പാപികളുടെ സ്നേഹിതനായ മനുഷ്യൻ!
"ഈ തലമുറയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത്? ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങൾ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികൾക്കു സമാനമാണ് ഈ തലമുറ. യോഹന്നാൻ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവൻ പിശാചു ബാധിതനാണെന്നു അപ്പോൾ അവർ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ അവർ പറയുന്നു: ഇതാ, ഭോജന പ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ! എങ്കിലും ഞാനം അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു." (മത്തായി 11:16-19)
വിചിന്തനം
ചന്തസ്ഥലത്തു കൂട്ടംകൂടിയിരുന്നു നേരംപോക്കിനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും നിരർത്ഥകമായ കാര്യങ്ങൾ ചെയ്തിരുന്ന കുട്ടികൾ യേശുവിന്റെ കേൾവിക്കാർക്ക് സുപരിചിതർ ആയിരുന്നു. വലിയ വിവാഹവും അതിനോടനുബന്ധിച്ചുള്ള ആഘോഷം നടക്കുന്നുവെന്ന നാട്യേന കുഴലൂതുകയും, ഒരു മരണവീട്ടിലെന്നപോലെ വിലാപഗാനം ആലപിക്കുകയും ചെയ്യുന്നത് ഒക്കെ അവരുടെ നേരംപോക്കുകളുടെ ഭാഗമായിരുന്നു. എന്നാൽ, ചന്തസ്ഥലത്തു വന്നുപോകുന്നവരാരും കുട്ടികളുടെ ആ പ്രവൃത്തികൾക്ക് യാതൊരു വിലയും കൽപിച്ചിരുന്നില്ല. ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഈശോ തന്റെ വചനത്തിനു നേരെ ചെവിയടക്കുകയും, മറ്റുള്ളവരുടെ മുന്പിൽ തന്നെക്കുറിച്ചു ദുഷിച്ചു സംസാരിക്കുകയും ചെയ്യുന്ന ഫരിസേയരെയും നിയമജ്ഞരെയും ഉപമിക്കുന്നത്, അർത്ഥശൂന്യമായ തങ്ങളുടെ പ്രവർത്തികൾ കണ്ട് ആരും പ്രതികരിക്കാത്തതിനെ ചൊല്ലി പരാതിയും പരിഭവവും പറയുന്ന കുട്ടികളോടാണ്. തങ്ങളുടെ കാപട്യങ്ങൾക്കു കൂട്ടുനിൽക്കാത്തവരെയെല്ലാം അധിക്ഷേപിക്കുകയും അവർക്കെതിരേ ഏഷണി പറഞ്ഞുണ്ടാക്കുകയും ചെയ്യുന്നത് ഫരിസേയരുടെയും നിയമജ്ഞരുടെയും സ്വഭാവമായിരുന്നു. ഒരു താപസനെപ്പോലെ ജീവിച്ച സ്നാപകയോഹന്നാനെയും പാപികളുടെ ഇടയിൽ പാപമില്ലാത്തവനായി ജീവിച്ച യേശുവിനെയും വാക്കുകളുപയോഗിച്ചു മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തിക്കെട്ടുന്നതിനു അവർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു.
ദൈവത്തെക്കുറിച്ച് ഫരിസേയരും നിയമജ്ഞരും ജനങ്ങൾക്കു നല്കിയിരുന്ന തെറ്റായ ബോധ്യങ്ങളെ തിരുത്താൻ ശ്രമിച്ചിരുന്ന യേശുവിന്റെ വിലയിടിച്ചുകാട്ടേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമായിരുന്നു. നമ്മുടെ അഭിപ്രായങ്ങളുമായി യോജിക്കാത്തവർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെ ശരിതെറ്റുകൾ വിലയിരുത്താതെ, അവർ നമ്മോടൊപ്പമല്ല എന്ന കാരണംകൊണ്ടു മാത്രം, അവരുടെമേൽ ദോഷം ആരോപിക്കുവാനും, ഇല്ലാത്തതു പറഞ്ഞ് അവരുടെ വില ഇടിക്കുവാനും നമ്മൾ മുതിരാറുണ്ടോ? അതുമല്ലെങ്കിൽ, മറ്റുള്ളവർ നമുക്കെതിരായി പറയുന്ന അപവാദങ്ങൾമൂലം മനസ്സുമടുത്ത്, ദൈവത്തോടുള്ള തീഷ്ണമായ ഭക്തിയും അതിന്റെ ഫലമായി ചെയ്തുകൊണ്ടിരുന്ന സൽപ്രവർത്തികളും ഉപേക്ഷിച്ച്, ഇടിഞ്ഞ ഹൃദയവുമായി ജീവിക്കുന്നവരാണോ നമ്മൾ?
