അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു

"ഒരു സാബത്തിൽ അവൻ ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തന്റെ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്‌? മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല." (ലൂക്കാ 14:1-6)

വിചിന്തനം
സാധാരണ രീതിയിൽ നമ്മൾ ഒരു വ്യക്തിയെ ഭക്ഷണത്തിനു ക്ഷണിക്കുന്നത് അയാളുമായുള്ള സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഈശോയെ ഭക്ഷണത്തിനു ക്ഷണിച്ച യഹൂദപ്രമാണിയുടെയും സുഹൃത്തുക്കളുടെയും യഥാർത്ഥ മാനസികാവസ്ഥ, "അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു" എന്ന ഒരു വചനത്തിൽ നിന്നും വ്യക്തമാണ്. യേശുവിനോടുള്ള സ്നേഹമോ ആദരവോ ഒന്നുമല്ല അവിടുത്തെ ക്ഷണിക്കാൻ അവരെ പ്രേരിപ്പിച്ചത്. എങ്ങിനെയും യേശുവിൽ കുറ്റം കണ്ടെത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഈശോ അവരുടെ ക്ഷണം സ്വീകരിച്ചത് എന്ന കാര്യത്തിലും സംശയത്തിന്റെ യാതൊരു ആവശ്യവുമില്ല. പ്രതികൂല സാഹചര്യങ്ങൾ ഒരിക്കലും ഈശോയ്ക്ക് പ്രതിബന്ധങ്ങളായിരുന്നിട്ടില്ല. തന്നെ അംഗീകരിക്കാത്തവരോടും കുറ്റാരോപണം നടത്താൻ ശ്രമിക്കുന്നവരോടും ദൈവരാജ്യത്തിന്റെ ദൂത് പ്രഘോഷിക്കാൻ ലഭിച്ചിരുന്ന ഒരവസരവും ഈശോ വേണ്ടെന്നു വച്ചിരുന്നില്ല. ദൈവത്തെയും അവിടുത്തെ മാർഗ്ഗത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരെയും കുറ്റം വിധിക്കാൻ വെന്പൽ കൊള്ളുന്ന ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എതിർപ്പുകളുടെ ഇടയിലും തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചു സത്യത്തിനും സ്നേഹത്തിനുംവേണ്ടി നിലകൊള്ളാൻ നമുക്കാവുന്നുണ്ടോ? അതോ, ഒറ്റപ്പെട്ടുപോകുമെന്നോ നോട്ടപ്പുള്ളിയാകുമെന്നൊ ഉള്ള ഭയം നിമിത്തം, നമ്മുടെ വിശ്വാസത്തെ മറച്ചുവച്ച്, ഭൂരിപക്ഷത്തിന്റെ ഹിതം അനുസരിച്ചു ജീവിക്കുന്നവരാണോ നമ്മൾ?

വ്യക്തമായ തീരുമാനങ്ങളുടെ ഒരു ആകത്തുകയായിരുന്നു  ഈശോയുടെ ഭൂമിയിലെ ജീവിതം. ഇതുപോലെ ഉറച്ച തീരുമാനങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതമാണ് ഈശോ തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്നും പ്രതീക്ഷിക്കുന്നതെന്നു തന്റെ ജീവിതവും കുരിശിലെ മരണവും വഴി ഈശോ അത് വ്യക്തമാക്കുന്നുമുണ്ട്. തന്റെ പരസ്യജീവിതത്തിൽ ഒരിക്കൽപോലും ഈശോ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നതായോ, എന്തു സംസാരിക്കണം എന്നു സംശയിക്കുന്നതായോ, ചെയ്ത കാര്യങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നതായോ കാണുന്നില്ല. ലോകത്തിന്റെ അംഗീകാരവും മനുഷ്യരുടെ പ്രീതിയും കരസ്ഥമാക്കാൻ ഈശോയുടെ പ്രബോധനങ്ങളെക്കാൾ ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങൾക്കും താല്പര്യങ്ങൾക്കും വിലകൽപ്പിക്കുന്പോൾ, ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു. ദൈവമാർഗ്ഗത്തിൽ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി നേരിടേണ്ടിവരുന്ന എതിർപ്പുകളെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്തോം ഇപ്രകാരം പറഞ്ഞിരിക്കുന്നു, "മറ്റുള്ളവരുടെ മുൻപിൽ സദാ പ്രകാശിച്ചു നിൽക്കുന്നതായിരിക്കണം ക്രിസ്തീയജീവിതം. വിമർശനങ്ങൾ കേൾക്കേണ്ടിവരുന്പോൾ മനസ്സുമടുക്കരുത്. വിശുദ്ധി ആഗ്രഹിക്കുന്നവർ എതിർപ്പുകൾ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. അവയെ ഒരിക്കലും നമ്മുടെ പാതയിൽ തടസ്സങ്ങളാകാൻ അനുവദിക്കരുത്; മറിച്ച്, സ്വർഗ്ഗത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന അവസരങ്ങളാക്കി മാറ്റണം". എതിർപ്പുകളോടുള്ള നമ്മുടെ പ്രതികരണം വിശ്വാസത്തെ ഉയർത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് മാതൃകയും പ്രചോദനവും ആയിരിക്കണം.

