ആരാണ് എന്റെ അയൽക്കാരൻ?

"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും. അവൻ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവർത്തിക്കുക നീ ജീവിക്കും." (ലൂക്കാ 10:25-28)


വിചിന്തനം 
യേശുവിന്റെ പ്രബോധനങ്ങളെക്കുറിച്ച് ധാരാളം സംശയങ്ങൾ അക്കാലത്തെ ഫരിസേയരുടെയും നിയമജ്ഞരുടെയും ഇടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അവർ അവസരം കിട്ടുന്പോഴെല്ലാം ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ പരീക്ഷിച്ചിരുന്നു. മോശയിലൂടെ ദൈവം തന്റെ ജനത്തിനു നൽകിയ കല്പനകൾ സ്നേഹത്തിന്റെ ഭാഷയിൽ ഈശോ ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ അത് കാപട്യങ്ങളിലൂടെയും സ്വാർത്ഥതയിലൂടെയും നിയമജ്ഞർ നിയമത്തിനു നൽകിയ വ്യാഖ്യാനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ,  തന്നെ പരീക്ഷിക്കുകയാണ് നിയമജ്ഞന്റെ ഉദ്ദേശ്യം എന്നു ഗ്രഹിച്ച കർത്താവ്‌ ചോദ്യത്തിനുത്തരം അയാളെക്കൊണ്ടുതന്നെ പറയിക്കുകയാണ്‌; എന്നിട്ട്, അയാളുടെ ഉത്തരത്തോട്‌ യോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഈശോയും നിയമജ്ഞരും ഒരുപോലെ യോജിക്കുന്ന ചുരുക്കം ചില കാര്യങ്ങളിലൊന്നാണ് നാമിവിടെ കാണുന്നത്. മറ്റൊരവസരത്തിൽ ഒരു നിയമപണ്‍ഡിതൻ യേശുവിനോട് നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ് എന്ന് ചോദിക്കുന്പോഴും  ഈശോ മറുപടിയായി നല്കിയത്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കുക, എന്നീ രണ്ടു കാര്യങ്ങളാണ് (cf. മത്തായി 22:36-40). അനന്ത നന്മസ്വരൂപനും സർവശക്തനും എല്ലാറ്റിന്റെയും ഉടയവനും നമ്മിൽനിന്നും ഒന്നും ആവശ്യമില്ലാത്തവനുമായ ദൈവത്തെ സ്നേഹിക്കുക എളുപ്പമാണ്. എന്നാൽ നമ്മുടെ അയൽക്കാരനെ നമ്മെപ്പോലെ തന്നെ സ്നേഹിക്കാൻ നമുക്കാവുന്നുണ്ടോ? 

നമ്മുടെ അയൽക്കാരനെ സ്നേഹിക്കാൻ പലപ്പോഴും നമുക്ക് കഴിയാത്തതിന്റെ കാരണം ആരാണ് നമ്മുടെ അയൽക്കാരൻ എന്ന് തിരിച്ചറിയാൻ നമുക്ക് പറ്റാത്തതാണ്. നമ്മെ സ്നേഹിക്കുകയും സഹായിക്കുകയും, നമ്മോടു നല്ല രീതിയിൽ പെരുമാറുകയും, നമ്മുടേതിനു സമാനമായ നിലയും വിലയും ഒക്കെ ഉള്ളവരെയാണ് സാധാരണ ഗതിയിൽ നമ്മൾ അയൽക്കാരായി കണക്കാക്കുന്നത്.  എന്നാൽ, നമ്മുടെ സ്നേഹവും പരിചരണവും ഒക്കെ ആവശ്യമുള്ളവരെ പലപ്പോഴും നമ്മുടെ അയൽക്കാരായി കാണാൻ നമുക്ക് കഴിയാറില്ല. അയൽക്കാരൻ എന്ന വാക്കുകൊണ്ട് ദൈവം ഉദ്ദേശിക്കുന്നത് ഓരോ ദിവസവും നമ്മൾ കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളെയും ആണ്. ജാതിയുടെയോ മതത്തിന്റെയോ പ്രായത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ സന്പത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ വേർതിരിവ് ഇല്ലാത്ത ഒന്നാണ് ദൈവവചനത്തിനനുസൃതമായ അയൽബന്ധങ്ങൾ. ഉറ്റവർ പരിത്യജിച്ചതുമൂലം ഏകാന്തതയുടെയും സ്നേഹമില്ലായ്മയുടെയും ലോകത്തിൽ അലയുന്ന ധാരാളം അയൽക്കാർ നമ്മുടെ ചുറ്റുമുണ്ട്. വിശപ്പും ദാരിദ്ര്യവും പാർപ്പിടമില്ലായ്മയും തൊഴിൽരാഹിത്യവും വികസിതസമൂഹങ്ങളിൽ പോലും വർദ്ധിച്ചുവരികയാണ്. നമ്മുടെ ചില അയൽക്കാരെങ്കിലും അഹങ്കാരികളും അജ്ഞരും കൊടുംപാപികളുമാണ്. ഇവരെല്ലാം നമ്മുടെ ചുറ്റുവട്ടങ്ങളിൽ എത്തപ്പെടുന്നത്‌ ഒരിക്കലും ആകസ്മികമായിട്ടല്ല. ഈ കൂട്ടിമുട്ടലുകളുടെയെല്ലാം പിന്നിലെ അദൃശ്യകരം ദൈവത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞു നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെയും സ്നേഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? 


