എല്ലാറ്റിലും പ്രധാനമായ കൽപന

"ഒരു നിയമജ്ഞൻ വന്ന് അവരുടെ വിവാദം കേട്ടു. അവൻ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കൽപന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ മനസ്സോടും, പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കൽപന: നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയേക്കാൾ വലിയ കൽപനയൊന്നുമില്ല. നിയമജ്ഞൻ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞത് ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയൽക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാൾ മഹനീയമാണെന്നും അങ്ങു പറഞ്ഞത് സത്യമാണ്. അവൻ ബുദ്ധിപൂർവം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തിൽനിന്നു അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല." (മർക്കോസ് 12:28-34)

വിചിന്തനം 
യേശുവിന്റെ എല്ലാ പ്രബോധനങ്ങളും സ്നേഹത്തിൽ അധിഷ്ടിതമാണ്. ഇന്നത്തെ വചനഭാഗത്തിലൂടെയും  പുതുതായി യാതൊന്നും ഈശോ ആ നിയമജ്ഞനു പറഞ്ഞു കൊടുക്കുന്നില്ല. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണം എന്നും, തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നും യഹൂദർക്ക് വ്യക്തമായി അറിവുള്ള ദൈവകൽപനകളായിരുന്നു. പഴയ നിയമത്തെ പുതിയ നിയമവുമായി കൂട്ടിയിണക്കുന്ന യേശുവിന്റെ സുപ്രധാന പ്രബോധനമാണ് എല്ലാറ്റിലും പ്രധാനമായ കൽപന ഏതെന്ന ചോദ്യത്തിന്റെ ഉത്തരം. ദൌർഭാഗ്യവശാൽ, യേശുവിന്റെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുന്ന പ്രബോധനവും ഇതുതന്നെയാണ്. കാരണം, ഇവിടെ സ്നേഹിക്കണം എന്നത് ഒരു നിർദ്ദേശമോ ഉപദേശമോ ഒന്നുമല്ല, അതൊരു കൽപനയാണ്. മനുഷ്യർക്ക്‌ സ്നേഹം ഒരു വികാരമാണ് - ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഒക്കെ തോന്നുന്ന ഒരു പ്രത്യേകമായ മാനസികാവസ്ഥ. അതൊരിക്കലും നിർബന്ധം ചെലുത്തി സൃഷ്ടിച്ചെടുക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ "സ്നേഹിക്കണം" എന്ന കൽപന നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് എതിരായ ഒന്നായി പലപ്പോഴും നമുക്ക് അനുഭവപ്പെടാറുമുണ്ട്. പക്ഷേ, നമ്മുടെ സ്വാതന്ത്ര്യത്തിൽ ഒരിക്കലും കൈകടത്താത്ത ദൈവം പിന്നെന്തുകൊണ്ടാണ്‌ ഇത്തരമൊരു നിർബന്ധം സ്നേഹത്തിന്റെ കാര്യത്തിൽ കാണിക്കുന്നത്? 

