പരിശുദ്ധാത്മാവിനെ നിന്ദിക്കരുത്

"ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുന്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുന്പിൽ എന്നെ തള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരുശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുന്പിലും അവർ നിങ്ങളെ കൊണ്ടുപോകുന്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണ് പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും." (ലൂക്കാ 12:8-12)

വിചിന്തനം
മനുഷ്യർക്ക്‌ സങ്കൽപ്പിക്കാൻ കഴിയുന്നതിനും അതീതമാണ് ദൈവത്തിന്റെ കരുണയും സ്നേഹവും. അതുകൊണ്ടുതന്നെയാണ് യേശുവിനെ മനസ്സിലാക്കുവാനോ ആദരിക്കുവാനോ സ്നേഹിക്കുവാനോ ഒട്ടേറെപ്പേർക്കു കഴിയാതെ പോകുന്നത്. "ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്നു" (ഫിലിപ്പി 2:6,7). മാത്രവുമല്ല, പാപികളും ദൈവനിന്ദകരും ആയ മനുഷ്യരെ സ്നേഹിതരായി കണക്കാക്കി. എന്നിട്ട്, "സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല" (യോഹന്നാൻ 15:13) എന്ന വചനം അനുസരിച്ച് കാൽവരിമലയിൽ സ്വജീവൻ ബലിയായി നൽകി. സൃഷ്ടികളോടുള്ള സ്നേഹം സ്രഷ്ടാവിനെ സ്വയം ഒരു ബലിവസ്തുവാക്കി മാറ്റി. പുത്രന്റെ ബലിയിലൂടെയാണ് പിതാവിന്റെ സ്നേഹം അൽപമെങ്കിലും നമ്മൾ ഗ്രഹിക്കുന്നത്; പാപലേശമില്ലാത്ത ദൈവപുത്രന്റെ രക്തമാണ് നമ്മുടെ പാപങ്ങൾക്ക്‌ പരിഹാരമായി മാറിയത്. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതൊരുവനും രക്ഷപ്രാപിക്കുന്നു (cf. Acts 16:31). യേശുവിനോടുള്ള സ്നേഹത്താൽ നമ്മുടെ എല്ലാ പാപങ്ങളും ദൈവം ക്ഷമിക്കുന്നു. എത്ര വലിയ പാപം ആണെങ്കിലും, ഒട്ടേറെ തവണ ആവർത്തിച്ചു ചെയ്തതാണെങ്കിലും, യേശുവിന്റെ നാമത്തിൽ പിതാവിനോട് മാപ്പപേക്ഷിക്കുന്ന ഏതൊരാളിൽനിന്നും പാപങ്ങളുടെ കറ തുടച്ചുമാറ്റപ്പെടുന്നു, കടങ്ങൾ ക്ഷമിക്കപ്പെടുന്നു.

പാപങ്ങളെക്കുറിച്ച്  വ്യക്തമായ അവബോധമില്ലാത്തതാണ് പലപ്പോഴും നമ്മെ പാപത്തിൽതന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം. കുറ്റങ്ങളും കുറവുകളും ഉള്ള മറ്റു മനുഷ്യരുടേതുമായി നമ്മുടെ പ്രവൃത്തികളെ താരതമ്യം ചെയ്‌താൽ നമ്മുടെ ഏതു തെറ്റുകളെയും വേണമെങ്കിൽ ന്യായീകരിക്കാൻ നമുക്ക് സാധിക്കും. പരിപൂർണ്ണനായ ദൈവവുമായി തന്റെ പ്രവർത്തികളെ താരതമ്യം ചെയ്യുന്പോഴാണ് തന്റെ കുറ്റങ്ങളും കുറവുകളും മനുഷ്യർക്ക്‌ വെളിപ്പെട്ടു കിട്ടുന്നത്. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള വെളിപാടുകൾ നമുക്ക് ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. പാപം ചെയ്ത ഒരു വ്യക്തിക്ക് ദൈവത്തിന്റെ അനന്തമായ ക്ഷമയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമുള്ള ബോധ്യങ്ങൾ നൽകുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്. അതുകൊണ്ടാണ്, ഇന്നത്തെ വചനഭാഗത്തിൽ "പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ല" എന്ന് ഈശോ നിസ്സംശയം പറയുന്നത്. ഇവിടെ നമ്മൾ മറക്കരുതാത്ത, അല്ലെങ്കിൽ സംശയിക്കരുതാത്ത ഒരു കാര്യം, ദൈവം ക്ഷമിക്കില്ലാത്ത പാപങ്ങൾ ഒന്നും ഇല്ല എന്ന വസ്തുതയാണ്. എന്നാൽ, പരിശുദ്ധാത്മാവിനെ തള്ളിപ്പറയുന്ന ഒരു വ്യക്തി പാപങ്ങൾ ക്ഷമിക്കുന്ന ദൈവത്തിന്റെ കരുണയെയും സ്നേഹത്തേയും ആണ് തള്ളിപ്പറയുന്നത്. ദൈവത്തിന്റെ ക്ഷമ ആഗ്രഹിക്കാത്ത ഒരാളിലും അത് ഫലദായകമാകുന്നില്ല.