അനുകന്പ നിറഞ്ഞതും പ്രാവർത്തികവും ഫലപ്രദവുമായ ഒരു ജീവിതശൈലിയിലൂടെ നല്ലൊരു അയൽക്കാരനാകാൻ ഓരോ ക്രിസ്തുശിഷ്യനും സാധിക്കണം. അനുകന്പ നമ്മെ മറ്റുള്ളവരുടെ ദുഖങ്ങളിൽ പങ്കുചേരാൻ പ്രേരിപ്പിക്കുന്നു. നമ്മുടെ അയൽക്കാർ അവരുടെ കഷ്ടതകളുമായി നമ്മെ സമീപിക്കുന്നതിനു മുൻപുതന്നെ അവരുടെ വേദനകൾ തിരിച്ചറിഞ്ഞു സഹായിക്കുന്ന ഒരു പ്രവർത്തനശൈലി ധാരാളം ഫലം പുറപ്പെടുവിക്കുന്നു. ആശ്വസിപ്പിക്കുന്ന ഒരു പുഞ്ചിരിയോ, പ്രത്യാശപകരുന്ന ഒരു വാക്കോ, രോഗികളായിരിക്കുന്നവരെ സന്ദർശിക്കുന്നതോ, നമ്മെ ഉപദ്രവിക്കുന്നവരോട് ഹൃദയപൂർവം ക്ഷമിക്കുന്നതും ഒക്കെ ഫലദായകനായ ഒരു നല്ല അയൽക്കാരനാകാൻ നമ്മെ സഹായിക്കുന്നു. 

വേറെ ആരും ആരെയും സഹായിക്കുന്നില്ല, അതുകൊണ്ട് ഞാനും സഹായിക്കുകില്ല എന്ന ന്യയവാദമുമായി അയൽക്കാരനോടുള്ള കർത്തവ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ, തിരക്കുള്ള വഴിയിൽ ഒരു സ്വർണ്ണ നാണയം കിടക്കുന്നതുകണ്ടാൽ കുനിഞ്ഞതെടുക്കാത്തവരായി ആരുണ്ട്‌? മറ്റാരും എടുത്തില്ല, അതുകൊണ്ട് ഞാനും അതെടുക്കുന്നില്ല എന്ന് നാമാരും ആ അവസരത്തിൽ ചിന്തിക്കാറില്ല. മറ്റെന്തിലും അധികം വിലയേറിയ നിത്യജീവനെ നമ്മുടെ സഹായമാവശ്യമുള്ള ഒരു അയൽക്കാരനിലൂടെ ദൈവം നമുക്ക് കാണിച്ചുതരുന്പോൾ, സ്വർണ്ണ നാണയത്തിനുവേണ്ടി എന്നപോലെയെങ്കിലും അധ്വാനിക്കാൻ നമുക്ക് കഴിയണം. അതിനുള്ള കൃപക്കായി നമുക്കും ദൈവത്തോട് പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെ സ്നേഹത്തിൽ അധിഷ്ടിതമായ ഒരു ജീവിതശൈലി എന്നിൽ വളർത്തണമേ. മറ്റുള്ളവരിൽ അങ്ങയെ കാണുവാനും, എല്ലാ സ്വാർത്ഥതയും ഭയവും വെടിഞ്ഞ് അവരെ സ്നേഹിക്കുവാനും സഹായിക്കാനും അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!