വഴിയിൽ വച്ചുതന്നെ ശത്രുവുമായി രമ്യതപ്പെടുക

"എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്ക് പോകുന്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായാധിപന്റെ അടുത്തേക്ക് കൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏൽപ്പിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു." (ലൂക്കാ 12:57-59)

വിചിന്തനം 
പരസ്പരം സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഒരു കല്പനയുടെ രൂപത്തിൽ ദൈവം യഹൂദജനത്തിനു നല്കിയിരുന്നു. "നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" (ലേവ്യർ 19:18) എന്ന സഹോദരസ്നേഹത്തിന്റെ കല്പന അനുസരിക്കുന്ന കാര്യത്തിൽ യഹൂദർ വളരെ താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവരുടെ ഇടയിൽ അയൽക്കാരൻ എന്നത് വളരെ ഇടുങ്ങിയ അർത്ഥമുള്ള ഒരു വാക്കായിരുന്നു. തന്റെ തൊട്ടടുത്ത് താമസിക്കുന്നവരും, തന്റെതന്നെ ഗോത്രത്തിൽപ്പെട്ട താൻ നിരന്തരം ഇടപഴകുന്നവരും ആയിട്ടുള്ളവരെ മാത്രമേ യഹൂദർ അയൽക്കാരനായി പരിഗണിച്ചിരുന്നുള്ളൂ. ഇതുമൂലം, യഹൂദരുടെ വിവിധ ഗോത്രങ്ങൾ തമ്മിൽ പോലും ശത്രുത നിലവിലുണ്ടായിരുന്നു. പക്ഷേ, ആ ശത്രുതകൾ ഒന്നും ദൈവകല്പനയ്ക്ക് എതിരായി അവർ ഗണിച്ചിരുന്നില്ല. നിയമങ്ങൾ വ്യാഖ്യാനിച്ചിരുന്ന നിയമജ്ഞരും, അവ നടപ്പിലാക്കിയിരുന്ന ഫരിസേയരും, ഇത്തരത്തിലുള്ള ചിന്താഗതി യഹൂദജനത്തിന്റെ ഇടയിൽ വളർന്നു ശക്തിപ്രാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. യഹൂദസംസ്കാരത്തിന്റെ അടിത്തറകളിലൊന്നായ ഈ ചിന്താരീതിക്ക് നേരെ എതിരായിരുന്നു യേശുവിലൂടെ പ്രസംഗിക്കപ്പെട്ട സ്നേഹത്തിന്റെ പുതിയ കല്പന. അയൽക്കാരൻ എന്ന വാക്കിന് ഈശോ നൽകിയ നിർവചനം അംഗീകരിക്കാൻ യഹൂദപ്രമാണിമാർ ഒരുക്കമായിരുന്നില്ല. മാത്രവുമല്ല, യേശുവിന്റെ വാക്കുകൾ സ്വീകരിക്കുന്നതിൽനിന്നും അവർ മറ്റ് യഹൂദരെ തടയുകയും ചെയ്തിരുന്നു. തന്റെ വാക്കുകൾ കേട്ടിട്ടും അതനുസരിക്കാൻ വിസമ്മതിക്കുന്നവരുടെ വിധിയെക്കുറിച്ചാണ് ഈശോ ഇന്നത്തെ വചനഭാഗത്തിൽ മുന്നറിയിപ്പു നൽകുന്നത്.

പലപ്പോഴും ഈ ലോകത്തെ നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, സ്രഷ്ടാവിനോടൊപ്പം ആയിരിക്കുക എന്നതാണ് ഓരോ സൃഷ്ടിയുടെയും പരമമായ ലക്ഷ്യം. ഈ ലോകത്തിൽ ജീവിക്കുന്ന കാലമെല്ലാം ആ ലക്ഷ്യത്തിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയാണ് നാമെല്ലാവരും. ആ യാത്രക്കിടയിൽവച്ചുതന്നെ തങ്ങളുടെ ശത്രുക്കളുമായി രമ്യതപ്പെടാനാണ് ഈശോ തന്റെ കേൾവിക്കാരെ അനുസ്മരിപ്പിക്കുന്നത്. തർക്കങ്ങളുമായി അധികാരിയുടെ അടുത്തെത്തിയാൽ തീർച്ചയായും ശിക്ഷ അനുഭവിക്കേണ്ടി വരും. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ, ആ വഴിയിലൂടെ നമുക്കൊപ്പം യാത്ര ചെയ്യുന്ന എല്ലാവരും നമ്മുടെ അയൽക്കാരാണ്. യാതൊരു വ്യവസ്ഥകളും ഇല്ലാതെ അവരുടെ എല്ലാ തെറ്റുകളും ക്ഷമിക്കാനും, നമ്മെക്കൊണ്ട് കഴിയുന്ന വിധത്തിലെല്ലാം അവരെ സഹായിക്കാനും നമ്മൾ ബാധ്യസ്ഥരാണ്.

