പ്രതീക്ഷയും യാഥാർത്ഥ്യവും
"അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണ് നിങ്ങൾ മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ വേറെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുല വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരത്തിലാണുള്ളത്. അല്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ, നിനക്കുമുന്പേ എന്റെ ദൂതനെ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ മുന്പേ പോയി നിനക്കു വഴി ഒരുക്കും." (മത്തായി 11:7-10)
വിചിന്തനം
പ്രധാനപ്പെട്ട വ്യക്തികൾ സന്ദർശനത്തിനു വരുന്പോൾ അവർ സഞ്ചരിക്കുന്ന വഴി എല്ലാ പ്രതിസന്ധികളും നീക്കി വൃത്തിയാക്കിയിടുന്ന പതിവ് ഇന്നും ലോകത്തിൽ നിലവിലുള്ള ഒന്നാണ്. സ്നാപകയോഹന്നാന്റെ ദൗത്യവും ഇതുതന്നെയായിരുന്നു - ആയിരക്കണക്കിനു വർഷങ്ങളായി ദൈവജനം കാത്തിരുന്ന രക്ഷകന്റെ ആഗമനത്തിനായി പാത ഒരുക്കുക. ലോകത്തിന്റെ തിക്കിലും തിരക്കിലും പെട്ട് രക്ഷകനെ വിസ്മരിച്ച ജനതയുടെ ഹൃദയത്തിൽ അലങ്കോലപ്പെട്ടു കിടക്കുന്നവയെല്ലാം ഒതുക്കിവച്ച്, അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും പാത തുറക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു പിതാവായ ദൈവം സ്നാപകനെ ഭരമേൽപിച്ചത്. ഒട്ടേറെപ്പേർ സ്നാപകന്റെ വാക്കുകൾ ശ്രവിക്കുകയും തങ്ങളുടെ തെറ്റുകളേക്കുറിച്ചു പശ്ചാത്തപിച്ച് സ്നാനം സ്വീകരിച്ച് ദൈവത്തിന്റെ വഴികളിലേക്ക് തിരികെ വരുകയും ചെയ്തു. എന്നാൽ ഭൂരിഭാഗം വരുന്ന യഹൂദജനം, പ്രത്യേകിച്ചും നിയമജ്ഞരും പുരോഹിതരും, യോഹന്നാനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇന്നത്തെ വചനഭാഗത്തിൽ സ്നാപകയോഹന്നാനെ യഹൂദജനം തള്ളിക്കളഞ്ഞതിന്റെ കാരണം വെളിവാക്കി, അവരെ ശാസിക്കുന്ന യേശുവിനെയാണ് നമ്മൾ കണ്ടുമുട്ടുന്നത്.
നിത്യം നിലനിൽക്കുന്ന ഒരു ഭൗമീകരാജ്യം സ്ഥാപിക്കാൻ എത്തുന്ന രക്ഷകനെക്കുറിച്ചു വളരെയധികം പ്രതീക്ഷകൾ യഹൂദജനം വച്ചുപുലർത്തിയിരുന്നു. ഭൌതീകതയ്ക്ക് അമിത പ്രാധാന്യം കൽപിച്ചിരുന്ന ആ ജനം ഭുജബലംകൊണ്ട് ശത്രുക്കളെ കീഴ്പെടുത്തി ഭൂമിയിൽ തന്റെ അധികാരം സ്ഥാപിക്കുന്ന ഒരു രാജാവിനെ പ്രതീക്ഷിച്ചത് സ്വാഭാവികം മാത്രമായ കാര്യമാണ്. അതുകൊണ്ടുതന്നെ, ആ രാജാവിനു വഴിയൊരുക്കുന്ന വ്യക്തിയെക്കുറിച്ചും അവർക്ക് ചില പ്രതീക്ഷകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. എന്നാൽ, "യോഹന്നാൻ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം" (മത്തായി 3:4). സദ് വാർത്തയുടെ മുന്നോടിയായി ഭൂമിയിലെത്തിയ യോഹന്നാൻ ജനത്തിന്റെ പ്രതീക്ഷയ്ക്ക് അനുസൃതമായുള്ള അഗ്രദൂതൻ ആയിരുന്നില്ല എന്നത് സുവിശേഷകന്റെ ഈ വാക്കുകളിൽനിന്നും വ്യക്തമാണ്. തങ്ങൾ പ്രതീക്ഷിച്ചതിൽനിന്നും വ്യത്യസ്ഥനായ രക്ഷകന്റെ മുന്നോടിയെ സ്വീകരിക്കാൻ അവർക്കു കഴിഞ്ഞില്ല. കാലിത്തൊഴുത്തിൽ പിറന്നുവീണ്, ദരിദ്രനായ ഒരു തച്ചന്റെ കുടുംബത്തിൽ വളർന്നുവന്ന യേശുവിനെയും തള്ളിക്കളയാൻ യഹൂദജനത്തിനു പ്രേരണ നൽകിയത് പ്രതീക്ഷയും യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ തന്നെയാണ്.
