ദൈവം നമ്മോടുകൂടെ

"യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുന്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നും മോചിപ്പിക്കും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയിൽ നിന്നുണർന്ന്, കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല; അവൻ ശിശുവിന് യേശു എന്നു പേരിട്ടു." (മത്തായി 1:18-25)

വിചിന്തനം 
ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഇസ്രായേൽ ജനതയോടാണ് ഏശയ്യാ, ജെറമിയാ തുടങ്ങി നിരവധി പ്രവാചകന്മാർ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചത്. ദാവീദ് വംശത്തിലെ പിൻതലമുറക്കാർ വിഗ്രഹാരാധനക്കും സുഖലോലുപതകൾക്കും കടുത്ത അനീതികൾക്കും അടിമകളായി ദൈവത്തിൽനിന്നും വളരെയേറെ അകന്നുപോയിരുന്നു. ആഹാസിനെയും സെദെക്കിയായെയും പോലുള്ള ദുഷ്ടരും ദൈവത്തെ ഉപേക്ഷിച്ചവരുമായ രാജാക്കന്മാരായിരുന്നു ദാവീദിന്റെ സിംഹാസനത്തിലിരുന്നു ഇസ്രായേൽ ഭരിച്ചിരുന്നത്. ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നോക്കുന്പോൾ, ദാവീദിന്റെ ഭവനത്തിൽനിന്നും രക്ഷകനായ ഒരു രാജാവ് വന്ന് നിത്യമായ ഒരു രാജ്യം സ്ഥാപിക്കും എന്ന് പ്രവാചകരിലൂടെ ദൈവം നൽകിയ വാഗ്ദാനം തികച്ചും അസംഭാവ്യമായി തോന്നിയേക്കാം. എന്നാൽ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചിരുന്ന പ്രവാചകന്മാർ, വിശ്വസിക്കാൻ വകയില്ലാത്ത കാര്യങ്ങൾ പോലും വെളിപ്പെട്ടു കിട്ടിയപ്പോൾ വിശ്വസിക്കുകയും, ദൈവം കൽപിച്ചതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. 

യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത വിധത്തിലുള്ള പ്രശ്നങ്ങളുമായി മല്ലടിക്കുന്നതുമൂലം, കർത്താവിന്റെ ആഗമനത്തിനായി ഒരുങ്ങുന്ന ഈ വേളയിൽ ഒരല്പംപോലും സന്തോഷിക്കാൻ സാധിക്കാത്ത നിരവധിപേർ നമ്മുടെ ഇടയിലുണ്ട്. ഈശോയുടെ ഭൂമിയിലെ വളർത്തുപിതാവായ ജോസഫിന്റെ തികച്ചും മാനുഷികമായ വശം തുറന്നുകാണിക്കുന്നതിലൂടെ ഇന്നത്തെ വചനഭാഗം നമ്മോടു സംസാരിക്കുന്നത് ദൈവത്തിലും അവിടുത്തെ വാഗ്ദാനത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ ഗർഭംധരിക്കുന്നത് വളരെ കഠിനമായ ശിക്ഷക്ക് കാരണമായിരുന്ന ആ കാലഘട്ടത്തിൽ, മറിയത്തിനു ആപത്തൊന്നും വരാത്ത രീതിയിൽ രഹസ്യമായി ഉപേക്ഷിക്കാനാണ് ജോസഫ് തീരുമാനിച്ചത്. കാരണം, പ്രതിശ്രുത വരനായ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സമൂഹം മറിയത്തിനു ശിക്ഷ വിധിക്കുമായിരുന്നുള്ളൂ. ഈ അവസരത്തിലാണ് ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് എല്ലാക്കാര്യങ്ങളും ജോസഫിനെ അറിയിച്ചത്. മനുഷ്യയുക്തിക്ക് ഒരു കാരണവശാലും നിരക്കാത്ത ഒന്നായിരുന്നു മറിയം പുരുഷസാമീപ്യമില്ലാതെ ഗർഭം ധരിച്ചു എന്നുള്ള ആ വെളിപാട്. എങ്കിലും, ജോസഫ് അത് വിശ്വസിച്ചു, എന്നിട്ട് "കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു". യാതൊരു പരിഹാരവുമില്ലെന്നു കരുതി നമ്മൾ നിരാശയോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽപോലും നമ്മെ സഹായിക്കാൻ സന്നദ്ധനായി "ദൈവം നമ്മോടുകൂടെ" സദാ ഉണ്ടെന്നു വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ?

ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ അംഗീകരിക്കാൻ നമുക്കാവണമെന്നു നിർബന്ധമില്ല, കാരണം, അവ പലപ്പോഴും ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും അനുരൂപമായവ അല്ലായിരിക്കും. ഇതുകൊണ്ടാണ്, നല്ലകാലങ്ങളിൽ ദൈവത്തിന്റെ പദ്ധതികൾ നമ്മൾ സന്തോഷപൂർവം കൈനീട്ടി വാങ്ങുന്നതും, ബുദ്ധിമുട്ടുകളിലും വേദനകളിലും ദൈവം നമ്മോടുകൂടെ ഉണ്ടോ എന്ന് സംശയിക്കുന്നതും. എല്ലാക്കാലങ്ങളിലും - സന്തോഷത്തിലും സങ്കടങ്ങളിലും - നമ്മുടെ കൈപിടിച്ച് നമ്മോടൊപ്പം നടക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ വ്യക്തിത്വമാണ് മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ രൂപമെടുത്ത ദിവ്യസുതൻ. മനുഷ്യനായി പിറന്ന യേശുവിൽ രക്ഷകനായ ദൈവത്തെ കണ്ടെത്തുന്പോഴാണ് നമ്മുടെ ജീവിതത്തിനു വിലയുണ്ടാകുന്നത്, നമ്മുടെ സഹനങ്ങൾക്ക്‌ അർത്ഥമുണ്ടാകുന്നത്. ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറിനിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി. ഈ ക്രിസ്തുമസ് കാലത്ത് നമ്മുടെ ഹൃദയം സന്തോഷം കൊണ്ടു നിറയ്കാൻ ആ ഒരു ബോധ്യം മാത്രമേ നമുക്ക് ആവശ്യമുള്ളൂ. 

കർത്താവായ യേശുവേ, ഞങ്ങൾ അങ്ങയോടൊപ്പം സദാ ആയിരിക്കേണ്ടതിനായി, പാപങ്ങളിൽ നിന്നു ഞങ്ങളെ മോചിപ്പിക്കാൻ മനുഷ്യനായി ഭൂമിയിൽ ജന്മമെടുത്ത ദൈവമാണ് അങ്ങ് എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ എല്ലാവിധത്തിലുമുള്ള ജീവിതാവസ്ഥകളിൽ അങ്ങയെ കണ്ടെത്തുവാനും, അങ്ങയോടൊപ്പം സന്തോഷിക്കാനും ജീവിതഭാരത്താൽ കൂന്പിയ എന്റെ കണ്ണുകളെ തുറക്കണമേ, മനോവ്യധകളാൽ ഇരുളടഞ്ഞ എന്റെ ആത്മാവിനെ പ്രകാശിപ്പിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്