അപ്പോൾ നിനക്കു കാഴ്ച തെളിയും
"നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ എന്ന് എങ്ങിനെ പറയും?കപടനാട്യക്കാരാ,ആദ്യംസ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും." (മത്തായി 7:3-5)
വിചിന്തനം
മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ സദാ അവലോകനം ചെയ്യുന്നവരാണ് നമ്മൾ. വിമർശിക്കപ്പെടുവാൻ തീരെ താല്പര്യമില്ലാത്ത നമ്മൾ പക്ഷേ മറ്റുള്ളവരെ വിമർശിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. മിക്കവാറും അവസരങ്ങളിൽ മറ്റുള്ളവർ ചെയ്യുന്ന ശരികളേക്കാൾ അധികമായി അവരുടെ പ്രവർത്തികളിലെ പോരായ്മകളിലേക്കായിരിക്കും ഇത്തരം വിലയിരുത്തലുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഇപ്രകാരമുള്ള വിമർശനങ്ങളെ ഒരിക്കലും കുറ്റപ്പെടുത്തലുകളായി നമ്മൾ പരിഗണിക്കാറില്ല. മറിച്ച്, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതുവഴി അവർക്കെന്തോ വലിയ ഒരു സഹായമാണ് നമ്മൾ ചെയ്യുന്നതെന്ന ചിന്താഗതിയാണ് പലപ്പോഴും നമ്മെ നയിക്കുന്നത്. നമ്മുടെ സഹോദരർ അവരുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് അവയിൽനിന്നും പിന്മാറണം എന്ന് ആഗ്രഹിക്കുന്നത് തീർച്ചയായും ഒരു നല്ല കാര്യം തന്നെയാണ്. നല്ല ഉദ്ദേശം മനസ്സിൽ വച്ചുകൊണ്ട് തെറ്റുതിരുത്തുന്നതിന് എതിരായല്ല ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മോടു സംസാരിക്കുന്നത്.
പലപ്പോഴും നമ്മൾ മറ്റുള്ളവരുടെ പ്രവൃത്തികൾ തെറ്റാണെന്നു വിധിക്കുന്നത് നമ്മുടെ പ്രവൃത്തി ശരിയാണെന്നു സ്ഥാപിക്കാനാണ്. മറ്റുള്ള മനുഷ്യരുടെ പ്രവർത്തികളിലെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് അപൂർണ്ണരായ നമ്മുടെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ആയിരിക്കരുത്. നമ്മുടെ മനസാക്ഷിയുടെയും മറ്റുള്ളവരുടെയും മുൻപിൽ നമ്മുടെ തെറ്റായ പ്രവർത്തികളെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ് ഇപ്രകാരമുള്ള കുറ്റപ്പെടുത്തലുകൾ. നമ്മുടെയും മറ്റുള്ളവരുടെയും പ്രവർത്തികളെ വഴിയും സത്യവും ജീവനുമായ, എല്ലാറ്റിലും പരിപൂർണ്ണനായ യേശുവിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ അവലോകനം ചെയ്യുന്പോൾ മാത്രമേ, മറ്റുള്ളവരിലെ എന്നപോലെ നമ്മിലെയും കുറ്റങ്ങളും കുറവുകളും നമുക്ക് വെളിപ്പെട്ടു കിട്ടുകയുള്ളൂ. നമ്മിലെ പാപങ്ങളെയും പോരായ്മകളെയും കുറിച്ചുള്ള തിരിച്ചറിവ് നമുക്ക് ലഭിക്കുന്പോഴാണ് നമ്മുടെ കാഴ്ച തെളിയുന്നത്. നമ്മുടെ രഹസ്യപാപങ്ങൾ മറ്റുള്ളവരുടെ കാണപ്പെടുന്ന പാപങ്ങളെക്കാൾ എത്രയോ വലുതാണ് എന്നു തിരിച്ചറിയുന്പോൾ, 'എല്ലാവരും പാപികളാണ്, എങ്കിലും ഞാൻ പാപികളിൽ ഒന്നാമനാണ്' (cf. റോമാ 3:23, 1 തിമോത്തി 1;15) എന്ന് എളിമപ്പെട്ടു പറയാൻ നമുക്കാവും. അപ്പോൾ മറ്റുള്ളവരിലെ ചെറിയ തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവരെ കുറ്റപ്പെടുത്തുന്നതിനു പകരം, പാപികളെ തേടി ഭൂമിയിലേക്കു വന്ന ജീവിക്കുന്ന ദൈവത്തിനു സജീവ സാക്ഷികളാകാൻ നമുക്ക് സാധിക്കും. നമ്മുടെ ജീവിതത്തെ ദൈവഹിതത്തിനു അനുസൃതമായി നവീകരിക്കുന്നതിലൂടെ മറ്റുള്ളവർക്ക് അവരുടെ തെറ്റുകളെക്കുറിച്ചു ബോധ്യം നൽകാനും, ദൈവത്തിന്റെ കരുണയിൽ അഭയം പ്രാപിച്ച് അവരുടെ വഴികൾ നേരെയാക്കാനുള്ള മാതൃകയായി മാറുവാനും നമുക്ക് കഴിയും.
