സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല

"അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുന്പോൾ ആദ്യത്തെ ഈ പേരെഴുത്ത് നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്ക് പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല." (ലൂക്കാ 2:1-7) 

വിചിന്തനം 
ആയിരക്കണക്കിന് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകത്തിന്റെ രക്ഷകൻ ഭൂജാതനായപ്പോൾ ലോകത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് സുവിശേഷകൻ വിവരിക്കുന്നത് വളരെ ലളിതമായ വാക്കുകളിലൂടെയാണ്, "സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല". ജോസഫിന്റെയും മറിയത്തിന്റെയും ദാരിദ്ര്യം മാത്രമല്ല ഈശോ ഒരു കാലിത്തൊഴുത്തിൽ പിറക്കാൻ കാരണമായത്‌; മനുഷ്യർ വസിക്കുന്ന ഇടങ്ങളിൽ ഒരാൾക്കുകൂടി സ്ഥലം കണ്ടെത്താൻ ആർക്കും കഴിയാതെപോയതും ഒരു കാരണം തന്നെയാണ്. രക്ഷകനു പിറക്കുന്നതിനായി സത്രത്തിൽ സ്ഥലം അന്വേഷിച്ച ജോസഫിനോട് അതിന്റെ ഉടമസ്ഥൻ കള്ളമൊന്നും പറയുന്നില്ല. വിവിധ ദേശങ്ങളിൽനിന്നും വന്നുകൂടിയിരുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്ന ആ സത്രത്തിൽ പ്രസവസമയമടുത്ത ഒരു സ്ത്രീക്കും ഭർത്താവിനും സ്ഥലം നൽകണമെങ്കിൽ അവിടെ താമസിച്ചിരുന്ന ആരെയെങ്കിലുമൊക്കെ പുറത്താക്കണമായിരുന്നു. അതിനു മുതിരാതിരുന്ന ആ സത്രത്തിന്റെ ഉടമസ്ഥൻ അയാൾപോലും അറിയാതെ  തിരസ്കരിച്ചത് സർവലോകത്തിനുമായി നല്കപ്പെട്ട രക്ഷയുടെ വാഗ്ദാനത്തെയാണ്!

ഈ ലോകത്തിൽ ജീവിക്കുന്പോൾ നാമെല്ലാവരും ഒരർത്ഥത്തിൽ ഒരു സത്രത്തിന്റെ ഉടമസ്ഥനും ഉടമസ്ഥയുമാണ്‌ - നമ്മുടെ ഹൃദയമാകുന്ന സത്രം. പലപ്പോഴും ഈ ലോകത്തിലെ വ്യക്തികളെയും വസ്തുക്കളെയുംകൊണ്ട് നാമും ഈ സത്രം നിറയ്ക്കാറുണ്ട്. സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ വിട്ടുപേക്ഷിച്ച് നമുക്കായി ലോകത്തിലേക്കുവന്ന ദൈവത്തിനായി ഒരല്പം ഇടം നമ്മുടെ ഹൃദയത്തിൽ കണ്ടെത്താനും, ഒരല്പം സമയം ജീവിതത്തിൽ മാറ്റിവയ്ക്കാനും ബുദ്ധിമുട്ടുന്നവരാണ് നമ്മിലധികംപേരും. ബേത് ലേഹെമിലെ ആ സത്രത്തിന്റെ ഉടമസ്ഥനെ പോലെ നാമും സ്ഥലമില്ലെന്നു കള്ളം പറയുന്നില്ല; യേശുവിന്റെ രൂപമോ സാന്പത്തിക സ്ഥിതിയോ അല്ല അവിടുത്തെ തിരസ്കരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്; പലപ്പോഴും ബോധപൂർവം നാം യേശുവിനെ മടക്കി അയക്കുന്നുമില്ല - ലോകത്തിന്റെ കാര്യങ്ങളിലും ഭൌതീക ഉന്നതിയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന നമ്മുടെ ഹൃദയത്തിൽ ഈശോ പിന്തള്ളപ്പെട്ടു പോകുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. 

