സന്തോഷിക്കുവിൻ, കർത്താവ് അടുത്തെത്തിയിരിക്കുന്നു

"യേശു പന്ത്രണ്ടു ശിഷ്യന്മാർക്കും നിർദ്ദേശങ്ങൾ നല്കിയതിനുശേഷം അവരുടെ പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു. യോഹന്നാൻ കാരാഗൃഹത്തിൽ വച്ച് ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ." (മത്തായി 11:1-6)

വിചിന്തനം 
മനുഷ്യപുത്രനു വഴിയൊരുക്കാൻ പിതാവായ ദൈവത്താൽ അയക്കപ്പെട്ട സ്നാപകയോഹന്നാന്റെ ദൗത്യം അവസാനിക്കേണ്ട സമയം ആയി. ഹേറോദോസിന്റെ കാരാഗൃഹത്തിൽ കഴിയുന്ന സ്നാപകന് അതിൽ തെല്ലും കുണ്‌ഠിതമില്ല. എന്നാൽ, യോഹന്നാന്റെ ശിഷ്യന്മാരുടെ അവസ്ഥ അതല്ല; അവർ ദുഃഖിതരാണ്. അവരുടെ ദുഃഖമകറ്റി മനസ്സിനു സന്തോഷം പ്രദാനം ചെയ്യാൻ ഉത്തമമായ മാർഗ്ഗം, സന്തോഷത്തിന്റെ ഉറവിടം എവിടെയാണെന്ന് അവർക്കു വെളിപ്പെടുത്തി കൊടുക്കുകയാണെന്നു തിരിച്ചറിഞ്ഞ സ്നാപകൻ അവരെ യേശുവിന്റെ അടുത്തേക്ക് അയക്കുകയാണ്. ഇരുന്പുദണ്‍ഡുപയോഗിച്ച് വൈരികളെ തച്ചുടച്ച് ലൗകീകമായ ഒരു സാമ്രാജ്യം തങ്ങൾക്കായി കെട്ടിപ്പടുക്കുന്ന ഒരു രാജാവിനെ കാത്ത് യഹൂദജനം ഇരുന്നപ്പോൾ, അവരുടെ ഇടയിലൂടെ ആത്മാവിന്റെ മുറിവുകളുണക്കി, ശരീരത്തിനു സൌഖ്യം നല്കി, ഹൃദയത്തിനു സന്തോഷം പ്രദാനം ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ച യേശുവിന്റെ അടുത്തേക്ക് "വരാനിരിക്കുന്നവൻ നീ തന്നെയോ?" എന്ന ചോദ്യവുമായി സ്നാപകന്റെ ശിഷ്യന്മാർ ചെന്നു. ആ ചോദ്യത്തിന്റെ ഉത്തരം അവരുടെ ദുഃഖങ്ങളിൽനിന്നും അവരെ മോചിപ്പിച്ചു. ഈ ആഗമനകാലത്ത് സന്തോഷിക്കാൻ സാധിക്കാതെ വേദനയിലും ദുഃഖത്തിലും വലയുന്നവരാണോ നമ്മൾ?

ആദ്യകാല സഭയിൽ അംഗങ്ങളായിരുന്നവർ പീഡനത്താൽ ക്ലേശിച്ചപ്പോൾ പൌലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി എഴുതി, "നിങ്ങൾ എപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ...കർത്താവ്‌ അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ" (ഫിലിപ്പി 4:4-6a). രക്ഷകന്റെ വരവിനായി ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും എല്ലാം ഉറവിടം എന്തായിരിക്കണം എന്ന് വിശുദ്ധ ശ്ലീഹായുടെ ഈ വാക്കുകളിലൂടെ വ്യക്തമാണ്: കർത്താവ്‌ അടുത്തെത്തിയിരിക്കുന്നു. എന്നാൽ, ഇതാണോ ഇന്ന് നമ്മുടെ എല്ലാ സന്തോഷങ്ങളുടെയും അടിസ്ഥാനം? ദൈവത്തിൽനിന്നും നമ്മെ അകറ്റുന്ന പാപത്തിന്റെ വഴികളിലൂടെ സന്തോഷം തേടിപ്പോകാനുള്ള ത്വര മനുഷ്യനിൽ എക്കാലവും ഉള്ള ഒന്നാണ്. ലോകം സന്തോഷം എന്ന പേരിൽ നമുക്ക് തരുന്നത് പുറമേയുള്ള എന്തെങ്കിലുമൊക്കെയാണ്. നമ്മിൽനിന്നുതന്നെ രക്ഷപെടാൻ ആഗ്രഹിക്കുന്ന അവസരങ്ങളിലാണ് നമ്മൾ  ഇത്തരം സന്തോഷങ്ങളുടെ പിന്നാലെ പോകുന്നത്. എന്നാൽ, ക്രിസ്തുവിലൂടെ ലഭ്യമാകുന്ന സന്തോഷം അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി പുറത്തേക്കല്ല നോക്കേണ്ടത്, തന്റെതന്നെ ആത്മാവിലേക്കാണ്. ദൈവം തരുന്ന കൃപകളുപയോഗിച്ച് രക്ഷകനെ ഹൃദയത്തിൽ സ്വീകരിക്കാൻ നമ്മൾ ഒരുങ്ങുന്പോഴാണ്‌ യഥാർത്ഥമായ സന്തോഷത്തിന്റെ നീരുറവകൾ നമ്മിൽനിന്നും പൊട്ടിപ്പുറപ്പെടുന്നത്. 

