ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും
"ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളിൽനിന്ന് അവരെ മനസ്സിലാക്കാം. മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്നു അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്തവൃക്ഷം ചീത്ത ഫലവും നൽകുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും." (മത്തായി 7:15-20)
വിചിന്തനം
ഇസ്രായേൽ ജനത്തിനു വളരെപ്പെട്ടെന്നു മനസ്സിലാകുന്ന പ്രതീകങ്ങളിലൂടെയാണ് ഇന്നത്തെ വചനഭാഗത്തിൽ ഈശോ സംസാരിക്കുന്നത്. മുന്തിരിച്ചെടിയും അത്തിവൃക്ഷവും ഇസ്രായേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് . അത്തിമരം സമാധാനത്തെയും സമൃദ്ധിയെയും, മുന്തിരി സന്തോഷത്തെയും സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ അവരുടെ കൃഷിയിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന മറ്റു രണ്ടു സസ്യങ്ങളാണ് മുൾച്ചെടികളും ഞെരിഞ്ഞിലും. ചില മുൾചെടികളിൽ മുന്തിരിയുടേതിനു സമാനമായ കായ്കൾ ഉണ്ടാകുമായിരുന്നു. ചില ഞെരിഞ്ഞിലുകൾ അത്തിമരത്തിനു സമാനമായ രീതിയിൽ പൂവിടുകയും ചെയ്തിരുന്നു. എന്നാൽ, അവയുടെ ഫലങ്ങൾ തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. പലപ്പോഴും കാഴ്ചയ്ക്ക് നല്ലതെന്നുതോന്നിയിരുന്നു എങ്കിലും മുൾച്ചെടിയിൽനിന്നും ഞെരിഞ്ഞിലിൽനിന്നും ഉപകാരപ്രദമായ യാതൊന്നും ലഭിച്ചിരുന്നില്ല.
അതിനാൽ, മുൾച്ചെടികളും ഞെരിഞ്ഞിലും കൂട്ടിയിട്ടു തീകത്തിക്കാൻ മാത്രം ഉതകുന്നവയായിരുന്നു. ഇതുപോലെ തന്നെയാണ്, ദൈവവചനമെന്ന ഭാവേന തെറ്റായ ബോധ്യങ്ങളും അറിവുകളും പങ്കു വയ്ക്കുന്ന പ്രബോധകരും പ്രവാചകരും. ശ്രവിക്കാൻ നല്ലതെന്നു തോന്നുമെങ്കിലും, അവരുടെ വാക്കുകൾ അനുസരിച്ചു ജീവിച്ചാൽ നാമും ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്ന മുൾചെടികളും ഞെരിഞ്ഞിലുകളും ആയി മാറും. എങ്ങിനെയാണ് ശരിയായ പ്രബോധനങ്ങളെ വ്യാജമായവയിൽനിന്നും നമ്മൾ വേർതിരിച്ചെടുക്കുന്നത്?
