രക്ഷപെട്ടുവെന്ന് നിശ്ചയിച്ചുറപ്പിക്കരുത്

"ഗലീലിയക്കാരായ ഏതാനുംപേരുടെ ബലികളിൽ അവരുടെ രക്തംകൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടുപേർ, അന്നു ജറുസലേമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും." (ലൂക്കാ 13:1-5)

വിചിന്തനം 
റോമാസാമ്രാജ്യത്തെ പ്രതിനിധീകരിച്ചു, ജറുസലേം ഉൾപ്പെടുന്ന യൂദാപ്രവിശ്യ ഭരിച്ചിരുന്നത് പന്തിയോസ് പീലാത്തോസ് ആയിരുന്നു. യഹൂദരുടെ തലസ്ഥാനമായ ജറുസലേമിൽ ഉണ്ടാകുന്ന ഏതൊരു രാഷ്ട്രീയ നീക്കവും റോമാസാമ്രാജ്യത്തിന് തലവേദനയാകുമെന്നു അറിയാമായിരുന്നതിനാൽ അവിടെ വളരെ കർക്കശമായിട്ടാണ് പീലാത്തോസ് നിയമം നടപ്പിലാക്കിയിരുന്നത്. കലാപത്തിനുതകുന്ന എന്തെങ്കിലും നീക്കങ്ങൾ ആരെങ്കിലും നടത്തുന്നതായി അറിഞ്ഞാൽ അവരെ ഉടനടി വധിച്ചിരുന്നു. ഇപ്രകാരമുള്ള സംശയത്തിന്റെ പേരിൽ, ജറുസലേം ദേവാലയത്തിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കുന്പോൾ വധിക്കപ്പെട്ട ഏതാനും ഗലീലിയാക്കാരെക്കുറിച്ചാണ് യഹൂദരിൽ ചിലർ യേശുവിനെ അറിയിക്കുന്നത്. അവരുടെ രക്തം ബലിമൃഗങ്ങളുടെ രക്തവുമായി കൂടിക്കലർന്നു ദേവാലയാങ്കണത്തിൽ ഒഴുകിയത് വളരെ ദാരുണവും ദൌർഭാഗ്യകരവുമായ ഒരു സംഭവമായി ആ യഹൂദർ തീർച്ചയായും കരുതിയിരിക്കണം. ഇവിടെ ശ്രദ്ധേയമായ കാര്യം, ഈശോ പരസ്പരം ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുമൊക്കെ പറഞ്ഞുനിർത്തിയ ഉടനെയാണ് അവിടുത്തെ കേൾവിക്കാർ ഇക്കാര്യം സൂചിപ്പിച്ചത് എന്നതാണ്. ഒരു വ്യക്തിക്ക് രോഗങ്ങളും ദുരിതങ്ങളും അപകടങ്ങളും ഒക്കെ ഉണ്ടാകുന്നത് അയാളുടെ എന്തെങ്കിലും രഹസ്യപാപത്തിന്റെ പരിണിതഫലമായി ദൈവം നൽകുന്ന ശിക്ഷയായി കാണുന്ന ഒരു പ്രവണത യഹൂദരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. പീലാത്തോസിന്റെ പടയാളികളാൽ വധിക്കപ്പെട്ട ഗലീലിയാക്കാർ ഇപ്രകാരം ദൈവകോപത്തിന് ഇരയാവരാണെന്നു യഹൂദർ കരുതിയിരിക്കണം. അവർക്കുള്ള യേശുവിന്റെ മറുപടി അത് വ്യക്തമാക്കുന്നുമുണ്ട്. ദാരുണമായ അന്ത്യം കാരണം ആ ഗലീലിയാക്കാർ മറ്റ് ഗലീലിയാക്കാരെയുംകാൾ പാപികളാണെന്നാണോ നിങ്ങൾ കരുതുന്നത് എന്നാണ് ഈശോ അവരോടു ചോദിക്കുന്നത്. സിലോഹായിൽവച്ച് റോമാക്കാർക്കുവേണ്ടി ഗോപുരം പണിതുകൊണ്ടിരുന്ന യഹൂദരിൽ പതിനെട്ടുപേർ അവിടെയുണ്ടായ ഒരു അത്യാഹിതത്തിൽ മരിച്ച സംഭവും ഇതിനു ഉപബോത്ബലകമായി ഈശോ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേവാലയത്തിലെ പണം എടുത്താണ് റോമാക്കാർ ആ ഗോപുരം പണി ആരംഭിച്ചത്. അതിനാൽ, യഹൂദർ ആ പണിയുമായി സഹകരിച്ചിരുന്നില്ല. എന്നാൽ, വിലക്കു വകവയ്ക്കാതെ പണിക്കുകൂടിയ ഏതാനും യഹൂദരാണ് അവിടെ കൊല്ലപ്പെട്ടത്. അതും ദൈവകോപമായി യഹൂദർ കരുതിയിരുന്നു.

സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ പാപികളായിക്കണ്ട് കുറ്റപ്പെടുത്തുക മാത്രമല്ല യഹൂദർ ചെയ്തിരുന്നത്; വലിയ കാര്യമായ കഷ്ടപ്പാടുകൾ ഒന്നും ഇല്ലാതിരുന്ന യഹൂദരെല്ലാം തങ്ങൾ പാപമൊന്നുമില്ലാത്ത നീതിമാന്മാരാണെന്നു അഹങ്കരിക്കുകയും ചെയ്തിരുന്നു. രണ്ടായിരം വർഷങ്ങൾക്കുശേഷവും ദൈവത്തിന്റെ നീതിയെക്കുറിച്ചും മനുഷ്യരുടെ നീതീകരണത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. നമ്മിലെ നന്മകളെക്കാൾ അധികമായി മറ്റുള്ളവരിൽ തിന്മകൾ ആരോപിച്ച് സ്വയം നീതീകരിക്കാൻ ശ്രമിക്കുന്നവരാണ് ഒരുപരിധിവരെ നാമെല്ലാവരും. പാപങ്ങൾമൂലം കഷ്ടതകൾ അനുഭവിക്കുന്ന ചിലരെല്ലാം നമ്മുടെ ഇടയിൽ ഉണ്ടായെന്നുവരാം. എന്നാൽ, കഷ്ടത അനുഭവിക്കുന്ന എല്ലാവരും പാപികളാണെന്നും, നല്ല ജീവിതം നയിക്കുന്നവർ നീതിമാന്മാരാണെന്നും ചിന്തിക്കുന്നത് ഭോഷത്തമാണ്. നമ്മുടെ ഓരോ പാപങ്ങളും നോക്കി അപ്പോൾതന്നെ നമ്മെ ശിക്ഷിക്കുന്നതല്ല ദൈവത്തിന്റെ നീതി. ദുഷ്ടന്റെയും ശിഷ്ടന്റെയും മേൽ ഒന്നുപോലെ സൂര്യനെ ഉദിപ്പിക്കുന്നവനാണ് ദൈവം. ദൈവം ആരെയും ഒരിക്കലും ശിക്ഷിക്കുന്നില്ല - ജീവിതകാലത്തും മരണശേഷവും. പാപം ചെയ്തു തന്നിൽനിന്നും അകന്നുപോകുന്നവരെ അനുതാപത്തിലേക്ക് വിളിക്കുന്നതാണ് ദൈവത്തിന്റെ നീതി. ഇന്നത്തെ വചനഭാഗത്തിൽ തന്നെ ഈശോ രണ്ടുതവണ അവിടുത്തെ കേൾവിക്കാരോട് പശ്ചാത്തപിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ പ്രവർത്തികളോ ജീവിതാവസ്ഥകളോ അല്ല നമ്മെ ദൈവത്തിന്റെ മുൻപിൽ നീതീകരിക്കുന്നത്; ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഫലമാണ് നമ്മുടെ നീതീകരണം. ദൈവത്തിന്റെ കൃപയിലൂടെ സൗജന്യമായി ലഭിക്കുന്നതാണ് നീതീകരണം. അതിൽ നമ്മുടേതെന്ന് അവകാശപ്പെടാനോ അഹങ്കരിക്കാണോ ആയി ഒന്നും ഇല്ല.

