നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും

"മറ്റുള്ളവരെ കാണിക്കാൻവേണ്ടി അവരുടെ മുന്പിൽവച്ച് നിങ്ങളുടെ സൽക്കർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മറ്റുള്ളവരിൽനിന്നും പ്രശംസ ലഭിക്കാൻ കപട നാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുന്പോൾ നിന്റെ മുന്പിൽ കാഹളം മുഴക്കരുത്‌. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ധർമ്മദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും." (മത്തായി 6:1-4)

വിചിന്തനം 
യഹൂദർ മതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ തന്റെ ശിഷ്യരെ ദൈവത്തിനു പ്രീതികരമായവിധം ധർമ്മദാനം നിർവഹിക്കാൻ പഠിപ്പിക്കുകയാണ്. യഹൂദർ ധർമ്മം കൊടുക്കുന്നതിനെ  ദേവാലയത്തിൽ ബലി അർപ്പിക്കുന്നതിലും വലിയ സത്കൃത്യമായി കണക്കാക്കിയിരുന്നു. അതിനാൽ, കൂടുതൽ സംഭാവനകൾ നല്കുന്നവരെ കൂടുതൽ നീതിമാന്മാരായും ദൈവത്തിനു പ്രിയപ്പെട്ടവരായും ജനം പരിഗണിച്ചിരുന്നു. അതിനാൽ, ജനത്തിനിടയിൽ നീതിമാനായി അറിയപ്പെടാൻ ആഗ്രഹിക്കുനവരെല്ലാം ദാനധർമ്മങ്ങൾ ചെയ്യുന്പോൾ ഏതെങ്കിലും വിധത്തിൽ അത് മറ്റുള്ളവരെ കാണിക്കാൻ പരിശ്രമിച്ചിരുന്നു. ഇതറിയാവുന്ന ചില ഭിക്ഷക്കാർ തങ്ങളുടെ കൈവശം ഒരു കാഹളം കരുതുന്നത് പതിവായിരുന്നു. ആരെങ്കിലും അവർക്ക് ഭിക്ഷ നല്കുന്പോൾ അവർ ഉറക്കെ കാഹളം മുഴക്കി മറ്റുള്ളവരുടെ ശ്രദ്ധ അങ്ങോട്ട്‌ ആകർഷിക്കുമായിരുന്നു. തങ്ങൾ കൊടുക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ ഇതുകൂടാതെ വേറെ പലവഴികളും അവർ കണ്ടെത്തിയിരുന്നു. എന്നാൽ, അവർ ചെയ്യുന്നത് ഒരു സൽക്കർമ്മം ആണെങ്കിൽ പോലും അതു ചെയ്യുന്ന രീതിയും, ചെയ്യുന്നവരുടെ ഉദ്ദേശവും തെറ്റായതിനാൽ, ആ പ്രവർത്തിക്ക് ദൈവസന്നിധിയിൽ യാതൊരു വിലയും ഉണ്ടാവില്ല എന്നാണു ഈശോ ശിഷ്യർക്ക് നൽകുന്ന പ്രബോധനം.

പൊങ്ങച്ചം വളരെപ്പെട്ടെന്നു നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നു. കാരണം, ലോകത്തിന്റെ പ്രശംസ നേടിയെടുക്കാൻ നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ ദൈവത്തിനു യാതൊരു സ്ഥാനവും ഇല്ല. ഇവിടെ ദുഖകരമായ വസ്തുത, പൊങ്ങച്ചക്കാർ സാധാരണ ചെയ്യുന്നതെല്ലാം സൽപ്രവർത്തികളാണ് എന്നുള്ളതാണ്; മറ്റുള്ളവരെ സഹായിക്കുന്പോൾ, തങ്ങൾ അംഗീകരിക്കപ്പെടണം എന്നല്ലാതെ, മറ്റു യാതൊരു നിബന്ധനകളോ ദുരുദ്ദേശങ്ങളോ അവർ മനസ്സിൽ വയ്ക്കാറില്ല എന്നതാണ്. എന്നിട്ടും ദൈവസന്നിധിയിൽ അവരുടെ പ്രവർത്തികൾ നിരാകരിക്കപ്പെടുന്നു. കാരണം, ദൈവമഹത്വമല്ല അവർ കാംക്ഷിക്കുന്നത് - അവരുടെ തന്നെ പേരും പെരുമയുമാണ്‌. ജീവിതത്തിൽ നിരവധിയായ സൽക്കർമ്മങ്ങൾ ചെയ്യുന്നവരാണ് നാമെല്ലാവരും. നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള കൃതജ്ഞതാ സൂചകമായാണോ നമ്മൾ നമ്മുടെ അയൽക്കാരനെ സഹായിക്കുന്നത്? അതോ, ആ പ്രവൃത്തിയിലൂടെ ലഭിക്കുന്ന അംഗീകാരത്തിനും  ആത്മപ്രശംസയ്ക്കും വേണ്ടിയോ?

