യേശുവിനെക്കുറിച്ച് കൂടുതലായി അറിയണം

"നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാൻ അനേകം പേർ പരിശ്രമിച്ചിട്ടുണ്ടല്ലോ. അതാകട്ടെ ആദിമുതൽ തന്നെ വചനത്തിന്റെ ദൃക് സാക്ഷികളും ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്ക് ഏൽപ്പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്. അല്ലയോ, ശ്രേഷ്ടനായ തെയോഫിലോസ്, എല്ലാക്കാര്യങ്ങളും പ്രാരംഭം മുതല്ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്നു എനിക്കും തോന്നി. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് നിനക്ക് ബോദ്ധ്യം വരാനാണ്." (ലൂക്കാ 1:1-4)

വിചിന്തനം 
കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നാല് രയിതാക്കളിൽ ഒരാളായ വി. ലൂക്കായുടെ സുവിശേഷത്തിന്റെ ആരംഭ ഭാഗമാണ് ഇന്നത്തെ വചനഭാഗം. നാലു സുവിശേഷകരിൽ യേശുവുമായി നേരിട്ട് പരിചയം ഇല്ലാതിരുന്ന ഏകയാളാണ് ലൂക്കാ. വിജാതീയരായ മാതാപിതാകളിൽനിന്നും ജനിച്ച ലൂക്കായാണ് യഹൂദനല്ലാത്ത ഏക സുവിശേഷകനും. പൌലോസ് ശ്ലീഹായുടെ സ്നേഹിതനും സന്തത സഹചാരിയും ആയിരുന്നു ലൂക്കാ. തനിക്കറിവില്ലാത്ത കാര്യങ്ങൾ എഴുതുന്നതിനുമുന്പ് എല്ലാം സൂക്ഷ്മമായി പരിശോധിക്കണമെന്ന് ആഗ്രഹിച്ച സുവിശേഷകൻ, അക്കാലത്ത് യേശുവിനെക്കുറിച്ച് ലഭ്യമായിരുന്ന എല്ലാ രേഖകളും പഠിക്കുകയും യേശുവിനെ നേരിട്ട് പരിചയമുള്ളവരോട് ദീർമായി സംസാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, യേശുവിന്റെ ബാല്യകാലത്തെ കുറിച്ചുള്ള വിശദമായ വിവരണം, നല്ല സമരിയാക്കാരന്റെ ഉപമ, ധൂർത്തപുത്രന്റെ ഉപമ തുടങ്ങി മറ്റു മൂന്നു സുവിശേഷങ്ങളിലും കാണാത്ത പലതും ലൂക്കായുടെ സുവിശേഷത്തിൽ ഉണ്ട്. മറ്റുള്ളവരിൽനിന്നും കേട്ടതെല്ലാം കണ്ണടച്ച് വിശ്വസിക്കാതെ, പരിശുദ്ധാത്മാവിന്റെ പ്രചോദനം ഉൾക്കൊണ്ട്, എല്ലാറ്റിനെയും കുറിച്ച് ആഴത്തിൽ പഠിക്കാൻ സുവിശേഷകൻ കാട്ടിയ താൽപര്യം മൂലം, ഈശോയുടെ രക്ഷാകരദൗത്യം കേവലം യഹൂദർക്കുവേണ്ടി മാത്രം ഉള്ളതല്ലെന്നും, സകല ജാതികൾക്കും രക്ഷ ലഭ്യമാക്കിയാണ് ഈശോ തന്റെ ബലി പൂർത്തിയാക്കിയതെന്നും യേശുവിന്റെ വചനങ്ങളിലൂടെ ലോകത്തിനു വെളിപ്പെടുത്താൻ ലൂക്കാ സുവിശേഷകനു കഴിഞ്ഞു. ക്രിസ്തുശിഷ്യരായ നമുക്കെല്ലാം അവിടുത്തെ പ്രബോധനങ്ങളെക്കുറിച്ചു ആഴത്തിൽ പഠിക്കുവാനും ലോകത്തിനു വെളിപ്പെടുത്തി കൊടുക്കുവാനുമുള്ള ബാധ്യതയുണ്ട്. ഈ കടമ പാലിക്കുന്നതിൽ നമ്മൾ എത്രമാത്രം ഉത്സുകരാണ്? 

