മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല

"പരസ്പരം ചവിട്ടേൽക്കത്തവിധം ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ അവൻ ശിഷ്യരോടു പറയുവാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിൻ. മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല; നിഗൂഡമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങൾ ഇരുട്ടത്ത്‌ സംസാരിച്ചത് വെളിച്ചത്തു കേൾക്കപ്പെടും. വീട്ടിൽ സ്വകാര്യമുറികളിൽവച്ച് ചെവിയിൽ പറഞ്ഞത് പുരമുകളിൽനിന്നു പ്രഘോഷിക്കപ്പെടും." (ലൂക്കാ 12:1-3)

വിചിന്തനം
യഹൂദജനത്തിന്റെ അനുദിനജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സന്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ. സാധാരണക്കാരുമായുള്ള അവരുടെ ഇടപെടലുകൾക്കും പരിതികൾ ഉണ്ടായിരുന്നു. എന്നാൽ, ഫരിസേയരാകട്ടെ മധ്യവർഗ്ഗത്തിൽപ്പെട്ട യഹൂദരായിരുന്നു. അതുകൊണ്ടുതന്നെ, സാധാരണക്കാരായ യഹൂദരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയിരുന്നത് അവരായിരുന്നു. ഇടത്തരക്കാരും പാവപ്പെട്ടവരുമായ യഹൂദർ ഫരിസേയരെ സ്വന്തമായി കാണുകയും, ഒട്ടേറെ ബഹുമാനിക്കുകയും, കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫരിസേയരാകട്ടെ, അവരുടെ പദവികളുപയോഗിച്ചു മറ്റുള്ളവരെ മുതലെടുക്കുകയാണ് ചെയ്തിരുന്നത്. അവരുടെ പ്രവൃത്തികളിലെ ഈ ദുരുദ്ദേശം മറ്റാർക്കും മനസ്സിലാകാത്ത വിധത്തിൽ മറച്ചുവയ്ക്കുന്നതിലും അവർ സമർത്ഥരായിരുന്നു.

ഫരിസേയരുടെ കാപട്യം നന്നായി അറിഞ്ഞിരുന്ന ഈശോ തന്റെ ശിഷ്യർക്ക് നിരന്തരം കള്ളത്തരത്തിന്റെയും വഞ്ചനയുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. കപടഹൃദയന്റെ ജീവിതം ഒരു അഭിനേതാവിന്റെതിനു സമാനമാണ്. ഒരു നടൻ അഭിനയിക്കുന്ന സമയത്ത് സ്വന്തം വ്യക്തിത്വമല്ല മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്നത്‌. കഥയും സാഹചര്യവും ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വം അഭിനയിച്ചു ഫലിപ്പിക്കുകയാണ് അയാൾ ചെയ്യുന്നത്. കാണികളുടെ പ്രതികരണമാണ് അഭിനേതാവിന്റെ പ്രകടനത്തിന്റെ അളവുകോൽ. അതിനാൽ, കൈയടി ലഭിക്കുന്നതിനായി തന്റെ വേഷം പരമാവധി നന്നാക്കാൻ നടൻ ശ്രമിക്കാറുണ്ട്. നല്ലതുപോലെ അഭിനയിച്ച് ധാരാളം അഭിനന്ദനം ഒരു നടൻ നേടുന്പോൾ അതിനർത്ഥം അയാൾ തന്റെ യഥാർത്ഥ വ്യക്തിത്വത്തെ വളരെ വിദഗ്ദമായി മറച്ചുവച്ചു എന്നാണ്. ഇതുപോലെത്തന്നെ, ഫരിസേയരും ജനങ്ങളുടെ പ്രീതിക്കും അഭിനന്ദനത്തിനുംവേണ്ടി മാത്രം ജീവിക്കുന്നവരായിരുന്നു. ദൈവപ്രീതിയേക്കാളുപരിയായി മനുഷ്യരുടെ പ്രീതി അന്വേഷിച്ചിരുന്ന അവർ അതിനായി ജനങ്ങളുടെ മുൻപിൽ അതീവ ഭക്തരും ആചാരാനുഷ്ടാനങ്ങളിൽ അതീവ ജാഗ്രതയുള്ളവരുമായി ഭാവിച്ചിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ അവർ കപടഹൃദയരും സ്വാർത്ഥരും ദൈവീകകാര്യങ്ങളിൽ അലസരും ആയിരുന്നു. അവരുടെ പ്രവൃത്തികൾ കണ്ട്, അതിനു വശംവദരായി ധാരാളം യഹൂദർ ഫരിസേയരുടെ പ്രവൃത്തികളെ അനുകരിച്ചിരുന്നു. അതുകൊണ്ടാണ് ഈശോ ഫരിസേയരുടെ കാപട്യത്തെ പുളിമാവിനോട് ഉപമിച്ചത്. ഒരല്പം പുളിമാവ് വലിയൊരുപാത്രം മാവിനെ പുളിപ്പിക്കുന്നതുപോലെ, ഫരിസേയരുടെ കാപട്യം സാധാരണക്കാരായ യഹൂദരെ മുഴുവൻ കപടഹൃദയരാക്കി മാറ്റിക്കൊണ്ടിരിക്കുക ആയിരുന്നു. ധാരാളം ജനങ്ങൾ തങ്ങളുടെ ചുറ്റും വന്നു നിറയുന്പോൾ അവരുടെ മുൻപിൽ ആളാകാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കാതെ, ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുവാനാണ് ഈശോ ശിഷ്യരെ ഉത്ബോധിപ്പിക്കുന്നത്.

