ദൈവത്തിന്റെ കൃപാവരത്തിനായുള്ള യാചനകൾ

"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ." 
(മത്തായി 6:11-13)

വിചിന്തനം 
പിതാവായ ദൈവത്തെ ലോകമെങ്ങുമുള്ള ജനങ്ങൾ ആരാധിക്കുകയും സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യണം എന്ന പുത്രനായ ദൈവത്തിന്റെ ആഗ്രഹമാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ അല്ലെങ്കിൽ കർതൃപ്രാർത്ഥനയിലൂടെ ഈശോ വെളിപ്പെടുത്തുന്നത്. ഏഴു യാചനകൾ അല്ലെങ്കിൽ സ്തുതിപ്പുകളായിട്ടാണ് ദൈവാത്മാവ് ഈ പ്രാർത്ഥനയിലൂടെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നത്. ഇവയിൽ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു (പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന). അവസാനത്തെ നാലെണ്ണം നമ്മുടെ ദുരിതങ്ങളെയും ദൌർബല്യങ്ങളെയും അവിടുത്തെ കൃപാവരത്തിനു സമർപ്പിച്ചുകൊണ്ടുള്ള യാചനകളാണ്. കരുണാമയനായ പിതാവിന്റെ പരിപാലന പ്രതീക്ഷിച്ചുകൊണ്ട് നമ്മൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ പൂരിതമാകുന്നതിനാണ് ദൈവത്തിന്റെ "നാമം പൂജിതമാകണം", "രാജ്യം വരണം", "തിരുമനസ്സ് നിറവേറണം" എന്ന് നമ്മൾ ആദ്യമേതന്നെ പ്രാർത്ഥിക്കുന്നത്. നാലും അഞ്ചും യാചനകളിലൂടെ നമ്മുടെ ജീവിതത്തെ പരിപോഷിപ്പികണമേയെന്നും പാപത്തിൽനിന്നും സുഖപ്പെടുത്തണമേ എന്നും നമ്മൾ പ്രാർത്ഥിക്കുന്നു. അവസാനത്തെ രണ്ടെണ്ണം ജീവിതവിജയത്തിനു ആവശ്യമായ കൃപ യാചിച്ചുകൊണ്ടുള്ളതാണ്. 

"അന്നന്നു വേണ്ടുന്ന ആഹാരം"
എല്ലാം പിതാവിൽനിന്നു പ്രതീക്ഷിക്കുന്ന മക്കളുടെ ആശ്രയബോധമാണ് ഈ യാചനയിൽ വെളിപ്പെടുന്നത്. നമുക്ക് ജീവൻ നൽകുന്ന പിതാവ് തന്നെയാണ് നമുക്കാവശ്യമായ എല്ലാ ഭൌമീകവും അധ്യാത്മികവുമായ എല്ലാ നന്മകളുടെയും ഉറവിടം. എന്നാൽ, എല്ലാം ദൈവം തരട്ടെ എന്നു പറഞ്ഞ് അലസരായി ഇരിക്കാനുള്ള ഒരു ആഹ്വാനമല്ല ഈ പ്രാർത്ഥന. "എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ പ്രാർത്ഥിക്കുക. എല്ലാം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ അധ്വാനിക്കുക", എന്ന് വി. ഇഗ്നേഷിയസ് ലയോള നമ്മെ ഓർമിപ്പിക്കുന്നു. നാം നമ്മുടെ ജോലി ചെയ്തു കഴിഞ്ഞാലും ആഹാരം പിതാവിന്റെ ദാനമാണ്. ഭൌമീകമായ ആഹാരത്തോടൊപ്പം, നിത്യജീവന്റെ അപ്പത്തിനുവേണ്ടിയുള്ള അടങ്ങാത്ത വിശപ്പിനേയും ഈ പ്രാർത്ഥന ലക്ഷ്യമിടുന്നുണ്ട്. "സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗത്തിലെ മക്കളെപ്പോലെ സ്വർഗീയ അപ്പം യാചിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. കന്യകയിൽ വിതയ്ക്കപ്പെട്ട്, ശരീരത്തിൽ വളർന്ന്, സഹനത്തിൽ പാകപ്പെട്ട്, കബറിടത്തിന്റെ അടുപ്പിൽ ചുട്ടെടുത്ത്, അൾത്താരകളിൽ കൊണ്ടുവരപ്പെടുന്ന, സ്വർഗ്ഗതിൽനിന്ന് എല്ലാ ദിവസവും വിശ്വാസികൾക്ക് വിളന്പപ്പെടുന്ന അപ്പം ക്രിസ്തു തന്നെയാണ്" (വി. പീറ്റർ ക്രിസോലോഗസ്).

"ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ" 
നിരന്തരം പാപത്തിൽ വീഴുകയും ദൈവത്തിൽനിന്നകലുകയും ചെയ്യുന്ന നമ്മുടെ അകൃത്യങ്ങൾക്ക്‌ പരിഹാരമായാണ് ക്രിസ്തു സ്വയം ബലിയായി നല്കിയത്. ക്രിസ്തുവിലൂടെയാണ് നമുക്ക് രക്ഷയും പാപപ്പൊറുതിയും. അതുകൊണ്ടുതന്നെ, ധീരമായ ആത്മവിശ്വാസത്തോടെ നമ്മുടെ പിതാവിനോട് പാപമോചനത്തിനായി നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. എന്നാൽ, ഈ യാചനയുടെ ആദ്യഭാഗം നമ്മിൽ ആശ്ചര്യവും ഭയവും ജനിപ്പിക്കാൻ ഉതകുന്ന ഒന്നാണ്. നമുക്കെതിരേ തെറ്റു ചെയ്തിട്ടുള്ളവരോട് നമ്മൾ ക്ഷമിച്ചില്ലെങ്കിൽ ദൈവത്തിന്റെ കരുണ നമ്മുടെ ഹൃദയത്തിലേക്ക് എത്തിച്ചേരില്ല. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല" (1 യോഹന്നാൻ 4;20). നമ്മുടെ സഹോദരന്മാരോടും സഹോദരിമാരോടും ക്ഷമിക്കാൻ നമ്മൾ വിസമ്മതിക്കുന്പോൾ നമ്മുടെ ഹൃദയം അടയ്ക്കപ്പെടുകയും അതിന്റെ കാഠിന്യം പിതാവിന്റെ അനുകന്പാർദ്രമായ സ്നേഹത്തിനു പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. 

"പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ"
പ്രലോഭനങ്ങൾ, നാം ആത്മാവിൽ സ്വീകരിച്ചിട്ടുള്ളതും, എന്നാൽ നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നതുമായ പാപത്തിന്റെ സ്വാധീനം നമുക്ക് വെളിപ്പെടുത്തിതരുന്നു. ഈ വെളിപാട് നമ്മുടെ പാപമാർഗ്ഗങ്ങളെ തിരിച്ചറിഞ്ഞ് അവയിൽനിന്നും മോചനം നേടാനുള്ള തീരുമാനം എടുക്കാൻ നമ്മെ സഹായിക്കുന്നു. "തിന്മയാൽ ദൈവം പ്രലോഭിതനാകുന്നില്ല, അവിടുന്ന് ആരെയും പ്രലോഭിപ്പിക്കുന്നുമില്ല" (യാക്കോബ് 1:13), മറിച്ച് നമ്മെ തിന്മയിൽനിന്നും സ്വതന്ത്രരാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. പ്രലോഭനങ്ങൾക്ക് സമ്മതം നല്കുന്പോഴാണ് നമ്മൾ പാപത്തിനു നമ്മുടെ ജീവിതത്തിൽ ഇടം നൽകുന്നത്. അതിനാൽ, പാപത്തിലേക്ക് നയിക്കുന്ന വഴിയിൽ പ്രവേശിക്കാൻ അനുവദിക്കരുതേ എന്നു നമ്മൾ ഈ യാചനയിലൂടെ പ്രാർത്ഥിക്കുന്നു. 

