നിങ്ങൾ ആകുലചിത്തരാകേണ്ടാ

"വീണ്ടും അവൻ ശിഷ്യരോട് അരുളിചെയ്തു: അതിനാൽ, ഞാൻ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ടാ. എന്തെന്നാൽ, ജീവൻ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. കാക്കകളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; അവയ്ക്കു കലവറയോ കളപ്പുരയോ ഇല്ല. എങ്കിലും, ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈർഖ്യം ഒരു മുഴംകൂടി നീട്ടാൻ നിങ്ങളിൽ ആർക്കു സാധിക്കും? ഏറ്റവും നിസ്സാരമായ ഇതുപോലും ചെയ്യാൻ നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്? ലില്ലികലെ നോക്കുവിൻ: അവ നൂൽ നൂൽക്കുകയൊ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാൻ നിങ്ങളോടു പറയുന്നു: സോളമൻ പോലും അവന്റെ സർവമഹത്വത്തിലും അവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല! എന്തു തിന്നുമെന്നൊ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ. ഈ ലോകത്തിലെ ജനതകളാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ. ഇവയെല്ലാം അതോടൊപ്പം നിങ്ങൾക്കു ലഭിക്കും. ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാൽ, നിങ്ങൾക്കു രാജ്യം നൽകാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ സന്പത്ത് വിറ്റു ദാനം ചെയ്യുവിൻ. പഴകിപ്പോകാത്ത പണസഞ്ചികൾ കരുതിവയ്ക്കുവിൻ. ഒടുങ്ങാത്ത നിക്ഷേപം സ്വർഗ്ഗത്തിൽ സംഭരിച്ചുവയ്ക്കുവിൻ. അവിടെ കള്ളന്മാർ കടന്നുവരുകയോ ചിതൽ നശിപ്പിക്കുകയോ ഇല്ല. നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും." 
(ലൂക്കാ 12:22-34)

വിചിന്തനം 
ഭാവിയെക്കുറിച്ചുള്ള പദ്ധ്യതികൾ തയ്യാറാക്കുക എന്നത് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. ശോഭനവും സമാധാനപൂർണ്ണവും ആയ ഒരു ജീവിതത്തിനു ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ അത്യന്താപേക്ഷിതവുമാണ്. കാരണം, ഒട്ടേറെ അവസരങ്ങളിൽ നമ്മൾ പറയുന്നതും പ്രവർത്തിക്കുന്നതും, അതുമൂലം ഭാവിയിലുണ്ടായേക്കും എന്നു നമ്മൾ വിശ്വസിക്കുന്ന പ്രത്യാഘാതങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ്. ഇതുമൂലം ഒട്ടേറെ അവസരങ്ങളിൽ നാവിനെ നിയന്ത്രിക്കാനും ആഗ്രഹങ്ങളിൽ സംയമനം പാലിക്കാനും നമുക്കാവുന്നു. പക്ഷേ, ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ ചൂണ്ടിക്കാണിക്കുന്നത് ഭാവിയെക്കുറിച്ചുള്ള അമിതമായ ചിന്തയും തയ്യാറെടുപ്പും നമ്മെ എങ്ങിനെ ദൈവത്തിൽനിന്നും അകറ്റുന്നു എന്നാണ്. ഭാവിയെക്കുറിച്ച് കരുതലോടെ ജീവിക്കുക എന്ന ആരോഗ്യകരമായ അവസ്ഥയിൽനിന്നും, ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന അനാരോഗ്യകരമായ അവസ്ഥയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. 

