നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല

"യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപൻ അവന്റെ അടുക്കൽവന്ന് യാചിച്ചു: കർത്താവേ, എന്റെ ഭൃത്യൻ തളർവാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടിൽ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാൻ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോൾ ശതാധിപൻ പ്രതിവചിച്ചു: കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നു പറയുന്പോൾ അവൻ പോകുന്നു. അപരനോട് വരുക എന്നു പറയുന്പോൾ അവൻ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുന്പോൾ അവൻ അതു ചെയ്യുന്നു. യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്‌, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും ഞാൻ കണ്ടിട്ടില്ല. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും. യേശു ശതാധിപനോടു പറഞ്ഞു: പൊയ്ക്കൊൾക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യൻ സുഖം പ്രാപിച്ചു." (മത്തായി 8:5-13 ) 

വിചിന്തനം 
ഇന്നത്തെ വചനഭാഗം നമ്മോടു വ്യക്തമായി പറയുന്ന ഒരു കാര്യം: ഈശോ നമ്മുടെ ഹൃദയങ്ങളിൽ വന്നു വസിക്കാൻ ആഗ്രഹിക്കുന്നത്, നമ്മുടെ സാമർത്ഥ്യങ്ങൾക്ക് പ്രതിഫലമായല്ല; മറിച്ച്, നമ്മുടെ ബലഹീനതകൾ പരിഹരിക്കുന്നതിനാണ്. രക്ഷകനായ യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ നാം ഒരുങ്ങേണ്ടത് കേവലം ക്രിസ്തുമസിനു മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങളിലൂടെ മാത്രമല്ല - ഓരോ തവണ വിശുദ്ധ കുർബാന സ്വീകരിക്കുന്പോഴും രണ്ടായിരം വർഷംമുന്പ് ബെത് ലഹേമിൽ പിറന്നുവീണ യേശു തന്നെയാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നമുക്കായി സ്വയം നൽകപ്പെടുന്നത് എന്ന ബോധ്യത്തോടെ ഒരുങ്ങാൻ നമുക്കാവണം. പാപത്താൽ വിരൂപമാക്കപ്പെട്ട നമ്മുടെ ഹൃദയത്തിൽ വന്നു വസിച്ച്, തളർവാതം പിടിപെട്ടു കഠിനവേദന അനുഭവിക്കുന്ന നമ്മുടെ ആത്മാവിനെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്ന സർവനന്മസ്വരൂപനെ വിശുദ്ധ കുർബാനയിൽ കണ്ടെത്താൻ നമുക്ക് കഴിയാറുണ്ടോ? 

തന്റെ ഭൃത്യന്റെ രോഗശാന്തിക്കായി ഈശോയെ സമീപിച്ച ശതാധിപനിൽ വളരെ എളുപ്പത്തിൽ കണ്ടെടുക്കാവുന്ന ഒരു പുണ്യമാണ് എളിമ. വലിയ ഭൂപ്രദേശങ്ങളെ ചെറിയ പ്രവിശ്യകളായി തിരിച്ചുള്ള റോമാസാമ്രാജ്യത്തിന്റെ ഭരണക്രമത്തിൽ ഒരു ശതാധിപന്റെ സ്ഥാനം നിസ്സാരം അല്ലായിരുന്നു. പ്രത്യക്ഷത്തിൽ രണ്ടു കാര്യങ്ങളാണ് ഈ ശതാധിപനെ മറ്റു റോമാക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒന്നാമതായി, അയാൾ തന്റെ ഭൃത്യനോടു കാണിക്കുന്ന അനുകന്പ. റോമാക്കാർ പൊതുവേ തങ്ങൾക്ക് ദാസ്യവേല ചെയ്തിരുന്ന അടിമകളോട് വളരെ മോശമായാണ് പെരുമാറിയിരുന്നത്. രണ്ടാമതായി, അയാൾ യേശുവിനോടു കാണിക്കുന്ന ആദരവ്. യഹൂദരും റോമാക്കാരും തമ്മിൽ വളരെ ശക്തമായ ശത്രുതയാണ് നിലവിൽ ഉണ്ടായിരുന്നത്. യഹൂദമതത്തോടും അവരുടെ ഗുരുക്കന്മാരോടും അചാരാനുഷ്ടാനങ്ങളോടും അവർക്ക് പുച്ഛവുമായിരുന്നു. ഈയൊരു സാഹചര്യത്തിൽവേണം  തന്റെ ദാസനുവേണ്ടി ഒട്ടേറെ യഹൂദർ ഗുരുവെന്നു വിളിച്ചിരുന്ന ഈശോയെ സമീപിച്ച ശതാധിപന്റെ പ്രവർത്തിയെ നോക്കിക്കാണാൻ. ഇതിനെക്കുറിച്ചറിയുന്പോൾ തന്റെ മേലധികാരികളിൽനിന്നും ലഭിച്ചേകാവുന്ന ശിക്ഷയോ, തന്റെ കീഴിലുള്ളവരുടെ ഇടയിൽ ഉണ്ടായേക്കാവുന്ന അപകീർത്തിയോ, തന്റെ സുഹൃത്തുക്കളിൽനിന്നും കേൾക്കേണ്ടിവരുന്ന പരിഹാസമോ ഒന്നും അയാളെ യേശുവിനെ സമീപിക്കുന്നതിൽനിന്നും തടഞ്ഞില്ല. വിജാതീയനെങ്കിലും, യേശുവിന്റെ മഹത്വം തിരിച്ചറിയാൻ കൃപ ലഭിച്ച അയാളെ തടയാൻ ഈ ലോകത്തിലുള്ള ഒന്നിനും കഴിയുമായിരുന്നില്ല. മറ്റുള്ള റോമാക്കാരെ അപേക്ഷിച്ച് വളരെ നല്ല ഒരു വ്യക്തിത്വത്തിനു ഉടമയായിരുന്ന ശതാധിപനെ യേശുവിന്റെ സഹായം അർഹിക്കുന്ന, യേശുവിനെ സ്വീകരിക്കാൻ യോഗ്യനായ, ഒരാളായിട്ടാണ് ലോകം കണ്ടത് (cf. ലൂക്കാ 7:4). എന്നാൽ, തന്റെ പ്രവർത്തികളും സ്ഥാനമാനങ്ങളും ഒരു കാരണവശാലും യേശുവിനെ സ്വീകരിക്കാനുള്ള യോഗ്യത തനിക്കു നേടിതരുന്നില്ല എന്നു തിരിച്ചറിഞ്ഞു എളിമപ്പെടാൻ കഴിഞ്ഞതാണ്, ഈശോയുടെ പ്രശംസക്ക് പാത്രമായ അയാളുടെ വിശ്വാസത്തിന്റെ ഉറവിടം.  'അങ്ങയെ സ്വീകരിക്കാൻ എനിക്കു യോഗ്യതയില്ല, കർത്താവേ' എന്ന തിരിച്ചറിവോടെ, നമ്മിലെ അയോഗ്യതകൾ കണക്കിലെടുക്കാതെ, നമ്മുടെ ഹൃദയത്തിൽ ഇടം തേടുന്ന ഈശോയെ ദിവ്യകാരുണ്യത്തിൽ കണ്ടെത്താൻ നമുക്കാവുന്നുണ്ടോ? 

