വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്
"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും." (മത്തായി 7:1-2)
വിചിന്തനം
സാധാരണഗതിയിൽ ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമുക്ക് തോന്നാം സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മെ ഓരോ പ്രവർത്തികളും ചെയ്യിക്കുന്നത് എന്ന്. എന്നാൽ, ഈ വികാരങ്ങളെല്ലാം നമ്മെ പ്രവർത്തികൾക്കായി പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; അവ ചെയ്യണമോ വേണ്ടയോ എന്ന ആത്യന്തിക തീരുമാനം എടുക്കുന്നത് നമ്മിലെ യുക്തിചിന്തകളാണ്.നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് നമ്മുടെ യുക്തിക്ക് ഉപയുക്തമായ കാരണങ്ങളായി പരിണമിക്കുന്നത്. ഒരു വ്യക്തി അല്ലെങ്കിൽ വസ്തുവിനെ നമ്മുടെ അറിവിനു അനുസൃതമായി വിധിക്കുന്പോഴാണ് അവയെക്കുറിച്ച് ധാരണകളും അഭിപ്രായങ്ങളും നമ്മിൽ രൂപം കൊള്ളുന്നത്. ഇപ്രകാരം വസ്തുക്കളെയും വ്യക്തികളെയും വിധിക്കുന്നതിനെ ഒഴിവാക്കിയാൽ പിന്നീട് പ്രവർത്തനോന്മുഖമായ ഒരു ജീവിതം നയിക്കുക ബുദ്ധിമുട്ടായിത്തീരും. ഈ അർത്ഥത്തിൽ, വിധിക്കുക എന്നത് ജീവിതത്തിൽ ഒഴിവാകാൻ സാധിക്കാത്ത ഒരു കാര്യമാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ "വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്" എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്കുന്നത്. എങ്കിൽ, നമ്മുടെ അനുദിനജീവിതത്തിലെ കർത്തവ്യങ്ങൾ മുടക്കം കൂടാതെ നിർവഹിക്കുന്നതിനിടയിലും നമുക്ക് മറ്റുള്ളവരെ വിധിക്കാതെ ജീവിക്കാൻ സാധിക്കുമോ?
നാമാദ്യംതന്നെ പറഞ്ഞു, വിധിയെന്നത് ചില വസ്തുതകളെയും അറിവുകളെയും ആധാരമാക്കി, ചില തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രക്രിയ ആണെന്ന്. ആയതിനാൽ, ശരിയായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ നമ്മുടെ വിധി ശരിയായിരിക്കണം. എന്നാൽ, ശരിയായി വിധിക്കുവാൻ ധാരാളം തടസ്സങ്ങൾ നമ്മിലും നമ്മുടെ ചുറ്റിലും ഉണ്ട്. ഒന്നാമതായി നമ്മെ വഴിതെറ്റിക്കുന്നത് വിധിക്കാൻ നമ്മെ സഹായിക്കുന്ന വസ്തുതകളും അറിവുകളും തന്നെയാണ്. നമ്മുടെതന്നെ മുൻധാരണകളും ലോകം പകർന്നുനല്കുന്ന തെറ്റിധാരണകളും പലപ്പോഴും വസ്തുതകളായി രൂപം മാറി നമ്മുടെ വിധിയെ സ്വാധീനിക്കാറുണ്ട്. ഇനി വസ്തുതകൾ ശരിയാണെങ്കിൽതന്നെ, എന്താണ് ശരിയായ തീരുമാനം എന്നു വിധിക്കാൻ സഹായിക്കുന്ന പരമമായ ഒരു സത്യത്തെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം എന്നു നിർബന്ധമില്ല. ഈ അറിവുണ്ടെങ്കിൽത്തന്നെ, നമ്മുടെ തീരുമാനങ്ങൾ നമ്മുടെ ചില നിഗൂഢമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തണം എന്ന അഭിലാഷം നമ്മിലെല്ലാവരിലും വലിയൊരു അളവുവരെ ഉണ്ടുതാനും. ഈ മൂന്നുകാരണങ്ങളും നമ്മെ ശരിയായി വിധിക്കുന്നത്തിൽനിന്നും തടയുന്നു. നിഷ്പക്ഷമായി വിധിക്കാതെ, നമ്മുടെ സ്വാർത്ഥതകളെ തൃപ്തിപ്പെടുത്തിക്കൊണ്ട്, നമുക്ക് വേണ്ടവയെ ന്യായീകരിക്കുവാനും നമുക്കാവശ്യമില്ലാത്തവയെ തള്ളിക്കളയുവാനും നമ്മൾ വിധിയെ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള വിധിയെക്കുറിച്ചാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് മുന്നറിയിപ്പു നൽകുന്നത്.