ഹൃദയത്തെ ക്രമപ്പെടുത്താതെ ആർക്കും യേശുവിന്റെ വരവിനായി ഒരുങ്ങാൻ സാധിക്കുകയില്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഇരുളടഞ്ഞ കോണിൽ മറ്റാരുടെയും കണ്ണിൽപെടാതെ യേശുവിനെ സ്വീകരിക്കാൻ നമുക്കാവുകയില്ല. "ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനുമാകയാൽ" (1 യോഹന്നാൻ 3:20) നമ്മുടെ ഹൃദയത്തിലെ  പ്രഥമ സ്ഥാനമല്ലാതെ യോഗ്യമായ മറ്റൊന്നും യേശുവിനെ സ്വീകരിക്കാൻ നമ്മിലില്ല. നമുക്ക് പ്രിയപ്പെട്ടതെന്നു കരുതി നാം ഹൃദയത്തിൽ ധാരാളം ഇടം നൽകിയിരിക്കുന്ന ഒട്ടനവധി വ്യക്തികളെയും വസ്തുക്കളെയും ഒരു വെട്ടിയൊരുക്കലിലൂടെ ഹൃദയത്തിൽനിന്നും എടുത്തു മാറ്റാനും അല്ലെങ്കിൽ പ്രാധാന്യം കുറഞ്ഞ ഒരു സ്ഥലം നൽകാനുമെല്ലാം യേശുവിന്റെ ആഗമനം നമ്മെ നിർബന്ധിതരാക്കും. നമ്മെ തെറ്റുകളിലേക്ക് നയിക്കുന്ന സുഹൃത്തുക്കളെയും, നമ്മെ കെട്ടിയിട്ടിരിക്കുന്ന ദുശ്ശീലങ്ങളെയുമെല്ലാം ഹൃദയത്തിൽനിന്നും പറിച്ചെറിയാൻ ദിവ്യശിശുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന, അവിടുത്തെ പ്രത്യാഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്ന നമുക്കാവണം.

 ക്രിസ്തുവിലൂടെ മാത്രം ലഭ്യമാകുന്ന സ്വർഗ്ഗരാജ്യം അമൂല്യമായ ഒന്നാണ്, നമ്മുടെ കൈയിലുള്ളവ എല്ലാം ഒരുമിച്ചുകൂട്ടിയാലും അതിന്റെ മൂല്യത്തിനൊപ്പം ആകുകയില്ല. അതുകൊണ്ടുതന്നെ, യേശുവിനെപ്രതി നാം ഉപേക്ഷിക്കുന്ന ഒന്നും ഒരിക്കലും ഒരു നഷ്ടമായി കാണേണ്ട ആവശ്യമില്ല. നമ്മുടെ ഹൃദയകവാടത്തിൽ നിരന്തരം മുട്ടിവിളിക്കുന്ന ഈശോയ്ക്കായി നമുക്ക് കാതോർക്കാം. "ഹൃദയംതകർന്നവർക്ക് ആശ്വാസവും തടവുകാർക്കു മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും" (ഏശയ്യാ 61:2) നല്കാനെത്തിയ രക്ഷകനായി നമ്മുടെ ഹൃദയം നമുക്കൊരുക്കി വയ്ക്കാം. പ്രകാശമായി ലോകത്തിലേക്കു വന്ന ദൈവത്തെ സ്വീകരിച്ച് സ്വയം പ്രകാശ പൂരിതരായി മാറാം. 

എന്നെ പാപങ്ങളിൽനിന്നും മോചിപ്പിച്ച്‌ സ്വർഗ്ഗരാജ്യത്തിനു അവകാശിയാക്കാൻ ഭൂമിയിലേക്ക്‌ വന്ന ഈശോയെ, അങ്ങേക്കുമുന്പിൽ എന്റെ ഹൃദയത്തിന്റെ വാതിലുകൾ കൊട്ടിയടച്ച അവസരങ്ങളെ ഓർത്ത് ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. അങ്ങയിൽ എത്തുന്നതുവരെ എന്റെ ഹൃദയം ശാന്തമാകുന്നില്ല, കർത്താവേ. മറ്റെല്ലാറ്റിലും ഉപരിയായി അങ്ങയെ എന്റെ ഹൃദയത്തിൽ പ്രതിഷ്ടിക്കുവാനും, എല്ലാക്കാര്യങ്ങളിലും അവിടുത്തെ മഹത്വം ആഗ്രഹിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!