മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ....
"മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല." (മത്തായി 6:14-15)
വിചിന്തനം
കർതൃപ്രാർത്ഥനയിലെ എല്ലാ യാചനകളും ഒന്നുപോലെതന്നെ പ്രധാനപ്പെട്ടതാണെങ്കിലും, ഈശോ അഞ്ചാമത്തെ യാചന ഒരിക്കൽകൂടി എടുത്തു പറയുകവഴി, ഇന്നത്തെ വചനഭാഗത്തിലൂടെ, മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നതിനു ദൈവം എത്രയധികം പ്രാധാന്യം കല്പിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് . ദൈവത്തിന്റെ കരുണയാണ് നമ്മുടെ തെറ്റുകൾ ക്ഷമിച്ചു നമ്മെ സ്വർഗ്ഗീയ സൌഭാഗ്യത്തിനു അർഹരാക്കുന്നത്. എന്നാൽ, നമ്മുടെ സജീവമായ സഹകരണം ഇല്ലെങ്കിൽ ദൈവത്തിനു നമ്മെ രക്ഷിക്കാനാവില്ല എന്ന വസ്തുതയും ഈ വചനത്തിലൂടെ വെളിപ്പെടുന്നുണ്ട്. ഇത് ദൈവത്തിന്റെ ശക്തിയുടെ പോരായ്മ ആയിട്ടല്ല നമ്മൾ കണക്കാക്കേണ്ടത് - നമ്മുടെ സ്വാതന്ത്ര്യത്തിനു ദൈവം എത്രമാത്രം വിലകല്പിക്കുന്നു എന്നാണ്. ഇതിനെക്കുറിച്ച് വിശുദ്ധ ആഗസ്തീനോസ് ഇപ്രകാരം പറയുന്നു, "നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുന്നില്ല". എന്നിരിക്കിലും, മനുഷ്യരായ നമ്മൾ ഏറ്റവും അധികം പരാജയപ്പെടുന്ന ഒരു മേഖലയാണ് ക്ഷമയുടേത്. വ്യവസ്ഥകളില്ലാതെ ക്ഷമിക്കുക എന്നത് പലപ്പോഴും നമ്മുടെ ഗ്രാഹ്യശക്തിക്ക് അതീതമായ ഒരു ആശയമാണ്.
എന്തു ചെയ്താലും അവയിലൂടെയെല്ലാം നമുക്കെന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകണം എന്ന കച്ചവടമനസ്ഥിതി ഈ ലോകത്തിന്റെതന്നെ ഒരു ഭാഗമാണ്. പ്രവർത്തിക്കനുസൃതമായ പ്രതിഫലത്തിൽ വിശ്വസിക്കുന്ന നമ്മൾ, നമുക്കെതിരെ തെറ്റു ചെയ്യുന്നവർ നമ്മിൽനിന്നും നേരിട്ടോ അല്ലെങ്കിൽ മറ്റൊരു വിധത്തിലോ അവരുടെ തെറ്റിന് ശിക്ഷിക്കപ്പെടണം എന്ന സ്വാഭാവിക ആഗ്രഹത്തിന്റെ അടിമകളാണ്. അതുകൊണ്ടുതന്നെ "ആ വ്യക്തി ക്ഷമ അർഹിക്കുന്നില്ല" എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് സാധിക്കുന്നു. പക്ഷേ, ഈ പ്രസ്താവനയിലൂടെ നമ്മൾ അവഗണിക്കുന്ന കാര്യം, ഒരു തെറ്റിനും ആരും ക്ഷമ അർഹിക്കുന്നില്ല എന്നതാണ്. വിശന്നു നിലവിളിക്കുന്ന കുഞ്ഞിനു കൊടുക്കാൻ ഒരു റൊട്ടിക്കഷണം മോഷ്ടിക്കുന്ന അമ്മയും, സ്വന്തം സുഖങ്ങൾക്കായി തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അമ്മയും ചെയ്യുന്നത് തെറ്റു തന്നെയാണ് - രണ്ടു പേരും അവരുടെ തെറ്റിനു ക്ഷമ അർഹിക്കുന്നില്ല. തെറ്റു ചെയ്യുന്നവർ, അതെന്തുതന്നെ ആയാലും, അർഹിക്കുന്നത് ശിക്ഷയാണ്. ക്ഷമ എന്നത് അർഹത ഇല്ലാത്ത വ്യക്തിക്ക്, അർഹത ഇല്ലാത്ത സമയത്ത് നൽകുന്ന സമ്മാനമാണ്. ഈ അർത്ഥത്തിൽ, നാമൊരു വ്യക്തിയോട് ക്ഷമിക്കേണ്ടത് അയാളുടെ യാതൊരു വിധ യോഗ്യതയുടെയും അടിസ്ഥാനത്തിലല്ല - തെറ്റു ചെയ്ത വ്യക്തിയുടെ ക്ഷമാപണമോ, പശ്ചാത്താപമോ, പരിഹാരപ്രവൃത്തിയോ ഒന്നുമല്ല നമ്മുടെ ക്ഷമയുടെ ആധാരം; അയാൾ നമുക്കെതിരെ തെറ്റുചെയ്തു എന്ന ഒരൊറ്റ വസ്തുത മാത്രമായിരിക്കണം അയാളോട് ക്ഷമിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം.