പൊങ്ങച്ചക്കാർക്ക് അവരുടെ പ്രവൃത്തിയിലെ കേവല പ്രകടനാത്മകതയും, സ്വഭാവത്തിലെ കാപട്യവും, വാക്കുകളിലെ വീമ്പും എളുപ്പം തിരിച്ചറിയാൻ സാധിച്ചു എന്നു വരികയില്ല. അതിനാൽ, പലരും അവരുടെ ദൌർബല്യത്തെ മുതലെടുത്ത്‌ അവരെക്കൊണ്ടു വലിയ സംഭാവനകൾ നല്ല കാര്യങ്ങൾക്കായി കൊടുപ്പിക്കാറുമുണ്ട്. നന്മ മുൻപിൽക്കണ്ടാണ് ഇങ്ങനെ പ്രവർത്തിക്കുന്നതെങ്കിലും, മറ്റുള്ളവരുടെ ദൌർബല്യത്തെ ചൂഷണം ചെയ്യുകയും അവരിലെ പാപാവസ്ഥയെ ഊട്ടിവളർത്തുകയും ചെയ്യുമെന്നതിനാൽ, ആ പ്രവണതയേയും നിരുൽസാഹപ്പെടുത്തേണ്ടതാണ്. ദൈവത്തിനു മുൻപിൽ ഒരിക്കലും നമ്മുടെ ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കുന്നില്ല.  

ധർമ്മദാനം ആവശ്യമായി വരുന്ന അവസരങ്ങളിൽ, മറ്റുള്ളവർ അറിയുമോ എന്ന ഭയംകൊണ്ട് അത് ചെയ്യരുത് എന്നല്ല ഈശോ നമ്മോട് പറയുന്നത്. നമ്മൾ ചെയ്യുന്ന ധർമ്മദാനം നമ്മൾ രഹസ്യമാക്കി വയ്ക്കേണ്ടത് നമ്മോടു തന്നെയാണ് - അഹങ്കരിക്കാനും ആത്മപ്രശംസ ചെയ്യാനുമുള്ള നമ്മിലെ പാപത്തിന്റെ പ്രേരണയിൽ നിന്നുമാണ് നാമത് രഹസ്യമായി സൂക്ഷിക്കേണ്ടത്. മറ്റുള്ളവർ പ്രശംസിച്ചേക്കുമോ എന്നു ഭയന്നു അന്യരെ സഹായിക്കാനുള്ള അവസരങ്ങൾ നാമൊരിക്കലും പാഴാക്കി കളയാൻ പാടില്ല. മറ്റുള്ളവരുടെ പ്രശംസ ആത്മപ്രശംസയായി മാറാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നു മാത്രം. ആത്മസംതൃപ്തിയോ, ദൈവത്തിനു പ്രിയപ്പെട്ടവൻ എന്ന് മറ്റുള്ളവരെകൊണ്ട് പറയിക്കുകയോ ആയിരിക്കരുത് നമ്മുടെ മതാനുഷ്ടാനങ്ങൾക്കു പിന്നിലുള്ള പ്രേരകശക്തി. ദൈവത്തോടുള്ള സ്നേഹവും ആദരവും ഭക്തിയും അനുസരണവും പ്രകടിപ്പിക്കാനുള്ള അവസരങ്ങളായിരിക്കണം അവ. അപ്പോൾ, നമ്മുടെ ഹൃദയവിചാരങ്ങൾ വിവേചിച്ചറിയുന്ന ദൈവം നമുക്ക് പ്രതിഫലം നൽകും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവിനാൽ നിറഞ്ഞു ദൈവത്തെ പ്രീതിപ്പെടുത്തുന്നവരാകാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം. 

കർത്താവേ, നല്ലതു ചെയ്യുന്പോഴും തിന്മ നിരൂപിക്കുന്ന ഞങ്ങളിലെ പാപത്തെ ഓർത്തു മാപ്പപേക്ഷിക്കുന്നു. ലോകത്തിന്റെ സംപ്രീതി ആഗ്രഹിക്കാതെ അങ്ങയുടെ ഹിതം അനുവർത്തിക്കുന്നവരാകാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ നൽകേണമേ. ഞങ്ങളുടെ മധ്യസ്ഥനും മാർഗ്ഗവുമായ പരിശുദ്ധാത്മാവേ, തെറ്റായ ഞങ്ങളുടെ വഴികൾ നേരെയാക്കി, സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയേ ഞങ്ങളെ കൈപിടിച്ചു നടത്തണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്