ഒട്ടേറെ പ്രതീക്ഷകളോടെയും പദ്ധതികളോടെയും ദൈവത്തെ സമീപിക്കുന്നവരാണ് നാമെല്ലാം. എന്നാൽ, നമ്മുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായ സമീപനമായിരിക്കാം പലപ്പോഴും ദൈവത്തിൽനിന്നും നമുക്ക് ലഭിക്കുന്നത്. ഇങ്ങനെയുള്ള അവസരങ്ങളിൽ നാം ഏതുവിധത്തിലാണ് പ്രതികരിക്കാറുള്ളത്? ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതിയും നമുക്ക് നമ്മെക്കുറിച്ചുള്ള പ്രതീക്ഷകളും തമ്മിൽ കൂട്ടിമുട്ടുന്പോൾ, എപ്പോഴും തകർന്നുടയുന്നത് നമ്മുടെ പ്രതീക്ഷകൾ ആയിരിക്കും. എന്നാൽ, അതോടൊപ്പം ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും തകർന്നുപോകാറുണ്ടോ?
"നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി" (ജറെമിയാ 29:11). നമ്മുടെ പദ്ധതികൾ നമ്മുടെ ആത്മാവിനെ നാശത്തിലേക്ക് നയിക്കുന്ന വേളകളിലാണ് അവ ദൈവഹിതത്തിനു അനുരൂപമാകാതെ വരുന്നത്. മക്കൾ ചോദിക്കുന്നതെല്ലാം കൈയയച്ചു നല്കാൻ കഴിയുന്ന സ്നേഹപിതാവാണ് ദൈവം; എന്നാൽ, ദൈവത്തിന്റെ സ്നേഹം നമ്മൾ തിരിച്ചറിയേണ്ടത് ചോദിച്ചിട്ട് നമുക്ക് ലഭിച്ചവയിലൂടെയല്ല, നമ്മുടെ നന്മയെപ്രതി ചോദിച്ചിട്ടും നമുക്ക് നൽകാത്തവയിലൂടെയാണ്. നമ്മൾ പ്രതീക്ഷിക്കുന്നതുതന്നെ ലഭിക്കണം എന്ന കടുംപിടുത്തത്തിലൂടെ സ്വയം ദൈവം ആകാനുള്ള ശ്രമമാണ് നമ്മൾ നടത്തുന്നത്. നമ്മുടെ ആഗ്രഹമനുസരിച്ച് കാര്യങ്ങൾ നടക്കാതെ വരുന്പോൾ, നമുക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന ദൈവത്തിന്റെ പദ്ധതിയിൽ വിശ്വസിക്കാൻ നമുക്കാവണം, ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാവണം.
ദൈവത്തിന്റെ ചിന്തകൾ നമ്മുടെതിനേക്കാൾ ഉന്നതമാണ്; അവിടുത്തെ ഭോഷത്തം നമ്മുടെ സകല വിജ്ഞാനത്തെയുംകാൾ മഹത്തരവും. ഈ ആഗമനകാലത്ത് നമുക്ക് ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നവരാകാം. നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിച്ച്, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്നത് ഹൃദയംകൊണ്ട് സ്വീകരിക്കുന്നവരാകാം. അനുകൂലങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്തുകയും, പ്രതികൂലങ്ങളിൽ കൂടുതൽ തീഷ്ണതയോടെ ദൈവത്തെ തേടുകയും ചെയ്യാം.
ലോകത്തിന്റെ പ്രതീക്ഷകളെ തകിടംമറിച്ച് കാലിത്തൊഴുത്തിൽ ഭൂജാതനായ രക്ഷകനായ യേശുവേ, എന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റ ഘട്ടങ്ങളിൽ നിരാശപ്പെട്ട് ദൈവത്തെ സംശയിക്കുകയും പഴിചാരുകയും ചെയ്ത അവസരങ്ങളെപ്രതി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. എല്ലാക്കാര്യങ്ങളിലും അങ്ങയുടെ ഹിതം തേടുവാനും, എന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായവ ലഭിക്കുന്പോൾ കൃതജ്ഞതാപൂർവം സ്വീകരിക്കാനും, അങ്ങയിലുള്ള എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