ശാന്തശീലനും വിനീതഹൃദയനുമായ ഈശോ
"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30)
വിചിന്തനം
ലോകത്തിന്റെ ദൃഷ്ടിയിൽ നുകം എന്നത് അടിമത്തത്തിന്റെ അടയാളമാണ് - കൃഷിയിടങ്ങളിൽ ഉഴുന്ന കാളകൾ മുതൽ തോളിൽ നുകംവച്ചു ചങ്ങലകളാൽ പൂട്ടപ്പെട്ട അടിമകൾ വരെയുള്ള എല്ലാവരും ഈ അടിമത്തത്തിന്റെ ഭാരംപേറി അധ്വാനിച്ചു തളർന്നവരാണെന്നു യേശുവിന്റെ കേൾവിക്കാർക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, ശാരീരിക അടിമത്തത്തേക്കാൾ ആത്മീയമായ ബന്ധനങ്ങൾമൂലം ക്ലേശിക്കുന്നവരോടാണ് ഈശോ ഇവിടെ സംസാരിക്കുന്നത്. പാപം ആത്മാവിൽ ഏൽപ്പിച്ച ക്ഷതങ്ങൾമൂലം ആത്മീയവും ശാരീരികവുമായ അടിമത്തങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനാണ് ദൈവം സ്വർഗ്ഗംവിട്ടിറങ്ങി ഭൂമിയിൽ വന്നത്. യേശു നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നുകം അവിടുത്തെ ശിഷ്യത്വമാണ്. അമിത ഭാരത്താൽ നമ്മുടെ സന്തോഷങ്ങൾ കെടുത്തി ദുരിതങ്ങളിലും വേദനകളിലും തളച്ചിടുന്ന അടിമത്തത്തിന്റെ നുകമല്ല യേശുവിന്റെ ശിഷ്യത്വം; മറിച്ച്, വഹിക്കാനെളുപ്പമുള്ള യേശുവിന്റെ നുകം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു. കാരണം, പിശാചിനെപ്പോലെ അഹങ്കാരത്തോടെയും ഗർവ്വോടെയും നമ്മെ അടക്കിഭരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഏകാധിപതിയല്ല ഈശോ, അവിടുന്ന് ശാന്തശീലനും വിനീതഹൃദയനുമായ ദൈവമാണ്! യേശുവിന്റെ ഈ സ്വഭാവങ്ങളെപ്പറ്റി ധ്യാനിച്ച് അവ നമ്മുടെ ജീവിതത്തിൽ പകർത്താൻ സാധിച്ചെങ്കിൽ മാത്രമേ, ബെത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശു എങ്ങിനെ ദൈവമാകും എന്നു മനസ്സിലാക്കാൻ നമുക്കാവുകയുള്ളൂ.
സാധാരണ ഒരു ശിശുവിന് ഉണ്ടാകാവുന്ന എല്ലാ നിസ്സഹായതയോടുംകൂടെ പിറന്നുവീണ യേശുവിന്റെ ജീവിതവും, ഇഹലോകവസ്തുക്കളിൽ മനസ്സിനെ ഉറപ്പിച്ചു സന്പത്ത് സ്വരുക്കൂട്ടാൻ നമ്മൾ കാട്ടുന്ന വ്യഗ്രതയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ നിരവധിയാണ്. മനസമാധാനം കെടുത്തി നമ്മുടെ ജീവിതം ക്ലേശകരവും ദുരിതപൂർണ്ണവുമാക്കുന്നതിൽ ലൌകീക വസ്തുക്കളോടുള്ള നമ്മുടെ അമിതമായ ആസക്തികൾ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. മറ്റുള്ളവരുടെ പ്രവർത്തികളും സ്വഭാവവും നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമൂലം നമുക്കുണ്ടാകുന്ന അസൌകര്യങ്ങളും തിരിച്ചടികളും പലപ്പോഴും നമ്മിൽ അക്ഷമയും കോപവും ജനിപ്പിക്കാറുണ്ട്. എന്നാൽ, അക്ഷമയും കോപവും പാപത്തിന്റെ വിളനിലമാണ്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത്, മറ്റുള്ളവരുടെ പ്രവർത്തികൾ ഏതുവിധത്തിൽ ഉള്ളവ ആണെങ്കിൽ കൂടിയും, നമ്മുടെ മനസ്സിന്റെ വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത് നമ്മൾ മാത്രമാണ് എന്ന വസ്തുതയാണ്. മറ്റുള്ളവരുടെ നല്ല പ്രവൃത്തികളായിരിക്കരുത് നമ്മുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം. അവരുടെ ജീവിതം ഏതു വിധത്തിലുള്ളതാണെങ്കിലും, നല്ലതും നീതിയായതും ചെയ്യണം എന്ന നമ്മുടെ ആഗ്രഹത്തിൽനിന്നുമാണ് നമ്മിൽ സമാധാനവും സന്തോഷവും ഉടലെടുക്കുന്നത്. മറ്റുള്ളവരിൽനിന്നും തിക്താനുഭവങ്ങൾ ഉണ്ടായാലും അത് കാര്യമാക്കാതെ നന്മയായതു ചെയ്യാൻ നമുക്ക് കഴിയുന്നത് ശാന്തശീലവും വിനയമുള്ള ഒരു ഹൃദയവും രൂപപ്പെടുത്തി എടുക്കുന്നതുവഴിയാണ്.
