നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു
"എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ. എന്നാൽ, നിങ്ങൾ ആരെ ഭയപ്പെടണമെന്നു ഞാൻ മുന്നറിയിപ്പ് തരാം. കൊന്നതിനു ശേഷം നിങ്ങളെ നരകത്തിലേക്കു തള്ളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, ഞാൻ പറയുന്നു, അവനെ ഭയപ്പെടുവിൻ. അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വിൽക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളേക്കാൾ വിലയുള്ളവരാണ്." (ലൂക്കാ 12:4-7)
വിചിന്തനം
കള്ളം പറയാനും പ്രവർത്തിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭയം. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു കരുതും എന്നുള്ള ഭയം പലപ്പോഴും നമുക്കില്ലാത്ത മേന്മകൾ ഉണ്ടെന്നു ഭാവിക്കാൻ നമ്മെ പ്രേരിപ്പിക്കാറുണ്ട്. നമ്മുടെ യഥാർത്ഥ അവസ്ഥ മറച്ചുവച്ച്, കെട്ടിചമച്ച ജീവിതശൈലി ഉപയോഗിച്ച് മറ്റുള്ളവരുടെ മുൻപിൽ പ്രശംസാ പാത്രമാകാൻ വെന്പൽകൊള്ളുന്ന പ്രകൃതം നമ്മിലെല്ലാം ഉണ്ട്. മറ്റുള്ളവരുടെ മുൻപിൽ ഒരു നല്ല വ്യക്തിത്വത്തിനു ഉടമയാണെന്നു ഭാവിക്കുകയും, അതിന്റെ ഭാഗമായി ധാരാളം നല്ല പ്രവർത്തികൾ ചെയ്യുകയും നല്ല ഉപദേശങ്ങൾ നൽകുകയും ഒക്കെ ചെയ്യുന്ന പലരും, മറ്റാരും കാണുന്നില്ലെന്ന് ബോധ്യമുള്ളപ്പോൾ തികച്ചും വ്യത്യസ്ഥമായ ഒരു ജീവിതം നയിക്കുന്നവരാണ്. അതുപോലെതന്നെ, ഭയത്തിന്റെ മറ്റൊരു മേഖലയാണ് ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്പോഴും അപ്രതീക്ഷിതമായത് സംഭവിക്കുന്പോഴും പിടിച്ചു നിൽക്കാൻവേണ്ടി കളവ്, ചതി, വിശ്വാസവഞ്ചന തുടങ്ങി എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാകുന്നവർ നമ്മുടെ ഇടയിലുണ്ട്. ലൗകീകമായ അവസ്ഥകളെക്കുറിച്ചും ആകുലതകളെക്കുറിച്ചും ബോധവാന്മാരായ നമ്മൾ പലപ്പോഴും ചെയ്യുന്നത്, കാണപ്പെടുന്ന ശാരീരത്തിന്റെ ആവശ്യങ്ങൾക്ക് കാണപ്പെടാത്ത ആത്മാവിന്റെ ആവശ്യങ്ങളെക്കാൾ പ്രാധാന്യം കൊടുക്കുക എന്നതാണ്.
ആത്മാവിനെ അവഗണിക്കുന്ന നമ്മുടെ മനോഭാവത്തിന് ഒരു മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം, ഒപ്പം ദൈവപരിപാലനയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും. ദൈവത്തെ അല്ലാതെ മറ്റാരെയും നമ്മൾ ഭയപ്പെടേണ്ടതില്ല എന്നാണു ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത്. "കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?" (സങ്കീർത്തനം 118:6), എന്ന് സങ്കീർത്തകനും നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്. മനുഷ്യർക്ക് നമ്മെ അപമാനിക്കാനും പീഡിപ്പിക്കാനും, അങ്ങേയറ്റം വന്നാൽ നമ്മുടെ ശരീരത്തെ ഇല്ലായ്മ ചെയ്യാനും ആയേക്കും. എന്നാൽ, ഈശോ പറയുന്നത് അവമൂലം നമ്മൾ അനുഭവിച്ചേക്കാവുന്ന വേദനകൾ, ആത്മാവിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തതുമൂലം നരകത്തിൽവച്ച് അനുഭവിക്കേണ്ടുന്ന വേദനകളുമായി