നിയമം വളച്ചൊടിക്കുന്നവനല്ല നിയമജ്ഞൻ


"നിയമജ്ഞരിൽ ഒരാൾ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുന്പോൾ ഞങ്ങളെക്കൂടെ അപമാനിക്കുകയാണ് ചെയ്യുന്നത്. അവൻ പറഞ്ഞു: നിയമജ്ഞരെ, നിങ്ങൾക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകൾ മനുഷ്യരുടെമേൽ നിങ്ങൾ കെട്ടിയേൽപ്പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാൻ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്ഷ്യവും അംഗീകാരവും നൽകുന്നു. എന്തെന്നാൽ, അവർ അവരെ കൊന്നു; നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാൻ അവരുടെ അടുത്തേക്ക് പ്രവാചകന്മാരെയും അപ്പസ്തോലൻമാരെയും അയയ്ക്കും. അവരിൽ ചിലരെ അവർ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതൽ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകരുടെയും രക്തത്തിന് - ആബേൽ മുതൽ, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മദ്ധ്യേവച്ചു കൊല്ലപ്പെട്ട സഖറിയ വരെയുള്ളവരുടെ രക്തത്തിന് - ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതെ, ഞാൻ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരെ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു. അവൻ അവിടെനിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെയുംപറ്റി സംസാരിക്കാൻ അവനെ പ്രേരിപ്പിക്കുകയും അവൻ പറയുന്നതിൽ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാൻ തക്കം നോക്കുകയും ചെയ്തു." (ലൂക്കാ 11:45-54)

വിചിന്തനം 
ഫരിസേയരെപ്പോലെതന്നെ യഹൂദരുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ സ്വാധീനം ചെലുത്തിയിരുന്ന മറ്റൊരു കൂട്ടരാണ് നിയമജ്ഞർ. ഈജിപ്തിൽനിന്നും വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രക്കിടയിൽ ദൈവം മോശയ്ക്കു പല കല്പനകളും പ്രമാണങ്ങളും നൽകിയിരുന്നു. സമൃദ്ധി കവിഞ്ഞൊഴുകുന്ന പാലസ്തീനായിൽ എത്തുന്പോൾ, അവിടുത്തെ സുഖങ്ങളുടെ നടുവിൽ അവർ കർത്താവായ ദൈവത്തെ മറക്കാതിരിക്കുകയായിരുന്നു നിയമങ്ങളുടെ എല്ലാം തന്നെ ഉദ്ദേശ്യം. ലൌകീകസുഖങ്ങളിൽ മുഴുകി ദൈവത്തിൽ നിന്നും അകന്നാലുണ്ടാകുന്ന വിപത്തുകൾ മുൻകൂട്ടികണ്ട്, അവയിൽനിന്നും ദൈവജനത്തെ രക്ഷിക്കാനാണ് കല്പനകളിലൂടെ ദൈവം ആഗ്രഹിച്ചത്‌. സ്നേഹമായ ദൈവം നല്കിയ കല്പനകളെല്ലാം സ്നേഹത്തിൽ അധിഷ്ടിതമായിരുന്നു. ദൈവത്തെയും മനുഷ്യനെയും സ്നേഹിച്ച്, എന്നെന്നും ദൈവകൃപയിൽ നിലനില്ക്കുവാൻ സഹായിക്കുന്നവ ആയിരുന്നു ദൈവീകനിയമങ്ങൾ. എന്നാൽ, കാലക്രമേണ ഈ കല്പനകളിൽനിന്നും സ്നേഹം അപ്രത്യക്ഷമായി. പാപംമൂലം ഹൃദയം കഠിനമായ മനുഷ്യർ ആ പ്രമാണങ്ങളെ  വ്യാഖ്യാനിച്ചപ്പോൾ അവ ആയിരക്കണക്കിന് നിയമങ്ങളായി മാറി. ഇന്നത്തെ വചനഭാഗത്തിൽ, നിയമജ്ഞരെപ്പറ്റി ഈശോ ഉന്നയിക്കുന്ന പരാതികളും ഇതുതന്നെയാണ്. 

