ദൈവത്തിന്റെ സാമീപ്യം വിവേചിച്ചറിയണം

"അവൻ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റടിയ്ക്കുന്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തതെന്തുകൊണ്ട്?" (ലൂക്കാ 12:54-56)

വിചിന്തനം
ചില പ്രത്യേക ദിശയിൽനിന്നും മേഘങ്ങൾ ഉയരുന്നതും ചില പ്രത്യേക രീതിയിൽ കാറ്റ് വീശുന്നതും തുടങ്ങി അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ആസ്പദമാക്കി വരാൻപോകുന്ന കാലാവസ്ഥയെക്കുറിച്ച് ഏറെക്കുറെ ധാരണകൾ ഉണ്ടാക്കാൻ എല്ലാക്കാലങ്ങളിലും മനുഷ്യർക്ക്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ ഈശോ പരിസ്ഥിതിയിലെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞു ജീവിതത്തിൽ വിവേകപൂർവമായ തീരുമാനങ്ങളും മുൻകരുതലുകളും എടുക്കാൻ മനുഷ്യർക്കുള്ള കഴിവിനെ ചൂണ്ടിക്കാട്ടി, യാഹൂദജനത്തെ കുറ്റം വിധിക്കുകയാണ്. വരുവാനിരിക്കുന്ന മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെ ദൈവം ധാരാളം മുന്നറിയിപ്പുകൾ തന്റെ ജനത്തിനു നൽകിയിരുന്നു. ആ പ്രവചനങ്ങളുടെ എല്ലാം വ്യക്തവും കൃത്യവുമായ പൂർത്തീകരണമായിരുന്നു യേശുവിന്റെ ജനനവും ജീവിതവും പ്രവർത്തനങ്ങളും. എന്നാൽ, തങ്ങളുടെ കണ്മുൻപിൽ നടക്കുന്ന കാര്യങ്ങൾ വ്യാഖ്യാനിച്ച്, ഈശോ തന്നെയാണ് മിശിഹായെന്നു തിരിച്ചറിയുന്നതിനു പകരം, സുവിശേഷത്തിന്റെ പ്രകാശത്തെ കണ്ണുകളടച്ച്‌ ഇല്ലാതാക്കാനാണ് അവർ തുനിഞ്ഞത്. അവരുടെ മദ്ധ്യേ ഉണ്ടായിരുന്ന ദൈവത്തെ തിരിച്ചറിയാൻ അവർ തയ്യാറായില്ല; തിരിച്ചറിവുകൾ ലഭിക്കുന്നതിനായി ദൈവം ചെയ്ത പ്രവർത്തികളെ അംഗീകരിക്കുവാനോ, അവിടുന്ന് വചനങ്ങളിലൂടെ നൽകിയ പ്രചോദനങ്ങൾ ഉൾക്കൊള്ളുവാനോ അവർക്കായില്ല. "സൂര്യൻ എല്ലാവരുടെയുംമേൽ പ്രകാശിക്കുന്നു. എന്നാൽ, കാഴ്ചശക്തിയുള്ളവർ തങ്ങളുടെ കണ്ണുകളെ അന്ധമാക്കിയിട്ട്, സൂര്യനില്ല എന്ന് വിളിച്ചു പറയുന്നു. ആർക്കെങ്കിലും സൂര്യപ്രകാശം കാണുവാൻ സാധിക്കുന്നില്ലെങ്കിൽ അതിനർത്ഥം സൂര്യനില്ല എന്നല്ല, അവരുടെ കണ്ണുകൾക്ക്‌ എന്തോ തകരാർ ഉണ്ട് എന്നാണ്", എന്ന് ദൈവത്തെ കാണാനോ തിരിച്ചറിയാനോ സാധിക്കാത്തവരുടെ അവസ്ഥയെക്കുറിച്ച് അന്ത്യോക്ക്യായിലെ വിശുദ്ധ തിയോഫിലുസ് പറയുന്നു. രണ്ടായിരം വർഷം മുന്പെന്നതുപോലെ നമ്മുടെ ഇന്നത്തെ ലോകത്തിലും ദൈവത്തിന്റെ സജീവസാന്നിധ്യം ഉണ്ട്. അടയാളങ്ങളെയും വചനങ്ങളെയും ശരിയായി വ്യാഖ്യാനിച്ച്, നമ്മുടെ ഇടയിലെ ജീവിക്കുന്ന ദൈവത്തെ കണ്ടെത്തുവാൻ നമുക്കാവുന്നുണ്ടോ?