മാനുഷികവികാരങ്ങൾ രൂപപ്പെടുന്നത് ഓരോ മനുഷ്യരുടെയും ഉള്ളിലാണ്; എന്നാൽ, സ്നേഹം മനുഷ്യരുടെ മനസ്സിലോ ഹൃദയത്തിലോ ബുദ്ധിയിലോ ഒന്നും രൂപം പ്രാപിക്കുന്ന ഒന്നല്ല. സ്നേഹം നമ്മുടെതന്നെ  ജീവിതത്തിന്റെയോ വ്യക്തിത്വത്തിന്റെയോ ഒരു ഭാഗമല്ല; മറിച്ച്, നമ്മൾ സ്നേഹത്തിന്റെ ഒരു ഭാഗമാണ്. അഥവാ, സ്നേഹം നമ്മിൽനിന്നല്ല വരുന്നത്; സ്നേഹം നമ്മിലേക്കാണ് വരുന്നത്. കാരണം, ദൈവമാണ്‌ സ്നേഹം. ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് സ്നേഹിക്കപ്പെടാൻ നമ്മൾ യോഗ്യരായത്, എന്ന് വിശുദ്ധ അഗസ്റിൻ പറയുന്നു. പാപത്താൽ വിരൂപമാക്കപ്പെട്ട നമ്മെ ദൈവം എത്രയധികം സ്നേഹിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് യേശുക്രിസ്തുവിലൂടെ മനുഷ്യനായി പിറന്ന ദൈവം. "നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക്‌ പരിഹാരബലിയായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം" (1 യോഹന്നാൻ 4:10). ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് സ്നേഹമെന്തെന്നു നമ്മൾ അറിഞ്ഞത്. അങ്ങിനെയെങ്കിൽ, മറ്റെല്ലാറ്റിലും ഉപരിയായി തന്നെ സ്നേഹിക്കണം എന്ന ദൈവകൽപന പാലിക്കാൻ മനുഷ്യൻ ആകെ ചെയ്യേണ്ടത്, പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക്‌ ചൊരിയപ്പെടുന്ന ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിക്കുക മാത്രമാണ്.  ദൈവസ്നേഹത്തോട്‌ പ്രതികരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിക്കുവാൻ എടുക്കുന്ന സ്വതന്ത്രമായ തീരുമാനമാണ്; സ്വന്തം ശക്തിയിൽ അഹങ്കരിക്കാതെ, സർവശക്തന്റെ മുൻപിൽ എളിമപ്പെടുന്നതാണ്; വീണുപോകുന്പോൾ, സ്വന്തം ബലഹീനതകളെക്കുറിച്ചുള്ള ബോധ്യത്തോടെയും പശ്ചാത്താപത്തോടെയും ദൈവത്തിന്റെ കരുണയിൽ അഭയം പ്രാപിക്കാൻ പരിശ്രമിക്കുന്നതാണ്.

ദൈവത്തെ സ്നേഹിക്കുന്നതുപോലെതന്നെ പരമപ്രധാനമായ കൽപനയാണ്, തന്നേപ്പോലെതന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നുള്ളത്. ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കേണ്ടത് മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലൂടെ ആയിരിക്കണം. "കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല" (1 യോഹന്നാൻ 4:20). നമ്മുടെ ചുറ്റുമുള്ളവരുടെ ഇല്ലായ്മകളും വേദനകളും ദൈവത്തെ സ്നേഹിക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ നമുക്കാവണം. ദൈവത്തെ അറിയാതെ, ദൈവസ്നെഹമെന്തെന്നു ഗ്രഹിക്കാതെ, പാപാന്ധകാരത്തിൽ ഉഴലുന്ന നമ്മുടെ അയൽക്കാർക്ക് നമ്മിലൂടെ അവ രുചിച്ചറിയാൻ കഴിയണം. ദൈവസ്നേഹത്തിൽ നിന്നാണ് എല്ലാ കൃപകളും നമ്മിലേക്ക് ഒഴുകിയെത്തുന്നത്, എന്ന് വിശുദ്ധ തോമസ്‌ അക്വീനാസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവകൃപകളാൽ നിറഞ്ഞ്, ദൈവസ്നേഹത്തിന്റെ അരുവികൾ നമ്മുടെ ഹൃദയങ്ങളിൽനിന്നും നമ്മുടെ സമൂഹങ്ങളിലേക്ക് ഒഴുകുവാൻ ആവശ്യമായ അനുഗ്രഹങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം.  

കർത്താവേ, ഈ ലോകത്തിലുള്ള ഒന്നും എന്നെ അലട്ടുകയോ പരിഭ്രാന്തനാക്കുകയോ, അങ്ങയുടെ സ്നേഹത്തിൽനിന്നും എന്നെ അകറ്റുകയോ ചെയ്യാതിരിക്കട്ടെ. ലൌകീകവസ്തുക്കൾ കടന്നുപോകും; എന്നാൽ, ദൈവമേ, അങ്ങ് നിത്യനാണ്‌. അങ്ങെന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്കെല്ലാം ഉണ്ട് എന്ന ബോധ്യത്തോടെ അങ്ങയെ സ്നേഹിക്കുവാനും, മറ്റുള്ളവരിൽ അങ്ങയെ കാണാനും എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!