മരണത്തിൽ മാത്രം അവസാനിക്കുന്ന ഉടന്പടി

"ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്കു ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ. എന്നാൽ,ഞാൻ നിങ്ങളോടു പറയുന്നു:പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു." (മത്തായി 5:31,32)

വിചിന്തനം 
ഭൂമിയിൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് ദൈവം വളരെയധികം വില കല്പിക്കുന്നുണ്ട്. നസ്രത്തിലെ തിരുക്കുടുംബത്തിലൂടെ, തന്റെ ഏകാജാതന്റെ ആഗമനത്തിനായി ദൈവം ലോകത്തെ ഒരുക്കിയത് ഇതിന്റെ വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ഈ ലോകത്തിൽ, ജോസഫും മേരിയും ചേർന്നൊരുക്കിയ, സന്തോഷവും സമാധാനവും സംരക്ഷണവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിലാണ് മനുഷ്യനായ ദൈവം വളർന്നുവന്നത്. ഏതൊരു സമൂഹത്തിന്റെയും അന്തസത്ത ആ സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ നിർവചനങ്ങളിൽ നിന്നുമാണ് രൂപം കൊള്ളുന്നത്‌. എല്ലാ കുടുംബബന്ധങ്ങളുടെയും അടിസ്ഥാനം ഒരു സ്ത്രീയും ഒരു പുരുഷനുമാണ്. അതുകൊണ്ടാണ് ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ, ഒരു പുരുഷന് ഒരു സ്ത്രീ എന്ന് ദൈവം പ്രകൃതിയിൽ നിക്ഷേപിച്ച സ്വാഭാവിക നിയമത്തെ ഇല്ലാതാക്കാൻ സദാ പഴുതുകൾ നോക്കിയിരുന്നു. 

ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്ന പതിവ് മോശയുടെ കാലത്ത് യഹൂദരുടെ ഇടയിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയം ആയിരുന്നു. പുരുഷ മേധാവിത്വം നിലനിന്നിരുന്ന ആ സംസ്കാരത്തിൽ, ഒരു പുരുഷന്റെ തുണയില്ലാതെ ജീവിതം നയിക്കുക സ്ത്രീകൾക്ക് അസാദ്ധ്യമായ കാര്യമായിരുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ അവകാശവും സംരക്ഷണവും സംബന്ധിച്ച് ധാരാളം ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. കേവലം വാക്കുകൊണ്ടുമാത്രം ഭാര്യയെ ഉപേക്ഷിച്ചിരുന്ന ഭർത്താവ് ചിലപ്പോഴൊക്കെ മനസ്സുമാറി അവളെ തിരികെ സ്വീകരിച്ചിരുന്നു. അതിനാൽ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. കഠിന ഹൃദയരായ മനുഷ്യരുടെ സ്വാർത്ഥതമൂലം ദുരിതങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെക്കണ്ട് മനസ്സുരുകിയ മോശയാണ് ഭാര്യയെ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി അവൾക്കു ഉപേക്ഷാപത്രം നൽകണം എന്ന് കല്പിച്ചത്. ഇങ്ങനെ ഉപേക്ഷാപത്രം ലഭിച്ച സ്ത്രീകൾ പരിപൂർണ്ണസ്വതന്ത്രരായി ഗണിക്കപെട്ടിരുന്നു; അവരെ വീണ്ടും വിവാഹം ചെയ്യുന്നവരെ നിയമം ലംഘിക്കുന്നവരായി കരുതിയിരുന്നില്ല. 

