നന്മയായതു നൽകുന്ന ദൈവം

"ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ, മീൻ ചോദിച്ചാൽ പാന്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും." (മത്തായി 7:7-11)

വിചിന്തനം 
പ്രാർത്ഥന എന്നാൽ പലർക്കും പലതാണ് - ആരാധിക്കാനും സ്തുതിക്കാനും നന്ദിപറയാനും സഹായം ചോദിക്കാനുമൊക്കെ നമ്മൾ പ്രാർത്ഥനകൾ ഉപയോഗിക്കുന്നു. ഒരു വിശ്വാസിയുടെ എല്ലാ പ്രാർത്ഥനകളും സർവശക്തനായ ദൈവവുമായി നടത്തുന്ന സംഭാഷണങ്ങൾ തന്നെയാണ്. ഏതൊരു സംഭാഷണത്തിനും കുറഞ്ഞത്‌ രണ്ടുപേരെങ്കിലും ആവശ്യമുണ്ട്, രണ്ടുപേരിൽനിന്നും പ്രതികരണങ്ങളും ആവശ്യമുണ്ട്. ദൈവവുമായുള്ള മൂന്നുതരം സംഭാഷണങ്ങളും അവയ്ക്ക് ദൈവം നൽകുന്ന പ്രതികരണങ്ങളുമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് വെളിപ്പെടുത്തി തരുന്നത്. 

ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും
നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു പ്രാർത്ഥനാരീതിയാണിത്. എന്നാൽ, ദൈവത്തോട് ചോദിച്ചിട്ട് ലഭിച്ചതിലും അധികം ലഭിക്കാത്തതിനെക്കുറിച്ചായിരിക്കും നമുക്ക് പറയാനുള്ളത്. "ചോദിച്ചിട്ടും നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ തിന്മയായിട്ടുള്ളവ ചോദിക്കുന്നതു കൊണ്ടാണ്" (യാക്കോബ് 4:3). നന്മയായിട്ടുള്ളത് നമുക്ക് നൽകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കപ്പെടുന്പോഴാണ് നമ്മിലെ ദുരാശകളും സ്വാർത്ഥതകളും അകലുന്നത്. പ്രാർത്ഥന നമ്മെ വിശുദ്ധീകരിക്കുന്നില്ല, പക്ഷേ, പ്രാർത്ഥന നമ്മുടെ ബലഹീനതകളും നിസ്സഹായ അവസ്ഥകളും നമുക്ക് വെളിപ്പെടുത്തി തരുന്നു. നമ്മുടെ അഹങ്കാരം ഉപേക്ഷിച്ച് എളിമപ്പെടാനും, ദൈവത്തിൽ കൂടുതൽ അഭയം പ്രാപിക്കാനും പ്രാർത്ഥന നമ്മെ സഹായിക്കുന്നു. പ്രാർത്ഥനയിലൂടെ ദൈവത്തിൽ വിശ്വസിക്കുകയും, അവിടുത്തെ കരുണയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്പോൾ, നാമറിയാതെ നമ്മുടെ ഹൃദയങ്ങളെ ദൈവാത്മാവിന്റെ പ്രവർത്തനത്തിനായി നമ്മൾ തുറന്നുകൊടുക്കുന്നു. ആത്മാവ് നമുക്കായി മധ്യസ്ഥം വഹിക്കുന്പോൾ, ദൈവഹിതമനുസരിച്ചു ചോദിക്കാനും നന്മയായിട്ടുള്ളവ സ്വീകരിക്കാനും നമ്മൾ പഠിക്കുകയും ചെയ്യുന്നു (cf. റോമാ 8:26-30).

 അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും
പ്രാർത്ഥനയിലൂടെ ചോദിക്കുക മാത്രമല്ല, എന്തോ അന്വേഷിക്കുവാനുംകൂടി  ഈശോ നമ്മോട് ആവശ്യപ്പെടുകയാണ്. എന്താണ് നമ്മൾ അന്വേഷിക്കേണ്ടത്? "എന്റെ മുഖം തേടുവിൻ എന്ന് അവിടുന്ന് കൽപിച്ചു; കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു" (സങ്കീർത്തനം 27:8). നമ്മുടെ എല്ലാ പ്രാർത്ഥനകളുടെയും ആത്യന്തികലക്‌ഷ്യം ഇതായിരിക്കണം - സർവ മഹത്വത്തിന്റെയും ഉടയവനായ ദൈവത്തെ തേടുക. നമ്മിൽനിന്നും മറഞ്ഞിരിക്കാൻ ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല, "എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു; ജാഗരൂകതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തുന്നു" (സുഭാഷിതങ്ങൾ 8:17). "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക" (മത്തായി 6:33) എന്ന് ഈശോ തന്നെ നമ്മോടു പറഞ്ഞുകഴിഞ്ഞു. ദൈവത്തിന്റെ രാജ്യം അന്വേഷിക്കുന്നവർ ഈ ലോകത്തിന്റെ അംഗീകാരങ്ങളേക്കാൾ സ്വർഗ്ഗത്തിൽ ഇടം തേടുന്നു; ദൈവത്തിന്റെ നീതി അന്വേഷിക്കുന്നവർ സ്വന്തം താല്പര്യങ്ങൾക്കുപരിയായി ദൈവേഷ്ടത്തിനു ജീവിതത്തിൽ പ്രാധാന്യം നൽകുന്നു. ഇപ്രകാരം ചെയ്യുന്പോൾ, "സിംഹക്കുട്ടികൾ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; എന്നാൽ, കർത്താവിനെ അന്വേഷിക്കുന്നവർക്കു ഒന്നിനും കുറവുണ്ടാകില്ല" (സങ്കീർത്തനം 34:10), എന്ന് ദൈവത്തിന്റെ വചനം ഉറപ്പ് നൽകുന്നു. 

മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും
ഹൃദയത്തിൽ ദൈവത്തോടു ചോദിക്കുകയും, മനസ്സിൽ ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്ന ഒരാൾ ദൈവരാജ്യത്തിന്റെ പടിവാതിൽ കണ്ടെത്തുന്പോൾ അവിടെച്ചെന്നു മുട്ടുകയും വേണം.  മറ്റാരും കേൾക്കുകയോ അറിയുകയോ ചെയ്യാതെ ദൈവത്തോടു ചോദിക്കാനും ദൈവത്തെ അന്വേഷിക്കുവാനും നമുക്കാവും. എന്നാൽ, മുട്ടുന്നത് ഒരു പ്രവൃത്തിയാണ്‌, അതു നമ്മെ കർമ്മോത്സുകരാക്കുന്നു. "പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജ്ജീവമാണ്" (യാക്കോബ് 2:17). ഹൃദയംകൊണ്ടും മനസ്സുകൊണ്ടും ദൈവത്തെ തേടുന്നതിനൊപ്പം നമ്മുടെ പ്രവൃത്തികളിലും ദൈവമഹത്വം കാംക്ഷിക്കാൻ നമുക്കാവണം. "വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്
(1 യോഹന്നാൻ 3:18). 

ചോദിച്ചാൽ നൽകുമെന്ന , അന്വേഷിച്ചാൽ കണ്ടെത്തുമെന്ന, മുട്ടിയാൽ തുറക്കപ്പെടുമെന്ന  ദൈവത്തിന്റെ വാഗ്ദാനം നമ്മിൽ പൂർത്തീകരിക്കുന്നതിനായി, നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കുകയും ആഗ്രഹങ്ങളെ ക്രമപ്പെടുത്തുകയും ജീവിതത്തെ നവീകരിക്കുകയും ചെയ്യുന്ന ദൈവകൃപകൾക്കായി പ്രാർത്ഥിക്കാം.  

എന്റെ കർത്താവേ, എന്റെ ദൈവമേ, ഈ ലോകത്തിൽ ഒരു തീര്‍ത്ഥാടകനാണ് ഞാനെന്ന ബോധ്യത്തോടെ, എല്ലാവരെയും - സുഹൃത്തുക്കളെയും ശത്രുക്കളെയും - സ്നേഹിക്കാനും ബഹുമാനിക്കാനും, അതുവഴി അങ്ങയെ സ്നേഹിക്കാനും ആദരിക്കാനും എന്നെ പഠിപ്പിക്കണമേ. കോപത്തെ കീഴടക്കി സൌമ്യനാകുവാനും, സ്വാർത്ഥത അകറ്റി ഉദാരമനസ്കനാകുവാനും, ഉദാസീനത മാറ്റി തീഷ്ണതയാൽ നിറയുവാനും എന്നെ സഹായിക്കണമേ. ആമ്മേൻ.
[ക്ലെമെന്റ് XI മാർപാപ്പായുടെ പ്രാർത്ഥന - Prayer of Pope Clement XI - (1649 - 1721)] 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!