വിധിക്കുന്ന പ്രവണതയെ നിഷേധാകാത്മകമായി ഉപയോഗിക്കുന്പോൾ അത് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു അവരെ നമ്മിൽനിന്നും അകറ്റാനുള്ള ഒരു മാർഗ്ഗമായി പരിണമിക്കുന്നു. എന്നാൽ, ദൈവത്തെ സംബന്ധിച്ചിടത്തോളം വിധിക്കുക എന്നത് നിഷേധാർത്ഥത്തിലുള്ള ഒരു പ്രവർത്തി അല്ല. ദൈവം നമ്മെ വിധിക്കുന്നത്, നമ്മുടെ പാപങ്ങൾ കൂട്ടിനോക്കി നമ്മെ നരകാഗ്നിയിലേക്ക് എറിയാനാണെന്നു നമ്മൾ പലപ്പോഴും കരുതാറുണ്ട്. പക്ഷേ, നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തുന്നതിനല്ല ദൈവം നമ്മെ വിധിക്കുന്നത്. പാപം നിറഞ്ഞ നമ്മുടെ ഹൃദയത്തിൽ ദൈവത്തെ തേടുന്ന നന്മയുടെ ഒരു കിരണമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിച്ചറിയുന്നതും, ഉണ്ടെങ്കിൽ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് സ്വീകരിക്കുന്നതുമാണ് ദൈവത്തിന്റെ വിധി. വിധിക്കാനുള്ള നമ്മുടെ പ്രവണതയെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുളള ഉപാധിയാക്കി മാറ്റാതെ, നന്മതിന്മകളെ വിവേചിച്ചറിയുവാനും, നന്മയെ സ്വീകരിക്കുവാനും തിന്മയിൽനിന്നും അകന്നു നില്ക്കാനുമുള്ള മാർഗ്ഗമായി മാറ്റാൻ നമുക്കാവണം. വെറുപ്പോടെ വിധിക്കുന്ന നിഷേധാത്മകമായ അവസ്ഥയിൽ നിന്നും പിന്തിരിയാനും, ആത്മാവിനെയും ശരീരത്തെയും വിശുധീകരിക്കുന്ന സകാരാത്മകവും സ്നേഹത്തിൽ അധിഷ്ഠിതവുമായ വിധിയുടെ നിർവാഹകരാകാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവേ, എന്റെ ഇഷ്ടങ്ങൾക്കും സൌകര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാത്തവരെ എന്നിൽനിന്നും അകറ്റുന്നതിനായി വിമർശനാത്മകമായി വിധിച്ച എല്ലാ അവസങ്ങളെയും ഓർത്തു ഞാൻ മാപ്പപേക്ഷിക്കുന്നു. എന്റെ അജ്ഞതകളെയും തെറ്റുകളെയും കുറവുകളെയും എന്റേതായി അംഗീകരിക്കാനും, സ്നേഹത്തോടെ നൽകപ്പെടുന്ന പ്രബോധനങ്ങളെയും തിരുത്തലുകളേയും സ്വീകരിക്കുവാനും, എന്നേക്കാൾ നനമനിറഞ്ഞവരാണ് മറ്റുള്ള എല്ലാവരും എന്ന ഉൾക്കാഴ്ചയോടെ എല്ലാവരോടും ഇടപഴകുവാനും ആവശ്യമായ എളിമയും വിവേകവും തന്ന് എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