എപ്പോൾവേണമെങ്കിലും നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ് ലൌകീകവസ്തുക്കൾ; അവയിലൂടെ ലഭ്യമായ സന്തോഷത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. എന്നാൽ ക്രിസ്തീയമായ സന്തോഷം നമ്മുടെ ചുറ്റുപാടുകളിൽ ആശ്രയിച്ചുള്ള ഒന്നല്ല - രോഗങ്ങളിലും വേദനയിലും പരാജയങ്ങളിലും തകർച്ചകളിലും എല്ലാം ആ സന്തോഷം അനുഭവിക്കാൻ നമുക്ക് സാധിക്കും. നമ്മൾ നമ്മുടെ ഹൃദയത്തിൽ ഈശോയെ കണ്ടെത്തുന്പോൾ, "നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളയുകയുമില്ല" (യോഹന്നാൻ 16:22), എന്ന് ഈശോ തന്നെ നേരിട്ട് നമുക്ക് വാഗ്ദാനം നൽകുന്നുണ്ട്. നമുക്ക് എല്ലായ്പ്പോഴും സമീപസ്ഥനായ ദൈവത്തിനായി നമ്മെത്തന്നെ ഒരുക്കാൻ കഴിയാത്തതാണ് നമ്മുടെ എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാന കാരണം. 

ദൈവത്തിനു എടുത്തുമാറ്റാനാവാത്ത ഒരു ദുഃഖവും നമ്മിലില്ല - നമ്മുടെ ഇന്നലെകളിലെ തെറ്റായ ജീവിതരീതികളിലൂടെ വന്നുചേർന്നിട്ടുള്ള വേദനകൾപോലും ദൈവത്തിൽ നിന്നും ലഭ്യമായ സന്തോഷത്തിനു അതീതമല്ല. നമ്മെ ദൈവത്തിൽനിന്നും അകറ്റി, നമ്മിൽ വേദനയും ആകുലതയും ജനിപ്പിക്കുന്ന എല്ലാ അവസ്ഥകളെയും കുന്പസാരത്തിലൂടെ ദൈവത്തിനു മുന്പിൽ തുറന്നുകാട്ടാൻ നമ്മൾ തയ്യാറാവണം. എന്റെ ഹൃദയത്തിന്റെ അന്ധത അകറ്റുന്ന, എന്റെ ശരീരത്തിന്റെ മുടന്ത് സുഖപ്പെടുത്തുന്ന, കുഷ്ഠംപിടിച്ച എന്റെ മനസ്സിനെ ശുദ്ധീകരിക്കുന്ന അഹങ്കാരത്താൽ അടഞ്ഞുപോയ എന്റെ കാതുകളെ തുറക്കുന്ന, മൃതമായ എന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന രക്ഷകന്റെ വരവിനായി നല്ല ഒരുക്കത്തോടെ സന്തോഷപൂർവം കാത്തിരിക്കുന്ന ദിനങ്ങളായിരിക്കണം ഇനി നമ്മുടെ മുന്പിലുള്ള ഓരോ ദിവസവും. 

കർത്താവായ യേശുവേ, ദൃശ്യമായവയിൽ മാത്രം പ്രത്യാശ അർപ്പിച്ച്, അവയിലൂടെ എന്റെ മനസ്സിനു സന്തോഷവും ആത്മാവിനു സംതൃപ്തിയും പ്രദാനം ചെയ്യാൻ വിഫലശ്രമം നടത്തിയ എല്ലാ അവസരങ്ങളെയുംപ്രതി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. സൗഖ്യദായകമായ അങ്ങയുടെ വചനങ്ങളാൽ എന്റെ വിശ്വാസം വർദ്ധിപ്പിച്ച്, അങ്ങയിലൂടെ മാത്രം ലഭ്യമാകുന്ന സന്തോഷത്തിലേക്ക് എന്നെ കൈപിടിച്ച് അടുപ്പിക്കണമേ. അങ്ങയുടെ രാജ്യത്തിലെ സന്തോഷത്തിൽ പങ്കാളിയാകാൻ തടസ്സമായി എന്നിലുള്ള എല്ലാ അവസ്ഥകളിൽനിന്നും എന്നെ മോചിപ്പിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്