതെതന്നെ. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ നിങ്ങൾ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളിൽ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, കാണപ്പെടാത്ത കുഴിമാടങ്ങൾ പോലെയാണ് നിങ്ങൾ. അതിന്റെ മീതെ നടക്കുന്നവൻ അതറിയുന്നുമില്ല." (ലൂക്കാ 11:42-44)

വിചിന്തനം 
യഹൂദരുടെ ഇടയിൽ യേശുവിന്റെ വിമർശനങ്ങൾ ഏറ്റവും അധികം കേൾക്കേണ്ടി വന്നിരുന്നത് ഫരിസേയർക്കായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, ഇതിനുള്ള കാരണം ഈശോ വ്യക്തമാക്കുകയാണ്. ഒന്നാമതായി, അവരെക്കുറിച്ച് യേശുവിനുള്ള പരാതി അവർ ദൈവത്തിന്റെ സ്നേഹവും കരുണയും അവഗണിക്കുന്നു എന്നതാണ്. മോശയുടെ നിയമം അനുസരിച്ച് എല്ലാ യഹൂദരും തങ്ങളുടെ വിളവിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും പത്തിലൊന്ന് ദൈവമായ കർത്താവിനുവേണ്ടി മാറ്റിവയ്ക്കണമായിരുന്നു (cf. നിയമാവർത്തനം 14:22,23). സമാഗമാക്കൂടാരത്തിൽ ലേവ്യർ ചെയ്യുന്ന ശുശ്രൂഷയ്ക്ക്, ഇസ്രായേലിൽനിന്നു ലഭിക്കുന്ന ദശാംശം ആയിരുന്നു പ്രതിഫലം (cf. സംഖ്യ 18:21). ഇതനുസരിച്ച്, ഫരിസേയർ തങ്ങൾക്കുള്ളതിന്റെ എല്ലാം പത്തിലൊന്ന് ദേവാലയത്തിനായി മാറ്റി വയ്ക്കുമായിരുന്നു. നിയമാനുഷ്ടാനത്തിൽ കാണിക്കുന്ന ഉത്സാഹം പക്ഷേ അവർ തങ്ങളുടെ ചുറ്റുമുള്ളവരെ സഹായിക്കാൻ കാണിക്കുന്നില്ലായിരുന്നു. ദൈവീക കാര്യങ്ങളിൽ ശ്രദ്ധ കാണിക്കുന്നതിനോപ്പം തന്നെ പ്രാധാന്യമേറിയതാണ് സഹോദരസ്നേഹവും. "കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല" (1 യോഹന്നാൻ 4:20). ഇന്ന് ദൈവീകകാര്യങ്ങളിൽ നമ്മൾ കാണിക്കുന്ന ഉത്സാഹം നമുക്ക് ചുറ്റുമുള്ള ദരിദ്രരേയും പീഡിതരേയും സഹായിക്കാൻ നമ്മൾ കാണിക്കുന്നുണ്ടോ? 

രണ്ടാമതായി, ഫരിസേയർ തങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിപ്പിക്കുന്നതിനായി ദൈവത്തെ ഉപയോഗിച്ചിരുന്നു. ദേവാലയത്തിൽ, വിശുദ്ധ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയ്ക്ക് മുൻപിലായി പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലാണ്  അവർ ഇരുന്നിരുന്നത്. ആചാരമനുസരിച്ച്  ദേവാലയത്തിൽ വന്നിരുന്നവരെല്ലാം ആ പുസ്തകങ്ങൾ ഇരിക്കുന്ന സ്ഥലത്തും വരുമായിരുന്നു. എന്നാൽ, വിശുദ്ധ പുസ്തകങ്ങളേക്കാളുപരിയായി അവർക്ക് പലപ്പോഴും കാണാൻ സാധിച്ചിരുന്നത്, ആ പുസ്തകങ്ങളുടെ മുൻപിൽ കസേരയ്ക്കുവേണ്ടി തിക്കുകൂട്ടുന്ന ഫരിസേയരെ ആണ്. മാത്രവുമല്ല, പൊതുസ്ഥലങ്ങളിൽ വച്ച് എല്ലാവരും അവരെ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരായി കണ്ട് ആദരിക്കണം എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാതിരുന്നവരെ മറ്റെന്തെങ്കിലും കാരണം കണ്ടുപിടിച്ച് അവർ ശിക്ഷിക്കുകയും ചെയ്തിരുന്നു. നമ്മുടെ സ്ഥാനമാനങ്ങളും പദവികളും പ്രശസ്തിയുമെല്ലാം ദൈവത്തിന്റെ ദാനമാണ്. എന്നാൽ, അവയെല്ലാം ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യാനോ പീഡിപ്പിക്കാനോ നമ്മൾ മുതിരാറുണ്ടോ? നമ്മേക്കാൾ താഴ്ന്നനിലയിലുള്ളവരുടെ ഉന്നമനത്തിനാണ് ദൈവം നമ്മെ ഉയർത്തിയിരിക്കുന്നത് എന്ന് ഗ്രഹിക്കാതെ, അവരെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യാറുണ്ടോ നമ്മൾ?