യഥാർത്ഥമായതിനെ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങളോട് ഉപമിച്ചുകൊണ്ടാണ് ഈശോ ഈ സമസ്യക്ക് ഉത്തരം നൽകുന്നത്. നല്ല ഫലങ്ങൾ എന്നാൽ കാഴ്ചയ്ക്ക് മാത്രമല്ല പ്രയോജനപ്പെടുന്നത്; അവ രുചികരവും പോഷകസമൃദ്ധവുമാണ്, കേടില്ലാത്തതും അഴുകാത്തതും രോഗങ്ങൾ ഇല്ലാത്തവയുമാണ്. മനുഷ്യജീവിതം ഇത്തരത്തിലുള്ള നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നത് വിശുദ്ധമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുത്ത് സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ നടക്കാൻ ഉദ്യമിക്കുന്പോഴാണ്. എന്നാൽ, നമ്മുടെ ഹൃദയത്തിൽ പാപാസക്തികൾക്ക് വേരുപാകാൻ അവസരം നൽകുന്പോൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ചു നന്മയേയും തിന്മയേയും നിർവചിക്കാൻ തുടങ്ങും. പക്ഷേ, "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം" (ഏശയ്യാ 5:20). ഹൃദയത്തിൽ ലൌകീകസുഖങ്ങൾക്ക് പ്രഥമസ്ഥാനം നൽകി തിന്മയായതു തുടർന്നുകൊണ്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക്, യേശുവിന്റെ സത്യത്തിലും സ്നേഹത്തിലും അധിഷ്ടിതമായ പ്രബോധനങ്ങളും, യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ അതു പാലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തിരുസഭയും തടസ്സങ്ങളായി മാറാറുണ്ട്. ഇതുകൊണ്ടുതന്നെ, പാപത്തെപ്പറ്റിയും ശിക്ഷാവിധിയെക്കുറിച്ചും ഒന്നും പറയാതെ, കേൾക്കാൻ സുഖമുള്ള കാര്യങ്ങൾമാത്രം പറയുന്ന പ്രബോധകരെയും മതങ്ങളെയും ഇഷ്ടപ്പെടുന്ന ധാരാളംപേർ നമ്മുടെ ഇടയിൽ ഉണ്ടുതാനും. പക്ഷെ, ദൈവവചനത്തിൽ വെള്ളം ചേർത്ത്, കേൾക്കാൻ ഇഷ്ടമുള്ള രീതിയിൽ വളച്ചോടിക്കുന്പോൾ അതൊരിക്കലും ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുകയില്ല.
തിരുസഭയുടെ പ്രബോധനങ്ങൾക്ക് അനുസൃതമായി ദൈവവചനത്തിന്റെ അർത്ഥം ശരിയായി ഉൾക്കൊള്ളുകയും, കൂദാശകളിലൂടെ ദൈവാത്മാവിനായി അനുതാപത്താൽ നിറഞ്ഞ നമ്മുടെ ഹൃദയങ്ങളെ തുറന്നു കൊടുക്കുകയും ചെയ്യുന്പോഴാണ് നമ്മൾ ദൈവരാജ്യത്തിനു വേണ്ടിയും നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും, നമുക്ക് വേണ്ടിയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി മാറുന്നത്. "ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്" (ഗലാത്തിയാ 5:22-23). നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറാൻ ഒരു രാത്രികൊണ്ട് ആർക്കും സാധിക്കില്ല. സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുവാനുള്ള ഒരു തീരുമാനമെടുക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യപടി. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുന്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുന്പോൾ, ചീത്ത ഫലം പുറപ്പെടുവിക്കുന്ന നമ്മിലെ അവസ്ഥകളെ നീക്കി നമ്മെ ശക്തിപ്പെടുത്താൻ, ദൈവം പരിശുദ്ധാത്മാവിലൂടെ ധാരാളമായി നമ്മിലേക്ക് ചൊരിയുന്ന കൃപകൾക്കാവും. ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നവയെ ജീവിതത്തിൽ നിന്നകറ്റി, നല്ല ഫലം പുറപ്പെടുവിക്കുന്നവരാകുന്നതിനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, നന്മ ചെയ്യുവാൻ ആഗ്രഹിക്കുന്പോഴും തിന്മയിലേക്ക് നിപതിക്കുന്ന എന്റെ ഹൃദയത്തെ ഞാനങ്ങേക്കു മുൻപിൽ തുറന്നിടുന്നു. എന്റെ ദൗർബല്യങ്ങളിൽ അങ്ങെനിക്കു ശക്തിയാകണമേ, അങ്ങയുടെ നിരന്തരമായ അനുഗ്രഹത്താൽ നന്മ മാത്രം തിരഞ്ഞെടുക്കാൻ വെന്പുന്ന ഒരു ഹൃദയത്തിനുടമയായി ഞാൻ മാറട്ടെ. ആമേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