ദൈവസ്നേഹത്തിനു ഹൃദയത്തെ തുറന്നുകൊടുക്കാതിരിക്കുന്പോഴാണ് നന്മതിന്മകളുടെ വേർതിരിവ് നമുക്ക് നഷ്ടമാകുന്നത്. ഇങ്ങനെയുള്ള ഹൃദയങ്ങളിലാണ് പാപം ചെയ്യുന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നുള്ള ചിന്താഗതി രൂപമെടുക്കുന്നത്. ഒരു പ്രവൃത്തി, അത് ദൈവത്തിനും പ്രകൃതിക്കും പരസ്നേഹത്തിനും എതിരാണെന്ന് അറിയാമെങ്കിൽകൂടിയും,  ചെയ്യാതിരിക്കുന്നത് അവകാശലംഘനമായി കാണുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്‌. ആത്മാവിന്റെ പ്രചോദനങ്ങൾ തള്ളിക്കളഞ്ഞ് മനപൂർവ്വം പാപം ചെയ്യുന്നവർ, അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെപ്പോലും അസഹിഷ്ണുക്കളും ശത്രുക്കളുമായാണ് പരിഗണിക്കുന്നത്. ദൈവത്തിന്റെ ആത്മാവിനു ചെവികൊടുത്ത്‌ അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നവർ, അതുമൂലം തങ്ങളെ കുറ്റംവിധിക്കാൻ ഉദ്യമിക്കുന്ന അധികാരികളുടെയും ഭരണാധിപന്മാരുടെയും മുന്പിൽ നിൽക്കേണ്ടിവരുമെന്നും ഈശോ മുന്നറിയിപ്പ് നൽകുന്നുണ്ട്. പാപങ്ങളെ സാമൂഹിക നിയമങ്ങളാക്കി മാറ്റി, അവയ്ക്ക് നിയമസംരക്ഷണം നൽകുന്ന പ്രവണത നമ്മുടെ സമൂഹങ്ങളിൽ വർദ്ധിച്ചുവരികയാണ്. ദൈവത്തിന്റെ വചനം അനുസരിച്ച് ജീവിക്കാനുദ്യമിക്കുന്നവർ ദൈവസ്നേഹത്തിനു വിരുദ്ധമായ, പരിശുദ്ധാത്മാവിനെ തള്ളിപ്പറയുന്ന നിയമങ്ങൾക്ക് എതിരെ ശബ്ദമുയർത്താൻ കടപ്പെട്ടവരാണ്. അതിനുവേണ്ടുന്ന ധൈര്യം ഈശോ തന്റെ ദിവ്യാത്മാവിലൂടെ നമുക്കെല്ലാവർക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. യേശുവിൽ വിശ്വസിച്ച്, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ദൈവത്തെ സ്നേഹിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങാണ് എന്റെ രക്ഷയും പ്രത്യാശയും. പരീക്ഷകളും പ്രലോഭനങ്ങളും ഉണ്ടാകുന്പോൾ അവയെ അതിജീവിക്കുവാൻ അവിടുത്തെ വചനങ്ങളിലൂടെ എനിക്ക് ശക്തി നൽകണമേ. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ചു പ്രതിസന്ധികളെ തരണം ചെയ്യാൻ എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!