പിതാവായ ദൈവം
"അവൻ ഒരിടത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. അവൻ അരുളിച്ചെയ്തു: നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ." (ലൂക്കാ 11:1-4)
വിചിന്തനം
ഒട്ടനവധി അവസരങ്ങളിൽ ഈശോ തന്റെ ശിഷ്യരെ വിട്ട് തനിയെ പ്രാർത്ഥനക്കായി ചിലവഴിച്ചിരുന്നു; ചില അവസരങ്ങളിൽ ഈശോ രാത്രിമുഴുവൻ പ്രാർത്ഥിച്ചിരുന്നുവെന്ന് സുവിശേഷത്തിൽ കാണാവുന്നതാണ് (cf. ലൂക്കാ 6:12). പിതാവായ ദൈവവുമായി ചിലവഴിച്ചിരുന്ന ആ വേളകളിലെല്ലാം ഈശോ അനുഭവിച്ചിരുന്ന ആനന്ദത്തിനു സാക്ഷികളായിരുന്ന ശിഷ്യന്മാർ, യേശുവിനെപ്പോലെ പ്രാർത്ഥിക്കാൻ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന ശിഷ്യരുടെ അപേക്ഷയോട് ഈശോ പ്രതികരിച്ചത് 'സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയിലൂടെയാണ്. ദൈവം മനുഷ്യനെ നേരിട്ടു പഠിപ്പിച്ച ഏക പ്രാർത്ഥനയാണ് ഇത്. ഇരുപതു നൂറ്റാണ്ടുകൾക്കു ശേഷവും ലക്ഷക്കണക്കിന് ആളുകൾ ദിവസവും നിരവധി തവണ ഉരുവിടുന്ന ഒരു പ്രാർത്ഥനയാണിത്. പുത്രനായ ദൈവം തന്റെ സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചപേക്ഷിക്കാൻ നമ്മെ പഠിപ്പിച്ച ഈ പ്രാർത്ഥന ഉരുവിടുന്പോൾ അതിന്റെ മാഹാത്മ്യം മനസ്സിലാക്കാൻ നമുക്കാവുന്നുണ്ടോ?
പ്രായഭേദമില്ലാതെ, സ്ത്രീപുരുഷവ്യത്യാസമില്ലാതെ യാചനാരൂപത്തിൽ കൈകൾ നിവർത്തിപ്പിടിച്ചു തങ്ങളുടെ അനുദിനാവശ്യങ്ങൾക്കായി നടത്തുന്ന യാചനയാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന; യാചിക്കുന്നതോ കാണപ്പെടുന്നവയും അല്ലാത്തതുമായ സർവപ്രപഞ്ചവും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തോട്. ഈശോ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയിലൂടെയാണ് ദൈവത്തെ പിതാവേ എന്നു വിളിക്കാൻ നമ്മൾ പഠിച്ചത്. ദൈവത്തെ പിതാവേ എന്നു വിളിക്കാനുള്ള യോഗ്യത ഒരു മനുഷ്യനുമില്ല. പാപഭാരത്താൽ നിറഞ്ഞ നമ്മുടെ ഹൃദയം നന്മ മാത്രമായ ദൈവത്തിൽനിന്നും വളരെ ദൂരെയാണ്. പക്ഷേ, തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യൻ തന്നെ സ്നേഹത്തോടെയും ആത്മാർഥതയോടെയും പിതാവേ എന്നു വിളിക്കണമെന്ന ആഗ്രഹം ദൈവത്തിനു എന്നുമുണ്ടായിരുന്നു. തന്റെ മഹിമപ്രഭാവം കണ്ടു പകച്ചുനിൽക്കുന്ന മനുഷ്യനെ ആയിരുന്നില്ല ദൈവത്തിനു വേണ്ടിയിരുന്നത്, അതിരുകളില്ലാത്ത ദൈവസ്നേഹം നുകരാൻ കൊതിച്ച്, 'അപ്പാ' എന്നുവിളിച്ചുകൊണ്ട് തന്റെ അടുത്തെത്തുന്ന മക്കളെയാണ് ദൈവത്തിനു വേണ്ടിയിരുന്നത്. പാപത്താൽ വിരൂപമാക്കപ്പെട്ട നമ്മെ വിശുദ്ധീകരിച്ച് ദൈവമക്കളെന്ന അവകാശം തിരികെ നൽകുന്നതിനാണ് ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചത്. കാൽവരിയിലെ കുരിശിലൂടെയും അതിനുശേഷമുള്ള ഉത്ഥാനത്തിലൂടെയും ഈശോ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യവും അവകാശവുമാണ് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്.യേശുവിന്റെ ബലിയുടെ യോഗ്യതയാൽ നമ്മൾ "മക്കളായതുകൊണ്ട് ആബ്ബാ! - പിതാവേ! എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു" (ഗലാത്തിയാ 4:6). ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ജീവനുറ്റതാക്കുന്നതും, ദൈവസന്നിധിയിൽ നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുന്നതും ദൈവാത്മാവ് തന്നെയാണ്.
ദൈവത്തെ പിതാവേ എന്നു വിളിക്കുന്ന ഓരോരുത്തരും ദൈവമക്കൾക്ക് അനുസൃതമായ ജീവിതം നയിക്കാൻ കടപ്പെട്ടവരാണ്. ദൈവമാണ് നമ്മുടെ പിതാവെന്ന ബോദ്ധ്യം ഒന്നുമാത്രംമതി നമുക്ക് പാപങ്ങളിൽനിന്നും അകന്നുനിൽക്കാനും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനും എല്ലാവരോടും സ്നേഹത്തിൽ ഇടപഴകാനും ഒക്കെ. പുത്രനായ ദൈവത്തിലൂടെ വെളിപ്പെട്ട പിതാവായ ദൈവത്തിന്റെ സ്നേഹമാണ് നമ്മെ നമ്മുടെ വീഴ്ചകളിൽ പിടിച്ചെഴുന്നേൽപ്പിക്കുന്നത്. പിതാവിന്റെ കരുണയാണ്, അന്ധകാരത്തിന്റെ ആധിപത്യത്തിൽനിന്ന് നമ്മെ വിമോചിപ്പിച്ച് പ്രിയപുത്രന്റെ രാജ്യത്തിലേക്ക് ആനയിക്കുന്നത് (കൊളോസോസ് 1:13). നമുക്കാവശ്യമുള്ളതെല്ലാം സന്തോഷത്തോടെ തരുന്ന ദൈവത്തിനു മുൻപിൽ പിതാവേ എന്ന് ഹൃദയംകൊണ്ട് വിളിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
പിതാവായ ദൈവമേ, അങ്ങയെ അറിയുവാനുള്ള ആത്മാവും അങ്ങയെ സ്നേഹിക്കുവാനുള്ള ഹൃദയവും അങ്ങേക്ക് വേണ്ടി ശുശ്രൂഷ ചെയ്യുവാനുള്ള ഒരു മനസ്സും തന്നെന്നെ അനുഗ്രഹിച്ചതോർത്ത് ഞാൻ നന്ദി പറയുന്നു. മറ്റുള്ളവരോട് സദാ ക്ഷമിക്കുവാനും കരുണ കാണിക്കുവാനും എന്നെ ശക്തനാക്കണമേ. അങ്ങേക്ക് പ്രസാദകരമായ ഒരു ജീവിതം നയിക്കുവാൻ എന്റെ പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമായി അവിടുത്തെ പരിശുദ്ധാത്മാവിനെ നൽകണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