സകല തലമുറകൾക്കും ഭാഗ്യവതി
"മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾകൊണ്ട് സംതൃപ്തരാക്കി; സന്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. തന്റെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചു തന്നെ. മറിയം അവളോടുകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി." (ലൂക്കാ 1:46-56)
വിചിന്തനം
താൻ അനുദിനജീവിതത്തിൽ കണ്ടുമുട്ടുന്നവരെയും തന്നോട് ഇടപഴകുന്നവരെയും സന്തോഷം കൊണ്ട് നിറയ്ക്കുന്നതിനു പരിശുദ്ധ അമ്മയ്ക്ക് എല്ലായ്പ്പോഴും കഴിഞ്ഞിരുന്നു. കന്യാമറിയത്തിന്റെ സന്ദർശന വേളയിൽ ആ സന്തോഷം അനുഭവിക്കാനുള്ള ഭാഗ്യം എലിസബത്തിനും അവർ ഉദരത്തിൽ വഹിച്ചിരുന്ന സ്നാപകയോഹന്നാനും സാധിച്ചു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്തിന്റെ സ്തുതികൾക്ക് പ്രത്യഭിവാദനമായി അമ്മ നല്കിയത് മനോഹരമായ ഒരു സ്തോത്രഗീതമാണ്. തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ച ദൈവത്തെ മഹത്വപ്പെടുത്തുന്നതിലൂടെ മറിയത്തിന്റെ ഹൃദയത്തിൽ പ്രശോഭിച്ചിരുന്ന എളിമ എന്ന പുണ്യം നമുക്കും വെളിപ്പെട്ടുകിട്ടുകയാണ്. ഈ എളിമ മൂലമാണ് ലോകരക്ഷകന്റെ അമ്മയായ മറിയം തന്റെ ദിവ്യസുതൻ ചെയ്ത മഹനീയങ്ങളായ അത്ഭുതപ്രവർത്തികളിൽ നിന്നെല്ലാം അകന്നുമാറി നിന്നത്. സുവിശേഷത്തിൽ നാം മറിയത്തെ ഏറ്റവും അധികം കാണുന്നത് യേശുവിനെ സദാ പൊതിഞ്ഞുനടന്നിരുന്ന ആരാധകവൃന്ദത്തിന്റെ അഭാവത്തിലാണ് - ബെത് ലഹേമിലെ കാലിത്തൊഴുത്തിലും ഗാഗുൽത്തായിലെ ബലിവേദിയിലും.
പരിശുദ്ധ അമ്മയിൽ നാം കണ്ടെത്തുന്ന എളിമ മൂടുപടങ്ങളില്ലാത്ത സത്യത്തിൽമാത്രം അധിഷ്ടിതമായതാണ്. തന്റെ യോഗ്യതകളെക്കുറിച്ച് വ്യക്തമായ ഒരു അവബോധം മറിയത്തിന് ഉണ്ടായിരുന്നു - ദൈവത്തിന്റെ കൃപകളുടെയും കരുണയുടെയും അഭാവത്തിൽ താൻ ഒന്നുമല്ലെന്ന് തിരിച്ചറിയാനും അതു ഹൃദയംകൊണ്ട് അംഗീകരിക്കാനും പാലസ്തീനായിലെ ഒരു ദരിദ്രകുടുംബത്തിലെ അംഗമായ ആ കന്യകയ്ക്ക് സാധിച്ചിരുന്നു. തന്റെ ഇല്ലായ്മകളും പോരായ്മകളും അംഗീകരിക്കാൻ കഴിയുന്ന വ്യക്തികളിൽ മാത്രമേ ദൈവത്തിനു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. അനാവശ്യമായ മോടികളിൽനിന്നും അകന്നു നിൽക്കാനും സ്ഥാനമാനങ്ങളോടുള്ള അതിരുകവിഞ്ഞ ആർത്തിയെ മിതപ്പെടുത്താനും എളിമ സഹായിക്കുന്നു; അതു നമ്മുടെ യഥാർത്ഥമായ അവസ്ഥ നമുക്ക് വെളിപ്പെടുത്തി തരുന്നു.
