ചിറകിൻകീഴിൽ ചേർത്തുനിർത്താൻ ആഗ്രഹിക്കുന്ന ദൈവം
"അപ്പോൾത്തന്നെ ചില ഫരിസേയർ വന്ന് അവനോടു പറഞ്ഞു: ഇവിടെനിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാൻ ഒരുങ്ങുന്നു. അവൻ പറഞ്ഞു: നിങ്ങൾ പോയി ആ കുറുക്കനോട് പറയുവിൻ; ഞാൻ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നൽകുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാൽ, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിക്കുക സാധ്യമല്ല. ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേയ്ക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാൻ നിങ്ങളോടു പറയുന്നു, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല." (ലൂക്കാ 13:31-35)
വിചിന്തനം
തന്റെ പീഡാനുഭവത്തിനു ഒരുക്കമായി യൂദായുടെ പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു ജറുസലേമിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഈശോ, ദൈവജനം തന്റെ വാക്കുകൾക്ക് വിലകൽപ്പിക്കാത്തതിൽ തനിക്കുള്ള ആശാഭംഗം വെളിപ്പെടുത്തുകയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ. ശത്രുവിന്റെ ആക്രമണമുണ്ടാകുന്പോൾ ഒരു പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ എങ്ങിനെ ചിറകിന്റെ കീഴിൽ സംരക്ഷിക്കുന്നുവോ അതുപോലെ തന്റെ ജനത്തെ കാത്തുപരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ വേദനയാണ് ഈശോയിലൂടെ വാക്കുകളായി പുറത്തേക്ക് വന്നത്. നമ്മോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന ഈശോയുടെ തിരുഹൃദയത്തിൽനിന്നും ഒഴുകുന്ന ഒരു തുള്ളി രക്തം മതി ഈ ലോകത്തെ മുഴുവൻ അതിന്റെ പാപങ്ങളിൽനിന്നും മോചിപ്പിക്കാൻ. നമ്മുടെ വഴികളിൽ പതിയിരിക്കുന്ന അപകടങ്ങളിൽനിന്നും നമ്മെ കാത്തുപരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ ശക്തിയെ, വീഴ്ച്ചകളിൽനിന്നും നമ്മെ പിടിച്ചെഴുന്നേൽപ്പിച്ചു മുറിവുകൾ പരിചരിക്കാൻ കൊതിക്കുന്ന ദൈവത്തിന്റെ കരുണയെ, നമുക്കുവേണ്ടി സ്വയം ബലിയായി മാറിയ ദൈവത്തിന്റെ സ്നേഹത്തെ തിരിച്ചറിഞ്ഞു അവിടുത്തെ ചിറകിൻകീഴിൽ ഇടം നേടാൻ നമുക്കാവുന്നുണ്ടോ?
ദൈവത്തിന്റെ പരിപാലന രുചിച്ചരിഞ്ഞ സങ്കീർത്തകൻ, ആ ചിറകിൻകീഴിൽ അഭയം തേടുന്നതിനെപ്പറ്റി നിരവധി തവണ പ്രാർത്ഥനകളിലൂടെ വിവരിക്കുന്നുണ്ട്. "കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ!"(സങ്കീർത്തനം 17:8). "ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നും വസിക്കട്ടെ! അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ" (സങ്കീർത്തനം 61:4). "തന്റെ തൂവലുകൾകൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയും ആയിരിക്കും" (സങ്കീർത്തനം 91:4). ദൈവം തന്റെ ജനത്തെ എപ്രകാരം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് പ്രവാചകനും വ്യക്തമാക്കുന്നുണ്ട്, "പക്ഷി തൻറെ ചിറകിൻ കീഴിലെന്ന പോലെ സൈന്യങ്ങളുടെ കർത്താവ് ജറുസലെമിനെ സംരക്ഷിക്കും; അവിടുന്ന് അതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയം നൽകി ജീവൻ പരിപാലിക്കുകയും ചെയ്യും" (ഏശയ്യാ 31:5). നമ്മോടൊപ്പം നടന്ന്, നമ്മുടെ ഓരോ ചുവടുവയ്പ്പുകളിലും നമ്മെ പരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തെയാണ് ഈ വചനങ്ങളിലെല്ലാം നമ്മൾ കണ്ടുമുട്ടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ആ ദൈവത്തെ അംഗീകരിക്കുവാനും സ്നേഹിക്കുവാനും നമ്മൾ മടി വിചാരിക്കുന്നത്?
