എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ?

"ഹേറൊദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത് ലെഹെമിൽ യേശു ജനിച്ചപ്പോൾ പൌരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജറുസലെമിലെത്തി. അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി  ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രംകണ്ട് ആരാധിക്കാൻ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹെറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവൻ പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവർ പറഞ്ഞു: യൂദയായിലെ ബേത് ലെഹെമിൽ. പ്രവാചകൻ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത് ലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളിൽ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽനിന്നാണ് ഉത്ഭവിക്കുക." (മത്തായി 2:1-6)

വിചിന്തനം 
ഒട്ടനവധിയായ പ്രതീക്ഷകൾക്കും മാസങ്ങൾനീണ്ട ഒരുക്കങ്ങൾക്കുംശേഷം ക്രിസ്തുമസ് വന്നുപോയി. ആഘോഷങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞു, സമ്മാനങ്ങൾ പഴകി, സന്തോഷം മങ്ങി; ഓർമ്മകൾ അയവിറക്കിക്കൊണ്ട് ലോകം അതിന്റെ പതിവ് രീതികളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിലാണ് പൌരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികൾ ഹേറോദെസിനോട് ചോദിക്കുന്ന ചോദ്യത്തിനു പ്രസക്തി വർദ്ധിക്കുന്നത്, "എവിടെയാണ് യഹൂദന്മാരുടെ രാജാവായി  ജനിച്ചവൻ?".  ജനിച്ചിട്ടു രണ്ടുദിവസം മാത്രമായ ആ കുഞ്ഞ് ഇപ്പോഴും നമ്മുടെ ഹൃദയത്തിൽതന്നെയുണ്ടോ? അതോ, ആഘോഷങ്ങൾക്കും ആരവങ്ങൾക്കും ഇടയിൽ  ഉണ്ണിയീശോയെ നമുക്ക് നഷ്ടമായോ?

ഒട്ടേറെ പ്രതീക്ഷകളോടെ നമ്മൾ കാത്തിരുന്ന രക്ഷകൻ പിറന്നത്‌ ഏതെങ്കിലും രാജകൊട്ടാരത്തിലോ മണിമന്ദിരങ്ങളിലോ ആയിരുന്നില്ല. പക്ഷേ, ജ്ഞാനികൾ ആ ശിശുവിനെ തേടിയത് ഹെറോദെസിന്റെ കൊട്ടാരത്തിലാണ്. കാലിത്തൊഴുത്തിൽ പിറന്ന രക്ഷകൻ, അവർ സ്വായത്തമാക്കിയ ലോകത്തിന്റെ വിജ്ഞാനത്തിനും സങ്കൽപ്പങ്ങൾക്കും അതീതമായിരുന്നു.  പാപത്തെ എതിർക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്ത, ദാരിദ്ര്യംമൂലം ദേവാലയനികുതി പോലും കൊടുക്കാൻ കഴിവില്ലാതിരുന്ന, ഒരു കരണത്തടിക്കുന്നവനു മറുകരണംകൂടി കാണിച്ചു കൊടുക്കണമെന്നു പഠിപ്പിച്ച, കാർക്കശ്യം നിറഞ്ഞ കല്പനകളെക്കാൾ കാരുണ്യം നിറഞ്ഞ നോട്ടത്തിലൂടെ ജനഹൃദയങ്ങളിൽ ഭരണം നടത്തിയ, തന്റെ വചനത്തിലൂടെ ഒട്ടേറെപ്പേർക്ക് പുതുജീവൻ നൽകുകയും, എന്നാൽ സ്വന്തം ജീവൻ രക്ഷിക്കാൻ ഒരു വാക്കുപോലും ഉരിയാടുകയും ചെയ്യാതിരുന്ന യേശുവിൽ, നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും, രോഗങ്ങൾക്കു സൌഖ്യവും, വേദനകളിൽ ആശ്വാസവും, ആത്മാവിനു നിത്യജീവനും പ്രദാനം ചെയ്യുന്ന രക്ഷകനെ കണ്ടെത്താൻ ലോകത്തിന്റെ ജ്ഞാനം നമ്മെ ഇന്നും അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ, എളിമയുടെയും ത്യാഗത്തിന്റെയും മാതൃകയായ ഉണ്ണിയേശുവിലും നമുക്കിഷ്ടം വർണ്ണപ്പകിട്ടുകളുടെ അകന്പടിയോടെ ലോകം നമുക്കായി ഒരുക്കുന്ന ധാരാളിത്തം നിറഞ്ഞ ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്സുകളാണ്. ഇന്നും ആ ശിശു നമുക്കായി കരുതി വച്ചിരിക്കുന്ന സന്തോഷത്തേയും സമാധാനത്തെയും സന്പന്നതയിലും സുഖഭോഗങ്ങളിലും കണ്ടെത്താൻ വൃഥാ പരിശ്രമിക്കുന്നവരാണ് നാമെല്ലാവരുംതന്നെ. 

