നിങ്ങളുടെ നിക്ഷേപം എവിടെയോ...

"ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുന്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാർ തുരന്നു മോഷ്ടിക്കും.  എന്നാൽ, സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുന്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാർ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും." (മത്തായി 6:19-21)

വിചിന്തനം 
ഭൂമിയിൽ നമ്മുടെ ഒട്ടുമിക്ക പ്രവൃത്തികളിലൂടെയും നാം ലക്ഷ്യമിടുന്നത് നമ്മുടെ സന്തോഷമാണ്. നാമായിരിക്കുന്ന അവസ്ഥയിൽ നമ്മിലെന്തൊക്കെയൊ പോരായ്മകൾ ഉണ്ടെന്നും, അതു പരിഹരിക്കപ്പെടുവാൻ നമുക്ക് എന്തിന്റെയൊക്കെയോ ആവശ്യം ഉണ്ട് എന്നുമുള്ള ചിന്ത നമ്മുടെ മനസ്സിനെ സദാ അലട്ടാറുണ്ട്. നമ്മൾ അപൂർണ്ണരാണ് എന്ന ബോധ്യത്തിന്റെ നിരവധി ഫലങ്ങളിൽ ഒന്നാണ് നമ്മുടെ സന്തോഷം പൂർണ്ണമായതല്ല എന്ന തിരിച്ചറിവ്. നല്ല ആരോഗ്യം ഉള്ള അവസ്ഥയിലും, സമൃദ്ധിയുടെ നടുവിൽ കഴിയുന്പോഴുമെല്ലാം നമ്മുടെ മനസ്സിൽ എന്തിന്റെയോ ഒരു കുറവ് അനുഭവിക്കുന്നവരാണ് നാമെല്ലാവരും. ഈ കുറവ് നികത്താൻ നമ്മൾ പലപ്പോഴും ആശ്രയിക്കുന്നത് ഈ ലോകത്തെ തന്നെയാണ്. ഈ ലോകത്തിൽ ലഭ്യമായ ചില വസ്തുക്കൾ സ്വന്തമാക്കിയാൽ മനസ്സ് നിറയുമെന്നും നമ്മുടെ സന്തോഷം പൂർണ്ണമാകുമെന്നും നമ്മൾ കരുതുന്നു. എന്നാൽ, അവ കരസ്ഥമാക്കിയതിനു ശേഷവും നമ്മുടെ മനസ്സ് ശാന്തമാകുന്നില്ല; മറ്റെന്തിനോ വേണ്ടി അതു പിന്നെയും ദാഹിക്കുകയാണ്. ഈ ദാഹം പുതിയ പുതിയ വസ്തുക്കൾ ആഗ്രഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വീട്, കുടുംബം, കാർ, സുഹൃത്തുക്കൾ, പ്രശസ്തി, എന്നിങ്ങനെ ഓരോന്നായി സന്പാദിച്ചു സ്വരുക്കൂട്ടി വയ്ക്കാൻ നമ്മെ സദാ പ്രേരിപ്പിക്കുന്നത് നമ്മിലെ ഈ ശൂന്യതയാണ്. പക്ഷേ, എന്തൊക്കെയുണ്ടെങ്കിലും എന്തോ ഒരു കുറവ് നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു - ഒരിക്കലും നമ്മുടെ സന്തോഷം പൂർണ്ണമാകുന്നില്ല. ഉപ്പുവെള്ളം കുടിക്കുന്നതുപോലെ എത്ര കുടിച്ചാലും മതി വരാത്ത നമ്മിലെ അസംതൃപ്തിയുടെ ഉദ്ദേശം എന്തായിരിക്കും? 