ഉപദേശത്തെ വിമർശനത്തിൽനിന്നും വേർതിരിച്ചെടുക്കുക ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവർ നമ്മുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്പോൾ പലപ്പോഴും നിഷേധാത്മകമായ ഒരു പ്രതികരണമാണ് നമ്മിൽ ഉരുത്തിരിയാറുള്ളത്. "സ്വന്തം കണ്ണിലെ തടിയെടുത്തിട്ടു പോരേ എന്റെ കണ്ണിലെ കരടെടുക്കാൻ" എന്ന ന്യായവാദം നമുക്ക് ലഭിക്കുന്ന ഉപദേശങ്ങളെ തള്ളിക്കളയാനുള്ള ഒരു ആയുധമാക്കി നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ, ഇപ്രകാരം ഉപദേശങ്ങൾ കഴന്പുള്ളതാണോ എന്നു പരിശോധിക്കാൻ തയ്യാറാകാതെ, ഉപദേശിക്കുന്ന ആളിന്റെ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി തള്ളിക്കളയുന്പോൾ, അയാളെ കുറ്റം വിധിക്കുകയാണ് നമ്മൾ ചെയ്യുന്നത്. അതുകൊണ്ട്, നമ്മുടെ കുറ്റങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടുന്പോൾ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അതു നമ്മോടു പറഞ്ഞ വ്യക്തിയുടെ സ്വഭാവത്തെ ആസ്പദമാക്കി ആകരുത്. ഉപദേശിക്കുന്ന വ്യക്തിയുടെ സ്വഭാവത്തിനോ അതു പറയാനുണ്ടായ സാഹചര്യങ്ങൾക്കോ ആയിരിക്കരുത് നമ്മൾ പ്രാധാന്യം നൽകുന്നത്, ആ വ്യക്തിയിലൂടെ ലഭിച്ച ഉപദേശത്തിന് നമ്മുടെ ജീവിതത്തിൽ പ്രസക്തിയുണ്ടോ എന്നതിലായിരിക്കണം. വാക്കുകൾ കുറച്ചുമാത്രം ഉപയോഗിച്ച്, നമ്മുടെ പ്രവർത്തികൾകൊണ്ട് മറ്റുള്ളവരെ തിരുത്തുവാനും നന്മയിലേക്ക് ആനയിക്കുവാനും, നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ആദരിക്കാനും അവരോട് കൃതജ്ഞതാപൂർവം പെരുമാറാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവേ, എന്റെ തെറ്റുകളും കുറ്റങ്ങളും മറയ്ക്കുന്നതിനായി മറ്റുള്ളവരിലെ കുറവുകൾ തേടിയ അവസരങ്ങളെ ഓർത്തു ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. എന്റെ പാപങ്ങൾ വെളിപ്പെടുത്തി തന്ന് എന്റെ ആന്തരീക നേത്രങ്ങളെ തുറക്കണമേ. എന്റെ പാപങ്ങളെ ഓർത്തു പശ്ചാത്തപിക്കാനും, പാപാന്ധകാരത്തിൽ ഉഴലുന്ന എന്റെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും ആവശ്യമായ കൃപാവരങ്ങൾ തന്നെന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