താരതമ്യം ചെയ്‌താൽ കേവലം നിസ്സാരമാണ് എന്നാണ്. ആത്മാവിന്റെ സ്വരം ശ്രവിക്കാതെ, ലൌകീകകാര്യങ്ങളിൽ വ്യാപൃതരായി ദൈവത്തെയും അവിടുത്തെ വചനത്തെയും നിന്ദിക്കുന്നവർ, സ്വർഗ്ഗീയസൌഭാഗ്യങ്ങളിൽ അവർക്കുള്ള അവകാശമാണ് വേണ്ടെന്നു വയ്ക്കുന്നത്. ദൈവത്തിനു ആരെയും നിർബന്ധിച്ചു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാൻ സാധിക്കുകയില്ല. ഈ ലോകത്തിൽവച്ച് ദൈവീകകാര്യങ്ങളോട് ഭയവും ബഹുമാനവും ഇല്ലാതെ ജീവിക്കുന്നവർക്ക് മരണശേഷവും ദൈവത്തിൽനിന്നും അകന്നു ജീവിക്കുവാനായി ദൈവം ഒരുക്കിയിരിക്കുന്ന സ്ഥലമാണ് നരകം. ഈ ലോകത്തിൽവച്ച് ദൈവം ഒരിക്കലും നമ്മിൽനിന്നും അകന്നിരിക്കുന്നില്ല; പാപം ചെയ്ത് നമ്മളാണ് ദൈവത്തിൽനിന്നും അകലുന്നത്. നമ്മൾ ദൈവത്തിൽനിന്നും എത്രമാത്രം അകന്നിരുന്നാലും നമ്മുടെ ഒരു വിളിക്കായി കാതോർക്കുന്ന ദൈവത്തിന്റെ സജീവസാന്നിധ്യം എപ്പോഴും നമ്മോടു കൂടിയുണ്ട്. എന്നാൽ, നരകത്തിൽ ദൈവത്തിന്റെ സാന്നിധ്യമില്ല. സദാ ദൈവീകസാന്നിധ്യത്തിൽ കഴിയാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവമില്ലാത്ത നരകത്തിൽ അനുഭവിക്കേണ്ടിവരുന്ന യാതനകൾ വർണ്ണനാതീതമാണ്.
നരകത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഈശോ, പക്ഷേ, ദൈവത്തിന്റെ ശിക്ഷ ആയിരിക്കരുത്, മറിച്ച്, അവിടുത്തെ സ്നേഹമായിരിക്കണം നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്ന കണ്ണി എന്നും ഓർമ്മിപ്പിക്കുന്നുണ്ട്. ഈ ലോകത്തുള്ള മറ്റാരെയുംകാൾ അധികമായ കരുതൽ നമ്മുടെ കാര്യത്തിൽ ദൈവത്തിനുണ്ട്. യഹൂദരുടെ ഇടയിൽ ഒരു നാണയത്തിനു രണ്ടു കുരുവികൾ വിൽക്കപ്പെട്ടിരുന്നു. രണ്ടുനാണയത്തിനു അഞ്ചാമതൊരു കുരുവിയെ വെറുതെ കിട്ടുമായിരുന്നു. ഇങ്ങനെ വെറുതെ കൊടുക്കുന്ന കുരുവിയുടെ കാര്യത്തിൽപോലും ദൈവം ശ്രദ്ധാലുവാണെന്നാണ് ഈശോ ശിഷ്യരെ ഓർമ്മിപ്പിക്കുന്നത്. അങ്ങിനെയെങ്കിൽ, തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെ കാര്യത്തിൽ ദൈവം എത്രയധികം ശ്രദ്ധിക്കുന്നുണ്ടാകും. പൊങ്ങച്ചവും ഭയവുമില്ലാതെ സത്യത്തിന്റെ പാത തിരഞ്ഞെടുക്കുന്ന മനുഷ്യനെ തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിക്കുന്ന ദൈവമാണ് സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ്. ഭൂരിഭാഗത്തിന്റെ ആശയങ്ങളോടും ലോകത്തിന്റെ ശരിതെറ്റുകളോടും വിധേയത്വം കാണിക്കാതെ സത്യമാകുന്ന ദൈവത്തിലേക്കുള്ള പാതയിലൂടെ നടക്കാൻ ധൈര്യം തരുന്നതും അവിടുന്ന് തന്നെയാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, ദൈവഭയത്താൽ നിറഞ്ഞ്, ദൈവത്തിന്റെ സ്നേഹവും പരിപാലനയും ആസ്വദിച്ചു ജീവിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
വഴിയും സത്യവും ജീവനുമായ യേശുവേ, അങ്ങയുടെ വചനങ്ങളിലൂടെ സ്വർഗ്ഗസ്ഥനായ അങ്ങയുടെ പിതാവിന്റെ സ്നേഹം തിരിച്ചറിഞ്ഞ് ദൈവപരിപാലനയുടെ സാക്ഷികളായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