ഈ ഭൂമിയിൽ എന്തൊക്കെയുണ്ടെങ്കിലും തൃപ്തിവരാത്ത, അല്ലെങ്കിൽ പരിപൂർണ്ണമായ സന്തോഷം അനുഭവിക്കാൻ സാധിക്കാത്ത നമ്മുടെ അവസ്ഥ തന്നെയാണ്, ഈ ജീവിതത്തിനും അപ്പുറം വേറെ എന്തൊക്കെയോ ഉണ്ട് എന്നുള്ള വസ്തുതയ്ക്ക് ഏറ്റവും നല്ല തെളിവ്. പരിപൂർണ്ണമായ സന്തോഷത്തിനു വേണ്ടിയുള്ള ആഗ്രഹം നമ്മിൽ നിക്ഷേപിച്ചിരിക്കുന്നത് ദൈവം തന്നെയാണ്. ഒരുകാലത്തും ശമനം ലഭിക്കില്ലാത്ത ഒരു ആഗ്രഹം ദൈവം ഒരിക്കലും നമ്മിൽ നിക്ഷേപിക്കുകയില്ല. പരിപൂർണ്ണനായ ദൈവം പരിപൂർണ്ണത ആഗ്രഹിക്കുന്ന ഒരു ഹൃദയം നമ്മിൽ നിക്ഷേപിക്കുകവഴി, ദൈവത്തെയും അവിടുത്തെ രാജ്യത്തെയും അന്വേഷിക്കുവാനുള്ള ആഗ്രഹമാണ് നമുക്ക് നൽകിയത്. എന്നാൽ, ഇതു മനസ്സിലാക്കാതെ നമ്മൾ നമ്മുടെ മനസ്സിലെ വിടവുകൾ അടയ്ക്കാൻ ലൌകീകവസ്തുക്കളുടെ പിന്നാലെ പരക്കം പായുന്നു. അതുവഴി, നമ്മൾ പരിപൂർണ്ണനും എല്ലാ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉറവിടമായ ദൈവത്തെ മറക്കുന്നു. മനുഷ്യന്റെ മനസ്സ് അതിരുകളില്ലാത്ത ഒന്നാണ് - അതിനെ നിറയ്ക്കാൻ മൂർത്തമായ ഒന്നിനും ആവില്ല; അതിരുകളില്ലാത്ത സ്നേഹമായ ദൈവത്തിനു മാത്രമേ ഒരിക്കലും നശിച്ചുപോകാത്ത സംതൃപ്തി പ്രദാനം ചെയ്യാൻ സാധിക്കുകയുള്ളൂ. ലൌകീകവസ്തുക്കളിൽ മതിമയങ്ങാതെ, നമുക്ക് എല്ലാക്കാലവും സന്തോഷം നൽകുന്ന ദൈവത്തോടൊപ്പം സ്വർഗ്ഗരാജ്യത്തിൽ എന്നേയ്ക്കുമായി വാഴാൻ ആവശ്യമായ കൃപകളിൽ മനസ്സുറപ്പിക്കാനാണ് ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നത്. 

നമ്മുടെ ജീവിതം മുഴുവൻ ലൌകീക വസ്തുക്കളെ മാത്രം ആശ്രയിക്കുന്നതാക്കി മാറ്റിയാൽ നാമൊരിക്കലും പരിപൂർണ്ണസന്തോഷം നേടുകയില്ല എന്നുമാത്രമല്ല, നമ്മൾ സദാ ആകുലപ്പെടുന്നവരായി മാറുകയും ചെയ്യും. പരിമിതികളുള്ള നശ്വരമായ ലോകം തരുന്ന എന്തിനും പരിമിതികളുണ്ട് - അവ കുറെയെല്ലാം നശിച്ചുപോകും, കുറേ നമ്മൾ നശിപ്പിച്ചു കളയും, പിന്നെയുള്ളത് നമ്മേക്കാൾ തീവ്രമായ അഭിലാഷത്തിനു അടിമയായവർ നമ്മിൽനിന്നും എടുക്കുകയും ചെയ്യും. എന്നാൽ, സ്വർഗ്ഗത്തിലെ സന്തോഷത്തിനായി നമ്മൾ ശേഖരിച്ചു വയ്ക്കുന്നതൊന്നും ഒരിക്കലും നമ്മിൽനിന്നും എടുക്കപ്പെടുകയില്ല. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറപ്പിച്ച്, സ്വർഗ്ഗരാജ്യത്തിനായി അധ്വാനിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, ലൌകീകവസ്തുക്കളിൽ ശ്രദ്ധ പതിപ്പിച്ച്, എന്റെ ഹൃദയത്തെ അങ്ങയിൽനിന്നും അകറ്റിയതിനെ ഓർത്തു മാപ്പപേക്ഷിക്കുന്നു. സർവനന്മസ്വരൂപിയായ അങ്ങയെ അറിയുവാനും സ്നേഹിക്കുവാനും തടസ്സമാകുന്ന ഒന്നിലും എന്റെ മനസ്സിനെ അടിമപ്പെടുത്താതെ, ഈ ലോകജീവിതം അങ്ങയോടൊത്തുള്ള നിത്യജീവിതത്തിനു ഒരു ഒരുക്കമായി മാത്രം കാണാൻ എന്നെ പഠിപ്പിക്കണമേ. പരിശുദ്ധത്മാവിനാൽ നിറച്ച് ആത്മസംയമനവും സന്തോഷവും നല്കി അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്