ഈ വചനഭാഗങ്ങളിലൂടെ കടന്നുപോകുന്പോൾ പലപ്പോഴും ഉണ്ടായേക്കാവുന്ന ഒരു സംശയമാണ്, ഈശോ ഫരിസേയരെ അതിരുകവിഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ടോ, എന്നുള്ളത്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത്, ഫരിസേയരെ കുറ്റപ്പെടുത്തി യഹൂദരുടെ മുൻപിൽ ആളാകാനല്ല ഈശോ ശ്രമിക്കുന്നത് എന്നതാണ്. സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയുണ്ടായിരുന്ന ഫരിസേയർക്ക് എതിരായി സംസാരിക്കുന്നത് ഒട്ടേറെ അപകടം നിറഞ്ഞ ഒരു മാർഗ്ഗമായിരുന്നു. ഈശോയുടെ കുരിശുമരണം അതിന്റെ വലിയൊരു സാക്ഷ്യവുമാണ്. ഈശോ "അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം പരിശുദ്ധമായ ഹൃദയത്തിലും നല്ല മനസാക്ഷിയിലും നിഷ്കപടമായ വിശ്വാസത്തിലും നിന്നു രൂപം കൊള്ളുന്ന സ്നേഹമാണ് " (1 തിമോത്തെയോസ് 1:5). എന്നാൽ, യേശുവിന്റെ കുറ്റാരോപണങ്ങൾ കേട്ട ഫരിസേയർ പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുകയല്ല ചെയ്തത്. തങ്ങളുടെ ഹൃദയത്തിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന പാപങ്ങൾ പിടിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയ അവർ എങ്ങിനെയും യേശുവിനെ നശിപ്പിക്കാനുള്ള വഴികളാണ് ആലോചിച്ചത്. ദൈവസന്നിധിയിൽ യാതൊന്നും മറഞ്ഞിരിക്കുകയില്ല. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ നേടിയെടുക്കാനും നമുക്കാവും. എന്നാൽ, നമ്മുടെ പ്രവൃത്തികളെ വിധിക്കുന്ന ദൈവം നമ്മുടെ ഹൃദയവിചാരങ്ങളും അറിയുന്നു എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം.

ദൈവത്തിന്റെ വചനം നമ്മുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാടുന്നത് അതുമൂലം നമ്മൾ പരിഹാസ്യരാകുവാണോ വിഷണ്ണരാകുവാണോ അവഹേളിതരാകുവാനോ ഒന്നും അല്ല.  നമ്മൾ ആയിരിക്കുന്ന അവസ്ഥ തിരിച്ചറിഞ്ഞ് ദൈവസന്നിധിയെ ശരണം പ്രാപിച്ചാൽ മാത്രമേ ദൈവത്തിന്റെ കൃപകൾ നമ്മിൽ പ്രവർത്തനോന്മുഖമാകുകയുള്ളൂ. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾ സ്വീകരിച്ച് പരിവർത്തനത്തിന്റെ പാതയിലൂടെ നീങ്ങുന്പോഴാണ്, ദൈവം നമ്മെ നമ്മൾ ആയിരിക്കേണ്ട അവസ്ഥയിലേക്ക് ഉയർത്തുന്നത്. കാപട്യവും ഞാനെന്ന ഭാവവും ഉപേക്ഷിച്ച്, ക്രിസ്തുശിഷ്യരായി ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയുടെ വചനത്തിന്റെ വെളിച്ചത്താൽ എന്റെ ഹൃദയത്തിലെ വഞ്ചനയുടെയും കൃത്രിമങ്ങളുടെയും എല്ലാ അന്ധകാരത്തെയും നീക്കണമേ. അങ്ങയുടെ ദിവ്യസ്നേഹാഗ്നിയാൽ നിറഞ്ഞ നിർമ്മലമായ ഒരു ഹൃദയംതന്ന് എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!