സൌഭാഗ്യങ്ങളെ തിരിച്ചറിഞ്ഞ് സന്തോഷിക്കണം

"ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല." (ലൂക്കാ 10:21-24)

വിചിന്തനം
യേശുവിന്റെ വാക്കുകളനുസരിച്ച് ദൈവരാജ്യത്തിന്റെ ശുശൂഷകൾക്കായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോയ എഴുപത്തിരണ്ടുപേർ തിരിച്ചെത്തി തങ്ങളുടെ വിജയങ്ങളെക്കുറിച്ചു വിവരിച്ചപ്പോൾ യേശുവിന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു. യേശുവിന്റെ അത്ഭുതങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വളരെ ചെറിയ കാര്യങ്ങളാണ് ആ എഴുപത്തിരണ്ടുപേർ ചെയ്തത്; എങ്കിലും ആ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തി, അത് പ്രവൃത്തിക്കുവാനുള്ള കൃപ നൽകിയ പിതാവായ ദൈവത്തെ സ്തുതിക്കുകയാണ് കർത്താവായ ഈശോ ഇവിടെ. 

ഈ ഭൂമിയിൽ ഈശോയുടെ ജീവിതം തിരസ്കരണങ്ങളിലൂടെയും അവഹേളനങ്ങളിലൂടെയും പ്രതികൂലങ്ങളിലൂടെയും ഒക്കെയാണ് കടന്നു പോയിരുന്നത്. എങ്കിലും, അവയ്ക്കെല്ലാം ഉപരിയായ ഒരു സന്തോഷവും സമാധാനവും യേശുവിന്റെ അനുദിന ജീവിതത്തിൽ ഉണ്ടായിരുന്നു. ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതികൂലങ്ങളോടുള്ള പ്രതികരണം നമ്മുടെ ജീവിതത്തിലെ സന്തോഷത്തെ ബാധിക്കുന്ന ഒരു പ്രധാന ടകമാണ്. അപ്രതീക്ഷിതമായി കടന്നുവരുന്ന ചെറിയകാര്യങ്ങൾ മൂലം ഓരോ ദിവസത്തെയും ക്രമീകരണങ്ങളിലും അവയെക്കുറിച്ചുള്ള പ്രതീക്ഷകളിലും വ്യതിയാനങ്ങൾ വരുത്താൻ നമ്മൾ നിർബന്ധിതരാകാറുണ്ട്. ചെറിയ അസുഖങ്ങൾ മുതൽ ചീത്ത കാലാവസ്ഥയും ഗതാഗതക്കുരുക്കുമൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. നമുക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാത്ത ഇത്തരം കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ അനുദിന ജീവിതത്തിലെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഗതി നിർണ്ണയിക്കുന്നത്. അനുദിന ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനു കാരണം പലപ്പോഴും വലിയ പ്രശ്നങ്ങളല്ല. വലിയ അനർത്ഥങ്ങളും അത്യാഹിതങ്ങളും നമ്മുടെ ജീവിതങ്ങളിൽ വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. നമ്മുടെ ഭൂരിഭാഗം മോഹഭംഗങ്ങളുടെയും വേദനയുടെയും ഒക്കെ അടിസ്ഥാനം ജീവിതത്തിലെ ചെറിയ ചെറിയ തിരിച്ചടികളാണ്. നമ്മുടെ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാൻ സാധിക്കാത്തതാണ് പലപ്പോഴും നമ്മുടെ പകലുകളെ ദുരിതപൂർണ്ണമാക്കുന്നതും രാത്രികളെ നിദ്രാവിഹീനമാക്കുന്നതും. ചെറിയ തിരിച്ചടികളെ ദൈവത്തിനു സമർപ്പിച്ച്‌ അവയിലൂടെ ദൈവപരിപാലനയിൽ ആശ്രയം തേടാൻ കഴിയാതെ വരുന്പോഴാണ്, ജീവിതത്തിലെ വലിയ പ്രശ്നങ്ങളുടെ മുൻപിൽ നമ്മൾ അപ്പാടെ തകർന്നടിയുന്നത്.


മനുഷ്യന്റെ എല്ലാ കഷ്ടതകൾക്കും മോചനവുമായാണ് ദൈവം മനുഷ്യനായി ലോകത്തിലേക്ക് വന്നത്. എന്നാൽ, സഹനങ്ങളെയും അവയിലൂടെ നാമനുഭവിക്കുന്ന വേദനകളെയും ലോകത്തിൽനിന്നും പരിപൂർണ്ണമായി ഇല്ലാതാക്കുകയല്ല അവിടുന്ന് ചെയ്തത്; മറിച്ച്, മനുഷ്യന്റെ വേദനകൾക്ക് ദൈവസ്നേഹത്തിന്റെ ഒരു പുതിയ അർത്ഥവും മാനവും കാൽവരിയിലെ കുരിശിലൂടെ ദൈവം നൽകി. മനുഷ്യന് രക്ഷ നേടിത്തരാൻ ദൈവത്തിനുമുന്പിൽ ആയിരക്കണക്കിന് വഴികളുണ്ടായിരുന്നു. പക്ഷേ, അവിടുന്ന് തിരഞ്ഞെടുത്തത് വേദനയുടെയും അവഹേളനത്തിന്റെയും നിന്ദനയുടെയും പര്യായമായ കുരിശിനെയാണ്. കുരിശിലൂടെ ദൈവസ്നേഹത്തെ ആശ്ലേഷിച്ചപ്പോഴാണ് മനുഷ്യപുത്രൻ ഭൂമിയിൽ മഹത്വപ്പെട്ടത്‌. നമ്മുടെ ചെറിയ ചെറിയ കുരിശുകളിൽ ദൈവത്തിന്റെ സ്നേഹവും പരിപാലനയും കണ്ടെത്താൻ നമുക്കാവണം. അപ്പോൾ ദുരിതപൂർണ്ണമായ വേദനകളെ രക്ഷയുടെ സന്തോഷമാക്കി മാറ്റാൻ ദൈവത്തിനാകും. ദൈവത്തിനെടുത്തുമാറ്റാൻ സാധിക്കാത്ത ഒരു വേദനയും നമുക്കില്ല എന്ന ബോധ്യത്തോടെ, നമ്മുടെ ലഘുവായ കുരിശുംപേറി സന്തോഷത്തോടെ യേശുവിന്റെ കാൽപാടുകൾ പിന്തുടരാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.  


കാരുണ്യവാനായ ദൈവമേ, ഞങ്ങളുടെ വേദനകളിൽ അങ്ങയെ കാണുവാനും, ഞങ്ങളുടെ ബുദ്ധിമുട്ടുകളിൽ അങ്ങയുടെ സ്വരം ശ്രവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. അവിടുത്തെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സന്തോഷവും സമാധാനവും ഞങ്ങളുടെ അനുദിന ജീവിതത്തിൽ ധാരാളമായി തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.  



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്