മൂന്നാമതായി ഈശോ ഫരിസേയരെ താരതമ്യം ചെയ്യുന്നത് കാണപ്പെടാത്ത ശവക്കല്ലറകളോടാണ്. ശവശരീരത്തെയും കുഴിമാടങ്ങളെയും സ്പർശിക്കുന്നവൻ ഏഴു ദിവസത്തേക്ക് അശുദ്ധനായിരുന്നു (cf.സംഖ്യ 19:16). അതിനാൽ യഹൂദർ കല്ലറകൾ എല്ലാവർക്കും എളുപ്പം കാണുവാൻ സാധിക്കുന്ന വിധത്തിൽ വെള്ളപൂശുമായിരുന്നു. എന്നാൽ, ചിലപ്പോഴൊക്കെ കാലപ്പഴക്കം മൂലം ചില കല്ലറകളിലെ നിറമെല്ലാം മങ്ങി അവ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ആയിപ്പോകുമായിരുന്നു. ഇങ്ങനെയുള്ള കല്ലറകളിൽ അറിയാതെ സ്പർശിക്കുന്നവർ, തങ്ങൾ അശുദ്ധരായി എന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. അശുദ്ധിയെക്കുറിച്ച് ബോദ്ധ്യം ഇല്ലാത്തതുമൂലം അവർ ഒരിക്കലും ശുദ്ധീകരണക്രിയകൾ ചെയ്തിരുന്നുമില്ല. ഇതുപോലെതന്നെ, ഫരിസേയർ അവരുടെ സ്വാർത്ഥ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനായി അവരുടെ ഉപദേശങ്ങളിലൂടെ ഒട്ടേറെ ദുഷ് പ്രേരണകളും തെറ്റായ ബോധ്യങ്ങളും നൽകുമായിരുന്നു. എന്നാൽ, ഫരിസേയരുടെ ആധികാരികത അംഗീകരിച്ചു അവരിൽ വിശ്വസിച്ചിരുന്ന സാധാരണക്കാരായ യഹൂദർക്ക്, ഫരിസേയരിലൂടെ അവരുടെ ജീവിതങ്ങളിൽ കടന്നുവന്നിരുന്ന തിന്മകളെപ്പറ്റി യാതൊരു അറിവും ഇല്ലായിരുന്നു. അങ്ങിനെ ഫരിസേയർ മൂലം സധാരണക്കാരായ ജനങ്ങൾ അവരറിയാതെ തന്നെ പാപം ചെയ്ത് ദൈവത്തിൽനിന്നും അകന്നു പോയിരുന്നു. നമ്മുടെ സംസാരവും പ്രവൃത്തിയും മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനങ്ങളെപ്പറ്റി നാമെത്രത്തോളം ബോധവാന്മാരാണ്? നമ്മുടെ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സഹപ്രവർത്തകരെയും ആശ്രിതരെയും ഒക്കെ തിന്മയിലേക്ക് ആകർഷിക്കുവാൻ നമ്മിലെ സ്വാർത്ഥതയ്ക്കും ജഡികമോഹങ്ങൾക്കും ആകും എന്ന് നമ്മൾ തിരിച്ചറിയണം.

ഫരിസേയരുടെ പൊള്ളത്തരങ്ങളെക്കുറിച്ച് ജനമധ്യത്തിൽ വിളിച്ചുപറയുന്ന ഈശോയെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ, ഈശോയെ രോക്ഷം കൊള്ളിച്ച ഫരിസേയരുടെ അവസ്ഥകൾ എല്ലാംതന്നെ നമ്മിലും ഉണ്ട്. അവ തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടുന്നതിനായുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, സ്വാർത്ഥ വിചാരങ്ങളിൽ നിന്നും എന്റെ ഹൃദയത്തെ മോചിപ്പിച്ച്‌, ഞാൻ ഇടപഴകുന്ന എല്ലാവരോടും സ്നേഹത്തോടെയും ദയയോടെയും പെരുമാറാൻ എന്നെ പ്രാപ്തനാക്കണമേ. എല്ലാറ്റിനും ഉപരിയായി അങ്ങയെ സ്നേഹിക്കുവാനും, അങ്ങയുടെ സാദൃശ്യം എനിക്കു ചുറ്റുമുള്ളവരിൽ ദർശിച്ച്, അവരെ സ്നേഹിക്കുവാനും സഹായിക്കുവാനും വേണ്ടുന്ന കൃപകൾ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എന്നിലേക്ക്‌ ചൊരിയണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!