നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്

"ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്ക്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ഉത്ക്കണ്ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?...നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി." (മത്തായി 6:25-34)

വിചിന്തനം 
ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാജയങ്ങളെ ഓർത്തു കുണ്ഠിതപ്പെടുന്നവരും, വരാനിരിക്കുന്ന നാളെ അവർക്കായി കരുതിവച്ചിരിക്കുന്ന പ്രതിസന്ധികളെ ഓർത്തു ആകുലപ്പെടുന്നവരുമാണ്. എന്നാൽ, നാളെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും തിക്താനുഭവങ്ങളെപ്പറ്റിയുമുള്ള അതിരുവിട്ട ആകുലത നമുക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല. കാരണം, മനുഷ്യൻ ജീവിക്കുന്നത് ഇന്നലെകളിലോ നാളെകളിലോ അല്ല; വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്നവരാണ് മനുഷ്യർ. ഇന്നലെകളിലുണ്ടായ പരാജയത്തിൽ നിന്നുളവായ ഭയം മൂലം, ഇന്നു ചെയ്യേണ്ട കാര്യങ്ങൾ നാളേക്ക് മാറ്റിവച്ചിട്ട്, നാളെ കാര്യങ്ങളെല്ലാം അനുകൂലമാകുമോ എന്ന് ആകുലപ്പെടുന്നവരാണ് നമ്മൾഎല്ലാവരും തന്നെ. എന്നാൽ, "കാറ്റു നോക്കിയിരിക്കുന്നവൻ വിതയ്ക്കുകയോ മേഘങ്ങളെ നോക്കി ഇരിക്കുന്നവൻ കൊയ്യുകയോ ഇല്ല" (സഭാപ്രസംഗകൻ 11:4). ഇന്നലെകളിലേക്ക് തിരികെപ്പോകാൻ നമുക്കാവില്ല; നാളെ എന്ന ദിവസം കാണാൻ നാമുണ്ടാകുമോ എന്നു നമുക്കറിയുകയുമില്ല.  നമ്മെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസത്തിന് മാത്രമേ പ്രസക്തിയുള്ളൂ. എന്നാൽ, അതു മനസ്സിലാക്കാതെ ഇന്നത്തെ ദിവസം നഷ്ടബോധത്തിലും ആകുലതയിലും ചിലവഴിക്കുന്പോൾ അത് ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നാൽ അത് നാളെ വീണ്ടും ഒരു വ്യസനകാരണം ആയിമാറും. കഴിഞ്ഞവയെപ്പറ്റി സങ്കടപ്പെടാതെ, വരാനിരിക്കുന്നവയെപ്പറ്റി ആകുലപ്പെടാതെ, ദൈവം ഇന്നത്തെ ദിവസം നമുക്കായി ഒരുക്കിയിരിക്കുന്ന നിരവധിയായ സൌഭാഗ്യങ്ങളിലേക്ക് കണ്ണുകൾ തുറക്കുവാനുള്ള ക്ഷണമാണ് ഇന്നത്തെ വചനഭാഗം. 

നമ്മുടെ നാളെകൾ എങ്ങിനെ ആയേക്കും എന്ന ഔത്സുക്യം നാമെല്ലാവരിലും ഉണ്ട്.  എന്നാൽ അതിനുമുപരിയായി, ചിലപ്പോഴൊക്കെ നമ്മുടെ നാളെയെ നിയന്ത്രിക്കാനും നമ്മൾ ശ്രമിക്കാറുണ്ട് - ചില പ്രത്യേക രീതിയിൽ ആയിരിക്കണം നമ്മുടെ നാളെകൾ എന്നു മനസ്സിൽ പദ്ധ്യതി തയ്യാറാക്കാറുണ്ട്. എന്നാൽ അന്തിമമായ തീരുമാനം ദൈവത്തിന്റെ കരങ്ങളിൽ ആണെന്ന കാര്യം നമ്മൾ മറക്കുന്നു. നമ്മുടെ ഭാവി ക്രമപ്പെടുത്താൻ ഇന്നത്തെ ദിവസം ചില ഒരുക്കങ്ങൾ നടത്താൻ നമുക്കാവും. പക്ഷേ അവയെല്ലാം നമ്മുടെ ക്രമീകരണങ്ങൾക്ക് അനുസൃതമായി  സംഭവിച്ചുകൊള്ളണമെന്ന് നിർബന്ധം പിടിക്കാൻ നമുക്കാവില്ല. നമ്മുടെ പദ്ധ്യതിക്കനുസരിച്ചു കാര്യങ്ങൾ നീങ്ങാതെ വരുന്പോൾ നിരാശപ്പെടുകയും ദൈവത്തെ പഴിക്കുകയും ഒക്കെ ചെയ്യുന്നവർ, ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെയാണ്‌ ചോദ്യം ചെയ്യുന്നത്. താനുദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ ആകുലപ്പെടുകയും വാശിപിടിച്ചിരിക്കുകയും ചെയ്യുന്നവർ ഒരു പുസ്തകം തുടക്കം മുതൽ ഓരോ പേജും വായിക്കാൻ മെനക്കെടാതെ അവസാനമെന്തെന്നു അറിയാൻ അക്ഷമ കാട്ടുന്നവർക്ക് സമാനമാണ്. നമ്മുടെ ജീവിതമാകുന്ന പുസ്തകത്തിലെ ഓരോ പേജുകളാണ് ഓരോ ദിവസവും. ദൈവത്തിന്റെ സ്നേഹത്തിൽ ആശ്രയംവച്ച്, ഓരോ ദിവസത്തെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും സ്വീകരിച്ച്, അവയിലൂടെയെല്ലാം ദൈവത്തെ മഹത്വപ്പെടുത്തുന്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതപ്രകാരമാകുന്നത്. 

വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. നാളെയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട്‌ "അന്നന്നത്തെ ആഹാരം തരേണമേ" എന്നു പ്രാർത്ഥിക്കാനല്ല ഈശോ നമ്മെ പഠിപ്പിച്ചത്. എന്നാൽ ഇതിനർത്ഥം നാളെയെക്കുറിച്ചു യാതൊരു കരുതലും ഇല്ലാതെ ഇന്നുള്ളതു മുഴുവൻ ഇന്നുതന്നെ ധൂർത്തടിച്ചു തീർത്തിട്ട് കിടന്നുറങ്ങാനുമല്ല. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല (cf. ഏശയ്യാ 49:15), എന്ന ദൈവത്തിന്റെ ഹൃദയസ്പർശിയായ വാഗ്ദാനത്തിൽ പ്രത്യാശ അർപ്പിച്ചു നമ്മുടെ അനുദിന ജീവിതത്തിലെ ക്ലേശങ്ങളും കുരിശുകളും അതതു ദിവസം ഏറ്റെടുക്കുവാനും, അവയിലൂടെ ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാനും നമുക്കാവണം. ദൈവത്തിന്റെ പരിപാലന തന്റെ ക്ലേശം നിറഞ്ഞ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ പൌലോസ് അപ്പസ്തോലൻ നമ്മെ ഓർമിപ്പിക്കുന്നു, "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും" (ഫിലിപ്പി 6:6,7). ദൈവം നമുക്കായി സൃഷ്ടിച്ച മനോഹരമായ ഇന്നത്തെ ദിവസത്തെ ഓർത്തു അവിടുത്തേക്ക് നന്ദി പ്രകാശിപ്പിച്ചു ആ കരുണയിൽ കൂടുതൽ അഭയം പ്രാപിക്കാൻ ശ്രമിക്കുന്പോൾ, നാളയെക്കുറിച്ചുള്ള നമ്മുടെ എല്ലാ അനാവശ്യ ഭയങ്ങളെയും എടുത്തുമാറ്റുന്ന കൃപകളാൽ ദൈവം നമ്മെ അനുഗ്രഹിക്കും. നാളെയെക്കുറിച്ചു ആകുലപ്പെട്ടു ദൈവം നമുക്ക് നല്കിയിരിക്കുന്ന ഇന്നത്തെ ദിവസം നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.


കർത്താവേ, എനിക്ക് വഴികൾ ഒരുക്കിക്കൊണ്ട് എന്റെ മുന്പിലും, എന്നെ സംരക്ഷിച്ചുകൊണ്ട് എന്റെ പിന്നിലും, എന്നെ അനുഗ്രഹിച്ചുകൊണ്ട്‌ സദാ എന്റെ മുകളിലും സഞ്ചരിക്കുന്ന അങ്ങയിൽ വിശ്വാസമർപ്പിക്കാൻ കഴിയാതെപോയ എല്ലാ അവസരങ്ങളെയും ഓർത്തു ഞാൻ മാപ്പപേക്ഷിക്കുന്നു. നിരാശകളും ആകുലതകളും വിട്ടുപേക്ഷിച്ച്, എന്നെ സ്നേഹത്തോടെ സൃഷ്ടിച്ച അവിടുത്തെ പരിപാലനയിൽ വിശ്വസിക്കുവാനും പ്രത്യാശ വയ്ക്കുവാനും എന്നെ ശക്തിപ്പെടുതണമേ. അവിടുത്തെ സമാധാനം അനുഭവിച്ച് അതു മറ്റുള്ളവർക്ക് പകർന്നു നല്കാനുള്ള കൃപയാൽ എന്നെ നിറയ്ക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്