യേശുവിനെക്കുറിച്ചും അവിടുത്തെ പ്രബോധനങ്ങളെക്കുറിച്ചും ഒട്ടേറെ തെറ്റിധാരണകൾ ഇന്നത്തെ ലോകത്തിനുണ്ട്. തനിക്ക് ചുറ്റുമുള്ളവരിൽനിന്നും ഉയർന്നുവരുന്ന സംശയങ്ങൾക്ക് ഉത്തരം നൽകുവാനോ തെറ്റായ ബോധ്യങ്ങളെ തിരുത്തുവാനോ യേശുവിന്റെ പ്രബോധനങ്ങളേക്കുറിച്ചു വ്യക്തമായ അറിവില്ലാത്ത ഒരു സാധാരണ ക്രിസ്തീയ വിശ്വാസത്തിന്റെ ഉടമയ്ക്ക് സാധിക്കുകയില്ല. യേശുവിലൂടെ മാത്രം ലഭ്യമാകുന്ന രക്ഷയെക്കുറിച്ച് അവബോധമില്ലാത്തതുമൂലം നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഒട്ടേറെപ്പേർ ഇന്നും അന്ധകാരത്തിൽ വസിക്കുന്നു. അവരെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് ആനയിക്കാൻ ബാധ്യതയുള്ള നാമാവട്ടെ ദൈവീകകാര്യങ്ങളിലുള്ള അജ്ഞത മൂലം നമ്മുടെ കർത്തവ്യം പാലിക്കുന്നതിൽ പരാജയപ്പെടുന്നു. 'അത്യാവശ്യം വിശ്വാസത്തിനു വേണ്ടുന്ന കാര്യങ്ങളൊക്കെ എനിക്കറിയാം, എനിക്കിത്രയുമൊക്കെ മതി, കൂടുതൽ പഠനങ്ങളൊക്കെ മതപണ്ഡിതർക്കു പറഞ്ഞിട്ടുള്ളതാണ്', എന്ന ചിന്താഗതിയാണ് ദൈവത്തെക്കുറിച്ചു ആഴമായി അറിയുന്നതിൽനിന്നും പലപ്പോഴും നമുക്ക് തടസ്സമായി നിൽക്കുന്നത്. എന്നാൽ, രോഗത്തെക്കുറിച്ച്‌ ആഴമായി പഠിക്കുന്നതിനു ആരും ഒരു രോഗിയാകുന്നില്ല; അതുപോലെതന്നെ, ദൈവത്തെക്കുറിച്ചും അവിടുത്തെ പ്രബോധനങ്ങളെക്കുറിച്ചും ഉള്ള അറിവ് ദൈവശാസ്ത്രപണ്ഡിതർക്കു മാത്രമുള്ളതല്ല. ഇതിനെക്കുറിച്ച്‌ വി. അഗസ്തീനോസ് പറയുന്നത്, മതി എന്നു പറയുന്ന വ്യക്തിയുടെ നാശം ആരംഭിച്ചു, എന്നാണ്.

നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ആവശ്യത്തിനുള്ള അറിവ് തനിക്കുണ്ടെന്ന് നാമൊരിക്കലും ചിന്തിക്കാൻ പാടില്ല. ഒരാളെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയുവാനുള്ള ആഗ്രഹം അയാളെ കൂടുതലായി സ്നേഹിക്കുന്നതിന്റെ അടയാളമാണ്. യേശുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി വിശ്വാസത്തിൽ അലസനാകുന്നു; കാരണം, അലസത അറിവില്ലായ്മയ്ക്ക് ജന്മം നല്കുന്നു. അറിവുകൾ നേടാൻ ഉദ്യമിക്കുന്നവർ അവർ വായിക്കുന്നവ ശരിയായ ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ കൃതികളാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുകയും വേണം. സഭയുടെ മേൽനോട്ടത്തിലുള്ള ഗ്രന്ഥശാലകളിൽ നിന്നും കത്തോലിക്കാ ഗ്രന്ഥങ്ങൾ മാത്രം പ്രസാധനം ചെയ്യുന്നവരിൽനിന്നും ഔദ്യോഗികമായി സഭ അംഗീകരിച്ചതെന്ന് എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിൽ നിന്നുമൊക്കെ വേണം നമ്മൾ ആത്മീയമായ അറിവുകൾ നേടാൻ. ദൈവജ്ഞാനമാകുന്ന അനന്തസാഗരം തുള്ളികളായി നമുക്ക് പകർന്നു തന്ന്, ദൈവത്തെ സ്നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം. 

കരുണാമയനായ കർത്താവേ, വചനത്താൽ അങ്ങ് സകലവും സൃഷ്ടിച്ചു. ജ്ഞാനത്താൽ അവിടുന്ന് മനുഷ്യന് രൂപം നല്കി. അങ്ങേക്ക് പ്രസാദകരവും അങ്ങയുടെ നിയമങ്ങള അനുസരിച്ച് ശരിയുമായ കാര്യങ്ങൾ അറിയുന്ന ജ്ഞാനം അങ്ങയോടോത്തു വാഴുന്നു. അങ്ങയുടെ സിംഹാസനത്തിൽനിന്നും എനിക്ക് ജ്ഞാനം നൽകേണമേ. അങ്ങനെ അങ്ങയുടെ ഹിതം ഞാൻ മനസ്സിലാക്കട്ടെ. ആമ്മേൻ. (cf. ജ്ഞാനം 9)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്