"തിന്മയിൽനിന്നു രക്ഷിക്കണമേ"
ഈ യാചനയിലൂടെ തിന്മ ഒരു സാമാന്യസങ്കല്പത്തിന്റെ പരിവേഷം ഉപേക്ഷിച്ച് ഒരു വ്യക്തിയുടെ രൂപഭാവങ്ങൾ സ്വീകരിക്കുകയാണ്. ദൈവത്തിന്റെ പദ്ധതിയുടെയും ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകരപ്രവർത്തനത്തിന്റെയും മുൻപിൽ പ്രതിബന്ധമായി നിൽക്കുന്ന പിശാചിൽനിന്നും രക്ഷിക്കണമേ എന്നാണ് ഈ യാചനയിലൂടെ നമ്മൾ അപേക്ഷിക്കുന്നത്. നമ്മുടെ തെറ്റുകൾ ക്ഷമിക്കുകയും പാപങ്ങൾ എടുത്തു കളയുകയും ചെയ്യുന്ന ദൈവത്തിനു മാത്രമേ നമ്മെ പിശാചിൽനിന്നും അവന്റെ കുതന്ത്രങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. സാത്താൻ വഴി നേരിട്ടും അവന്റെ പ്രചോദനം വഴിയും ഉണ്ടാകുന്ന വർത്തമാന, ഭൂത, ഭാവി കാലങ്ങളിലെ എല്ലാ തിന്മകളിൽനിന്നും രക്ഷിക്കണമേ എന്നുള്ള ഈ അവസാനത്തെ യാചനയിലൂടെ തിരുസഭ ലോകത്തിന്റെ എല്ലാ യാതനകളെയും പിതാവിനു സമർപ്പിക്കുന്നു. 

കർതൃപ്രാർത്ഥന, ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറഞ്ഞിരിക്കുന്ന ദൈവജനമാണ് നാമെന്ന ഉൾക്കാഴ്ച നമുക്ക് തരുകയും, അത് ഏറ്റുപറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. "ഞങ്ങളുടെ പിതാവേ" എന്നു വിളിച്ചുകൊണ്ട്, "ഞങ്ങൾ"ക്കുവേണ്ടി യാചിക്കുന്ന ഈ പ്രാർത്ഥനയിലൂടെ ഒരു വ്യക്തിയുടെ മാത്രം ആവശ്യങ്ങളല്ല പിതാവിനു മുന്പാകെ സമർപ്പിക്കപ്പെടുന്നത്.മാമ്മോദീസ സ്വീകരിച്ചവർ "ഞങ്ങളുടെ" പിതാവിനോടു പ്രാർത്ഥിക്കുന്പോൾ, അവിടുന്ന് ആർക്കുവേണ്ടി അവിടുത്തെ പ്രിയപുത്രനെ കൊടുത്തുവോ, അവരെയൊക്കെ അവിടുത്തെ മുൻപിൽ കൊണ്ടുവരാതെ, ആർക്കും ഈ പ്രാർത്ഥന ഫലപ്രദമായി ചൊല്ലാനാവില്ല. ദൈവസ്നേഹത്തിനു അതിരുകളില്ലാത്തതുപോലെ നമ്മുടെ പ്രാർത്ഥനയ്ക്കും അതിർത്തികൾ ഉണ്ടാകാൻ പാടില്ല. സ്വാർത്ഥത വെടിഞ്ഞ്, സർവലോകത്തിനുമായി പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി യാചിക്കാം.  

അറിവിന്റെയും ദൈവഭക്തിയുടെയും സ്രോതസ്സായ പരിശുദ്ധാത്മാവേ, "ആബാ, പിതാവേ" എന്നു വിളിക്കാൻ എന്നെ പഠിപ്പിക്കണമേ. ദൈവത്തിന്റെ നിഗൂഡ രഹസ്യങ്ങൾ വെളിപ്പെടുത്തി തന്ന്, ദൈവപരിപാലനയിൽ പ്രത്യാശ വയ്ക്കാൻ എന്നെ സഹായിക്കണമേ. കൂദാശകളിലൂടെ എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ, പ്രലോഭനങ്ങളെ ചെറുത്തുനിന്ന് സാത്താന്റെ കെണിയിൽനിന്നും രക്ഷ നേടുവാൻ എന്നെ ശക്തിപ്പെടുത്തണമേ. ആമ്മേൻ.

ഒന്നാം ഭാഗം - പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന 
(ആധാരം: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്