പ്രവൃത്തിയാലല്ലാത്ത പാപം

"വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലതുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചുഴന്നെടുത്തു എറിഞ്ഞു കളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിലോന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ പതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്." (മത്തായി 5:27-30)

വിചിന്തനം 
പഴയനിയമ ജനതയ്ക്ക് പാപമെന്നാൽ നിയമത്തിന്റെ ലംഘനമായിരുന്നു. എഴുതപ്പെട്ട കല്പനകൾ വാക്കാലും പ്രവൃത്തിയാലും പാലിക്കുന്നവരെ നീതിമാന്മാരായിക്കണ്ട്, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി കരുതി, എല്ലാവരും ആദരിച്ചിരുന്നു. പാപമില്ലാതെ എങ്ങിനെ ജീവിക്കാം എന്ന് യഹൂദജനത്തെ വ്യക്തമായി പഠിപ്പിക്കുന്നതിനായി, നിയമജ്ഞർ സദാസമയവും മോശയിലൂടെ ലഭിച്ച ദൈവകൽപനകളെ അപഗ്രഥിച്ചും വ്യാഖ്യാനംചെയ്തും ഇരുന്നിരുന്നു. തത്ഫലമായി ആയിരക്കണക്കിനു നിയമങ്ങളും പതിനായിരക്കണക്കിനു നിയന്ത്രണങ്ങളും യഹൂദരുടെ ഇടയിൽ നിലവിൽ വന്നു. ഈ നിയമങ്ങളിലെ എല്ലാം ശ്രദ്ധേയമായ കാര്യം - അല്ലെങ്കിൽ, യഹൂദർ ഒരിക്കലും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം - അവയെല്ലാം പാലിച്ച് നീതിമാനെന്നു പേരെടുക്കാൻ പരിശ്രമിക്കുന്ന വ്യക്തിയുടെ മനോവ്യാപാരത്തിനു നിയമം യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല എന്നതാണ്. മനസ്സിലെ ചിന്തകൾക്കോ, പ്രവൃത്തികളുടെ പിന്നിലെ ഉദ്ദേശങ്ങൾക്കോ യഹൂദനിയമം യാതൊരു വിലയും കല്പിച്ചിരുന്നില്ല. എന്നാൽ, സ്നേഹത്തിന്റെ സജീവത്വത്തിനു സാക്ഷ്യം നൽകുന്ന യേശുവിന്റെ പ്രബോധനങ്ങൾ നമ്മുടെ ബാഹ്യപ്രവൃത്തികൾക്കൊപ്പം ആധ്യാത്മിക സന്നദ്ധതയും ആവശ്യപ്പെടുന്നു. 

വാക്കാലോ പ്രവൃത്തിയാലോ ഉപേക്ഷയാലോ അല്ലാതെയും നമുക്ക് പാപം ചെയ്യാൻ സാധിക്കും എന്നാണു ഇന്നത്തെ വചനഭാഗം വ്യക്തമായി നമ്മോടു പറയുന്നത്. ഇതിനെക്കുറിച്ച്‌ വിശുദ്ധ ആഗസ്തീനോസ് പറയുന്നത്, ഒരു വ്യക്തി ഒരു പാപം പ്രവൃത്തിക്കുന്നതിനുമുന്പ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നാണ് - ആശയം, അഭിലാഷം, അനുമതി. ചില ഓർമ്മകളിലൂടെയും, അല്ലെങ്കിൽ എന്തിനെയെങ്കിലും കാണുകയോ കേൾക്കുകയോ സ്പർശിക്കുകയോ ചെയ്യുന്പോഴെല്ലാം, അവ വഴിയായി ചെയ്യാൻ സാധിക്കുന്ന തിന്മയായ കാര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ നമ്മിൽ രൂപമെടുക്കുന്നു. രണ്ടാമത്തെ ഘട്ടത്തിൽ, ഈ ആശയങ്ങൾ അവ മൂലം ലഭിക്കുന്ന സുഖങ്ങളെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കുന്നു; ആ ആശയങ്ങൾ അനുസരിച്ച് പെരുമാറിയാൽ മാത്രമേ നമുക്ക് സംതൃപ്തി ലഭിക്കുകയുള്ളൂ എന്ന് നമ്മെ ധരിപ്പിക്കുന്നു. ഈ അഭിലാഷത്തെ തൃപ്തിപ്പെടുത്താൻ, പാപത്തെ മനസ്സിൽ ന്യായീകരിച്ച് അതു ചെയ്യാൻ ശരീരത്തിന് അനുമതി നൽകുകയാണ് മൂന്നാമത്തെ ഘട്ടം. ഈ മൂന്നു ഘട്ടങ്ങളും നമ്മുടെ ഹൃദയത്തിലാണ് നടക്കുന്നത്. അഥവാ, ഹൃദയത്തിൽ പാപം ചെയ്തതിനുശേഷം മാത്രമേ ഒരു വ്യക്തി പ്രവർത്തികൊണ്ട് പാപം ചെയ്യുന്നുള്ളൂ. ഹൃദയത്തിന്റെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ ഉദ്യമിക്കാതെ കുറേക്കാലം പാപങ്ങൾ ചെയ്യുന്ന ഒരാൾ പിന്നീട് പാപമെന്ന അവസ്ഥയ്ക്ക് അടിപ്പെടുന്നു. പാപം പ്രവൃത്തിയിൽ എത്താതിരിക്കണമെങ്കിൽ, ശരീരത്തെയല്ല നിയന്ത്രിക്കേണ്ടത്, ഹൃദയത്തെയാണ്‌ -  പാപം ചെയ്യാനുള്ള ആശയം നമ്മുടെ ഹൃദയത്തിലേക്കെത്തുന്ന വഴികളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം. 

നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് മാരകമായ ഒരു അസുഖം വന്നാൽ, അതുമൂലം നമുക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന ഒരവസ്ഥ ഉണ്ടായാൽ, സമർത്ഥരായ ഡോക്ടർമാർ നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി രോഗം പിടിപെട്ട അവയവം മുറിച്ചു മാറ്റാറുണ്ട്. വളരെ ക്രൂരവും നിഷ്ടൂരവും ആയ ഒരു പ്രവൃത്തി എന്ന് പ്രഥമദൃഷ്ടിയിൽ  തോന്നാമെങ്കിലും, ആ പ്രവർത്തിയിലെ നന്മ നമ്മൾ മനസ്സിലാക്കുന്നത്‌ അതുമൂലം ഒരു ജീവൻ രക്ഷപെട്ടു എന്ന് തിരിച്ചറിയുന്പോഴാണ്. ഇതുപോലെ തന്നെ, വളരെ ഭയാനകവും വേദനാജനകവും ആയ ഒരു നിർദേശമാണ് യേശുവും ഇന്നത്തെ വചനഭാഗത്തിൽ മുന്പോട്ട് വയ്കുന്നത് - പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും നമ്മിൽ ഉണ്ടെങ്കിൽ, അത് എന്തുതന്നെ ആയിരുന്നാലും, നമുക്ക് എത്ര പ്രിയപ്പെട്ടവയാണെങ്കിലും, എത്ര അധികം ഉപകാരപ്രദമായവ ആണെങ്കിലും, അതിനെ നമ്മിൽനിന്ന് പിഴുതെറിയാനാണ് ഈശോ ആവശ്യപ്പെടുന്നത്. നമ്മുടെ ചില വരുമാന മാർഗ്ഗങ്ങളും സുഹൃത്ബന്ധങ്ങളുമെല്ലാം പലപ്പോഴും പാപകരമായ ആശയങ്ങൾ നമുക്ക് പകർന്നുതരുന്ന അവയവങ്ങൾ ആകാറുണ്ട്. പലപ്പോഴും അവയെ വിട്ടുപേക്ഷിക്കുന്നത് ഒട്ടേറെ വേദനയും അസൌകര്യങ്ങളും സൃഷ്ടിച്ചുവെന്നും വരാം. മാത്രവുമല്ല, നമ്മിലെ ഭയവും അരക്ഷിതാബോധവും ഇത്തരത്തിലുള്ള പാപസാഹചര്യങ്ങളെ വിട്ടുപേക്ഷിക്കാന്‍  തടസ്സമാകാറുമുണ്ട്. ഈ അവസരങ്ങളിലെല്ലാം, നമ്മെ ദാസരിൽ നിന്നും സുഹൃത്തുക്കളുടെ സ്ഥാനം നൽകി ഉയർത്തുകയും, നമുക്കുവേണ്ടി സ്വജീവൻ ത്യജിക്കുകയും ചെയ്ത യേശുവിന്റെ സ്നേഹം നമുക്ക് പ്രചോദനമാകണം. നമുക്കാവശ്യമായവ നൽകി നമ്മെ പരിപാലിക്കുന്നത്, നമ്മൾ കരുതുന്നതുപോലെ, നമുക്ക് ചുറ്റുമുള്ളവരല്ലെന്നും, അവയെല്ലാം ക്രിസ്തുവിന്റെ ബലിയിൽ സംപ്രീതനായ പിതാവായ ദൈവത്തിന്റെ സ്നേഹം ആണെന്നും തിരിച്ചറിയാൻ നമുക്കാവണം. 

കർത്താവായ യേശുവേ, സ്നേഹത്തിന്റെ ഒരു പുതിയ തിരിനാളം എന്റെ ഉള്ളിൽ കത്തിച്ച്, അങ്ങയുടെ പ്രമാണങ്ങളെ ഒരു പുതിയ വെളിച്ചത്തിൽ കാണുവാനുള്ള കൃപ എനിക്കു നൽകണമേ. അവിടുത്തെ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ നിറച്ച്, വിശുദ്ധമായ ഒരു ജീവിതം നയിക്കുവാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ ജ്വലിപ്പിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!