ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്

"ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടുപേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിഅമ്മ മരുമകൾക്കും മരുമകൾ അമ്മായിഅമ്മയ്ക്കും എതിരായും ഭിന്നിക്കും." (ലൂക്കാ 12:49-53)

വിചിന്തനം
ഈ ലോകത്തിലും ജനതകൾക്കിടയിൽ ദൈവത്തിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും ആണ് ബൈബിളിലെ അഗ്നി പ്രതിനിധാനം ചെയ്യുന്നത്. പഴയനിയമത്തിൽ അഗ്നി ദൈവത്തിന്റെ സാന്നിധ്യമായി മോശയ്ക്ക് അനുഭവപ്പെട്ടു (പുറപ്പാട് 3:2). പിന്നീട്, ദൈവത്തിന്റെ മഹത്വമായും (എസെക്കിയേൽ 1:4, 1:13), ദൈവദാസരെ സംരക്ഷിക്കുന്ന സൈനീക വ്യൂഹമായും (2 രാജാക്കന്മാർ 6:17), എല്ലാ അശുദ്ധിയെയും തുടച്ചുനീക്കുന്ന ദൈവീക ശക്തിയായും (നിയമാവർത്തനം 4:24), നീതിയോടെ വിധിക്കുന്ന മാർഗ്ഗമായും (സഖറിയാ 13:9), പാപത്തിനെതിരെയുള്ള കർത്താവിന്റെ ഉഗ്രകോപമായും (ഏശയ്യാ 66:15,16) ഒക്കെ അഗ്നി പ്രതീകവത്കരിക്കപ്പെടുന്നുണ്ട്. പുതിയ നിയമത്തിൽ പ്രധാനമായും അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണ് (അപ്പ. പ്രവർത്തനം 2:3). ദൈവത്തിന്റെ അഗ്നി തിന്മയെ നശിപ്പിക്കുന്നു, പാപാസക്തിയുടെ കെട്ടുകളെ അഴിക്കുന്നു, ആത്മാവിനെ വിശുദ്ധീകരിക്കുന്നു, ദൈവത്തോടുള്ള ഭക്തിയാലും ഭയത്താലും മനസ്സിനെ നിറയ്ക്കുന്നു, ദൈവവചനം ഗ്രഹിക്കുവാൻ ഹൃദയങ്ങളെ തുറക്കുന്നു, ദൈവസ്നേഹം അനുഭവേദ്യമാക്കിത്തരുന്നു.

ഇന്നത്തെ വചനഭാഗത്തിൽ, തന്റെ ആഗമനംമൂലം വരുംകാലങ്ങളിൽ ജനങ്ങൾക്കിടയിൽ ഉണ്ടാകാനിരിക്കുന്ന  വലിയൊരു പ്രശ്നത്തെക്കുറിച്ചാണ് ഈശോ പ്രവചിക്കുന്നത്. ഈശോയുടെ കാൽവരിയിലെ ബലിയിലൂടെയാണ് പരിശുദ്ധാത്മാവാകുന്ന അഗ്നി ലോകമെങ്ങും കത്തിപ്പടർന്നത്‌. യേശുവിന്റെ വചനങ്ങൾ സ്വീകരിച്ചു പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ദൈവവചനങ്ങൾ തിരസ്കരിച്ചവരും തമ്മിലുണ്ടാകുന്ന ഭിന്നതകളെക്കുറിച്ച് യാതൊരു ഒളിച്ചുവയ്പ്പുകളും ഇല്ലാതെ ഈശോ മുന്നറിയിപ്പ് നൽകുന്നത്. പ്രശ്നങ്ങളൊന്നും ഇല്ലാത്ത അവസ്ഥയെയാണ് സമാധാനം എന്നതുകൊണ്ട്‌ ലോകം അർത്ഥമാക്കുന്നത്. തർക്കങ്ങൾ ഉണ്ടാകുന്പോൾ ലോകത്തിൽ സാധാരണയായി സമാധാനം സ്ഥാപിക്കപ്പെടുന്നത് ഒത്തുതീർപ്പുകളിലൂടെയാണ്. അനുരഞ്ജനം സാധ്യമാകാൻ രണ്ടുകൂട്ടരും അവരുടെ വാദഗതികളിൽ അയവു വരുത്തുകയും, ഇരുകൂട്ടർക്കും ഏറെക്കുറെ അംഗീകരിക്കാൻ സാധിക്കുന്ന ഒരു മധ്യസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരത്തിലുള്ള ഒത്തുതീർപ്പുകൾ ഒരിക്കലുംതന്നെ പൂർണ്ണമായും ശരിയെയോ തെറ്റിനെയോ പ്രാതിനിധ്യം ചെയ്യാറില്ല, അവ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരവും ആകുന്നില്ല.

ദൈവവചനത്തിന് ഇടനിലങ്ങളില്ല - ഒന്നുകിൽ, വചനം പൂർണ്ണമായും സ്വീകരിക്കണം; ആല്ലെങ്കിൽ, പൂർണ്ണമായും നിരാകരിക്കണം. അതുകൊണ്ടുതന്നെ, ദൈവീകകാര്യങ്ങളിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുന്പോൾ ഒത്തുതീർപ്പിന് അവിടെ യാതൊരു പ്രസക്തിയുമില്ല. അതിനാൽ, യേശുവിന്റെ സമാധാനം എല്ലായ്പ്പോഴും വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും സമാധാനം ഉളവാക്കണം എന്നു നിർബന്ധമില്ല. ഒരു ക്രിസ്തുശിഷ്യൻ പ്രാഥമികമായി കൂറുപുലർത്തേണ്ടത് യേശുവിനോടും അവിടുത്തെ വചനത്തോടും അവിടുത്തെ ശരീരമായ തിരുസഭയോടും ആണ്. അതിനുശേഷമുള്ള സ്ഥാനങ്ങൾ മാത്രമേ ബന്ധുമിത്രാദികൾക്കും സാമൂഹിക വ്യവസ്ഥിതികൾക്കും നൽകാവൂ എന്നാണ് ഈശോ തന്റെ ശിഷ്യരെ പഠിപ്പിക്കുന്നത്. "ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്" (2 കോറിന്തോസ് 5:15), എന്ന് പൌലോസ് അപ്പസ്തോലനും നമ്മെ അനുസ്മരിപ്പിക്കുന്നു. ഈശോ കുരിശിലൂടെ നേടിത്തന്ന സമാധാനം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കണമെങ്കിൽ ഒത്തുതീർപ്പുകളിലൂടെയും വിട്ടുവീഴ്ച്ചകളിലൂടെയും സമാധാനം സങ്കൽപ്പിച്ചെടുക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം. അനുദിനജീവിതത്തിൽ നേരിടേണ്ടിവരുന്ന എല്ലാ തിന്മകളോടും മല്ലടിച്ച് സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയിലുള്ള വിശ്വാസത്തിനു എതിരായ അവസ്ഥകൾ അഭിമുഖീകരിക്കുന്പോൾ അവയോടു പോരടിച്ച് വിജയം വരിക്കുവാൻ അങ്ങയുടെ രക്ഷാകരമായ നീതിയുടെ കവചം എനിക്കു തന്നാലും. സത്യത്തിന്റെ അരപ്പട്ടയും പരിശുദ്ധിയുടെ മാർച്ചട്ടയും എന്നെ ധരിപ്പിചാലും. രക്ഷയുടെ പടത്തൊപ്പിയാലും വചനമാകുന്ന വാളാലും എന്നെ യുദ്ധസന്നദ്ധനാക്കണമേ. ആമ്മേൻ. (cf. എഫേസോസ് 6:14-17)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!