പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ

"അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ നിങ്ങൾക്കെന്തു പ്രതിഫലമാണ് ലഭിക്കുക? ചുങ്കക്കാർപോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങൾ അഭിവാദനം ചെയ്യുന്നുള്ളൂവെങ്കിൽ വിശേഷവിധിയായി എന്താണു നിങ്ങൾ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ." (മത്തായി 5:43-48)

വിചിന്തനം 
എന്താണ് ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി നൽകുന്ന സ്നേഹമെന്ന കൃപയാണ് ഒരു ക്രൈസ്തവന്റെയും, അതുവഴി ക്രിസ്തുമതത്തിന്റെയും, മുഖമുദ്ര. മറ്റുള്ളവർ അർഹിക്കുന്നതു പോലെ അവരോട് ഇടപഴകാതെ, ദൈവം ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും കാണാൻ ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ അവിടുത്തെ ശ്രോതാക്കളോട് ആവശ്യപ്പെടുകയാണ്. യേശുവിന്റെ ഈ വാക്കുകൾ അവിടുത്തെ കേൾവിക്കാരെ തീർച്ചയായും ഞെട്ടിച്ചിരിക്കണം. കാരണം, സ്നേഹത്തിനു ഒട്ടേറെ പരിമിതികൾ സൃഷ്ടിക്കുകയും, സ്നേഹിതരെക്കാളധികം ശത്രുക്കളെ സൃഷ്ടിക്കാൻ ഉത്സാഹിക്കുകയും ചെയ്തിരുന്ന ഒരു സംസ്കാരമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. അയൽക്കാരനെ സ്നേഹിക്കണം (cf. ലേവ്യർ 19:18) എന്ന ദൈവകല്പ്ന അനുസരിച്ച് ഒരാൾ തന്റെ അയൽക്കാരനെ തന്നെപ്പോലെ തന്നെ കരുതി സ്നേഹിക്കാൻ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ, ആ സ്നേഹത്തിന്റെ ഭാഗമായി തനിക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും അയാൾ കടപ്പെട്ടിരുന്നു. എന്നാൽ, ദുരാഗ്രഹവും സ്വാർത്ഥതയും നിറഞ്ഞ മനുഷ്യർ ഇതിനു കണ്ടുപിടിച്ച പോംവഴി ആരാണ് അയൽകാരൻ എന്ന് നിർവചിക്കുകയായിരുന്നു. തനിക്കേറ്റവും ഉപകരിക്കുന്ന സ്വന്തം സമുദായത്തിൽപെട്ടവരെ മാത്രം അയൽക്കാരൻ എന്ന പദംകൊണ്ട് വിശേഷിപ്പിച്ച മനുഷ്യൻ, തനിക്ക് എന്തെങ്കിലും അസൌകര്യം സൃഷ്ടിക്കുന്നവരെയെല്ലാം ശത്രുവായികണ്ട് നേരിട്ടു. മാത്രവുമല്ല, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ശത്രുക്കളെ ദൈവത്തിന്റെതന്നെ ശത്രുവായി കരുതി ഉന്മൂലനം ചെയ്യുകയും അവരുടെ വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തിരുന്ന ഒരു സമൂഹത്തോടാണ് "ശത്രുക്കളെ സ്നേഹിക്കുവിൻ" എന്ന് ഈശോ പറഞ്ഞത്.