നാമെത്രയൊക്കെ ശ്രമിച്ചാലും ഈശോയെ സ്വീകരിക്കാനുള്ള യോഗ്യത നമ്മുടെ ഹൃദയങ്ങൾക്ക്‌ ഒരിക്കലും ഉണ്ടാകുകയില്ല. ദൈവത്തിന്റെ കരുണ ഒന്നിനുമാത്രമേ നമ്മെ അതിനു യോഗ്യരാക്കാൻ കഴിയുകയുള്ളൂ. ദിവ്യകാരുണ്യനാഥനായി അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ സ്വയം ചെറുതായി നമ്മിലേക്ക്‌ വരാൻ ആഗ്രഹിക്കുന്ന ഈശോയെ എല്ലാ യോഗ്യതകളോടും സ്വീകരിക്കണമെങ്കിൽ നാം അതിലും ചെറുതാവണം. നമ്മുടെ പാപങ്ങൾ പശ്ചാപത്തോടെ ഒരു വൈദീകന്റെ മുൻപിൽ ഏറ്റുപറഞ്ഞു എളിമപ്പെടാൻ നാം തയ്യാറാകണം. "ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്‌താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാൽ, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നും പാനം ചെയ്യുകയും ചെയ്യട്ടെ" (1 കോറിന്തോസ് 11:27, 28). മാരകപാപങ്ങൾ ചെയ്യുന്നില്ലെങ്കിൽകൂടിയും സ്ഥിരമായുള്ള കുന്പസാരം നമ്മുടെ മനസാക്ഷിക്ക് കൂടുതൽ വ്യക്തത നൽകുന്നു; അതുവഴി, അനുദിനജീവിതത്തിലെ പാപസാഹചര്യങ്ങളെ ശക്തമായി ചെറുത്തുനിൽക്കാനും, ദിവ്യകാരുണ്യത്തിലൂടെ ലഭിച്ച കൃപകൾ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാനും നമുക്ക് സാധിക്കുന്നു. ശതാധിപനെപ്പോലെ സ്വയം എളിമപ്പെട്ട്, നമ്മുടെ ദൌർബല്യങ്ങളും രോഗങ്ങളും ബലഹീനതകളും സുഖപ്പെടുത്താൻ നമ്മുടെ ഹൃദയകവാടത്തിൽ മുട്ടിവിളിക്കുന്ന ഈശോയ്ക്കുമുന്നിൽ നമ്മുടെ അയോഗ്യതകൾ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കാം. 

ബലഹീനമായ എന്റെ പ്രകൃതിക്ക് കരുത്തേകുകയും, രോഗഗ്രസ്തമായ എന്റെ ആത്മാവിനു സൌഖ്യം നൽകുകയും ചെയ്യുന്ന ദിവ്യകാരുണ്യനാഥാ, ശരിയായ ഒരുക്കത്തോടു കൂടിയല്ലാതെ അങ്ങയെ സ്വീകരിച്ച എല്ലാ അവസരങ്ങളെയുംപ്രതി മാപ്പപേക്ഷിക്കുന്നു. ജീവദായകമായ അങ്ങയുടെ വചനങ്ങളാൽ എന്നിലെ പാപങ്ങൾ എനിക്കു വെളിപ്പെടുത്തിത്തരേണമേ. എന്റെ ശരീരത്തെയും ആത്മാവിനെയും അവിടുത്തെ തിരുശരീരരക്തങ്ങളാൽ പുഷ്ടിപ്പെടുത്തി, സ്വർഗ്ഗം ലക്ഷ്യമാക്കിയുള്ള യാത്രയിൽ എന്നെ പരിപാലിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്