ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക

"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെ അടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അതു കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടെയാണ്? സീസറിന്റേത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ച് വിസ്മയിച്ചു." (മർക്കോസ് 12:13-17)

വിചിന്തനം
ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴികൾ പഠിപ്പിച്ചിരുന്ന യേശു, യഹൂദപ്രമാണികൾക്കും പുരോഹിതർക്കും ഒരു വലിയ തലവേദനയായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, യേശുവിനെ നശിപ്പിക്കാൻ വളരെ തന്ത്രപൂർവമാണ് അവർ പദ്ധ്യതി തയ്യാറാക്കുന്നത്. റോമാക്കാർക്ക് നികുതി കൊടുക്കുന്നത് യഹൂദരുടെ ഇടയിലെ വലിയ ഒരു വിവാദവിഷയം ആയിരുന്നു. തങ്ങളുടെ നികുതിപ്പണം റോമാസാമ്രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയേ ഉള്ളുവെന്നും, അതുമൂലം റോമാക്കാരുടെ അധീനത്വത്തിൽനിന്നും മോചിതരാകാൻ ബുദ്ധിമുട്ടാകുമെന്നും അവർ മനസ്സിലാക്കിയിരുന്നു. എന്നാൽ, നികുതിക്കെതിരായി എന്തെങ്കിലും സംസാരിച്ചാൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുമെന്ന് ഉറപ്പായിരുന്നതിനാൽ ആരും തങ്ങളുടെ അനിഷ്ടം പുറത്തുകാട്ടിയിരുന്നില്ല. പക്ഷേ,മറ്റുള്ളവരുടെ അപ്രീതി ഭയന്ന് മിണ്ടാതിരിക്കുന്ന വ്യക്തിയല്ലായിരുന്നു യേശു എന്നവർക്ക് അറിയാമായിരുന്നു. നികുതിക്കെതിരായി ഈശോ എന്തെങ്കിലും പറഞ്ഞാൽ, യേശുവിൽ കുറ്റമാരോപിക്കാൻ, റോമാക്കാരുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഹെറോദേസ് പക്ഷക്കാർ തയ്യാറായി നിൽപ്പുണ്ടായിരുന്നു. അതുപോലെതന്നെ, ഈശോ നികുതിയെ അനുകൂലിച്ചു സംസാരിച്ചാൽ, അത് നികുതിഭാരത്താൽ വലയുന്ന യഹൂദ ജനത്തിനിടയിൽ യേശുവിനെക്കുറിച്ചുള്ള സത്കീർത്തി നശിക്കാൻ കാരണമാകുമായിരുന്നു. ഇത്തവണ യേശു കുടുങ്ങിയതുതന്നെ എന്ന ചിന്തയുമായി അവിടുത്തെ സമീപിച്ച അവർക്ക്  തികച്ചും അപ്രതീക്ഷിതമായ ഒരു ഉത്തരമാണ് യേശുവിൽനിന്നും അവർക്ക് ലഭിച്ചത്. ലോകത്തിനു അർഹതപ്പെട്ടത് ലോകത്തിനുതന്നെ നൽകണമെന്നും, എന്നാൽ അക്കാരണംമൂലം ദൈവത്തിനു അർഹമായതൊന്നും നിഷേധിക്കപ്പെടരുതെന്നുമാണ് ഈശോ അവരോടു പറഞ്ഞത്.

സാമൂഹികനിയമങ്ങൾ പാലിക്കുക എന്നത് ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. എന്നാൽ, ഒരു വിശ്വാസി പൊതുകാര്യങ്ങളിൽനിന്നും ഒരിക്കലും തന്റെ വിശ്വാസത്തെ മാറ്റിനിർത്താൻ പാടില്ല. പള്ളിയിലും വ്യക്തിജീവിതത്തിലെ സ്വകാര്യനിമിഷങ്ങളിലും മാത്രം വിശ്വാസത്തിൽ മുറുകെപ്പിടിക്കുകയും, മറ്റവസരങ്ങളിൽ വിശ്വാസത്തിൽ അധിഷ്ടിതമായ പ്രബോധനങ്ങൾക്ക്‌ യാതൊരു വിലയും കൽപ്പിക്കാതിരിക്കുകയും ചെയ്യുന്നത് നമ്മൾ പലപ്പോഴും ആവർത്തിച്ചുചെയ്യുന്ന ഒരു തെറ്റാണ്. സ്നേഹമാണ് എല്ലാ ദൈവീക പ്രബോധനങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം. എന്നാൽ, സാമൂഹിക നിയമങ്ങൾ സ്നേഹത്തിൽ അധിഷ്ടിതമാകണമെന്നു യാതൊരു നിർബന്ധവും ഇല്ല; പലപ്പോഴും അവ സമൂഹത്തിലെ ഭൂരിഭാഗത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉപാധികളാണ്. ലോകത്തിനു പ്രകാശവും ഭൂമിക്ക് ഉപ്പുമാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ഒരു ക്രിസ്തുശിഷ്യൻ എപ്പോഴും ജീവിതത്തിൽ പ്രഥമസ്ഥാനം നൽകേണ്ടത് സ്നേഹത്തിനായിരിക്കണം, മാനുഷികമായ ശരിതെറ്റുകൾക്കായിരിക്കരുത്; ദൈവത്തിനായിരിക്കണം, ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനായിരിക്കരുത്.