സ്നേഹത്തെക്കുറിച്ചും അയൽക്കാരനെക്കുറിച്ചുമുള്ള പ്രാകൃതമായ ചിന്താധാരകളിൽനിന്നും ബഹുദൂരം നമ്മൾ മുന്നേറിക്കഴിഞ്ഞു. എങ്കിലും, കാലത്തിന്റെ സീമകൾക്ക് അതീതമായതാണ് മറ്റേതുംപോലെ യേശുവിന്റെ ഈ പ്രബോധനവും. സംഘം ചേർന്ന് ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നില്ലെങ്കിൽപോലും, അനുകൂലിക്കുന്നവരെ സ്നേഹിക്കാനും സഹായിക്കാനും, എതിർക്കുന്നവരെ തള്ളിപ്പറയാനും താഴ്ത്തിക്കെട്ടാനും വ്യഗ്രത കാണിക്കുന്നവരാണ് നാമെല്ലാവരും. യാതൊന്നും തിരിച്ചു ലഭിക്കാത്ത അവസരങ്ങളിൽ, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ നമ്മൾ ശ്രമിക്കാറുമുണ്ട്. ലൗകീകമായ പ്രതിഫലം ഒന്നും ലഭിച്ചില്ലെങ്കിൽ പോലും, ആത്മീയമായ എന്തെങ്കിലും പ്രയോജനം ലഭിച്ചേക്കും എന്നുള്ള ചിന്തയാണ് പലപ്പോഴും സൽപ്രവർത്തികളും ദാനധർമ്മങ്ങളും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ദൈവം കണക്കുതീർത്തോളും എന്ന് ആശ്വസിച്ച് നമ്മെ പീഡിപ്പിക്കുന്നവരോട് ക്ഷമിക്കുന്ന ബുദ്ധിമോശവും നമ്മിലുണ്ട്. നമ്മുടെ ദൈവം പ്രതികാരം ചെയ്യുന്ന ദൈവമല്ലെന്നും, നമ്മുടെ തെറ്റുകൾ നമ്മോടു ക്ഷമിക്കുന്ന ദൈവം, നമ്മൾ ക്ഷമിക്കുന്നതിനു മുന്പുതന്നെ നമ്മുടെ ശത്രുവിനോടും ക്ഷമിച്ചുവെന്ന് മനസ്സിലാക്കാൻ നമുക്കെന്തേ കഴിയാതെ പോകുന്നു? 

ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുവാനും സ്നേഹിക്കുവാനും തീർച്ചയായും ജഡത്തിന്റെ പരിമിതികളുള്ള മനുഷ്യന് ബുദ്ധിമുട്ടാണ്.  അതുകൊണ്ട്, ശത്രുത നേരിടേണ്ടി വരുന്ന അവസരങ്ങളിൽ നമ്മൾ എന്തുചെയ്യണം എന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു. പകയുടെയും പ്രതികാരത്തിന്റെയും കെട്ടുകളെ തകർക്കാനും, തിന്മയുടെ സ്വാധീനങ്ങളെ തകർത്ത് നന്മയ്ക്ക് വിജയം നൽകുവാനും ദൈവത്തിനാകും. നമ്മിലെ വ്യസനങ്ങളെയും, മുറിവുകളെയും, ഭയങ്ങളെയും, മുൻവിധികളെയും ഉണക്കാൻ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്ന ദൈവസ്നേഹത്തിനാകും. നമ്മിലെ വെറുപ്പും വിദ്വേഷവും സുഖപ്പെടുത്തി, നിസ്വാർത്ഥമായ ഒരു ഹൃദയം നമ്മിൽ സൃഷ്ടിക്കാൻ, മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന നമ്മെ സഹായിക്കുന്നു. "നിങ്ങളെ പീഡിപ്പികുന്നവരെ അനുഗ്രഹിക്കുവിൻ; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്" (റോമാ 12:14). ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിച്ച്, ദൈവത്തെപ്പോലെ പരിപൂർണ്ണനാകുവാനാണ് ഈശോ നമ്മെ ഓരോരുത്തരെയും വിളിക്കുന്നത്‌. നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും ദാനമായി നൽകുന്നുണ്ട്. സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യരായി രൂപാന്തരപ്പെട്ട് പരിപൂർണ്ണമായവയെ വിവേചിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, വ്യവസ്ഥകളില്ലാത്ത അങ്ങയുടെ സ്നേഹത്തെപ്രതി ഞാൻ അങ്ങയോട് നന്ദി പറയുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച്, ദൈവസ്നേഹത്താൽ എന്നെ ജ്വലിപ്പിക്കണമേ. ഈ ലോകത്തുള്ള ഒന്നും എന്നിലെ സമാധാനത്തെയും സന്തോഷത്തേയും എടുത്തുമാറ്റി, എല്ലാറ്റിലുമുപരിയായി അങ്ങയെയും എന്നെപ്പോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കുന്നതിനു തടസ്സമാകാതിരിക്കട്ടെ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്