വഴിതെറ്റിപ്പോയ ആട്

"നിങ്ങൾക്ക് എന്തു തോന്നുന്നു, ഒരാൾക്ക്‌ നൂറു ആടുകൾ ഉണ്ടായിരിക്കെ അതിലൊന്ന് വഴി തെറ്റിപ്പോയാൽ തൊണ്ണൂറ്റൊൻപതിനെയും മലയിൽ വിട്ടിട്ടു അവൻ വഴിതെറ്റിയതിനെ അന്വേഷിച്ചു പോകയില്ലേ? കണ്ടെത്തിയാൽ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊൻപതിനെക്കുറിച്ച് എന്നതിനെക്കാൾ അവൻ സന്തോഷിക്കുമെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഇതുപോലെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല." (മത്തായി 18:12-14)

വിചിന്തനം 
ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽനിന്നും ഒന്ന് കൂട്ടംതെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറിനിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്പോഴാണ്. എല്ലാ ആപത്തുകളിൽനിന്നും തന്നെ പരിരക്ഷിച്ച് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന തന്റെ കൂട്ടായ്മയെയും ഇടയനെയും ഉപേക്ഷിച്ച്, വഴിയരുകിൽ കണ്ടുമുട്ടുന്നവയുടെ ബാഹ്യമോടികളിൽ ആകൃഷ്ടരായി കൂട്ടംവിട്ടുപോകുന്നവർക്ക് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യം ലഭിക്കുന്നത് വളരെ വൈകി ആയിരിക്കും. ആട്ടിൻതോലിട്ട ചെന്നായ ആണ് ശ്രദ്ധ തെറ്റിച്ച് തന്നെ കൂട്ടത്തിൽനിന്നും പുറത്തുകൊണ്ടു വന്നത് എന്ന തിരിച്ചറിവ് ലഭിക്കുന്പോഴേക്കും ബാക്കിയുള്ള ആട്ടിൻപറ്റം കാണാമറയത്ത്  ആയിട്ടുണ്ടാകും. എങ്ങോട്ടുപോകും എന്നറിയാതെ പാപത്തിന്റെ കരകാണാക്കടലിൽ ഉഴലുന്ന മനുഷ്യന്റെ സ്ഥിതിയും കൂട്ടംവിട്ടുപോയ ആടിന്റെ സ്ഥിതിയിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. തിരിച്ചു കൂട്ടായ്മയുടെ സുരക്ഷയിലേക്ക് എത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ നിത്യനാശത്തിലായിരിക്കും രണ്ടാളുടെയും യാത്ര അവസാനിക്കുന്നത്, കാരണം "ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റി നടക്കുന്നു" (1 പത്രോസ് 5:8). എന്നാൽ, നഷ്ടപ്പെട്ടുപോയവയെ വഴിയിൽ മറന്നുകളഞ്ഞിട്ടു  തനിക്കുള്ള ബാക്കി ആടുകളിൽ സംതൃപ്തി കണ്ടെത്തുന്ന ഒരാളല്ല സ്വർഗ്ഗസ്ഥനായ പിതാവ് എന്ന് ഇന്നത്തെ വചനഭാഗത്തിലൂടെ ആ പിതാവിന്റെ ഏകജാതനായ ഈശോ നമ്മെ ഓർമ്മിപ്പിക്കുകയാണ്.

മരണത്തിന്റെ നിഴൽവീണ താഴ്‌വരകളിൽ ലക്ഷ്യബോധമില്ലാതെ സംഭ്രാന്തിയിലും ഭയത്തിലും അലഞ്ഞിരുന്ന കൂട്ടംതെറ്റിപ്പോയ തന്റെ ജനത്തോട് പ്രവാചകനിലൂടെ ദൈവം അരുൾചെയ്തു, "ഇതാ നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു..ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ ചേർത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു" (ഏശയ്യാ 40:10,11). പിതാവായ ദൈവം തന്റെ പ്രിയപുത്രനെ ഭൂമിയിലേക്കയച്ചത് നീതിമാന്മാരെ തേടിയല്ല, പാപം ചെയ്ത് ദൈവീകസംരക്ഷണത്തിൽനിന്നും  അകന്നുപോയ പാപികളെ തേടിയാണ്. രക്ഷകനായ യേശുവിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴി തിരികെ കണ്ടെത്തുന്നവരെപ്രതി ദൈവം ഒട്ടധികം സന്തോഷിക്കും എന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തെ സന്തോഷിപ്പിക്കാൻ മനപൂർവം പാപം ചെയ്തു നല്ലിടയനായ യേശുവിന്റെ വരവിനായി കാത്തിരിക്കണം എന്നല്ല യേശു അർത്ഥമാക്കുന്നത്. "പാപി" എന്ന വിശേഷണത്തിന് അർഹരാകാൻ നാമാരും പാപം ചെയ്യാൻ പരിശ്രമിക്കേണ്ട യാതൊരു ആവശ്യവുമില്ല. "എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിനു അയോഗ്യരായി" (റോമാ 3:23), എന്ന് പൌലോസ് അപ്പസ്തോലൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നമ്മെ അനുസ്മരിപ്പിക്കുന്നു. നാമെല്ലാവരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അറിഞ്ഞോ അറിയാതെയോ പാപം ചെയ്തുകൊണ്ടിരിക്കുന്നവരാണ്. പാപമല്ല നമ്മിൽ ഇല്ലാത്തത്; പാപിയാണെന്ന തിരിച്ചറിവാണ്. രക്ഷകന്റെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ വേളയിൽ നാം ഓരോരുത്തരും ശ്രമിക്കേണ്ടത് നമ്മിലെ പാപിയെ കണ്ടെത്താനാണ്‌. 

