പുനർസ്ഥാപനത്തിന്റെ മുന്നോടി

"മലയിൽനിന്നു ഇറങ്ങുന്പോൾ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ നിങ്ങൾ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ആദ്യം എലിയാ വരണമെന്ന് നിയമജ്ഞർ പറയുന്നത് എന്തുകൊണ്ട്? അവൻ പറഞ്ഞു: എലിയാ വന്ന് എല്ലാം പുനസ്ഥാപിക്കുക തന്നെ ചെയ്യും. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, എലിയാ വന്നുകഴിഞ്ഞു. എങ്കിലും അവർ അവനെ മനസ്സിലാക്കിയില്ല. തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരിൽനിന്നു പീഡകൾ ഏൽക്കാൻ പോകുന്നു. സ്നാപകയോഹന്നാനെപ്പറ്റിയാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി." (മത്തായി 17:9-13)

വിചിന്തനം 
വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ദൈവം എക്കാലവും മനുഷ്യന് നല്കിയിരുന്നു. സ്നാപകയോഹന്നാനും ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു - വരാനിരിക്കുന്ന രക്ഷകനായി മനുഷ്യഹൃദയങ്ങളിൽ പാതയോരുക്കുക എന്ന സൂചനയാണ് സ്നാപകനിലൂടെ ദൈവം മനുഷ്യനു നൽകിയത്. മാനസാന്തരപ്പെട്ടു വഴികൾ നേരെയാക്കുക എന്ന സന്ദേശമാണ് സ്നാപകനിലൂടെ ദൈവത്തിന്റെ ആത്മാവ്, ലോകത്തിന്റെ വ്യഗ്രതകളിൽ മുഴുകി ദൈവത്തിന്റെ വാഗ്ദാനം മറന്ന ഒരു ജനത്തിനു മുന്പാകെ വച്ചത്. എന്നാൽ, അത് ഗ്രഹിക്കുവാനോ സ്വീകരിക്കുവാനോ യഹൂദജനത്തിനു കഴിഞ്ഞില്ല. സ്നാപകനിലൂടെ ദൈവം തന്ന സന്ദേശം ഇന്നത്തെ ലോകത്തിലും വളരെ പ്രസക്തമായ ഒന്നാണ്, പ്രത്യേകിച്ചും രക്ഷകനായ ക്രിസ്തുവിന്റെ ആഗമനത്തിനായി ഒരുങ്ങുന്ന അവസരത്തിൽ. ക്രിസ്തുമസ്സിനു മുന്പുള്ള ദിവസങ്ങളെ ലോകം കച്ചവടക്കണ്ണുകൊണ്ടാണ് കാണുന്നത്  - കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും മോഹിപ്പിക്കുന്ന ഉല്പന്നങ്ങളുമായി ലോകം ഈ ദിവസങ്ങളെ ശബ്ദമുഖരിതമാക്കാറുണ്ട്. ഈ പുറംമോടികളിൽ ശ്രദ്ധ പതിപ്പിച്ച് മനംമയങ്ങുന്പോൾ ക്രിസ്തുമസ്സിൽനിന്നും ക്രിസ്തു അപ്രത്യക്ഷമാകുന്നത് സർവസാധാരണമാണ്. 

ഉണ്ണിയേശുവിന്റെ പിറവിക്കായി ഹൃദയത്തെയും, വിധികർത്താവായ മനുഷ്യപുത്രന്റെ പ്രത്യാഗമനത്തിനായി ആത്മാവിനെയും ഒരുക്കേണ്ട സമയമാണ് ക്രിസ്തുമസ്സിനു മുന്പുള്ള ദിവസങ്ങൾ. നമ്മെ നിരന്തരം പാപത്തിലേക്ക് നയിക്കുന്ന നമ്മിലുള്ള തിന്മയുടെ സ്വാധീനങ്ങളെ പറ്റി ധ്യാനിക്കുവാനും, നമ്മിലേക്കുള്ള ദൈവകൃപകളുടെ ഒഴുക്ക് തടയുന്ന അപ്രസക്തമായ എല്ലാറ്റിനെയും ഹൃദയത്തിൽനിന്നു പിഴുതെറിയാനും വേണ്ടുന്ന രീതിയിൽ സമഗ്രമായ ആത്മശോധന നടത്തേണ്ട ദിവസങ്ങളിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് ചൊരിയുന്ന കൃപകൾ സ്വീകരിക്കാൻ നമ്മുടെ ഹൃദയം എത്രത്തോളം സജ്ജമാണ് എന്നായിരിക്കണം ഈ ആത്മപരിശോധനയിലൂടെ നാം അന്വേഷിക്കേണ്ടത്. 'എന്റെ ഹൃദയം എന്തിനുവേണ്ടിയാണ് ഞാൻ ഒരുക്കിവച്ചിരിക്കുന്നത്?' എന്ന ചോദ്യം ഒരു ദിവസത്തിൽ ഒരു തവണയെങ്കിലും നമ്മോടുതന്നെ ചോദിക്കാൻ നമുക്കാവണം. എന്നിട്ട്, ആ ചോദ്യത്തിന് നമ്മുടെ ആത്മാവ് എന്തു മറുപടിയാണ് തരുന്നതെന്ന് ശ്രവിക്കാനും നമ്മൾ പരിശ്രമിക്കണം. 

