അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം

"ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരിൽനിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത് ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.  ഇങ്ങനെ, ജറെമിയാ പ്രവാചകൻവഴി അരുളി ചെയ്യപ്പെട്ടതു പൂർത്തിയായി: റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ, അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു." (മത്തായി 2:16-18)

വിചിന്തനം 
ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ പലപ്പോഴും ഉത്തരമില്ലാത്ത കടംകഥകളാണ്. പ്രത്യേകിച്ച്, നിഷ്കളങ്കരും നിസ്സഹായരുമായ മനുഷ്യർ അനുഭവിക്കുന്ന ദുരവസ്ഥകളും വേദനകളും നമ്മിൽ ഒട്ടേറെ ചിന്താകുഴപ്പങ്ങളും സംശയങ്ങളും ജനിപ്പിക്കാറുണ്ട്. ഒട്ടേറെ ആളുകൾക്ക് ദൈവത്തെയും മനുഷ്യനോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തെയുംപറ്റി മനസ്സിലാക്കാൻ സഹനം തടസ്സമാകാറുണ്ട്. ഇന്നത്തെ വചനഭാഗത്തിൽ, പ്രത്യക്ഷ്യത്തിൽ നീതിരഹിതവും അനാവശ്യവും ആയ ഒരു കൂട്ടക്കൊലയെപ്പറ്റിയാണ് നമ്മൾ ശ്രവിക്കുന്നത്. രക്ഷകനായ ദൈവം ഭൂമിയിലേക്ക് വന്നപ്പോൾ അതിന്റെ ഭാഗമായി നിഷ്കളങ്കരായ കുറേ കുട്ടികൾ വധിക്കപ്പെട്ടു! യാതൊരു കുറ്റവും ചെയ്യാത്ത കുറേ കുഞ്ഞുങ്ങളുടെ ദാരുണമായ വധത്തിൽനിന്നും അവരുടെ മാതാപിതാക്കളുടെ സാന്ത്വനപ്പെടുത്താൻ അസാധ്യമായ മുറവിളിയിൽനിന്നും എന്ത് സന്ദേശമാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്? എന്തുകൊണ്ടാണ് സർവശക്തനായ ദൈവം ഇതുപോലുള്ള അനാവശ്യ സഹനങ്ങൾ തടയാതിരിക്കുന്നത്?

മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കാത്ത ദാരുണസംഭവങ്ങൾക്കും വേദനകൾക്കും അർത്ഥമുണ്ടാകുന്നത് അവയെ ഒരു ക്രിസ്തീയ കാഴ്ചപ്പാടിലൂടെ കാണുന്പോൾ മാത്രമാണ്. സഹനങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന ഒരു ക്രിസ്തുശിഷ്യനു ആശ്വാസവും പ്രത്യാശയും പ്രദാനം ചെയ്യാൻ കഴിവുള്ള ഒന്നേയുള്ളൂ - "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ" (റോമാ 8:28). നല്ലതും സന്തോഷപ്രദവുമെന്നു നമ്മൾ കരുതുന്നവയെല്ലാം അങ്ങിനെതന്നെ ആകണമെന്നു നിർബന്ധമില്ല; യാഥാർത്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ നമ്മൾ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുള്ളൂ. ഈ ഭൂമിയിലെ ജീവിതം മാത്രമേ പലപ്പോഴും നമ്മൾ യാഥാർത്യമായി കണക്കാക്കാറുള്ളൂ. അതിനാൽ, നാമാഗ്രഹിക്കുന്ന സന്തോഷവും സമാധാനവും ഈ ലോകത്തിൽവച്ചുതന്നെ ലഭിക്കണം എന്ന നിർബന്ധബുദ്ധിയും നാം വച്ചുപുലർത്താറുണ്ട്. ഹേറോദേസിന്റെ കല്പനപ്രകാരം കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കന്മാരുടെയും വേദനയ്ക്ക് ഈ ലോകത്തിലെ ഒന്നിനും തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരം നല്കാൻ സാധിക്കുകയില്ല. എന്നാൽ, അവർ മരിച്ചത് മനുഷ്യനായിപ്പിറന്ന ദൈവത്തെ ശത്രുവിന്റെ കരങ്ങളിൽനിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് എന്ന് മരണശേഷം ഗ്രഹിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷം എത്രയോ വലുതായിരിക്കും! ഇതുപോലെതന്നെയാണ് ലോകത്തിൽ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ സഹനങ്ങളും; അത് അനുഭവിക്കുന്ന വ്യക്തിക്ക് അതുമൂലം എന്തെങ്കിലും പ്രയോജനം, ഈ ജീവിതത്തിലോ മരണശേഷമോ, ലഭിക്കുന്നില്ലെങ്കിൽ ദൈവം അവ അനുവദിച്ചു കൊടുക്കുകയില്ല. പക്ഷേ സഹനങ്ങളിൽ പങ്കാളികളാകുന്നവർക്കും സാക്ഷികളാകുന്നവർക്കും അതിനെക്കുറിച്ച് ശരിയായ അവബോധം ലഭിക്കാൻ ഈ ലോകത്തിലെ നാമമാത്രമായ സമയം പലപ്പോഴും മതിയായെന്നു വരികയില്ല. 