തന്റെ ശിഷ്യത്വം സ്വീകരിച്ച്, തന്റെ ജീവിതത്തിൽനിന്നും ശാന്തശീലവും വിനയവും പഠിക്കാനാണ് ഈശോ ഈ അവസരത്തിൽ നമ്മെ വിളിക്കുന്നത്. ഭൂമിയിലെ കരുത്തിനും സന്പത്തിനും വിജ്ഞാനത്തിനും മുൻപിൽ ഒരു ചോദ്യചിഹ്നമായി ദരിദ്രമായ ചുറ്റുപാടുകളിൽ നിസ്സഹായനായ ഒരു ശിശുവായി പിറന്നതുമുതൽ, പഠിപ്പോ പ്രശസ്തിയോ ഇല്ലാത്ത കുറേപ്പേരെ ശിഷ്യരായി സ്വീകരിച്ചതിലും, ഒടുവിൽ പീലാത്തോസെന്ന കേവലം ഒരു അധികാരിയുടെമുന്പിൽ സംയമനത്തോടെ നിൽക്കാൻ കഴിഞ്ഞതുവരെയുള്ള യേശുവിന്റെ ജീവിതം മനസ്സിലാക്കണമെങ്കിൽ അവയ്ക്കു പിന്നിൽ പ്രവർത്തിച്ച ചേതോവികാരം എന്തെന്ന് നമ്മൾ അറിഞ്ഞിരിക്കണം. യേശുവിന്റെ ഭൂമിയിലെ ജീവിതം മുഴുവൻ അനുസരണത്തിന്റെയും എളിമയുടെയും ഉത്തമ മാതൃകയാണ്. അനുസരണക്കേടിലൂടെയും അഹങ്കാരത്തിലൂടെയും നാം നമ്മുടെമേൽ എടുത്തുവച്ചിട്ടുള്ള ഭാരമേറിയ നുകം പൊട്ടിക്കാൻ നമ്മെ സഹായിക്കുന്നത് ക്രിസ്തുവിന്റെ മാതൃക അനുസരിച്ചുള്ള ജീവിതം ഒന്നുമാത്രമാണ്.
രക്ഷകന്റെ വരവിനായി ഒരുങ്ങുന്ന ഈ വേളയിൽ, ക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. സ്വസ്ഥമായ നമ്മുടെ ജീവിതശൈലിയിലൂടെ, നമുക്ക് ചുറ്റുമുള്ള സമാധാനം നഷ്ടപ്പെട്ടവരിൽ പ്രശാന്തതയുടെ ഒരു നുറുങ്ങുവെട്ടം തെളിക്കാൻ നമുക്കായെന്നുവരാം. മറ്റുള്ളവരുടെ കുറവുകളും പ്രശ്നങ്ങളും മനസ്സിലാക്കാൻ കൂടുതൽ ശ്രമിക്കുന്നതുവഴി, നമ്മുടെ അക്ഷമയും കോപവും നിയന്ത്രിച്ച്, അവരുമായുള്ള ഇടപഴകലിലെ ഉരസലുകളും, അവരുമായുള്ള ബന്ധങ്ങളിലെ ഉലച്ചിലുകളും ഇല്ലാതാക്കാൻ നമുക്ക് ശ്രമിക്കാം.
കർത്താവായ യേശുവേ, അങ്ങയുടെ വഴികൾ പിന്തുടർന്നു ജീവിച്ചുകൊണ്ട് അങ്ങയെ സ്നേഹിക്കാനുള്ള ആഗ്രഹം എന്റെ ഹൃദയത്തിൽ ജ്വലിപ്പിക്കണമേ. എന്റെയും എനിക്കു ചുറ്റുമുള്ളവരുടെയും ജീവിതത്തെ ഭാരമേറിയതാക്കുന്ന എന്നിലെ കലഹപ്രകൃതിയെ ഉപേക്ഷിച്ച്, അങ്ങയുടെ വചനങ്ങൾക്ക് കീഴ്‌വഴങ്ങി ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. അജ്ഞതയും അഹങ്കാരവും ബന്ധിച്ചിട്ടിരിക്കുന്ന എന്റെ ആത്മാവിനെ മോചിപ്പിച്ചു അവിടുത്തെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം എന്നിവയാൽ നിറയ്ക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