അവഹേളിക്കപ്പെടുന്ന അവസരങ്ങൾ ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമായ മാനുഷിക പ്രകൃതമാണ്. ആദിമ നൂറ്റാണ്ടിലെ പൊതുധാരാചിന്തകളിൽ കുരിശ് ശാപത്തിന്റെയും അധിക്ഷേപത്തിന്റെയും നിന്ദനത്തിന്റെയും ഒക്കെ പ്രതീകമായിരുന്നു. ആ കുരിശിൽ മരിച്ചവനെ പിന്തുടരാൻ ആദിമ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന തടസ്സങ്ങൾ മനസ്സിലാക്കിയ പൌലോസ് അപ്പസ്തോലൻ എഴുതി, "നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ" (1 കോറിന്തോസ് 1:18). വിവാഹത്തെക്കുറിച്ചും ജീവനെക്കുറിച്ചുമുള്ള തിരുസഭയുടെ പ്രബോധനങ്ങൾ ഭോഷത്തമായി കരുതുന്ന പ്രവണത ശക്തമായിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഭയം കൂടാതെ ദൈവവചനത്തിനു അനുസൃതമായി, യേശുവിലുള്ള നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിച്ചു  ജീവിക്കുവാൻ നമുക്ക് സാധിക്കണം. "എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നല്കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. നമ്മുടെ കർത്താവിനു സാക്ഷ്യം നൽകുന്നതിൽ നീ ലജ്ജിക്കരുത്" (2 തിമോത്തെയോസ് 1:7,8).

രോഗസൌഖ്യത്തിനായി ആ രോഗി ഈശോയെ സമീപിച്ചതായി ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്നില്ല; ആകസ്മികമായി യേശുവിനൊപ്പം ആ വിരുന്നുശാലയിൽ എത്തിയതായിരുന്നു ആ മഹോദര രോഗി. തന്റെ ആതിഥേയരെ മുഷിപ്പിക്കാതിരിക്കാൻ ഈശോയ്ക്കു വേണമെങ്കിൽ രോഗസൌഖ്യം നൽകുന്നതിനു സാബത്ത് കഴിയുന്നതുവരെ കാത്തിരിക്കാമായിരുന്നു. എന്നാൽ, സുഖപ്പെടുത്തുവാനുള്ള കഴിവ് ഉണ്ടായിരിക്കേ, മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് സൌഖ്യം നൽകാതിരുന്നെങ്കിൽ, അത് ആ രോഗിയോട് ഈശോ ചെയ്യുന്ന കടുത്ത അനീതിയാകുമായിരുന്നു.  മറ്റുള്ളവരുടെ പ്രീതി ആഗ്രഹിച്ചു സത്യത്തിൽനിന്നും നന്മയിൽനിന്നും വ്യതിചലിക്കാൻ പ്രലോഭനങ്ങളുണ്ടാകുന്പോൾ, ഈശോയുടെ വഴി പിന്തുടരുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

പാപികളായ ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച യേശുവേ, ലോകത്തിലുള്ള മറ്റെന്തിനേക്കാളും അങ്ങയെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമേ. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ടു സുവിശേഷത്തെപ്രതിയുള്ള ക്ലേശങ്ങൾ സന്തോഷത്തോടുകൂടി സഹിക്കുവാൻ എന്നെ ശക്തനാക്കണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!