എന്നാൽ, മറ്റുള്ളവരുടെ ദുഷിവാക്കുകളിൽ മനസ്സുമടുത്ത് ഒന്നും മിണ്ടാതിരിക്കുകയോ, തന്നെ ലോകത്തിലേക്ക് അയച്ച തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാതിരിക്കുകയോ അല്ല ഈശോ ചെയ്തത്. ദൈവത്തിന്റെ ഹിതമനുസരിച്ച് ഭൂമിയിൽ ജീവിക്കുന്പോൾ, സ്വാർത്ഥതയും അത്യാഗ്രഹവും അഹങ്കാരവും മൂലം ഹൃദയം കഠിനമായ, ലോകത്തിന്റെമാത്രം കാര്യങ്ങളിൽ വ്യാപൃതരായ മനുഷ്യരിൽനിന്നും എതിർപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്ന് യേശുവിനറിയാമായിരുന്നു. ഒട്ടേറെ അവസരങ്ങളിൽ, നമ്മുടെ പ്രവർത്തി ദൈവഹിതപ്രകാരം ഉള്ളതാണെന്നതിനു നമുക്ക് ലഭിക്കാവുന്ന സ്പഷ്ടമായ തെളിവുകളാണ്, യാതൊരു അടിസ്ഥാനവുമില്ലാതെ നമ്മിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ. "നന്മയ്ക്കു പ്രതിഫലമായി അവർ എന്നോടു തിന്മ ചെയ്യുന്നു; ഞാൻ നന്മ ചെയ്യുന്നതുകൊണ്ടാണ് അവർ എന്റെ വിരോധികളായത്" (സങ്കീർത്തനം 38:20).
ലോകത്തിനു അനുരൂപമല്ലാത്ത ജീവിതം നയിക്കുകയും, തെറ്റായ പ്രവർത്തികൾ ചൂണ്ടിക്കാട്ടി അവയെ എതിർക്കുകയും ചെയ്യുന്നവർ ലൌകീകകാര്യങ്ങളിൽമാത്രം വ്യാപരിക്കുന്നവർക്ക് അസൌകര്യമാകുന്നത് സ്വാഭാവികം മാത്രമാണ്. "അധർമ്മികൾ വാക്കും പ്രവർത്തിയുംവഴി മരണത്തെ ക്ഷണിച്ചുവരുത്തി, മിത്രമെന്നു കരുതി അതുമായി സഖ്യം ചെയ്ത്, സ്വയം നശിക്കുന്നു" (ജ്ഞാനം 1:16). ദൈവത്തിന്റെ സ്വരത്തിനായി ഹൃദയം തുറക്കാത്തതുമൂലം ഇരുളടഞ്ഞുപോയ അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന അജ്ഞതയാണ് അവരെക്കൊണ്ട് തിന്മയായതു പറയിപ്പിക്കുന്നതെന്ന് തിരിച്ചറിയാൻ നമുക്കാവണം. അപവാദങ്ങൾ ഉണ്ടാകുന്പോൾ, അനാവശ്യമായ എതിർപ്പുകൾ ഉരുത്തിരിയുന്പോൾ, വാഗ്വാദത്തിനു മുതിരുകയോ നിരാശയ്ക്ക് കീഴ്പ്പെടുകയോ അല്ല നമ്മൾ ചെയ്യേണ്ടത്. "ബലമുള്ളവരായ നാം ദുർബലരുടെ പോരായ്മകൾ സഹിക്കുകയാണ് വേണ്ടത്" (റോമാ 15:1). അവരുടെ അജ്ഞത അകറ്റാനും അവർക്ക് ദൈവസ്നേഹം തിരിച്ചറിയുന്നതിനുമായി കൂടുതൽ തീവ്രമായി പ്രവർത്തിക്കുകയാണ് വേണ്ടത്, കൂടുതൽ തീഷ്ണമായി പ്രാർത്ഥിക്കുകയാണ് വേണ്ടത്. രക്ഷകന്റെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ, എതിർപ്പുകളെ അവഗണിച്ച് ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും, നമ്മുടെ ജീവിതം മാതൃകയായി നൽകി മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാനും നമുക്ക് പരിശ്രമിക്കാം.
കർത്താവായ യേശുവേ, അങ്ങയുടെ സ്വരം ശ്രവിച്ച് നന്മയായതു മാത്രം പ്രവർത്തിക്കുവാനും, അതുവഴി നിരാശയിലും അറിവില്ലായ്മയിലും വിദ്വേഷത്തിലും കഴിയുന്നവരെ അങ്ങയിലേക്ക് കൊണ്ടുവരുവാനും എന്റെ ഹൃദയത്തെ ശക്തിപ്പെടുതണമേ. എനിക്കെതിതെരായി അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങൾ ഉയരുന്പോൾ, അങ്ങയുടെ മഹത്വത്തിനായി അത് സംയമനത്തോടെ സ്വീകരിക്കാനും, പ്രസന്നതയോടെ അതിനോട് പ്രതികരിക്കാനും എന്റെ ഹൃദയത്തെ എളിമയെന്ന പുണ്യതത്താൽ നിറയ്ക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