മനുഷ്യനായ ദൈവം
"അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.... യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽനിന്നു ക്രിസ്തു എന്നുവിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്." (മത്തായി 1:1-17)
വിചിന്തനം
ക്രിസ്തീയ വിശ്വാസം അനുസരിച്ച് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. രണ്ടായിരം വർഷംമുന്പ് ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്ന ശിശു, ഈ ദൈവത്തെ "എന്റെ പിതാവ്" എന്നുവിളിക്കാൻ അധികാരമുള്ള, ദൈവത്തിന്റെ ഏകജാതനാണ്. പുരുഷനെ അറിയാതിരുന്ന കന്യകയായ മറിയം എന്ന മനുഷ്യസ്ത്രീയിൽ വചനം മാംസമായപ്പോൾ പിറന്നു വീണത് നൂറു ശതമാനം ദൈവമായ യേശുക്രിസ്തുവാണ്. തലമുറകൾതോറും നൽകപ്പെട്ടിരുന്ന മനുഷ്യകുലത്തിന്റെ രക്ഷകൻ എന്ന ദൈവത്തിന്റെ വാഗ്ദാനം അതിന്റെ പൂർണ്ണതയിൽ എത്തിയത് മനുഷ്യർക്ക് സങ്കൽപ്പിക്കാൻപോലും സാധിക്കാത്ത സാഹചര്യങ്ങളിലൂടെയാണ്. പെട്ടെന്ന് ഒരു ദിവസം ആകാശത്തിൽനിന്നും തന്റെ സർവമഹത്വത്തിലും പ്രത്യക്ഷനാകുകയല്ല ദൈവം ചെയ്തത്. തന്നെ സമീപിക്കുന്നവരാരും ഭയചകിതർ ആകാതിരിക്കുന്നതിനു നിസ്സഹായതയുടെ പര്യായമായ ശിശുവിന്റെ രൂപത്തിലാണ് ദൈവം ഭൂമിയിലേക്ക് വന്നത്. നൂറു ശതമാനം ദൈവമായ ഈശോ, ഭൂമിയിൽ മറ്റേതൊരു മനുഷ്യനും പിറക്കുകയും ജീവിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിച്ചതിനാൽ, താൻ നൂറു ശതമാനം മനുഷ്യനാണെന്നും നമുക്ക് വെളിപ്പെടുത്തിതന്നു. സ്രഷ്ടാവായ ദൈവത്തിന്റെ എകജാതനും നമ്മുടെ രക്ഷകനും കർത്താവുമായ ഈശോ നൂറു ശതമാനം ദൈവവും നൂറു ശതമാനം മനുഷ്യനുമാണ്.
ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ നമുക്ക് വിവരിച്ചു തരുന്നത് യേശുവിന്റെ മാനുഷിക വശമാണ്. ദിവ്യരക്ഷകന്റെ മാനുഷികതലം അതിന്റെ പൂർണ്ണതയിൽ നാമെല്ലാം ഗ്രഹിക്കണമെന്ന ദൈവത്തിന്റെ ആഗ്രഹമാണ് പരിശുദ്ധാത്മ പ്രചോദനമായി ഇവിടെ വെളിപ്പെടുന്നത്. യേശുവിന്റെ മാനുഷികതലം (ഈശോ നൂറു ശതമാനം മനുഷ്യനാണ്) അംഗീകരിക്കാനായാൽ മാത്രമേ, ഏതാനും ദിവസങ്ങൾക്കു ശേഷം ലോകമെങ്ങുമുള്ള പുൽക്കൂടുകളിൽ നമ്മൾ കണ്ടുമുട്ടാൻ പോകുന്ന ശിശുവാണ് മനുഷ്യന്റെ രക്ഷാകര ചരിത്രത്തിന്റെ താക്കോലും കേന്ദ്രവും എന്ന നിഗൂഡമായ സത്യം ഗ്രഹിക്കാൻ നമുക്കാവുകയുള്ളൂ. ജിജ്ഞാസ തുടിക്കുന്ന കണ്ണുകളുമായി കൈകാലിട്ടടിക്കുന്ന ആ പൈതലിലാണ് നാമോരോരുത്തരുടെയും ജീവന്റെ അടിസ്ഥാനം സ്ഥിതിചെയ്യുന്നത്, അതാണ് നമ്മുടെ രക്ഷാമാർഗ്ഗം, സത്യത്തിന്റെ ഉറവിടവും അവിടെ തന്നെയാണ് (cf. യോഹന്നാൻ 14:6).