ശിക്ഷിക്കുന്ന ദൈവമല്ല നമ്മുടെ ദൈവം; എന്നാൽ, അയൽക്കാരനോട്‌ ക്ഷമിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യാത്തവരെ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കാൻ നീതിമാനായ ദൈവത്തിനാവില്ല. നിത്യസൌഭാഗ്യത്തിനും നിത്യനരകത്തിനും ഇടയ്ക്കുള്ള ഒരു കാരാഗൃഹത്തെപ്പറ്റി വ്യക്തമായ സൂചന ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നുണ്ട് - കടങ്ങൾ മുഴുവൻ വീട്ടിത്തീരുന്നതുവരെ കഴിച്ചുകൂട്ടേണ്ടിവരുന്ന ഒരു സ്ഥലം. "തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം എന്നു വിളിക്കുന്നു" (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1031). ഇപ്രകാരം ശുദ്ധീകരണത്തിന് വിധേയരാക്കപ്പെടുന്നവരെ നമ്മുടെ പ്രാർത്ഥനകളും, പരിഹാരപ്രവർത്തികളും സഹായിക്കുമെന്ന് സൂനഹദോസുകളെയും സഭാപിതാക്കന്മാരെയും ദൈവവചനത്തെയും പരാമർശിച്ചുകൊണ്ട് സഭ തുടർന്നു പഠിപ്പിക്കുന്നുണ്ട്. കടങ്ങൾ വീട്ടി ആത്മാവിനെ കാരാഗൃഹത്തിൽനിന്നും മോചിപ്പിക്കുന്നത് ദൈവത്തിന്റെ കരുണയാണ്. പക്ഷേ, എളിയവരായ നമ്മുടെ കാഴ്ചകൾ ആ മോചനം സാധ്യമാകുന്നതിന്റെ വേഗത വർദ്ധിപ്പിക്കുമെങ്കിൽ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്നതിനും പ്രായശ്ചിത്തപ്രവർത്തികൾ ചെയ്യുന്നതിനും നമ്മൾ ഒരിക്കലും ശങ്കിക്കരുത്. ജീവിച്ചിരിക്കുന്പോൾത്തന്നെ അയല്ക്കാരോട് വ്യവസ്ഥകളില്ലാതെ ക്ഷമിച്ചുകൊണ്ട് ദൈവത്തിന്റെ ക്ഷമ നമ്മുടെ ജീവിതത്തിൽ പരിപൂർണ്ണമായും പ്രാവർത്തികമാക്കുവാനും, മരണശേഷം സ്വർഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാൻ ആവശ്യമായ വിശുദ്ധി നേടുന്നതിനും വേണ്ടുന്ന കൃപകൾക്കായി പ്രാർത്ഥിക്കാം.

നിരവധിയായ എന്റെ പാപങ്ങൾ പൂർണ്ണമായും ക്ഷമിക്കുകയും എന്റെ കടങ്ങൾ പൊറുക്കുകയും ചെയ്യുന്ന സ്നേഹപിതാവേ, എന്നെ കുറ്റം വിധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരോട് വ്യവസ്ഥകളില്ലാതെ എത്ര തവണ വേണമെങ്കിലും ക്ഷമിക്കുവാൻ എന്നെ പ്രാപ്തനാക്കണമേ. കുരിശിൽക്കിടന്നു തന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച അങ്ങയുടെ തിരുക്കുമാരന്റെ പാത പിന്തുടരുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ നൽകി എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!