എന്നാൽ, ഇപ്രകാരം ക്ഷമിക്കുന്നതു മാനുഷിക യുക്തിക്ക് പലപ്പോഴും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളിൽ ഒന്നാണ്. കാരണം, നമ്മെ വേദനിപ്പിച്ച, അല്ലെങ്കിൽ നന്ദിഹീനമായി പെരുമാറിയ, അല്ലെങ്കിൽ അവിശ്വസ്തത കാട്ടിയ ഒരു വ്യക്തിയോട് ക്ഷമിച്ചാൽ, നമ്മൾ അനുഭവിച്ച വേദനയുടെ വില അയാളൊരിക്കലും മനസ്സിലാക്കില്ല എന്ന യുക്തിസഹജമായ ഒരു ന്യായീകരണം ഈ ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്നുണ്ട്. ക്ഷമിക്കുന്നതുവഴി നമ്മൾ അനുഭവിച്ച കഷ്ടതകൾ നിസ്സാരവൽക്കരിക്കപ്പെടുമെന്നും, അതുമൂലം മറ്റുള്ളവരുടെ സഹതാപം ലഭിച്ചേക്കാവുന്ന ഒരവസരം നഷ്ടമാകുമെന്നതും മറ്റൊരു ന്യായവാദമാണ്. നമ്മൾ ക്ഷമിക്കുന്നതുമൂലം, തെറ്റുചെയ്യുന്ന വ്യക്തി നമ്മെ കൂടുതൽ ഉപദ്രവിച്ചേക്കാം എന്നുള്ള വസ്തുതയും നിരസിക്കാനാവാത്തതാണ്. ഈ ന്യായവാദങ്ങൾക്കു നടുവിൽ വ്യവസ്ഥകളില്ലാതെ മറ്റുള്ളവരോട് ക്ഷമിക്കണം എന്ന കർത്താവിന്റെ വചനത്തിന് എന്താണ് പ്രസക്തി?
മറ്റുള്ളവരോട് ക്ഷമിക്കാൻ നമ്മിൽ തടസ്സം സൃഷ്ടിക്കുന്ന എല്ലാ യുക്തികളുടെയും അടിസ്ഥാനം, ക്ഷമിക്കുന്നതുവഴി നമ്മെ വേദനിപ്പിച്ചവർക്കു നമ്മുടേതായ എന്തോ ഒന്ന് നമ്മൾ നല്കുകയാണ് എന്ന ചിന്തയാണ്. എന്നാൽ, ക്ഷമിക്കുവാനുള്ള കൃപ ഒരിക്കലും മനുഷ്യസഹജമല്ല - അത് ദൈവീകദാനമാണ്. തന്റെ ഏകജാതനിലൂടെ ദൈവം നമ്മോട് ക്ഷമിച്ചതുകൊണ്ടാണ് നമ്മൾ ക്ഷമിക്കുവാനും ക്ഷമിക്കപ്പെടുവാനും യോഗ്യരായി തീർന്നത്. പക്ഷേ, നമ്മിലെല്ലാം പല അളവിൽ ഒരു "നിർദയനായ ഭൃത്യൻ" (മത്തായി 18:21-35) ഉണ്ട്. പാപങ്ങൾ മോചിക്കണമേ എന്നു വിലപിച്ചുകൊണ്ടു ദൈവസന്നിധിയിൽ എത്തുന്ന നമ്മൾ പലപ്പോഴും, നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനായി ദൈവം എന്തു വലിയ വിലയാണ് നൽകിയതെന്നു ഗ്രഹിക്കാതെ പോകുന്നു. "നാം ബലഹീനരായിരിക്കെ", "നാം പാപികളായിരിക്കെ", "നാം ശത്രുക്കളായിരുന്നപ്പോൾ" നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം പ്രകടമാക്കാൻ ക്രിസ്തു കുരിശിൽ മരിച്ചു (റോമാ 5:6-10). മറ്റുള്ളവരുടെ പാപങ്ങൾമൂലം നമ്മിലുണ്ടായ എല്ലാ മുറിവുകളിൽനിന്നും നമ്മെ സുഖപ്പെടുത്തുന്ന ദൈവത്തിന്റെ സ്നേഹം ഹൃദയത്തിൽ സ്വീകരിച്ച്, അത് മറ്റുള്ളവർക്ക് പകർന്നുനൽകാനാണ്, മറ്റുള്ളവരോട് ക്ഷമിക്കണം എന്നതുവഴി ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. ദൈവം നമുക്ക് നല്കിയിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്, ദൈവത്തിന്റെ സ്നേഹം സ്വീകരിക്കുവാനുള്ള തീരുമാനം നാമെടുക്കണം. കഠിനമായ നമ്മുടെ ഹൃദയങ്ങളെ ദൈവാരൂപിയുടെ പ്രവർത്തനത്തിനു തുറന്നുകൊടുക്കുന്പോൾ മാത്രമേ മറ്റുള്ളവരുടെ അകൃത്യങ്ങൾ ക്ഷമിച്ച് അവരെ സ്നേഹിക്കാൻ നമുക്കാവുകയുള്ളൂ. അപ്പോൾ മാത്രമേ ദൈവത്തിന്റെ ക്ഷമ നമ്മിലും ഫലം പുറപ്പെടുവിക്കുകയുള്ളൂ. തന്നെ പീഡിപ്പിച്ചവരോട് ക്ഷമിച്ചുകൊണ്ട്, അവർക്കായി പ്രാർത്ഥിച്ച ഈശോയുടെ വഴിയെ സഞ്ചരിക്കുന്നവരാകാൻ ആവശ്യമായ കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
കർത്താവേ, മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനും, അവരെ സ്നേഹിക്കാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കാനും ആവശ്യമായ കൃപകൾ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എന്റെ ആത്മാവിനു സൌഖ്യമായും, ബുദ്ധിക്ക് പ്രകാശമായും, മനസ്സിന് ശക്തിയായും പ്രദാനം ചെയ്യണമേ. എന്റെ ഹൃദയത്തിൽ വന്നു വസിച്ച്, പരിപൂർണ്ണതയിലേക്ക് പ്രയാണം ചെയ്യുന്ന ഒരു പുതിയ മനുഷ്യനായി എന്നെ രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ. ആമ്മേൻ.
വിശന്നു നിലവിളിക്കുന്ന കുഞ്ഞിനു കൊടുക്കാൻ ഒരു റൊട്ടിക്കഷണം മോഷ്ടിക്കുന്ന അമ്മയും, സ്വന്തം സുഖങ്ങൾക്കായി തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അമ്മയും ചെയ്യുന്നത് തെറ്റു തന്നെയാണ് - രണ്ടു പേരും അവരുടെ തെറ്റിനു ക്ഷമ അർഹിക്കുന്നില്ല.
മറുപടിഇല്ലാതാക്കൂഈ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല.
പ്രത്യേകിച്ച്,
ആദ്യത്തെ സംഭവത്തിൽ *ക്ഷമ അർഹിക്കുന്നില്ല*
എന്നുപറയുന്നത് മനസ്സിലാകുന്നില്ല.
ഈ രണ്ട് തെറ്റുകളും ദൈവം ഒരേ മാനദണ്ഡത്തിൽ കാണും എന്ന് ഞാൻ കരുതുന്നില്ല.
പശ്ചാത്തപിക്കുന്ന പാപിയോട് ആര് ക്ഷമിച്ചില്ലെങ്കിലും, ദൈവം ക്ഷമിക്കും.