ഒന്നാമതായി ഈശോ ഉന്നയിക്കുന്ന പരാതി, ജനങ്ങൾക്കായി നിയമങ്ങൾ വ്യാഖ്യാനിക്കാൻ  ഉത്സാഹം കാട്ടിയിരുന്ന നിയമജ്ഞർ പക്ഷേ അവ പാലിക്കുന്ന കാര്യത്തിൽ പിന്നോട്ടായിരുന്നു, എന്നതാണ്. നിയമങ്ങൾ അവർക്ക് യാതൊരു അസൌകര്യവും ഉണ്ടാക്കാതിരിക്കാൻ വേണ്ടുന്ന കുറുക്കുവഴികൾ അവർ ആവശ്യംപോലെ കണ്ടുപിടിച്ചെടുക്കുമായിരുന്നു. എന്നാൽ, എന്തെങ്കിലും കാരണത്താൽ ജനങ്ങളിൽ ആരെങ്കിലും നിയമങ്ങൾ പാലിക്കാതിരുന്നാൽ അവരെ കഠിനമായ ശിക്ഷകൾക്ക് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവർ എങ്ങിനെയൊക്കെ പെരുമാറണം എന്ന് വ്യക്തമായ ആശയങ്ങൾ ഉള്ളവരാണ് നാമെല്ലാവരും. നമ്മുടെ കുടുംബത്തിലുള്ളവരെയും നമുക്ക് കീഴ്പെട്ടിരിക്കുന്നവരെയും ഒക്കെ ചില പെരുമാറ്റ ചട്ടങ്ങൾക്കു കീഴിൽ കൊണ്ടുവരാൻ പരിശ്രമിക്കുന്നവരായ നമ്മൾ, നമ്മുടെ ജീവിതത്തിൽ ആ ചട്ടങ്ങളെല്ലാം പാലിക്കാൻ ശ്രദ്ധ പതിപ്പിക്കുന്നവരാണോ? അതോ, എന്റെ വാക്കുകളനുസരിച്ച് ജീവിക്കുക; എന്നാൽ, എന്റെ പ്രവൃത്തികളിൽനിന്നും മുഖം മറച്ചേക്കുക, എന്നതാണോ നമ്മുടെ നയം?  

രണ്ടാമതായി, നിയമജ്ഞർ മൂലം ദൈവത്തിന്റെ പ്രവാചകന്മാർ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചാണ് ഈശോ പിന്നീട് അവരെ കുറ്റപ്പെടുത്തിയത്. നേതാക്കന്മാരുടെ ദുഷ്പ്രേരണകളിൽ ആകൃഷ്ടരായി യഹൂദജനം പാപം ചെയ്ത് ദൈവത്തിൽനിന്നും അകന്നപ്പോളെല്ലാം അവർക്ക് നേർവഴി കാട്ടുന്നതിന് ദൈവം പ്രവാചകന്മാരെ അവരുടെ ഇടയിലേക്ക് അയച്ചിരുന്നു. എന്നാൽ, പാപത്തിന്റെ സുഖങ്ങളിൽ മുഴുകിയ ദൈവജനം ആ പ്രവാചകന്മാരെ ഒരു ശല്ല്യമായി കാണുകയും, അവരെ പീഡിപ്പിക്കുകയും, ചിലരെയൊക്കെ കൊല്ലുകയും ചെയ്തിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ കള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നതുമൂലം തന്റെ അവസാനവും ആ പ്രവാചകരുടേതിനു സമാനമാകുമെന്നു ഈശോ പ്രവചിക്കുകയാണ്. പാപത്തെക്കുറിച്ച് തിരിച്ചറിവുകൾ നൽകി സത്യത്തിന്റെ പാതയിലൂടെ നയിക്കുന്നതിന് ധാരാളം പേരെ ഇന്നത്തെ ലോകത്തിലേക്കും ദൈവം അയക്കുന്നുണ്ട്. തിരുസ്സഭയിലൂടെ ദൈവീക പ്രബോധനങ്ങൾ നൽകുന്ന അവരുടെ മുന്നറിയിപ്പുകൾ, ലൌകീകസുഖങ്ങളിൽ മതിമയങ്ങുന്ന നമുക്ക് അരോചകമായി അനുഭവപ്പെടാറുണ്ട്. പാപങ്ങൾ വിട്ടുപേക്ഷിക്കുവാനുള്ള മടിമൂലം ദൈവത്തിന്റെ ദാസരെ ദ്വേഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ലോകമാണ് നമ്മുടേത്‌. സ്വാർത്ഥലാഭങ്ങൾക്കായി ഈ ലോകത്തിനു അനുരൂപരായി നമ്മൾ പ്രവാചകന്മാരെയും ദൈവവചനത്തെയും നിന്ദിക്കുന്നുണ്ടോ? 