ഹേറോദേസിന്റെ നികൃഷ്ടമായ ചെയ്തികൾക്കു കാരണം അന്വേഷിച്ച് നാമധികം അലയേണ്ട ആവശ്യമില്ല - അതിനുത്തരം രക്ഷകനെ അന്വേഷിച്ച ആ മൂന്നു ജ്ഞാനികളിലാണ് ചെന്നെത്തുന്നത്. യുക്തിക്കനുസൃതമായി ചിന്തിച്ചപ്പോൾ യഹൂദരുടെ രാജാവിനെ അവർ തേടിയത് രാജകൊട്ടാരത്തിലാണ്. തെറ്റായ ഇടങ്ങളിൽ അവർ ദൈവത്തെ അന്വേഷിച്ചതിന്റെ പരിണിത ഫലമാണ് ഹേറോദേസിന്റെ അസ്വസ്ഥത. ആ അസ്വസ്ഥതയിൽനിന്നും ഉളവായ പരിഭ്രാന്തി മൂലമാണ് ആ ഹീനകർമ്മത്തിനു രാജാവ് മുതിർന്നത്. തെറ്റായ ഇടങ്ങളിൽ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമോശം ജ്ഞാനികളെന്നു സ്വയം വിശ്വസിക്കുന്ന അഹങ്കാരികളായ മനുഷ്യർ സദാ ആവർത്തിക്കുന്ന ഒന്നാണ്. സന്പത്തിലും സ്ഥാനമാനങ്ങളിലും സമാധാനവും സന്തോഷവും സ്നേഹവും തിരയുന്പോൾ പലപ്പോഴും ദൂരവ്യാപകമായ പരിണിതഫലങ്ങൾ അവ മൂലം ഉണ്ടായെന്നു വരാം. നമ്മുടെ സ്വാർത്ഥതയ്ക്കും കൊതിക്കും അത്യാഗ്രഹത്തിനുമെല്ലാം ഇരയായി വേദനകളും ദുരിതങ്ങളും അനുഭവിക്കുന്നത് നമ്മൾ നേരിട്ട് അറിയുകയോ ഇടപഴകുകയോ ചെയ്യാത്ത മനുഷ്യരായിരിക്കാം. ലോകത്തിലെ സഹനങ്ങൾ ദൈവം സൃഷ്ടിച്ചവയല്ല; കാലങ്ങളായുള്ള മനുഷ്യന്റെ പാപത്തിന്റെ പരിണിതഫലമാണ് അവ.

മനുഷ്യരെ കഷ്ടതകളിൽനിന്നും രക്ഷിക്കുന്നതിനായി മർത്യനായി ജന്മമെടുത്ത ദൈവം ചെയ്തത് വേദനകളെ ഇല്ലാതാക്കുകയല്ല, മറിച്ച്, അവയെ ഏറ്റെടുക്കുകവഴി സഹനത്തിന് ഒരു പുതിയ മാനം നൽകുകയാണ്. ആ തിരിച്ചറിവോടുകൂടി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ നോക്കിക്കാണുന്പോൾ യേശുവിന്റെ രക്ഷാകരകർമ്മത്തിൽ പങ്കാളികളാകാൻ നമുക്കും അവസരം ഒരുങ്ങുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് സഹനങ്ങൾ വിശുദ്ധീകരണതിനുള്ള മാർഗ്ഗങ്ങളാണ്; നമ്മുടെ പ്രതീക്ഷകൾക്കും അഭിമാനത്തിനും അഹങ്കാരത്തിനും ക്ഷതമേൽക്കുന്പോഴാണ് സഹനങ്ങൾ വേദനാജനകമാകുന്നത്. സഹനങ്ങളെ സ്വീകരിച്ച് ദൈവസമക്ഷം സമർപ്പിക്കുന്പോൾ, എത്ര വേദനാജനകമായ സാഹചര്യങ്ങളെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അവസരങ്ങളാക്കി മാറ്റാൻ ദൈവത്തിനാകും. നമ്മുടെ പാപങ്ങൾ ശരീരത്തിൽ വഹിച്ച്, അപമാനങ്ങളിലൂടെയും നിന്ദനത്തിലൂടെയും പീഡനങ്ങളിലൂടെയുമെല്ലാം മനുഷ്യനു നിത്യരക്ഷ പ്രദാനം ചെയ്ത ക്രിസ്തുവിന്റെ മാതൃക നമ്മുടെ സഹനങ്ങളിൽ നമുക്കും പിന്തുടരാം, ജീവിതംകൊണ്ടു ദൈവത്തെ അനുകരിക്കുന്നവരാകാം.

കർത്താവായ യേശുവേ, എനിക്കായി സ്വർഗ്ഗം വിട്ടിറങ്ങി ഭൂമിയിലേക്കുവന്ന രക്ഷകനേ, ഭാരമേറിയതും വേദനാജനകവുമായ എന്റെ കുരിശുകളെ അങ്ങയുടെ പക്കൽ കൊണ്ടുവരുവാനും, അങ്ങ് നൽകുന്ന വഹിക്കാൻ എളുപ്പമുള്ളതും ലഘുവുമായ ഭാരം താങ്ങി സന്തോഷപൂർവം സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയിലൂടെ അങ്ങയെ അനുഗമിക്കാനും എന്നിലെ വിശ്വാസത്തെ വളർത്തണമേ, പ്രത്യാശയിൽ നടത്തേണമേ, സ്നേഹത്താൽ നിറയ്ക്കേണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!