മാനുഷികമായ എല്ലാറ്റിനോടും - ജോലി, സൗഹൃദം, കുടുംബം - യേശുവിന് അത്യധികമായ സ്നേഹം ഉണ്ടായിരുന്നു. എന്നാൽ, അവയെക്കാളും ഉപരിയായി അവിടുന്ന് മനുഷ്യനെ സ്നേഹിച്ചിരുന്നു - പ്രത്യേകിച്ചും കുറ്റങ്ങളും കുറവുകളും രോഗങ്ങളും വേദനകളും ക്ലേശങ്ങളും ആകുലതകളും ഉള്ളവരെ. ഭൂമിയിലെ തന്റെ ജീവിതംകൊണ്ട് മനുഷ്യർ എങ്ങിനെ ഭൂമിയിൽ ജീവിക്കണം എന്നതിനു മാതൃക നല്കാൻ യേശുവിനായി, "ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു" (യോഹന്നാൻ 13:15). "വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ. ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ" (എഫേസോസ് 5:1,2), എന്ന് പൌലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു. യേശുവിന്റെ വരവിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ നമ്മുടെ ജീവിതത്തിൽ യേശുവിന്റെ ഈ മാതൃക പിന്തുടരാൻ നമ്മൾ ആത്മാർത്ഥമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു.
യേശുവിനെ അനുകരിക്കുന്നതിന്റെ ആദ്യപടിയായി നമുക്ക് നമ്മെത്തന്നെ യേശുവിൽ കാണാൻ സാധിക്കണം. യേശു എന്ന മനുഷ്യനെക്കുറിച്ച് ഏകദേശമായ ഒരു സങ്കൽപം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഒരിക്കലും ഇതിനു സാധിക്കുകയില്ല. ദൈവമായ യേശുവിന്റെ ഭൂമിയിലെ ഓരോ പ്രവർത്തനത്തിന്റെയും പിന്നിലുള്ള മാനുഷിക വികാരത്തെ കണ്ടെത്തി അത് മാതൃകയാക്കാൻ കഴിയുന്പോഴാണ് യേശുവിൽ ഉണ്ടായിരുന്ന മനോഭാവം നമോരോരുത്തരിലും ഉണ്ടാകുന്നത്. യേശുവിന്റെ മാനുഷികവശം കണ്ടെത്താൻ ക്രിസ്തുമസ് കാലത്തിലും നല്ല ഒരു സമയമില്ല - കാലിത്തൊഴുത്തിലെ ആ ശിശുവിൽനിന്നും നമുക്ക് എളിമയുടെയും പരസ്നേഹതിന്റെയും ഒക്കെ ധാരാളം കാര്യങ്ങൾ പഠിക്കാൻ സാധിക്കും. യേശുവിന്റെ മാതൃക അനുകരിച്ച്, ഇനിയുള്ള നമ്മുടെ ജീവിതംകൊണ്ട് നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകർന്നുനൽകുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന കർത്താവായ യേശുവേ, എന്നേക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കരുതാനും, എന്റെ താല്പര്യങ്ങൾ മാത്രം നോക്കാതെ മറ്റുള്ളവരുടെ താല്പര്യങ്ങൾകൂടി പരിഗണിക്കാനും എന്നെ പഠിപ്പിക്കണമേ. ആമ്മേൻ. (cf. ഫിലിപ്പി 2:4-7)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