മനുഷ്യന്റെ നന്മയ്ക്കോ സമൂഹത്തിന്റെ പുരോഗതിക്കോ തടസ്സമാകുന്ന നിയമങ്ങളൊന്നും ദൈവം നമുക്ക് നൽകിയിട്ടില്ല. എന്നാൽ, സമൂഹത്തിന്റെ നന്മയെക്കാളുപരി വ്യക്തിഗതമായ സുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാലഘട്ടങ്ങളിലെല്ലാം ദൈവവിശ്വാസത്തിൽ അധിഷ്ടിതമായ നിയമങ്ങൾ ശക്തമായ എതിർപ്പിനു പാത്രമായി ഭവിച്ചിട്ടുണ്ട്. പണവും സ്ഥാനമാനങ്ങളും സുഖസമൃദ്ധിയുംകൊണ്ട് ജീവിതം നിറയ്ക്കാൻ ആഗ്രഹിക്കുന്നവർ, നമ്മുടെ ജീവിതത്തിൽ വന്നു നിറയാൻ ആഗ്രഹിക്കുന്ന ദൈവത്തെ വേണ്ടെന്നു വയ്ക്കുന്നത് സ്വാഭാവികം മാത്രമാണ്. ദൈവത്തെ ജീവിതത്തിൽനിന്നും സമൂഹത്തിൽനിന്നും അകറ്റി, പാപങ്ങൾ ചെയ്യുന്പോൾ മനുഷ്യരിൽ സ്വാഭാവികമായി ഉണ്ടാകുന്ന കുറ്റബോധത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഇന്നത്തെ ലോകത്തിൽ ശക്തമാണ്. എന്നാൽ, മനുഷ്യന്റെ പ്രവർത്തികൾക്ക് അർത്ഥവും വിലയും നൽകുന്ന ദൈവത്തിൽനിന്നുമകന്നു നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയും നമുക്കോ നമ്മുടെ സമൂഹത്തിനോ ഗുണകരമായി ഭവിക്കുകയില്ല. ഗർഭച്ഛിദ്രത്തെയും സ്വവർഗവിവാഹത്തെയും ഒക്കെ അവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമങ്ങൾ മനുഷ്യന്റെ നന്മയെയല്ല, ദൌർബല്യങ്ങളെയാണ് ലക്ഷ്യമിടുന്നത്.

നമ്മുടെ ജീവിതം മുഴുവനായും നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിനു അവകാശപ്പെട്ടതാണ്; ചില കാര്യങ്ങൾ ദൈവത്തിന്റെത്, മറ്റുചിലത് മനുഷ്യരുടേത് എന്ന വേർതിരിവിനു അവിടെ സ്ഥാനമില്ല. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു സമൂഹത്തോട് ഇടപഴകി ജീവിക്കുവാനുള്ള വിളി ഓരോ ക്രിസ്തുശിഷ്യനും ഉണ്ട്. ആ വിളി സ്വീകരിച്ച്, സമൂഹത്തോടുള്ള നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധാവാന്മാരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, എന്റെ ഹൃദയത്തിൽ വസിച്ച് എന്റെ വികാരങ്ങളെയും വിചാരങ്ങളെയും വിശുദ്ധീകരിക്കണമേ. സൗഖ്യദായകവും സന്തോഷദായകവുമായ അവിടുത്തെ വചനങ്ങൾ ശ്രവിക്കുവാനും, അങ്ങയുടെ കല്പനകളിലെ സ്നേഹം തിരിച്ചറിഞ്ഞു അതനുസരിച്ചു ജീവിക്കുവാനും, ദൈവരാജ്യത്തിന്റെ സുവിശേഷത്തിനു ലോകത്തിൽ സാക്ഷിയാകുവാനും, അവിടുത്തെ പരിശുദ്ധാത്മാവിനാൽ എന്നെ അഭിഷേകം ചെയ്യണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!