അവർ അതിവേഗം പോയി ശിശുവിനെ കണ്ടു

"ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു; ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പെട്ടെന്ന്, സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം! ദൂതന്മാർ അവരെവിട്ട്, സ്വർഗ്ഗത്തിലേക്ക് പോയപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലെഹെംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ചു തങ്ങളോടു പറയപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരെ അവർ അറിയിച്ചു. അതു കേട്ടവരെല്ലാം ഇടയന്മാർ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അത്ഭുതപ്പെട്ടു. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ഗാഡമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേൾക്കുകയും ചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്മാർ തിരിച്ചുപോയി." (ലൂക്കാ 2:8-20)

വിചിന്തനം 
തലമുറകളോടുള്ള ദൈവത്തിന്റെ വാഗ്ദാനമായ രക്ഷകൻ ബേത് ലെഹെമിന്റെ വർണ്ണ പകിട്ടുകളിൽനിന്നും അകലെ ഒരു കാലിത്തൊഴുത്തിൽ ഭൂജാതനായി.  സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ ഏകജാതനും മഹത്വത്തിൽ പിതാവിനു സമനുമായ ആ ശിശുവിനെ കാണാനും ആരാധിക്കാനും കാഴ്ചകൾ അർപ്പിക്കാനും ആ പുൽത്തൊട്ടിലിനു മുൻപിൽ ജനലക്ഷങ്ങൾ തിക്കും തിരക്കും കൂട്ടിയില്ല. "ഉണ്ടാകട്ടെ" എന്ന വചനംകൊണ്ട് പ്രകാശത്തെ സൃഷ്ടിച്ചവൻ അന്ധകാരാവൃതമായ ഒരു ലോകത്തിലേക്കാണ് വന്നത്. പാപഭാരം നിമിത്തം കണ്‍പോളകൾ അടഞ്ഞുപോയ ലോകത്തിനു ആ ദിവ്യശിശുവിനെയോ, രക്ഷകന്റെ ജനനത്തിൽ ആനന്ദാരവം ഉതിർക്കുന്ന മാലാഖവൃന്ദത്തെയോ കാണാൻ കഴിഞ്ഞില്ല. എന്നാൽ, എല്ലാവരും ഉറങ്ങുന്പോഴും കണ്ണുതുറന്നിരുന്ന ആട്ടിടയരുടെമേൽ കർത്താവിന്റെ മഹത്വം പ്രകാശിച്ചപ്പോൾ സൃഷ്ടിയായി മാറിയ സ്രഷ്ടാവിനെ സ്തുതിക്കുന്ന സ്വർഗ്ഗീയ ഗണങ്ങളെ അവർ ദർശിച്ചു. തങ്ങൾക്കു ലഭിച്ച വെളിപ്പെടുത്തലുകൾ വിശ്വസിക്കാൻ തയ്യാറായപ്പോൾ, ആടുകളെ വയലിൽ വിട്ടിട്ട്  "അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു". അങ്ങിനെ, ജോസഫിനും മറിയത്തിനുംശേഷം ദൈവത്തെ കണ്ണുകൾകൊണ്ട്‌ കാണുകയും, എന്നാൽ, മരിക്കാതിരിക്കുകയും ചെയ്ത മനുഷ്യരായി അവർ മാറി!

നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. അതുതന്നെയാണ് യേശുവിന്റെ ജീവിതത്തിൽ ഉടനീളം നാം കണ്ടുമുട്ടുന്ന ലാളിത്യത്തിന്റെയും ദാരിദ്ര്യത്തിന്റെ പിന്നിലെ കാരണവും. അധികാരത്തിലും സന്പന്നതയിലും തങ്ങളേക്കാൾ ഉയർന്നു നിൽക്കുന്നവരെ വ്യക്തിപരമായി അറിയാനും സ്നേഹിക്കാനും ഭയപ്പെടുകയും മടികാട്ടുകയും ചെയ്യുന്നവരാണ്  നാമെല്ലാവരും. അവരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്പോഴും അവരോടുള്ള ഇടപെടലുകളിൽ ബോധപൂർവം ഒരു അകലം നമ്മൾ കാത്തുസൂക്ഷിക്കാറുമുണ്ട്. ഇതറിയുന്ന ദൈവം ഭൂമിയിലേക്ക് വന്നത് ഒരു നിർധനകുടുംബത്തിലെ അംഗമായിട്ടാണ്, നിസ്സഹായതയുടെ പര്യായമായ ഒരു ശിശുവായിട്ടാണ്. "അവൻ സന്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സന്പന്നരാകാൻവേണ്ടിത്തന്നെ" (2 കോറിന്തോസ് 8:9). ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക്‌ ദൈവവുമായി രമ്യപ്പെടാനും, ദത്തുപുത്രസ്ഥാനം സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കന്നുകാലികളുടെ ചൂരും ദാരിദ്ര്യത്തിന്റെ ഗന്ധവും പേറുന്ന പുൽക്കുടിലിൽ തണുപ്പകറ്റാൻ അമ്മയുടെ ആശ്ലേഷത്തിനായി ഞരങ്ങുന്ന ആ ഉണ്ണിയിലൂടെ മാത്രമാണ് നാം രക്ഷ പ്രാപിക്കുന്നതെന്ന് വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ? ആ ബോധ്യത്തോടെ ആ ശിശുവിനെ ഒരു നോക്കുകാണാൻ നമുക്കുള്ളവ വിട്ടുപേക്ഷിച്ചിട്ടു ഒരു യാത്രയ്ക്കൊരുങ്ങാൻ നമ്മൾ സന്നദ്ധരാണോ?

ഇന്നത്തെ ലോകത്തിൽ, ക്രിസ്തുമസ് പലപ്പോഴും പുറംമോടികളിലും ആഘോഷങ്ങളിലും ഒതുങ്ങിപ്പോകാറുണ്ട്. യേശുവിന്റെ ജനനസമയത്തും ബേത് ലെഹെമിൽ ആഘോഷങ്ങൾക്കു കുറവൊന്നും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരുമിച്ചുകൂടിയ ആ ജനത്തിനായി സമൃദ്ധമായ വിരുന്നും വീഞ്ഞുസൽക്കാരവും നൃത്തമേളങ്ങളും ആ സമയത്ത് ഒട്ടേറെ ഭവനങ്ങളിലും സത്രങ്ങളിലും നടക്കുന്നുണ്ടായിരുന്നിരിക്കണം. എന്നാൽ ആ ആഘോഷങ്ങളുടെ ഭാഗമാകാതെ, സദാ ജാഗരൂകരായി തങ്ങളുടെ കർത്തവ്യങ്ങളിൽ മുഴുകി കഴിഞ്ഞ ഏതാനും ആട്ടിടയർക്കാണ് ദൈവത്തിന്റെ മുഖം ദർശിക്കാൻ ഭാഗ്യം ലഭിച്ചത്. ഈ ക്രിസ്തുമസിന് നമ്മെ ആഘോഷിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്, നമ്മുടെ രക്ഷക്കായി സ്വർഗ്ഗം വിട്ടിറങ്ങിയ ദൈവമോ; അതോ, ആ ദൈവത്തെ തിരസ്കരിച്ച ലോകം വച്ചുനീട്ടുന്ന നൈമീഷിക സുഖങ്ങളോ? 

സ്നേഹപിതാവേ, അവിടുത്തെ ഏകജാതനിലൂടെ സ്വർഗ്ഗീയമഹത്വം ലോകത്തിൽ വീണ്ടും പ്രകാശം പരത്താൻ കൃപയായതിനെപ്രതി ഞാനങ്ങേക്ക് നന്ദി പറയുന്നു. ഭൂജാതനായ യേശുവിന്റെ പിറവിത്തിരുന്നാൾ ആചരിക്കുന്ന ഈ വേളയിൽ, ക്രിസ്തുവിന്റെ രണ്ടാം വരവിൽ ഞങ്ങൾ അനുഭവിക്കാനിരിക്കുന്ന  സന്തോഷവും സമാധാനവും ഞങ്ങൾക്കു മുൻകൂട്ടി വെളിപ്പെടുത്തി തരേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്