നിയമജ്ഞർക്ക് ഈശോ നല്കുന്ന മൂന്നാമത്തെ മുന്നറിയിപ്പ്, അവർ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത് ദൈവസ്നേഹം സാധാരണക്കാർക്ക് അഗ്രാഹ്യമാക്കി എന്നതാണ്. ഓരോ നിയമജ്ഞനും തന്റെ ഇഷ്ടത്തിനും സൌകര്യത്തിനും ഫരിസേയരെ സഹായിക്കുന്നതിനുമായി നിയമത്തെ വ്യാഖ്യാനിച്ചതുവഴി സാധാരണ ജനങ്ങൾക്ക്‌ ഒരു വിധത്തിലും മനസ്സിലാക്കുവാനോ പാലിക്കുവാനോ സാധിക്കാത്തത്ര അധികം നിയമങ്ങൾ സമൂഹത്തിൽ നിലവിലുണ്ടായിരുന്നു. കല്പനകളിലൂടെ ദൈവം എന്താണ് ആഗ്രഹിക്കുന്നത് എന്ന് നിയമജ്ഞർക്ക് അറിയാമായിരുന്നു. പക്ഷേ, അവരിലെ സ്വാർത്ഥത അതനുസരിച്ച് ജീവിക്കുവാൻ അവരെ അനുവദിച്ചില്ല. മാത്രവുമല്ല, അവരിലെ ദുഷ്ടത സാധാരണക്കാർക്ക് ദൈവകൽപനകളുടെ ശരിയായ അർത്ഥം വിവരിച്ചുകൊടുക്കുന്നതിൽനിന്നും അവരെ തടയുകയും ചെയ്തു. നമ്മുടെ തെറ്റുകളെ ന്യായീകരിക്കാൻ നമുക്കു ചുറ്റുമുള്ളവരെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവണത നാമെല്ലാവരിലും ഉണ്ട്. പാപങ്ങൾ ഉപേക്ഷിക്കുവാനുള്ള നമ്മുടെ വിമുഖത നമ്മുടെ സഹോദരർക്ക് നല്ല മാതൃക ആകുന്നതിൽനിന്നും പലപ്പോഴും നമ്മെ തടയുന്നുമുണ്ട്. പാപത്തിൽപെട്ട് വഴിയറിയാതെ ഉഴലുന്നവർക്ക് ദൈവസ്നേഹം വെളിപ്പെടുത്തുന്ന ഉപകരണങ്ങളാകുന്നതിൽ നമ്മൾ എത്രമാത്രം വിജയിക്കുന്നുണ്ട്? 

ദൈവത്തിന്റെ വചനം ഗ്രഹിച്ച് അത് ജീവിതത്തിൽ പകർത്തുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെ വചനം എന്റെ ഹൃദയത്തിൽ വേരുപിടിച്ച്‌, എന്റെ ചിന്തകളെയും പ്രവൃത്തികളെയും വിശുദ്ധീകരിക്കട്ടെ. എന്റെ എല്ലാ ജീവിതസാഹചര്യങ്ങളിലും അങ്ങയുടെ ദയയും കരുണയും ഗ്രഹിക്കാനുള്ള വിവേകവും വിജ്ഞാനവും എനിക്ക് നൽകണമേ. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നെ അവിടുത്തെ സ്നേഹത്തിന്റെ സാക്ഷിയാക്കി മാറ്റണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്