ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ!

"അപ്പോൾ അപ്പസ്തോലന്മാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ! കർത്താവു പറഞ്ഞു: നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലിൽചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും." (ലൂക്കാ 17:5-6)


വിചിന്തനം 
മറ്റുള്ളവർക്ക് നന്മ ചെയ്യണം എന്ന ആഗ്രഹം സ്വാഭാവിക നിയമത്തിന് എതിരാണ്; സ്വന്തം നന്മയും സുരക്ഷയും മാത്രം കാംക്ഷിക്കുന്നതാണ് പ്രകൃതി നിയമം. മറ്റുള്ളവരെ സ്നേഹിക്കുവാനും അവരുടെ തെറ്റുകൾ പൊറുക്കുവാനും ഒക്കെയുള്ള അവബോധങ്ങൾ പ്രകൃത്യേതരമായ ഒന്നാണ്. ഇത്തരത്തിലുള്ള ബോധ്യങ്ങളും ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളുമൊക്കെ നമ്മിൽ നിക്ഷേപിച്ചിരിക്കുന്നത് ദൈവമല്ലാതെ മറ്റാരുമല്ല. വ്യവസ്ഥകളില്ലാതെ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കേണ്ടതിനെക്കുറിച്ചാണ്  ഇന്നത്തെ വചനഭാഗത്തിന് തൊട്ടുമുൻപായി ഈശോ തന്റെ  ശിഷ്യന്മാരെ ഉപദേശിക്കുന്നത്. സ്വാർത്ഥത നിറഞ്ഞ മനുഷ്യപ്രകൃതിക്ക് മറ്റുള്ളവരോട് കാരണംകൂടാതെ ക്ഷമിക്കുവാൻ സാധിക്കുകയില്ല. ഈശോ ആഗ്രഹിക്കുന്നതുപോലുള്ള ക്ഷമ മനുഷ്യന് അഗ്രാഹ്യമാണെന്ന് തിരിച്ചറിഞ്ഞ ശിഷ്യന്മാർ ഉടനടി ചെയ്യുന്നത് കൂടുതൽ വിശ്വാസത്തിനായി പ്രാർത്ഥിക്കുകയാണ്. ദൈവം ഉണ്ടെന്നും അവിടുന്ന് സർവശക്തനാണെന്നും ഉള്ള കേവലവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയല്ല അവർ പ്രാർത്ഥിച്ചത്; ആ വിശ്വാസം അവരിൽ ധാരാളമായി ഉണ്ടായിരുന്നു. സിക്കമിൻ വൃക്ഷത്തെ വേരോടെ പിഴുതെറിയാൻ ആവശ്യമായ വിശ്വാസമാണ് അവർക്ക് വേണ്ടിയിരുന്നത്. എന്താണീ വിശ്വാസം? ഇതുപോലൊരു വിശ്വാസത്തിന്റെ ഉടമയാണോ നാമിന്ന്? 

