വചനമാകുന്ന മുത്തുകൾ

"വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക്‌ ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം." (മത്തായി 7:6)

വിചിന്തനം 
പാപത്തോടു പ്രതിപത്തിയുള്ള ഒരു ഹൃദയവുമായി മറ്റുള്ളവരെ വിധിക്കുകയോ, അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയോ ചെയ്യരുത് എന്നു വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞതിനുശേഷം, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു പ്രബോധനമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നല്കുന്നത്. എന്നാൽ, ഉപദേശം നല്കുന്നതിനോടും മറ്റുള്ളവരെ തിരുത്തുന്നതിനോടും ചേർന്നുനിൽക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവാണ് ഒരു വാചകത്തിൽ ഒതുങ്ങുന്ന ഈ ഉപമയിൽ അടങ്ങിയിരിക്കുന്നത്. 

വിശുദ്ധമായതും മുത്തുകളും 
ഇവ രണ്ടും ഒന്നിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെ സംബന്ധിച്ചല്ലാത്ത ഒന്നിനെയും വിശുദ്ധം എന്നു പറയുവാൻ സാധിക്കുകയില്ല.അതുപോലെതന്നെ, ആദിമ നൂറ്റാണ്ടുകളിൽ മുത്തുകളും രത്നങ്ങളും വളരെ വിലയേറിയ സന്പാദ്യങ്ങളായിരുന്നു. ജനങ്ങൾ അവയ്ക്കു നൽകിയിരുന്ന മൂല്യം മനസ്സിലാക്കി ഈശോ സ്വർഗ്ഗരാജ്യത്തെ വിലയേറിയ നിധിയോടും രത്നത്തോടും ഉപമിക്കുന്നുണ്ട്‌ (cf. മത്തായി 13:44-46). വിശുദ്ധവും വിലയേറിയതുമായ മുത്തുകൾ സ്വർഗ്ഗരാജ്യവും, അവിടേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവ വചനവും ആണ്. 

നായ്ക്കളും പന്നികളും 
ഇന്നത്തെ സമൂഹത്തിൽ നായ്ക്കൾക്കും ഒരു നിലയും വിലയുമൊക്കെ ഉണ്ട്. എന്നാൽ, യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തെ സ്ഥിതി അതായിരുന്നില്ല. നായ്ക്കളെ ആരും വീട്ടിൽ വളർത്തിയിരുന്നില്ല. കൂട്ടംകൂടി നടക്കുകയും മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുകയും ചെയ്തിരുന്ന നായ്ക്കൾ ജനങ്ങൾക്ക്‌ ഒരു വലിയ ശല്യമായിരുന്നു. ഒരു വ്യക്തിയെ നായ എന്നു വിളിക്കുന്നത്‌ തികച്ചും ആക്ഷേപാർഹമായ ഒന്നായിരുന്നു. "ഭോഷത്തം ആവർത്തിക്കുന്നവൻ ർദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്‌" (സുഭാഷിതങ്ങൾ 26:11). പന്നികളാകട്ടെ യഹൂദരെ സംബന്ധിച്ചിടത്തോളം നായ്ക്കളെക്കാളും നികൃഷ്ടമായ ജീവികൾ ആയിരുന്നു. "കുളിച്ച പന്നി ചെളിക്കുണ്ടിൽ വീണ്ടും ഉരുളുന്നു" (2 പത്രോസ് 2:22). അങ്ങിനെയെങ്കിൽ, ഈശോ ഇവിടെ ഉദ്ദേശിക്കുന്ന നായ്ക്കളും പന്നികളും, നന്മയായത് എന്തെന്ന് തിരിച്ചറിവ് ലഭിച്ചിട്ടും അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കാതെ വീണ്ടും തിന്മയ്ക്ക് ഹൃദയത്തിൽ ഇടം കൊടുക്കുന്നവരാണ്‌. 