പലപ്പോഴും നമുക്ക് നമ്മെക്കുറിച്ചു സ്വയം കേൾക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കാം ഈ അവസരങ്ങളിൽ വെളിപ്പെട്ടു കിട്ടുന്നത്. മറ്റുള്ളവരിൽ നിന്നും സദാ അംഗീകാരവും പ്രശസ്തിയും ആഗ്രഹിക്കുന്ന നമ്മിലെ അവസ്ഥകളും, മറ്റുള്ളവരോട് നമ്മുടെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന വെറുപ്പും വിദ്വേഷവുമെല്ലാം തിരിച്ചറിയാനുള്ള അവസരമാക്കി ആത്മശോധനയെ മാറ്റാനാകും. ദൈവഹിതമനുസരിച്ചുള്ള ജീവിതമാണോ നമ്മുടേത്‌, അതോ നമ്മുടെ ഇഷ്ടങ്ങൾ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജീവിതമാണോ എന്ന് ആത്മാർത്ഥമായി നമ്മോടുതന്നെ ചോദിക്കാൻ നമുക്കാവണം. നമ്മുടെ തീരുമാനങ്ങളിലും വ്യക്തിബന്ധങ്ങളിലും ജോലിയിലും എല്ലാം ദൈവത്തിനുള്ള സ്ഥാനം എന്താണ് എന്ന് കഴിഞ്ഞുപോയ ദിവസത്തിലെ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ അവലോകനം ചെയ്യുന്പോഴാണ് നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന സ്വാർത്ഥതയും അഹങ്കാരവും, നമ്മുടെ മനസ്സിലെ ദുരുദ്ദേശവും, നമ്മുടെ വാക്കുകളിലെ ദുസ്സൂചനകളും, നമ്മുടെ പ്രവൃത്തിയിലെ ദുഷ്പ്രേരണകളും ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന്നത്‌. 

ദൈവവുമായി അനുരജ്ഞനപ്പെടേണ്ട മേഖലകളെക്കുറിച്ചു  തിരിച്ചറിവുകൾ ആത്മശോധന വഴിയായി ലഭിക്കുന്പോൾ, അവയെ നമ്മുടെ യുക്തിക്ക് അനുസൃതമായി ന്യായീകരിക്കാൻ ശ്രമിക്കാതെ, നമ്മുടെ കുറവുകളായി അംഗീകരിക്കാൻ നാം തയ്യാറാകണം. നമ്മുടെ ബലഹീനതകളെ പരിഹരിക്കുന്ന ദൈവത്തിന്റെ ശക്തിയിൽ കൂടുതൽ ആശ്രയിക്കാനും, തിരിച്ചറിഞ്ഞ പാപങ്ങൾ ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെ കുന്പസാരത്തിലൂടെ ഏറ്റുപറയാനും മനസ്സിൽ തീരുമാനം എടുക്കണം. അവസാനമായി, നമ്മുടെ തെറ്റുകൾ സ്നേഹപൂർവം വെളിപ്പെടുത്തിത്തന്ന് നമ്മെ വിശുദ്ധിയിലേക്ക് നിരന്തരം വിളിക്കുന്ന ദൈവത്തിനു നമ്മൾ നന്ദി പറയുകയും വേണം. "മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി 3:2) എന്ന സ്നാപകയോഹന്നാന്റെ വാക്കുകൾക്കു ചെവികൊടുത്ത്‌, എല്ലാം പുനർസ്ഥാപിക്കുന്നവനായി ഹൃദയംകൊണ്ട് നമുക്കൊരുങ്ങാം. 

മരിച്ചവരിൽനിന്നു ഉയിർത്ത കർത്താവായ യേശുവേ, അങ്ങ് കാൽവരിയിലെ കുരിശിലൂടെ പാപത്തെ കീഴടക്കി. അങ്ങയുടെ സത്യത്തിന്റെ വെളിച്ചത്താൽ എന്റെ ആത്മാവിന്റെ ഇരുളടഞ്ഞ കോണുകളെ പ്രകാശിപ്പിക്കണമേ. അങ്ങയുടെ ബലിയുടെ യോഗ്യതമൂലം ലോകത്തിനു മുഴുവൻ ലഭ്യമായ പാപമോചനം എന്നിൽ ഫലമണിയുന്നതിനായി പാപബോധവും പശ്ചാത്താപവും തന്ന് എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്