ദൈവത്തോടു മറുതലിക്കുകയും, ദൈവമില്ല എന്നു വാദിക്കുകയും ചെയ്യുന്നവർ വെറുക്കുകയും എതിർക്കുകയും ചെയ്യുന്നത് ദൈവത്തെയല്ല; മറിച്ച്, ദൈവം ആരാണ് ആല്ലെങ്കിൽ എന്താണ് എന്നൊക്കെയുള്ള അവരുടെ അനുമാനങ്ങളെയും സങ്കല്പങ്ങളെയും ആണ്. നമ്മെ ഭരിക്കാനും നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന ദൈവം, ദരിദ്രരെയും പീഡിതരെയും തിരസ്കരിക്കുന്ന ദൈവം, ദുഷ്ടനെയും ചൂഷകനെയും അനുഗ്രഹിക്കുന്ന ദൈവം, നമ്മൾ സന്തോഷിക്കുന്നത് കാണുവാൻ ആഗ്രഹിക്കാത്ത ദൈവം, നമ്മെ ശിക്ഷിക്കാൻ തക്കം നോക്കിയിരിക്കുന്ന ദൈവം - ഇനിയും ഏറെയുണ്ട് ദൈവത്തെക്കുറിച്ച് നമുക്കുള്ള തെറ്റായ ധാരണകൾ. എന്നാൽ, ഈശോ നമുക്ക് വെളിപ്പെടുത്തിതരുന്ന ദൈവം സ്നേഹമാണ്; മുടിയനായ പുത്രന്റെ അപ്പനാണ്; അരമുറുക്കി രാത്രിയുടെ മൂന്നാം യാമത്തിൽ തന്റെ ദാസരെ പരിചരിക്കുന്ന യജമാനനാണ്; കായ്ക്കാത്ത അത്തിമരത്തെ വെട്ടി തീയിലെറിയാത്ത സഹിഷ്ണുവായ തോട്ടക്കാരനാണ്. നികൃഷ്ടരായ നമ്മെ, നമ്മുടെ വൈരൂപ്യങ്ങളും ബലഹീനതകളും കണക്കിലെടുക്കാതെ, തന്റെ ചിറകിൻകീഴിൽ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞ ഒരു വ്യക്തിക്ക് ദൈവത്തെ എതിർക്കാനാവില്ല, സ്നേഹിക്കാതിരിക്കാനാവില്ല, തനിക്കുള്ളവ ത്യജിച്ചു അവിടുത്തെ അന്വേഷിക്കാതിരിക്കാനും ആവില്ല.
ജീവിതത്തിലെ വേദനകളും ഇല്ലായ്മകളും സന്തോഷങ്ങളും സമൃദ്ധിയും ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആക്കി മാറ്റാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. "എന്തെന്നാൽ, മരണമോ ജീവനോ ദൂതന്മാർക്കോ അധികാരങ്ങൾക്കോ ഇക്കാലതുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റെന്തെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്" (റോമാ 8:38,39) എന്ന് പൌലോസ് അപ്പസ്തോലനും നമ്മെക്കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. പരീക്ഷകളും പ്രലോഭനങ്ങളും ഉണ്ടാകുന്പോൾ, അവയെചൊല്ലി മനസ്സുമടുക്കാതെ, നമുക്ക് ശക്തിയും ആശ്രയവുമായ ദൈവത്തിന്റെ ചിറകിൻകീഴിൽ അഭയം പ്രാപിക്കാനുള്ള കൃപ നൽകണമേ എന്നു പ്രാർത്ഥിക്കാം.
സകലതും എനിക്കു ദാനമായി നൽകുന്ന സ്നേഹപിതാവേ, ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ഒന്നും എന്നെ അങ്ങയിൽനിന്നും അകറ്റുന്ന മാർഗ്ഗങ്ങളാകാതിരിക്കാൻ അങ്ങയുടെ കൃപയുടെ ചിറകിൻകീഴിൽ എന്നെ കാക്കണമേ. അങ്ങെന്നോടൊപ്പം ഉണ്ടെങ്കിൽ മറ്റാരും എനിക്ക് എതിരുനിൽക്കില്ല എന്നുള്ള വിശ്വാസം എന്നിൽ വളർത്തണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