ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ, വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്‌. അതിലേ കടന്നുപോകുന്നവർ വളരെയാണുതാനും. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം." (മത്തായി 7:13-14)

വിചിന്തനം 
ക്ലേശം നിറഞ്ഞ ജീവിതത്തിലൂടെയുള്ള നമ്മുടെ യാത്രയിൽ നമ്മെ സഹായിക്കുന്ന, അതുവഴി നമുക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുമെന്നു കരുതുന്ന, കുറുക്കുവഴികൾ  നിരന്തരം അന്വേഷിക്കുന്നരാണ് നാമെല്ലാവരും. അതിനെന്ന നാട്യേന ലോകം ധാരാളം വഴികൾ നമുക്കായി തുറന്നുതരുന്നുമുണ്ട്. ഇന്നു ലോകത്തിൽ ഏറ്റവും അധികം വിപണന സാധ്യത ഉള്ള മേഖലയാണ്, മനുഷ്യന് അവന്റെ അനുദിനജീവിതത്തിലെ പ്രവൃത്തികൾ എളുപ്പമാക്കി കൊടുക്കുന്ന ഉൽപന്നങ്ങൾ. എല്ലാറ്റിലും എളുപ്പവഴികൾ തേടാൻ ശീലിച്ച മനുഷ്യർ, ദൈവത്തിലേക്കും അതുവഴി നിത്യജീവനിലേക്കുമുള്ള കുറുക്കുവഴികൾ തേടുന്നതും സ്വാഭാവികം മാത്രമാണ്. തെറ്റായ വിശ്വാസരീതികളിലൂടെയും, ശരിയെന്നു തോന്നുന്ന പ്രത്യയ ശാസ്ത്രങ്ങളിലൂടെയും, സ്വന്തം പ്രവർത്തികളിലൂടെയാണ് നീതീകരിക്കപ്പെടുക എന്ന അഹങ്കാരത്തിലൂടെയുമെല്ലാം നിത്യജീവനിലേക്ക്‌ നമ്മുടെതായ വഴികൾ തിരഞ്ഞെടുക്കാനുള്ള പ്രലോഭനം ഇടയ്ക്കെങ്കിലും നമ്മിലെല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ, "ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ" (സങ്കീർത്തനം 1:1). നിത്യജീവനിലേക്കുള്ളത് എന്ന പേരിൽ ഒട്ടേറെ വിശാലമായ വഴികൾ ചൂണ്ടിക്കാട്ടാൻ ലോകത്തിനാകും. എന്നാൽ, കർത്താവായ യേശുക്രിസ്തു മാത്രമാണ് "വഴിയും, സത്യവും, ജീവനും" (യോഹന്നാൻ 14:6). 

ഒട്ടേറെ അവസരങ്ങളിൽ, ജീവിതം രണ്ടു വഴികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ നമ്മെ നിർബന്ധിക്കാറുണ്ട്. പ്രഥമ ദൃഷ്ടിയിൽ നമുക്ക് എളുപ്പവും സുരക്ഷിതവുമെന്നു തോന്നുന്ന വഴികളാണ് ഈ അവസരങ്ങളിൽ നമ്മൾ തിരഞ്ഞെടുക്കാറുള്ളത്; പക്ഷേ, അവ ശരിയായ വഴിയായിരിക്കണം എന്ന് എപ്പോഴും നമ്മൾ നിർബന്ധം പിടിക്കാറില്ല. നമുക്ക് ഇഷ്ടമുള്ള വഴികൾ എല്ലായ്പ്പോഴും ലക്ഷ്യത്തിൽ എത്തണമെന്നില്ല. നമുക്ക് "ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം" (സുഭാഷിതങ്ങൾ 14:12). ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലുംനിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. പാപത്തിലും സുഖലോലുപതയിലും പൂണ്ടുകിടക്കുന്ന ലോകത്തിൽ നിത്യജീവനിലേക്ക്‌ നയിക്കുന്ന ശരിയായ വഴികൾ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വിശാലമായ ധാരാളം വാതിലുകളും അതു തുറന്നുതരുന്നതിനായി ധാരാളം പേരുമുള്ള നമ്മുടെ ചുറ്റുപാടുകളിൽനിന്നും അകന്നുമാറി, ഇടുങ്ങിയതും ആകർഷണരഹിതവുമായ നിത്യജീവനിലേക്കുള്ള വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുക അതിലും ദുഷ്കരമാണുതാനും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്പോൾ നമുക്ക് ഇഷ്ടമുള്ളതെല്ലാം കൂടെ കൊണ്ടുപോകാൻ സാധിച്ചെന്നു വരില്ല. ലോകത്തിന്റെതായി ജീവിച്ചപ്പോൾ നമ്മൾ സ്വരുക്കൂട്ടിവച്ച നമുക്ക് പ്രിയപ്പെട്ട ഒട്ടേറെ ശീലങ്ങളും വ്യക്തികളും വസ്തുക്കളും ഉപേക്ഷിച്ചാൽ മാത്രമേ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാനും വീതി കുറഞ്ഞ വഴിയിലൂടെ യാത്ര പൂർത്തിയാക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. 