എത്രത്തോളം വിശുദ്ധമായ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിൽകൂടിയും, ഈ ഭൂമിയിൽ ജീവനോടെ ഇരിക്കുന്ന കാലത്ത് ഒരാൾക്കും പാപമെന്ന യാഥാർത്ഥ്യത്തെ പരിപൂർണ്ണമായും ഒഴിവാക്കാൻ ആവുകയില്ല. തന്ത്രശാലിയായ ഒരു പാന്പിനു സമാനമാണ് പാപം - അടികിട്ടിയാൽ കല്ലിനടിയിൽ അനങ്ങാതെ ഒതുങ്ങിക്കൂടുന്ന പാന്പ് ചത്തുവെന്ന് തെറ്റിദ്ധരിക്കുന്നവർ വളരെയാണ്. നമ്മുടെ ഒരു പ്രവൃത്തി പാപമാണെന്നു തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്പോൾ, ആ പ്രവർത്തിയിൽനിന്നും ലഭിച്ചിരുന്ന സുഖങ്ങൾ മറ്റു പ്രവർത്തികളിൽ തേടാനുള്ള പ്രവണത നമ്മിലുണ്ട്. മാരകപാപങ്ങൾ ചെയ്യാത്തതുമൂലം താൻ പാപമൊന്നും ചെയ്യുന്നില്ല എന്നു കരുതുന്ന വ്യക്തി, ലഘുപാപങ്ങൾ ആത്മാവിനു നല്കുന്ന പ്രഹരങ്ങളെ അവഗണിക്കുന്നു. മാരകപാപത്തിനു അടിമയായ വ്യക്തി തന്നെ പൂർണ്ണമായും ദൈവകൃപകളിൽനിന്നും അകറ്റുന്നുവെങ്കിൽ, ലഘുപാപങ്ങൾ നമ്മിലേക്ക് ഒഴുകുന്ന കൃപകളെ ഭാഗികമായി തടസ്സപ്പെടുത്തുന്നു. വളരെകാലം ലഘുപാപങ്ങളെ ലാഘവമായി എടുത്താൽ, ക്രമേണ അവ നമ്മെ മാരകപാപങ്ങളിലേക്ക് കൊണ്ടെത്തിച്ചു എന്നുവരാം. എല്ലാ ദിവസവും നമ്മുടെ മനസ്സാക്ഷിയെ പരിശോധിച്ചും പതിവായി കുന്പസാരമെന്ന കൂദാശയിൽ പങ്കെടുത്തും നമുക്ക് പാപം ചെയ്തു കൂട്ടംവിട്ടു പോകാനുള്ള നമ്മുടെ പ്രവണതയെക്കുറിച്ച് ബോധ്യമുള്ളവരായി ജീവിക്കാൻ സാധിക്കും. അപ്പോൾമാത്രമേ കൂട്ടംതെറ്റിയവരെ അന്വേഷിച്ചുവരുന്ന നല്ല ഇടയനായ ഈശോയുടെ ശബ്ദത്തിനായി സദാ ചെവിയോർക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. 

നല്ലയിടയനായ ഈശോയെ, പാപത്തിന്റെ ഇരുളിൽപെട്ട് വഴിതെറ്റി കൂട്ടംവിട്ടുപോയ എന്നെ തേടിയിറങ്ങിയ ദൈവപുത്രാ, പാപവും പാപമാർഗ്ഗങ്ങളുമുപേക്ഷിച്ച്, അങ്ങയുടെ തോളിലേറി സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!