മനുഷ്യന്റെ നീതിയിൽനിന്നും വളരെ വ്യത്യസ്തമാണ് ദൈവത്തിന്റെ നീതി. നല്ലപ്രവർത്തികൾക്ക് പാരിതോഷികവും തെറ്റുകൾക്ക് ശിക്ഷയും നൽകുന്നതാണ് മനുഷ്യന്റെ നീതി. എന്നാൽ, ദൈവത്തിന്റെ നീതി എന്ന വാക്കുകൊണ്ട് ദൈവസ്നേഹത്തിന്റെ ആർജവത്വം എന്നാണ് അർത്ഥമാക്കുന്നത് (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1991). ശിക്ഷിക്കുന്ന നീതി അല്ല ദൈവത്തിന്റെത്. പാപം വിട്ടുപേക്ഷിച്ചു തന്നിലേക്ക് തിരിയുന്നവരെ തന്റെ സംരക്ഷണത്തിന്റെ ചിറകിൻകീഴിൽ അഭയം നൽകുകയും അവരുടെ ആത്മീയമായ നന്മയ്ക്ക് പ്രാഥമിക പരിഗണന നൽകുകയും ചെയ്യുന്നതാണ് ദൈവത്തിന്റെ നീതി. ഇങ്ങനെയുള്ളവർ വേദനകളും ദുരിതങ്ങളും അനുഭവിക്കുന്നത് ദൈവത്തിനു അവരോടുള്ള കരുതലിന്റെ ഭാഗമായിട്ടാണ്. ആ സഹനങ്ങളിലൂടെ പലപ്പോഴും നമുക്ക് ഗ്രഹിക്കാൻ കഴിയാത്ത നന്മകൾ ദൈവം അവരിലേക്ക്‌ ചൊരിയുകയും ചെയ്യുന്നു. ജീവിതകാലത്ത് ദൈവത്തിന്റെ സ്നേഹത്തിനായി അധ്വാനിച്ചവർക്ക് മരണശേഷവും ദൈവം ആ സ്നേഹം പ്രദാനം ചെയ്യുന്നു, അവരെ തന്നോടൊപ്പം കഴിയാൻ തന്റെ രാജ്യത്തിലേക്ക് സ്വീകരിക്കുന്നു. ജീവിതകാലത്ത് തന്നെ അന്വേഷിക്കാത്തവരെയും മരണശേഷം ദൈവം ശിക്ഷിക്കുന്നില്ല. മരണശേഷം ശാശ്വതമായി ദൈവത്തിന്റെ സ്നേഹത്തിൽനിന്നും അകന്നുജീവിക്കാൻ അവരെയും അനുവദിക്കുന്നു. ദൈവത്തിൽനിന്നും നിത്യമായ ഈ അകല്ച്ചയാണ് നരകത്തിൽ ദുരിതമായി മാറുന്നത്. ആ വേദന ഒരിക്കലും നീതിമാനായ ദൈവത്തിന്റെ ശിക്ഷയല്ല; അത് നമ്മൾ നമുക്കായി സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണ്.

ദൈവം നമ്മെ എങ്ങിനെ രക്ഷിക്കുന്നു എന്നത് നമുക്കിന്നും അജ്ഞാതമായ ഒരു വസ്തുതയാണ്; രക്ഷയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി നമുക്കറിയില്ല. അതുകൊണ്ടുതന്നെ, ആരൊക്കെ രക്ഷപെടും ആരൊക്കെ നശിക്കും എന്ന് മുൻകൂട്ടി പറയുവാനോ, സ്വയം നീതിമാണെന്നു കരുതുവാനോ നമുക്കാവുകയില്ല. ദൈവത്തിന്റെ കൃപകൂടാതെ, സ്വന്തം ഹിതം മൂലം ദൈവത്തിന്റെ മുൻപിൽ നീതീകരിക്കപ്പെടാനാവില്ലെന്ന ബോധ്യത്തോടെ അവിടുത്തെ കരുണയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

നീതിമാനായ ദൈവമേ, അവിടുത്തെ ദിവ്യപ്രകാശത്താൽ നിറച്ച് ഞങ്ങൾക്ക് പാപബോധ്യവും പശ്ചാത്താപവും നൽകണമേ. അയോഗ്യരായ ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് ഞങ്ങളുടെ ദുഖങ്ങളിൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും, നിത്യരാജ്യത്തിലേക്കുള്ള യാത്രയിൽ തുണയും സങ്കേതവും നൽകി ഞങ്ങളെ നയിക്കുകയും ചെയ്യണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്