ഭാവിയെക്കുറിച്ച് കരുതലുള്ളവരാകുവാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം പ്രത്യാശയാണ്. നാളെ എന്ന ഒന്നുണ്ടാകും എന്ന പ്രത്യാശ, അല്ലെങ്കിൽ ഒരു നാളെകൂടി കാണാൻ നമ്മളുണ്ടാകും എന്ന പ്രത്യാശ ഒക്കെയാണ് നമ്മെ നാളയെക്കുറിച്ച്‌ ചിന്തിക്കാനും തയ്യാറെടുക്കാനും ഒക്കെ പ്രചോദിപ്പിക്കുന്നത്. ഇത്തരമൊരവസ്ഥയിൽ ജീവിക്കുന്ന ഒരു വ്യക്തി താനറിയാതെതന്നെ ദൈവത്തിൽ ആശ്രയിക്കുകയാണ് ചെയ്യുന്നത്. കാരണം, ഒരു നാളെ ഉണ്ടാകും എന്ന പ്രത്യാശയോടൊപ്പം, തന്റെ യാതൊരു പ്രവർത്തിയുടെയും പരിണിതഫലമായല്ല അതുണ്ടാകുന്നത് എന്ന തന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചും അയാൾ തികച്ചും ബോധവാനാണ്. എന്നാൽ, ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന ഒരു വ്യക്തി ചെയ്യുന്നത്, നാളെയെക്കുറിച്ചു പ്രത്യാശ വയ്ക്കുന്നതിനു പകരം അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. 'മെറിമ്ന' എന്ന ഗ്രീക്കുപദത്തെയാണ് ആകുലത എന്ന് മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത്. മെറിമ്ന എന്ന പദത്തിന്റെ അർത്ഥം 'പൂർണ്ണതയിൽനിന്നും വേറിട്ടുപോകുക' എന്നാണ്. നാളയെക്കുറിച്ച്‌ ആകുലപ്പെടുന്ന ഒരാൾ നമുക്കുവേണ്ടി ഭാവിയെ സൃഷ്ടിക്കുന്ന ദൈവത്തിനെയാണ് സംശയിക്കുന്നത്. ആദിയും അന്തവുമില്ലാത്ത, എല്ലാംകൊണ്ടും പരിപൂർണ്ണനായ ദൈവമാണ് ഇന്നലെകളിൽ നമ്മെ നയിച്ചതും, ഇന്നു നമ്മെ പരിപാലിക്കുന്നതും, നാളെയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു തരുന്നതും. ഈ ദൈവീകപരിപാലന ഗ്രഹിക്കാൻ സാധിക്കാതെ വരുന്പോഴാണ് നമ്മൾ ആകുലപ്പെട്ട് ദൈവത്തിൽനിന്നും അകന്നുപോകുന്നത്. ഭാവിയിൽ എങ്ങിനെ സന്തോഷത്തോടെയും സമാധാനത്തിലും ജീവിക്കാം എന്ന് ആകുലപ്പെടുന്നവർ അവരുടെ വർത്തമാനകാലത്തെയാണ് ദുരിതപൂർണ്ണമാക്കുന്നത്. 

നമുക്കാവശ്യമുള്ളതെല്ലാം തരാൻ കഴിവുള്ള ദൈവീക പരിപാലനയിൽ അഭയം തേടാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നത് നമ്മുടെ അഹങ്കാരം നിമിത്തമാണ്. എല്ലാം തരുന്നത് ദൈവമാണെങ്കിൽ പിന്നെ നമ്മുടെ അധ്വാനംകൊണ്ട് എന്താണ് പ്രയോജനം എന്നൊരു സംശയും ദൈവപരിപാലനയെക്കുറിച്ച് ഉയർന്നെന്നുവരാം. ഇവിടെയെല്ലാം നമ്മൾ മനസ്സിലാക്കേണ്ടുന്ന വസ്തുത, ദൈവപരിപാലന എന്നാൽ നമുക്കാവശ്യമുള്ളതെല്ലാം സ്വർഗ്ഗത്തിൽനിന്നും നേരിട്ടു ലഭിക്കുക എന്നല്ല. യുക്തിക്ക് അതീതമായി സ്വർഗ്ഗത്തിൽനിന്നും നേരിട്ടു ലഭിക്കുന്ന അനുഗ്രഹങ്ങളെ പരിപാലന എന്നല്ല, അത്ഭുതങ്ങൾ എന്നാണു വിളിക്കുന്നത്‌. ദൈവപരിപാലന നമ്മിലേക്കെത്തുന്നത് മറ്റു മാധ്യമങ്ങളിലൂടെയാണ്. നമ്മുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ബുദ്ധിയും കഴിവും ജോലിയും ആരോഗ്യവുമൊക്കെ ദൈവത്തിന്റെ പരിപാലന നമ്മിലേക്കെത്തിക്കുന്ന വിവിധ മാർഗ്ഗങ്ങളാണ്. നമ്മുടെ കഴിവുകളേയും ലൌകീകനേട്ടങ്ങളേയും നമ്മുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമായി കാണുന്പോൾ ദൈവപരിപാലന സ്വയംപരിപാലനയായി മാറുന്നു. നമ്മുടെ എല്ലാ നേട്ടങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ അദൃശ്യകരങ്ങൾ തിരിച്ചരിയുന്നതിനു നമ്മുടെ ആന്തരീക നേത്രങ്ങളെ തുറക്കണമേ എന്ന് കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, അനുദിന ജീവിതത്തിലെ ആകുലതകളിൽനിന്നും മനസ്സിനെ മോചിപ്പിച്ച്‌ അങ്ങയുടെ പരിപാലനയിൽ ശരണം വയ്ക്കുവാൻ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. എല്ലാ പ്രവൃത്തികളിലും അങ്ങയുടെ രാജ്യം അന്വേഷിക്കുവാനും, എല്ലാക്കാര്യങ്ങളിലും കൃതജ്ഞതാപൂർവം അങ്ങയുടെ പരിപാലന ദർശിക്കുവാനും അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!