പൊന്നും മീറയും കുന്തുരുക്കവുമായി തന്നെ ആരാധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കാനെത്തുന്നവർക്കായി ഉണ്ണിയേശു കാത്തിരിക്കുന്നു. എന്നാൽ നമ്മളാകട്ടെ  ലോകത്തോടൊപ്പം ആഘോഷങ്ങൾ അവസാനിപ്പിച്ച്, ജറുസലേം നിവാസികളെപ്പോലെ അസ്വസ്ഥതയിൽ ജീവിക്കുന്നു. വിശിഷ്ട വിഭവങ്ങളും സമ്മാനപ്പൊതികളും നിറഞ്ഞ സന്തോഷത്തിന്റെ ദിവസങ്ങളിൽനിന്നും സങ്കീർണ്ണമായ നമ്മുടെ ജീവിതസാഹചര്യങ്ങളിലേക്ക്‌ മടങ്ങിപ്പോയ്കകൊണ്ടിരിക്കുന്ന വേളയിൽ, ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കാലിത്തൊഴുത്തിൽ ജനിച്ച സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ശിശുവിനെ ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യതകൾ വലുതാണ്‌. എന്നാൽ, തന്നെ അന്വേഷിക്കുന്നവർക്കു ദൈവം എന്നും സമീപസ്ഥനാണ്. രക്ഷകനായുള്ള തിരച്ചിലിൽ വഴിതെറ്റിയവരാണ് നാമെങ്കിൽ   പൌരസ്ത്യദേശത്തുനിന്നും ഒട്ടേറെ ക്ലേശകരമായ വഴികൾ താണ്ടി, വഴി തെറ്റിയ വേളയിൽ നിരാശരാകാതെ കൂടുതൽ തീഷ്ണതയോടെ അന്വേഷണം തുടർന്ന, ആ ജ്ഞാനികൾ നമുക്കും മാതൃകയാക്കാനാകുന്നവരാണ്. 

ക്രിസ്തുമസ്സിനോട് അനുബന്ധിച്ചുള്ള ലോകത്തിന്റെ മേളക്കൊഴുപ്പുകൾ അവസാനിച്ചിരിക്കാം; എന്നാൽ, ആ ദിവ്യശിശുവിന് ഹൃദയത്തിൽ ഇടം നൽകിയവർക്കെല്ലാം ഇനിയുള്ള ദിനങ്ങൾ സന്തോഷത്തിന്റെതാണ്. കാരണം, മാതാവിന്റെ മടിയിൽ ശാന്തനായുറങ്ങുന്ന ഉണ്ണി ദൈവമാണെന്ന തിരിച്ചറിവിൽ നിന്നാണ് കുരിശു മരണത്തിന്റെ ഭീകരത ഏറ്റുവാങ്ങി അമ്മയുടെ മടിയിൽ നിർജ്ജീവമായി കിടക്കുന്ന രക്ഷകനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ, പാപികളായ നമ്മെ രക്ഷിക്കാൻ ലോകത്തിലേക്ക് വന്ന ദൈവത്തിനു നന്ദി പറയാം; ഭൂജാതനായ ദൈവത്തെപ്രതി ആനന്ദാരവം മുഴക്കുന്ന മാലാഖവൃന്ദത്തിന്റെ സന്തോഷത്തിൽ പങ്കുചേരാം. 

കർത്താവായ യേശുവേ, പാപത്തെയും മരണത്തെയും കീഴടക്കി, പിശാചിന്റെ ബന്ധനത്തിൽ നിന്നും എന്നെ മോചിപ്പിക്കാൻ ഭൂജാതനായ ദൈവമേ, നിത്യജീവനും, ഒന്നിനും തിരിച്ചെടുക്കാൻ കഴിയാത്ത സമാധാനവും, ഒരിക്കലും അവസാനിക്കാത്ത സന്തോഷവും തന്ന് എന്നെ അനുഗ്രഹിക്കുന്നതോർത്ത് നന്ദി പറയുന്നു. ശിശുവായ അങ്ങയെ ഹൃദയത്തിൽ സ്വീകരിച്ച് ഇനിയുള്ള എന്റെ ജീവിതംകൊണ്ട് അങ്ങയുടെ വഴികൾ തേടാൻ എന്നിലെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. അമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്