ഭാര്യയെ ഉപേക്ഷിക്കാൻ അനുവാദം നൽകുകയല്ല മോശ ഉപേക്ഷാപത്രത്തിലൂടെ ചെയ്തത്. ഭാര്യയെ ഉപേക്ഷിക്കുന്നവൻ ആ സ്ത്രീ പുതിയൊരു ജീവിതം നയിക്കുന്നതിന് തടസ്സമാകാൻ പാടില്ല എന്നാണു ഉപേക്ഷാപത്രത്തിലൂടെ മോശ വിവക്ഷിച്ചത്‌. എന്നാൽ കാലക്രമേണ, മറ്റേതൊരു പ്രമാണവുംപോലെ ഉപേക്ഷാപത്രത്തെയും മനുഷ്യൻ വളച്ചൊടിക്കുകയും, ഭാര്യയെ ഉപേക്ഷിക്കുവാനുള്ള അധികാരമായി അതിനെ കാണുകയും ചെയ്തു. ദൈവം കൂട്ടിചേർത്തതു മനുഷ്യൻ വേർപെടുത്തുന്ന സംസ്കാരത്തോടാണ് ഈശോ ഇന്നത്തെ വചനത്തിലൂടെ സംസാരിക്കുന്നത്. ദാന്പത്യജീവിതത്തിലെ അവിശ്വസ്തത നീക്കിയാൽ, മറ്റൊന്നുകൊണ്ടും ഒരു പുരുഷനും തന്റെ ഭാര്യയെ ഉപേക്ഷിച്ചുകൂടാ എന്ന് വളരെ വ്യക്തമായ ഭാഷയിൽ തന്റെ ശ്രോതാക്കൾക്ക് മുന്നറിപ്പ് നൽകുകയാണ് ഈശോ. ദൈവം കൂട്ടിയോജിപ്പിച്ച ഭാര്യാഭർതൃബന്ധം മനുഷ്യരുടെ ആസക്തികളുടെയും സ്വാർത്ഥതയുടെയും ഫലമായുള്ള വിവാഹമോചനത്തിലൂടെ അവസാനിക്കുന്നില്ല - മരണത്തിൽ മാത്രം അവസാനിക്കുന്നതാണ് വിവാഹ ഉടന്പടി. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ മനുഷ്യരുടെ കാഴ്ചപ്പാടിൽ മറ്റു വിവാഹം കഴിക്കാൻ സ്വാതത്ര്യം ലഭിച്ചവൾ ആണെങ്കിലും, പുനർവിവാഹത്തിലൂടെ ദൈവത്തിനു മുന്പിൽ അവൾ വ്യഭിചാരിണിയായി ഗണിക്കപ്പെടും എന്നാണു ഈശോ താക്കീത് ചെയ്യുന്നത്. അവളെ വ്യഭിചാരിണിയാക്കിയെന്ന കുറ്റം അവളുടെ ഭർത്താവിന്റെമേലും ആരോപിക്കപ്പെടും. 

ഭാര്യാഭർതൃബന്ധത്തിന് ദൈവം എത്രമാത്രം വിലകല്പ്പിക്കുന്നുണ്ട് എന്ന് ഈശോയുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. ദാന്പത്യജീവിതത്തിന്റെ ഉറപ്പും മാന്യതയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശോഭനമായ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങൾ സാന്മാർഗ്ഗികതയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത് അവരുടെ കുടുംബത്തിൽ നിന്നുമാണ്. ദാന്പത്യജീവിതത്തിൽ വിള്ളലുകൾ ഉണ്ടാകുന്പോൾ കുടുംബം ദുഷിക്കുകയും, സമൂഹത്തെ അത് മലിനമാക്കുകയും ചെയ്യുന്നു. പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ, അത് അവിശ്വസ്തത ആണെങ്കിൽപോലും, രമ്യതപ്പെടാനാണ് ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. ജറെമിയാ പ്രവാചകനിലൂടെ ദൈവം, വ്യാജദൈവങ്ങളെ ആരാധിച്ച ഇസ്രായേലിനെ അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ട ഭാര്യയോട് ഉപമിക്കുന്നുണ്ട്‌. അതെല്ലാം ചെയ്തതിനു ശേഷവും അനുതാപത്തോടെ അവൾ തന്റെ അരികിൽ തിരിച്ചെത്തുമെന്ന് കരുതുന്ന ഭർത്താവായാണ് ഇവിടെ ദൈവം സ്വയം വെളിപ്പെടുത്തുന്നത് (cf. ജറെമിയാ 3). നമ്മുടെ ഏതു അകൃത്യങ്ങളും ക്ഷമിക്കുന്ന ദൈവം, അങ്ങിനെതന്നെ ചെയ്യാൻ നമ്മോടും ആവശ്യപ്പെടുന്നു. കെട്ടുറപ്പുള്ള ഭാര്യാഭർതൃബന്ധങ്ങളിലൂടെ ദൈവത്തിന്റെ സമാധാനവും സന്തോഷവും കുടുംബങ്ങളിലും സമൂഹങ്ങളിലും നിറയുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സ്നേഹപിതാവേ, അങ്ങ് ഞങ്ങളെ അങ്ങയുടെ സാദൃശ്യത്തിൽ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും, മഹനീയമായ കൂദാശയിലൂടെ ഞങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തതിനെ ഓർത്തു ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ എല്ലാ ദാന്പത്യബന്ധങ്ങളെയും വിശുദ്ധീകരിക്കുകയും, നിർമ്മലമായ അവിടുത്തെ സ്നേഹത്താൽ നിറയ്ക്കുകയും ചെയ്യണമേ. പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ പരസ്പരം പൊരുതാതെ, ഒന്നുചേർന്ന് അവയെ നേരിടുവാനും, വേദനകളിൽ പരസ്പരം ആശ്വാസമാകുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!