നമ്മുടെ അപര്യാപ്തതകളേക്കുറിച്ചു ശരിയായ ബോധ്യം തരുന്ന എളിമയെ, നമ്മുടെ പോരായ്മകളെപ്രതി സ്വയം പഴിക്കുന്ന ആത്മനിന്ദയിൽനിന്നും, നമ്മുടെ കുറവുകൾക്ക് മറ്റുള്ളവരെ പഴിക്കുന്ന ആത്മവഞ്ചനയിൽനിന്നും വേറിട്ടുകാണേണ്ടത് പരമപ്രധാനമാണ്. കഴിവുകളുണ്ടായിരിക്കേ അവ ഉപയോഗിക്കാതെ പിൻവലിയുന്നതല്ല എളിമ - മനുഷ്യന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കുകയല്ല എളിമയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്; മറിച്ച്, ദൈവം ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ തിരിച്ചറിഞ്ഞ്, അവ ഉപയോഗിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക എന്നതാണ്. മനുഷ്യനു സ്വന്തമാക്കാനാവുന്ന എല്ലാ പുണ്യങ്ങളുടെയും അടിവേരാണ് എളിമ. എളിമയിൽ അടിസ്ഥാനമിടാത്ത പ്രവർത്തികളൊന്നും ദൈവത്തെ മഹത്വപ്പെടുത്താനോ സഹോദരരെ സഹായിക്കാനോ ഉതകുകയില്ല എന്ന് മാത്രമല്ല, അതു പലപ്പോഴും നമ്മിലെ തിന്മയുടെ സ്വാധീനത്തെ വളർത്തുകയും ചെയ്യും. "സ്നേഹത്തിന്റെ വാസസ്ഥലമാണ് എളിമ" എന്ന് വിശുദ്ധ ആഗസ്തീനോസ് ഓർമിപ്പിക്കുന്നു.
നിരന്തരം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യേണ്ട ഒന്നാണ് എളിമ - ആവശ്യത്തിനു എളിമ തനിക്ക് സ്വന്തമായുണ്ടെന്നു കരുതുന്ന വ്യക്തി, തന്നിലെ എളിമയെപ്രതി അഹങ്കരിക്കുകയാണ് ചെയ്യുന്നത്. സൃഷ്ടിയോടുള്ള സ്നേഹത്താൽ, എല്ലാ മഹത്വത്തിന്റെയും ഉടയവനായിരുന്നിട്ടും, സ്വയം ശൂന്യനായ യേശുവാണ് നമ്മെ എളിമയിലേക്കുള്ള വഴി പഠിപ്പിക്കുന്നത്. പരിശുദ്ധ അമ്മയുടെ ശരീരത്തിന്റെ ഭാഗം ആകുകവഴി എളിമയെന്ന പുണ്യം അതിന്റെ പൂർണ്ണതയിൽ തന്റെ അമ്മയിലേക്ക് പകർന്നു നൽകാൻ യേശുവിനു സാധിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാൻ സാധിക്കും. ആ അമ്മയുടെ കൈപിടിച്ച് യേശുവിലേക്ക് കൂടുതൽ അടുക്കുന്പോൾ എളിമയെന്ന പുണ്യം ക്ഷമാശീലം, സഹനശക്തി, പരസ്നേഹം, സൌമ്യത തുടങ്ങി ഒട്ടേറെ വിധത്തിൽ നമ്മിൽ പ്രതിഫലിക്കും.
തന്റെ ഏകജാതന് മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മയെ എളിമയെന്ന പുണ്യത്താൽ നിറച്ച സ്നേഹപിതാവേ, അങ്ങയുടെ പുത്രനു അനുരൂപരായി ദൈവമക്കളെന്നു വിളിക്കപ്പെടുവാൻ ഞങ്ങളെയും എളിമയുള്ളവരാക്കണമേ. പ്രശംസക്കും പ്രശസ്തിക്കും അംഗീകാരത്തിനുംവേണ്ടി മാത്രം അധ്വാനിക്കുന്ന ഞങ്ങളെ രൂപാന്തരപ്പെടുത്തി അങ്ങയുടെ മഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി ഉപയോഗിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