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നമ്മൾ യേശുവിനെ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ, ഭൂരിഭാഗം അവസരങ്ങളിലും അവിടുത്തെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ എല്ലാവിധത്തിലുള്ള ജീവിതസാഹചര്യങ്ങളിലൂടെയും ഈശോ നമ്മെ സമീപിക്കുന്നു. രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സഹപ്രവർത്തകരിലൂടെയും നമ്മുടെ ശ്രദ്ധയും സഹായവും ആവശ്യമുള്ളവരിൽകൂടെയും ഒക്കെ ദൈവം തന്റെ സാന്നിധ്യം നമ്മെ അറിയിക്കുന്നുണ്ട്. അവരിലൂടെയെല്ലാം നമ്മെ കൂടുതലായി അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ, ആസക്തികളെ ചെറുത്തുനിൽക്കാനും, തിന്മയിൽനിന്നും അകന്നിരിക്കാനും, എല്ലാ പ്രവൃത്തികളിലും ദൈവമഹത്വം ആഗ്രഹിക്കാനും കഴിയാതെ വരുന്പോൾ നമ്മുടെ വിവേചനശക്തിയിൽ വിള്ളലുകൾ വീഴുന്നു. നമ്മുടെ കാര്യങ്ങളിൽ മാത്രം വ്യാപൃതരായിരിക്കുന്നതുമൂലം, നമ്മുടെ ചുറ്റുമുള്ളവരിലൂടെയും അവസ്ഥകളിലൂടെയും ഈശോ തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തിതരുന്പോൾ അത് വിവേചിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരമൊരവസ്ഥയിൽ, ദൈവം നേരിട്ടു പ്രത്യക്ഷപെട്ടാൽപോലും വിശ്വസിക്കാൻ സാധിക്കാതെ വരുന്നു; എന്നിട്ട്, അവിശ്വാസത്തെ നീതീകരിക്കാൻ അടയാളങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.

ദൈവത്തിൽ വിശ്വസിക്കുന്നതിന് യുക്തിക്ക് നിരക്കുന്ന അടയാളങ്ങളും തെളിവുകളും ആവശ്യമാണെന്നു വാദിക്കുന്നവർ, ദൈവത്തെ അവിടുത്തെ അനന്തമായ മഹത്വത്തിൽനിന്നും അകറ്റിനിറുത്തി, കേവലം മാനുഷികമായ ചിന്തകളിലും ആശയങ്ങളിലും ഒതുങ്ങുന്ന ശക്തിയായി നിസ്സാരവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ജീവനുള്ള യേശുക്രിസ്തുവിനെ കാണാൻ ഒട്ടേറെപ്പേർക്ക് കഴിയാതെ പോകുന്നത്. എളിമയോടെയും ഹൃദയവിശുദ്ധിയോടെയും വിശ്വാസത്തിന്റെ കണ്ണുകളിൽകൂടി ഈശോയെ കണ്ടെത്തുവാൻ നമുക്കാവണം. യേശുവിന്റെ സാന്നിധ്യത്തിലാണ് നാമെന്ന തിരിച്ചറിവിന് മാത്രമേ നമ്മുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളൂ. ആ തിരിച്ചറിവ് തന്നെയാണ് ക്രമേണ കാണപ്പെടുന്ന അടയാളങ്ങളായി രൂപാന്തരപ്പെട്ട്, നമ്മുടെ  വേദനകളിൽ ആശ്വാസവും രോഗങ്ങളിൽ സൌഖ്യവും പ്രശ്നങ്ങളിൽ പരിഹാരവും ഒക്കെയായി മാറുന്നത്. എല്ലാ സമയവും നമ്മോടൊപ്പം വസിക്കാൻ ആഗ്രഹിക്കുന്ന ഈശോയെ വിശ്വാസത്തിന്റെ കണ്ണുകളിൽകൂടി കണ്ടെത്തുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അനുദിനജീവിതത്തിൽ അങ്ങയെ തിരിച്ചറിഞ്ഞ് ആദരിക്കാൻ, അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കണമേ. എല്ലാക്കാര്യങ്ങളിലും അങ്ങയെ മഹത്വപ്പെടുത്തുവാൻ, നന്മതിന്മകളെ വിവേചിച്ചറിയുവാൻ എന്നെ പഠിപ്പിക്കണമേ. എല്ലാറ്റിലും ഉപരിയായി അങ്ങയെ സ്നേഹിക്കുവാൻ, ബലഹീനതകളെ കീഴടക്കുവാനുള്ള ശക്തി തന്നെന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്