അൽപകാലത്തേക്ക് നമ്മെ സന്തോഷിപ്പിക്കാൻ ഉതകുന്ന ഒട്ടേറെ കാര്യങ്ങൾ പ്രദാനം ചെയ്യാൻ ഈ ലോകത്തിനാകും. എന്നാൽ, "എന്റെ ദൈവമേ, അങ്ങയിലെത്തുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ്" എന്ന വി. ആഗസ്തീനോസിന്റെ വാക്കുകൾ നമ്മുടെയും ജീവിതത്തിലും എത്രയോ അന്വർത്ഥമാണ് എന്നു നമുക്കൊന്നു ചിന്തിച്ചു നോക്കാം.ഒരു വർഷത്തിലേറെ നീണ്ടുനിന്ന വിശ്വാസവർഷം ഔദ്യോഗികമായി സമാപിച്ചു കഴിഞ്ഞിരിക്കുന്ന ഈ വേളയിൽ, ഇടുങ്ങിയ വാതിലുകൾ തേടുവാനും വീതി കുറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യാനും അതെത്രമാത്രം നമ്മെ സഹായിച്ചു എന്നുകൂടി ഒന്നാലോചിക്കാം. ദൈവത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ശരിയായ ബോധ്യങ്ങൾ നൽകുകയും, വാതിലും വഴിയുമായ യേശുവിലേക്ക് നമ്മെ കൈപിടിച്ചു നടത്തുകയും ചെയ്യുന്നത് തിരുസഭയാണെന്ന് വിശ്വസിക്കുവാനും ലോകത്തിനുമുൻപിൽ ഏറ്റുപറയാനും നമുക്കാവുന്നുണ്ടോ? സഭയിലൂടെ നമ്മെ സദാ വിശുദ്ധീകരിക്കുകയും, വരദാനഫലങ്ങൾ നൽകി സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം. 

ശ്ലീഹന്മാരെ ശക്തിപ്പെടുത്തി നിത്യജീവനിലേക്കുള്ള വഴി വെളിപ്പെടുത്തിക്കൊടുത്ത പരിശുദ്ധാത്മാവേ, ലൌകീകാസക്തികളും ജഡികമോഹങ്ങളും ഞെരുക്കുന്ന എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരേണമേ. ക്ഷണികമായ ലൌകീകസുഖങ്ങളിൽ മനസ്സുറപ്പിച്ച് നാശത്തിന്റെ വഴിയിലൂടെ നടക്കാതെ, കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനും രാജാവുമായി ഏറ്റുപറഞ്ഞു നിത്യജീവന്റെ പാതയിലൂടെ യാത്ര ചെയ്യാൻ എന്നെ സഹായിക്കണമേ.  ആമ്മേൻ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്