ദൈവത്തിൽ വിശ്വാസമുള്ള ഒട്ടേറെപ്പേർ, പക്ഷേ, ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നതിൽ പരാജയപ്പെടുന്നവരാണ്. ദൈവമുണ്ടെന്നും അവിടുന്ന് നമ്മുടെ സ്രഷ്ടാവാണെന്നും  സർവ്വശക്തനാണെന്നും വിശ്വസിക്കുന്പോഴും, നമ്മേക്കാളുപരിയായി നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനും നയിക്കാനും കഴിവുള്ള ഒരു ദൈവത്തെ അംഗീകരിക്കാൻ മടിക്കുന്നവരാണ് നമ്മിൽ ധാരാളം പേർ. ജീവിതത്തിൽ പല അവസരങ്ങളിലും ദൈവത്തിൽ പ്രത്യാശ വച്ചിട്ട് പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നീങ്ങിയില്ല എന്നതാണ് ഇതിനു കാരണമായി പലപ്പോഴും പലരും ചൂണ്ടിക്കാട്ടുന്നത്. പ്രതികൂലസാഹചര്യങ്ങളിലും പരീക്ഷണവേളകളിലും ദൈവത്തിൽ ആശ്രയിച്ചിട്ട്, ആ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകാത്തതുമൂലം ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയ ധാരാളംപേരുണ്ട് നമ്മുടെ ഇടയിൽ. ഇവിടെയെല്ലാം നമ്മുടെ തെറ്റ്, നമ്മൾ വിശ്വാസത്തെയും ദൈവത്തിന്റെ ശക്തിയെയും ഒക്കെ വിലയിരുത്തുന്നത് വ്യതിരിക്തമായ സാഹചര്യങ്ങളിലൂടെയാണ് എന്നതാണ്.  ചില കാര്യങ്ങൾ നമ്മൾ ചെയ്യുകയും, നമുക്ക് സാധിക്കാത്ത, അല്ലെങ്കിൽ ശ്രമിച്ചു പരാജയപ്പെട്ട, കാര്യങ്ങൾ ദൈവം ചെയ്യുകയും ചെയ്യുന്ന ഒരു ചിന്താധാര ക്രിസ്തീയ വിശ്വാസത്തിന് അനുയോജ്യമായതല്ല. "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധ്യതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക്‌, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവന്നു നമുക്കറിയാമല്ലോ" (റോമാ 8:28). കേവലം ചില കാര്യങ്ങളല്ല, എല്ലാക്കാര്യങ്ങളും നന്മയ്കായി മാറ്റാൻ കഴിവുള്ളവനാണ്‌ ദൈവം. നമ്മുടെ ഏതാനും ചില ആവശ്യങ്ങളിൽ ദൈവം ഇടപെടും എന്നതായിരിക്കരുത് നാം ദൈവത്തിലർപ്പിക്കുന്ന പ്രത്യാശ; നമ്മുടെ എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ കാരുണ്യം തേടാൻ നമുക്കാവണം. തങ്ങളുടെ ജീവിതങ്ങളെ പൂർണ്ണമായും ദൈവത്തിനു വിട്ടുകൊടുത്ത്, അവിടുത്തെ പ്രവർത്തികളിൽ സഹപ്രവർത്തകരാകാനുള്ള കൃപയ്ക്ക് വേണ്ടിയാണ് ശിഷ്യന്മാർ പ്രാർത്ഥിച്ചത്. ഈയൊരു വിശ്വാസത്തിന് ഉടമയാകുന്പോഴാണ് എത്ര വലിയ ദുർടങ്ങളിലും ദൈവത്തിന്റെ പരിപാലന ദർശിക്കുവാൻ നമുക്ക് സാധിക്കുക. 

സജീവവും ചലനാത്മകവും പരിവർത്തനാത്മകവുമായ പ്രത്യാശയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത. വിശ്വാസമുള്ളിടത്തു മാത്രമേ പ്രത്യാശ ജനിക്കുന്നുള്ളൂ; പ്രത്യാശയിലേക്ക് നയിക്കാത്ത വിശ്വാസം അതിൽത്തന്നെ അപൂർണ്ണവുമാണ്. "അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തിൽ കായ്‌കൾ ഇല്ലാതായാലും വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും" (ഹബക്കുക്ക് 3:17) എന്നു ഹൃദയത്തിൽ പറയാൻ കഴിയുന്നതാണ് യഥാർത്ഥ ക്രിസ്തീയ വിശ്വാസം. ഈയൊരു വിശ്വാസത്തോടെവേണം നമ്മുടെ ജീവിതങ്ങളിൽ ആഴത്തിൽ വേരുപാകിയിരിക്കുന്ന വേദനകളും പ്രശ്നങ്ങളുമാകുന്ന സിക്കമിൻ വൃക്ഷത്തെ സമീപിക്കാൻ. കഷ്ടതകളെ കടപുഴക്കുന്ന വിശ്വാസത്തിനായി നമുക്കും ദൈവത്തോട് പ്രാർത്ഥിക്കാം.

കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ലോകത്തിന്റെ ദൃഷ്ടിയിലൂടെ അല്ലാതെ വിശ്വാസത്തിന്റെ ദൃഷ്ടിയിലൂടെ കാണുവാനുള്ള കൃപ നൽകണമേ. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ അങ്ങയുടെ ജീവനുള്ള വചനം എന്റെ ജീവിത യാത്രകളിൽ എനിക്ക് കവചവും പരിചയും ആകട്ടെ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്