ഉപമയുടെ പൊരുൾ 
തിന്മയിൽ അകപ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരർക്ക് ദൈവരാജ്യത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് സമയം പാഴാക്കരുത് എന്നല്ല ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മോട് പറയുന്നത്. പാപികളോടും സമൂഹത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടവരോടും സുവിശേഷം പ്രസംഗിക്കുക യേശുവിന്റെ പ്രധാന ദൌത്യങ്ങളിൽ ഒന്നായിരുന്നു (cf. മത്തായി 9:10-12). എത്രയധികം വചനം ശ്രവിച്ചിട്ടും, ദൈവത്തെയും അവിടുത്തെ പ്രമാണങ്ങളെയുംപറ്റി നല്ല ബോധ്യമുണ്ടായിരുന്നിട്ടും, അതനുസരിച്ചു ജീവിക്കാൻ കൂട്ടാക്കാത്തവരെക്കുറിച്ചാണ് ഇവിടെ ഈശോ നമുക്ക് മുന്നറിയിപ്പ് നൽകുന്നത്. തിരുത്തലുകൾ നൽകുന്പോൾ അവയിലൂടെ ഒരു വ്യക്തിയുടെ തെറ്റായ ജീവിതരീതി മാറ്റിയേ അടങ്ങൂ എന്നു ദുശാഠ്യം പിടിക്കരുത്. ഒരാൾക്ക്‌ നല്ലതു പറഞ്ഞുകൊടുക്കാൻ മാത്രമേ നമുക്കാവുകയുള്ളൂ, അതനുസരിച്ച് ജീവിതത്തിൽ മാറ്റം വരുത്തണമോ എന്നു തീരുമാനിക്കേണ്ടത് അയാളാണ്. മാറ്റം വരുത്താൻ തീരുമാനിച്ചാൽ അതിനാവശ്യമായ കൃപ പ്രദാനം ചെയ്യുന്നത് ദൈവമാണ്. നമ്മുടെ വാക്കുകൾ മറ്റുള്ളവർ സ്വീകരിക്കണം എന്ന നിർബന്ധബുദ്ധി പലപ്പോഴും നമ്മെ മോഹഭംഗങ്ങളിലേക്കും നിരാശയിലേക്കും വിദ്വേഷത്തിലേക്കുമെല്ലാം വലിച്ചിഴച്ചു എന്നു വരാം. അതുവഴി, നമ്മിലുള്ള വിശുദ്ധമായവ ആക്രമിക്കപ്പെടുകയും, ഉപദേശിച്ചുപദേശിച്ച് നമ്മൾ സ്വയം ദൈവത്തിൽനിന്നും അകന്നു പോയെന്നും വരാം. 

മറ്റുള്ളവർ നമ്മുടെ ഉപദേശത്തിനനുസൃതമായി മാറിയേ മതിയാവൂ എന്നു നിർബന്ധം പിടിക്കുന്പോൾ അവിടെ പ്രവർത്തിക്കുന്നത് നമ്മളാണ്, ദൈവമല്ല. ഒരു വ്യക്തിക്ക് പാപബോധവും പശ്ചാത്താപവും നൽകുന്നത് ദൈവവചനമാണ്‌, അല്ലാതെ നമ്മുടെ വാക്കുകളോ  ദുശാഠ്യങ്ങളോ അല്ല. ദൈവവചനത്തിനനുസൃതമായി മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താനും, നമ്മുടെ വാക്കുകൾ നിരാകരിക്കുന്നവരെ ശപിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതെ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ വാക്കുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിനു ഇടപെടാനുള്ള അവസരമാകുന്നതിനു പ്രാർത്ഥിക്കാം. 

സ്നേഹപിതാവേ, കർത്താവായ യേശുക്രിസ്തുവിലൂടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള വഴി എനിക്കായി തുറന്നുതന്നതിനെപ്രതി ഞാനങ്ങയോടു നന്ദി പറയുന്നു. അവിടുത്തെ ആത്മാവിനാൽ നിറച്ച്, ദൈവവചനം സ്വീകരിക്കുന്നവരാകാൻ എല്ലാവരുടെയും ഹൃദയങ്ങളെ ഒരുക്കണമേ. എല്ലാവരും സത്യദൈവമായ അങ്ങയെ അറിയുവാനും സ്നേഹിക്കുവാനും, അങ്ങയുടെ കൃപകളിൽ ശരണം വച്ചുകൊണ്ട്, ധൈര്യത്തോടെയും വിവേകത്തോടെയും സുവിശേഷം പ്രഘോഷിക്കാൻ എന്നെ ശക്തനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!