നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു

"കൊറാസീൻ നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളിൽ നടന്ന അത്ഭുതങ്ങൾ ടയിറിലും സീദോനിലും നടന്നിരിന്നുവെങ്കിൽ അവിടുത്തെ ജനങ്ങൾ ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു. ആകയാൽ, വിധിദിനത്തിൽ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനേക്കാൾ സഹനീയമായിരിക്കും. കഫർണാമേ, നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും. നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു." (ലൂക്കാ 10:13-16)


വിചിന്തനം 
ഗനേസറത്ത് തടാകത്തിന്റെ കരയിലുള്ള പട്ടണങ്ങളായ കൊറാസീനിലും ബെത് സയ് ദായിലും കഫർണാമിലുമൊക്കെ ഈശോ ധാരാളം സമയം ദൈവവചന പ്രഘോഷണത്തിനായി ചിലവഴിച്ചിരുന്നു. ഒട്ടേറെ അത്ഭുതങ്ങളും രോഗശാന്തികളും പ്രവർത്തിച്ചിട്ടും ആ നാടുകളിലെ ജനങ്ങൾ മാനസാന്തരപ്പെട്ട് അവരുടെ മനസ്സിനെ നവീകരിക്കുന്നതിന് വിമുഖത കാണിച്ചു. ദൈവവചനം കേട്ടിട്ട് അത് തിരസ്കരിക്കുന്നവരുടെ വിധി എത്ര കഠിനമായിരിക്കുമെന്ന് ഇന്നത്തെ വചനത്തിലൂടെ ഈശോ മുന്നറിയിപ്പ് നൽകുകയാണ്. എല്ലാക്കാലത്തുമെന്നതുപൊലെ ഇന്നത്തെ ലോകത്തോടും ദൈവം തിരുവചനങ്ങളിലൂടെ സംസാരിക്കുന്നുണ്ട്; ധാരാളം അനുഗ്രഹങ്ങൾ വാരി വിതറിക്കൊണ്ട് ഈശോ ഇന്നും നമ്മുടെ ഇടയിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാൽ, ദൈവത്തിന്റെ സ്വരം കേൾക്കുവാനോ അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദർശിക്കുവാനോ നമുക്കിന്നാവുന്നുണ്ടോ?

"മനുഷ്യരിൽ വിശ്വാസം ശക്തി പ്രാപിക്കാത്തതിന് ദൈവത്തെ പഴിക്കാൻ സാധിക്കുകയില്ല. അതിനു കാരണം ദൈവവചനം ശ്രവിക്കുന്നവർ അത് ഹൃദയത്തിൽ സ്വീകരിക്കാത്തതാണ്", എന്ന് നാലാം നൂറ്റാണ്ടിൽ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആർച്ബിഷപ്പും വേദപാരംഗതനുമായ വി. ഗ്രെഗറി നസിയാൻസൻ പറയുന്നു. വിശ്വാസം ബുദ്ധിയുള്ള മനുഷ്യർക്കുള്ളതല്ല എന്നാണ് ദൈവത്തിൽ വിശ്വസിക്കുന്നതിന് പലരും ഉന്നയിക്കുന്ന ഒരു തടസ്സവാദം. എന്നാൽ, മനുഷ്യബുദ്ധിക്ക് അതീതമാണ് ദൈവം എന്ന വസ്തുത അംഗീകരിക്കാനാവാത്തതാണ് യഥാർത്ഥ കാരണം എന്നതാണ് വാസ്തവം. തിന്മയാണെന്നറിഞ്ഞിട്ടും മുറുകെപ്പിടിക്കുന്ന ചില ചീത്ത സ്വഭാവങ്ങളും ആസക്തികളും വിട്ടുപേക്ഷിക്കുവാനുള്ള മടിയും ദൈവവചനം തിരസ്കരിക്കാൻ കാരണമാകാറുണ്ട്. 

യേശുവിനെക്കുറിച്ച് കൂടുതൽ അറിഞ്ഞ്, ദൈവത്തെ ഹൃദയത്തിൽ സ്വീകരിക്കാനാഗ്രഹിക്കുന്ന വ്യക്തി അസന്മാർഗികത, ദുർവിചാരങ്ങൾ, ദ്രവ്യാസക്തി, അമർഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം എന്നിവ വർജ്ജിച്ച്, അവനിലെ പഴയ മനുഷ്യനെ അവന്റെ ചെയ്തികളോട് കൂടി നിഷ്കാസനം ചെയ്യണം (cf. കൊളോസ്സോസ് 3:5-9). അനുദിന ജീവിതത്തിലെ എല്ലാ പ്രവർത്തികളെക്കുറിച്ചും ദൈവഹിതമെന്തെന്നു ആരായാനും, ദൈവമഹത്വത്തിനു ഉതകുന്ന വിധം എല്ലാക്കാര്യങ്ങളും ചെയ്യുവാനും തയ്യാറാകണം. പ്രാർത്ഥനയിലൂടെയും പരിത്യാഗ പ്രവർത്തികളിലൂടെയും പ്രലോഭനങ്ങളെ ചെറുത്തു നിൽക്കണം. നമ്മുടെ അസൌകര്യങ്ങൾ കണക്കിലെടുക്കാതെ മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവാനും വേദനകളിൽ ആശ്വസിപ്പിക്കുവാനും തയ്യാറാകണം. 

സൽപ്രവൃത്തികളിലൂടെയും നിരാകരണത്തിലൂടെയും ത്യാഗങ്ങളിലൂടെയും മാത്രമേ നമുക്ക് ദൈവവുമായി ബന്ധം സ്ഥാപിക്കാനും, അതിൽ വളരുവാനും സാധിക്കുകയുള്ളൂ. സ്വാർത്ഥതയാലും ആസക്തികളാലും കഠിനമായ ഒരു ഹൃദയത്തിൽ ദൈവവചനം വേരുപിടിക്കുകയില്ല. ആയതിനാൽ, "പരിശുദ്ധാത്മാവ് പറയുന്നതുപോലെ, ഇന്നു നിങ്ങൾ അവിടുത്തെ സ്വരം ശ്രവിക്കുന്പോൾ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്" (ഹെബ്രായർ 3:7,8). ദൈവത്തിന്റെ ജീവദായകമായ വചനം ശ്രവിക്കുവാനും, അത് ഹൃദയത്തിൽ സ്വീകരിക്കുവാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, അനുതാപത്താലുരുകുന്ന ഒരു ഹൃദയവുമായി അങ്ങയെ സമീപിക്കുവാനും, അങ്ങയുടെ രക്ഷാകരമായ സുവിശേഷം സ്വീകരിച്ച് മനസ്സിന്റെ നവീകരണത്തിലൂടെ രൂപാന്തരപ്പെട്ട് നിത്യജീവന് അവകാശികളാകാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകേണമേ. അതുവഴി ഞാനൊരു പുതിയ സൃഷ്ടിയായി മാറി, ഈ ലോകത്തിൽ അങ്ങയുടെ വചനത്തിനു സാക്ഷിയാകട്ടെ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്