ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു
"ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല." (യോഹന്നാൻ 1:1-5)
വിചിന്തനം
ഗലീലിയിലെ പട്ടണമായ ബെത് സെയിദാ ആയിരുന്നു സെബദീപുത്രന്മാരായ യോഹന്നാന്റെയും യാക്കോബിന്റെയും ജന്മദേശം. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു യോഹന്നാൻ. ഇതുമൂലമായിരിക്കാം, യേശു സുവിശേഷത്തിലുടനീളം യോഹന്നാനോട് ഒരു പ്രത്യേക വാത്സല്യം കാണിക്കുന്നത്. യുവാവായ യോഹന്നാന്, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച്, വലിയ ജനക്കൂട്ടത്തിന്റെ അകന്പടിയോടെ പാലസ്തീനായിൽ ചുറ്റി സഞ്ചരിച്ചിരുന്ന യേശു ഒരു അത്ഭുത കഥാപാത്രമായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, പരിശുദ്ധ അമ്മയുടെ കൈപിടിച്ച് കാൽവരി മലയിലെ ത്യാഗബലിക്ക് സാക്ഷ്യം വഹിച്ച യോഹന്നാനിൽ ആ ദൃശ്യം ഒട്ടേറെ ആശയകുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നിരിക്കണം. കുരിശിൽ കിടന്നുകൊണ്ട് തന്റെ പ്രിയശിഷ്യന്റെ മാനസികനില ഗ്രഹിച്ച ഈശോ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി യോഹന്നാനു പരിശുദ്ധ അമ്മയെ മാതാവായി നല്കി. ഒട്ടേറെ കാലങ്ങൾ ആ അമ്മയോടൊപ്പം ജീവിച്ചതിനുശേഷം, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ സുവിശേഷ രചന ആരംഭിച്ച യോഹന്നാൻ തന്റെ സുവിശേഷം ആരംഭിക്കുന്നത് കാലിത്തൊഴുത്തിൽ പിറന്ന് കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്ത യേശു ആരാണെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരവുമായാണ്.
രൂപരഹിതവും ശൂന്യവുമായ ഭൂമിയിൽ ദൈവം സൃഷ്ടികർമ്മത്തിനു തുടക്കമിടുന്നത് "ഉണ്ടാകട്ടെ" എന്ന വചനത്തിലൂടെയാണ്. സർവചരാചരങ്ങളും സൃഷ്ടിച്ച ഊർജ്ജസ്വലവും ജീവനുള്ളതുമായ ദൈവവചനം മനുഷ്യനായി ഭൂമിയിൽ ജന്മമെടുത്ത ഈശോ തന്നെയാണ്. "നിലവിലുള്ളവയെ നശിപ്പിക്കുവാൻവേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു. ആരും ദൈവ സന്നിധിയിൽ അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത് " (1 കോറിന്തോസ് 1:28,29). പാപത്തിന്റെ പിടിയിലമർന്ന മനുഷ്യൻ തന്റെ വിജ്ഞാനത്തിൽ അഹങ്കരിക്കുകയും തന്റെ ശക്തിയിലും കഴിവുകളിലും അമിതമായ ആത്മവിശ്വാസം വച്ചുപുലർത്തുകയും ചെയ്തു. വെറുപ്പും സ്വാർത്ഥതയും മനുഷ്യഹൃദയത്തെ കീഴടക്കിയപ്പോൾ അവൻ തന്റെ സഹോദരനെ വെറുത്തു. "എന്നാൽ, തന്റെ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിലാണ്. അവൻ ഇരുട്ടിൽ നടക്കുന്നു. ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല" (1 യോഹന്നാൻ 2:11). അന്ധകാരത്തിൽ തപ്പിത്തടഞ്ഞ് ലക്ഷ്യമില്ലാതെ അലഞ്ഞ മനുഷ്യകുലത്തിനു പ്രകാശമായാണ് ദൈവം ലോകത്തിലേക്ക് വന്നത്.
എത്ര കഠിനമായ അന്ധകാരം ആണെങ്കിൽകൂടിയും അതിന് ഒരു നുറുങ്ങുവെട്ടം പോലും ഒളിപ്പിച്ചുവയ്ക്കാൻ സാധിക്കുകയില്ല. മാത്രവുമല്ല, പ്രകാശം ഒരിക്കലും അന്ധകാരത്തെ തന്നിലേക്ക് സ്വീകരിക്കുന്നുമില്ല - അന്ധകാരം പ്രകാശത്തിൽ ഇല്ലായ്മ ചെയ്യപ്പെടുന്നു. "ദൈവം പ്രകാശമാണ്. ദൈവത്തിൽ അന്ധകാരമില്ല" (1 യോഹന്നാൻ 1;5,6). ദിശാബോധമില്ലാതെ അന്ധകാരത്തിൽ അലയുന്ന ജനങ്ങൾക്ക് ലക്ഷ്യമെവിടെയാണെന്നു വെളിപ്പെടുത്തി കൊടുക്കാൻ പ്രകാശം ആവശ്യമായിരുന്നു. വഞ്ചനയിലൂടെയും കാപട്യത്തിലൂടെയും അനുസരണക്കേടിലൂടെയും അന്ധകാരത്തിന് ഹൃദയം മുഴുവനും നൽകിയ നമ്മെ നമ്മുടെ പാപപ്രകൃതിയെപ്പറ്റി തിരിച്ചറിവുനൽകി സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴി കാണിച്ചു തരാനാണ് ദൈവം മനുഷ്യനായത്. "അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു" (ഏശയ്യാ 9:2).
ഒരിക്കലും അണയാത്ത ദൈവത്തിന്റെ പ്രകാശം രക്ഷകനായ യേശുക്രിസ്തുവിലൂടെ ഇന്ന് നമ്മുടെ ഇടയിൽ സദാ പ്രകാശിക്കുന്നുണ്ട്. "നിർമ്മതത്വവും ലൌകീകമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തിൽ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു" (തീത്തോസ് 2:12). അതു നമ്മെ രക്ഷകന്റെ പ്രത്യാഗമനത്തിനായി ഒരുക്കുകയും, പ്രത്യാശയോടെ ക്ഷമാപൂർവം കാത്തിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും വേദനകൾക്കുള്ള ആശ്വാസവും പ്രശ്നങ്ങൾക്കുള്ള പരിഹാരവും ആ പ്രകാശത്തിലുണ്ട്. ദൈവത്തെ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിനായി ശിശുവായി പിറന്ന പ്രകാശത്തെ ഹൃദയത്തിൽ ഹൃദയത്തിൽ സ്വീകരിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
അന്ധകാരം തിങ്ങിനിറഞ്ഞ രാത്രിയുടെ നിശ്ശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് പ്രകാശമായി ലോകത്തിലേക്കു വന്ന തിരുവചനമേ, അങ്ങയെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെയും, അങ്ങയെ ദർശിക്കാൻ എന്റെ കണ്ണുകളെയും, അങ്ങയെ ശ്രവിക്കാൻ എന്റെ കാതുകളെയും തുറക്കണമേ. അങ്ങയുടെ പ്രകാശം എന്റെ ആത്മാവിൽ ജ്വലിപ്പിച്ച്, ഉരുകുന്ന എന്റെ മനസ്സിനെ അങ്ങേക്ക് സ്വീകാര്യമായ ബലിയായി നൽകാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